18 April Thursday
ചെറുകിടക്കാര്‍ക്കും വിദേശ വിപണി

അതിജീവനത്തിന് ആഗോള വിപണി പിടിയ്ക്കാന്‍ കേരള ഇ മാര്‍ക്കറ്റ്‌; വിപണി ഇനി വീടുകളിലേക്ക്

സന്തോഷ് ബാബുUpdated: Tuesday May 12, 2020


കൊച്ചി> കോവിഡ് 19 ലോകത്തെ കീഴ്മേല്‍ മറിച്ചിരിയ്ക്കുന്നു. ജീവിത ശൈലിയോടൊപ്പം ഉപഭോക്തൃ താല്‍പര്യങ്ങളിലും ഷോപ്പിങ് രീതികളിലും നാളിതുവരെ കാണാത്ത മാറ്റങ്ങളാകും ഇനിയുണ്ടാകുകയെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചു കഴിഞ്ഞു.  ഡോര്‍ ടു ‍ഡോര്‍ മാര്‍ക്കറ്റിങ്ങിനുള്ള സാധ്യതകള്‍ പോലും പരിമിതമായിരിക്കുന്നു.  വിപണി ഇനി വീടുകളിലേക്ക് ചെല്ലേണ്ടി വരും. ഈ പ്രതിസന്ധി കാലത്തെ മറികടക്കാന്‍ ഉത്പാദകരും വ്യാപാരികളും പുത്തന്‍ സാധ്യകള്‍ തേടുമ്പോള്‍ വ്യവസായ സംരഭകര്‍ക്ക് അതിജീവന മാര്‍ഗമൊരുക്കാന്‍  സംസ്ഥാന സാര്‍ക്കാരും നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും വിറ്റഴിയ്ക്കാന്‍ വ്യവസായ വകുപ്പ് കേരള മാര്‍ക്കറ്റ് എന്ന പേരില്‍ സ്വന്തം ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുറന്നു കഴിഞ്ഞു.

ലോക വിപണിയിലേക്ക് നേരിട്ട്

ആഗോള വിപണിയില്‍ ആധുനിക ഡിജിറ്റല്‍ വിപണന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേരള ഇ മാര്‍ക്കറ്റ് എന്ന വെബ് പോര്‍ട്ടര്‍  സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് 19 തകര്‍ത്ത വിപണി തരിച്ച് പിടിയ്ക്കാന്‍ വിവിധ സംരംഭങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിച്ച് ഉല്‍പാദന മേഖല സജീവമാക്കുന്നതോടൊപ്പം പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും എല്ലാ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരഭകര്‍ക്കും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് ഉപയോക്താക്കളിലേക്ക് എത്താന്‍ വഴിതുറക്കുകയും ചെയ്യുക എന്നതാണ് ഇ മാര്‍ക്കറ്റ് തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേരള ഇ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടന വേളയില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.

ചെറുകിടക്കാര്‍ക്കും വിദേശ വിപണി

സ്വകാര്യ സംരംഭകര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കേരള ഇ മാര്‍ക്കറ്റിലുൂടെ  വിപണനം സാധ്യമാണ്. ചെറുകിട സംരംഭകരെയും ആഗോള തലത്തില്‍തന്നെ അനായാസമായി വിതരണക്കാരെ കണ്ടെത്താന്‍ സഹായിക്കും എന്നതാണ് കേരള ഈ മാര്‍ക്കറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാര്‍ സംവിധാനം എന്ന അടിത്തറ ഈ  മാര്‍ക്കറ്റിന്‍റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷ്യ സംസ്കരണം, കൃഷി,  ആയുര്‍വേദം, കയര്‍, സുഗ്‌ധവ്യജ്ഞനം, കൈത്തറി,   കരകൗശലം, റബര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിലെ സംരംഭകര്‍ക്ക് കേരള ഇ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താം. ഉല്‍പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇ മാര്‍ക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വിതരണക്കാര്‍ക്കും വളരെ എളുപ്പം

ലോകത്ത് എവിടെയുമുള്ള ഉപയോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും വളരെ എളുപ്പത്തില്‍ ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കേരള ഇ മാര്‍ക്കറ്റ് സഹായിക്കും. അങ്ങനെ ആഗോള വിപണിയുടെ രണ്ട് തലങ്ങളിലേക്കും ഒരേസമയം കേരള ഇ മാര്‍ക്കറ്റ് വാതിലുകള്‍ തുറന്നു വെയ്ക്കുന്നു. വിതരണക്കാര്‍ക്ക് സംരംഭകരുമായി നേരിട്ട് ഫോണിലൂടെയും ഇ മെയില്‍ വഴിയും ബന്ധപ്പെടാനുള്ള സൗകര്യവും ഇ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്.

കട തുറക്കാനും വളരെ എളുപ്പം
കേരള ഇ മാര്‍ക്കറ്റില്‍ കട തുറക്കാനും വളരെ എളുപ്പമാണ്. സംരംഭകര്‍ അവരുടെ സ്ഥാപനത്തിന്‍റെയും ഉല്‍പന്നത്തിന്‍റെയും വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്താന്‍ മാത്രം മതി. ഉല്‍പന്നങ്ങളുടെ ചെറുവിവരണവും ചിത്രങ്ങളും വിലയും ചേര്‍ക്കാനുള്ള സൗകര്യവുമുണ്ട്. (രജിസ്റ്റര്‍ ചെയ്യാന്‍  www.keralaemarket.com, www.keralaemarket.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക).
ഇതിനകം 35 പൊതുമേഖലാ സ്ഥാപനങ്ങളും  1022 സ്വകാര്യ സംരംഭകരും കേരള ഇ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞെന്ന് വ്യവസായ വകുപ്പ് പറയുന്നു. വ്യവസായ വകുപ്പിന് കീഴിലെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷനാണ്  ഇ മാര്‍ക്ക്റ്റ് പോര്‍ട്ടലിന്‍റെ മേല്‍നോട്ടം വഹിയ്ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top