20 April Saturday

കല്യാണ്‍ ജ്വല്ലേഴ്‌സ്; ഹൃദയത്തില്‍ ഇരിപ്പിടം നേടിയ വിശ്വാസം

സന്തോഷ് ബാബുUpdated: Monday Aug 19, 2019

ലോകത്ത് എവിടെയും ഏതൊരു ബ്രാൻഡും ആ​ഗ്രഹിക്കുന്നത് ഉപയോക്താവിന്റെ ഹൃദയത്തിൽ ഇരിപ്പിടം നേടിയുള്ള ഒരു സഞ്ചാരമാണ്. ജനഹൃദയങ്ങളിലേക്ക് കുറുക്കുവഴികളില്ലെന്ന് ഉള്ളിൽ ഉറച്ച് വിശ്വസിക്കുന്നവർക്കേ അത് സാധ്യമാകൂ. ഓർമയിൽ എപ്പോഴും ഒരു പൂരാവേശം ഉണർത്തുന്ന തൃശൂരിൽനിന്ന് കല്യാൺ ജ്വല്ലേഴ്‌സ്‌ എന്ന സ്വർണാഭരണ ബ്രാൻഡ് ആ​ഗോളശ്രദ്ധ നേടിയതും അങ്ങനെയാണ്. 

പുത്തൻ ട്രെൻഡുമായി അരങ്ങേറ്റം

വസ്ത്രം വാങ്ങുന്നവർക്ക് സ്വർണംകൂടി ലഭ്യമാക്കിയാലോ എന്ന വിചാരത്തിൽനിന്നാണ് വസ്ത്രവ്യാപാരത്തിന്റെ  പാരമ്പര്യമുള്ള  ടി എസ് കല്യാണരാമൻ സ്വർണാഭരണ ബിസിനസിലേക്ക് ചുവടുവച്ചത്. അങ്ങനെ 1993ൽ തൃശൂർ പാറമേക്കാവ് അമ്പലത്തിനടുത്ത് കല്യാൺ ജ്വല്ലേഴ്സിന്റെ ആദ്യ ഷോറൂം പിറന്നു.
തികച്ചും വ്യത്യസ്തമായിരുന്നു കല്യാൺ ജ്വല്ലറി. കേരളത്തിൽ അത്ര പരിചിതമല്ലാതിരുന്ന കെട്ടുംമട്ടും.  ഫോട്ടോ കാണിച്ച് ഓർഡറെടുത്ത് പണിയിച്ച്  കൊടുക്കുകയാണ് പലരും അക്കാലത്ത് ചെയ്തിരുന്നത്. ആ  രീതിയെ പാടേ മാറ്റിമറിക്കുന്നതായിരുന്നു കല്യാൺ ജ്വല്ലേഴ്സിന്റെ ഷോറൂം. 4,000 ചതുരശ്രയടി വലുപ്പം, എസി, കാർ പാർക്കിങ് സൗകര്യം, ഇഷ്ടമുള്ള ആഭരണം നേരിട്ടുകണ്ട് അപ്പപ്പോൾത്തന്നെ വാങ്ങിക്കൊണ്ടുപോകാമെന്നായി. അങ്ങനെ വസ്ത്രങ്ങളിലെന്നപോലെ സ്വർണാഭരണങ്ങളിലും റെഡി മെയ്ഡ് അവതരിച്ച് പുത്തൻ ട്രെൻഡ്‌ സൃഷ്ടിച്ചു.

ആഭരണത്തിന് ആൺമോഡൽ

"അക്കാലത്ത് സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിൽ ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നില്ല. വിലയും കച്ചവടക്കാർ പറയുന്നത് ആളുകൾ വിശ്വിക്കണം എന്ന അവസ്ഥയായിരുന്നു. വിൽക്കുന്നവർ തോന്നിയതുപോലെ പണിക്കൂലിയും മറ്റും ഈടാക്കുകയായിരുന്നു. ഇതില്‍ ഒരു മാറ്റം കൊണ്ടുവരാൻ ഞങ്ങൾ ബിഐഎസ് ഉള്ള സ്വർണം വിൽക്കാൻ തുടങ്ങി. അത് ആളുകൾക്ക് ഞങ്ങളിലുള്ള വിശ്വാസം വർധിക്കാൻ കാരണമായി'–- കല്യാൺ ജ്വല്ലേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ പറയുന്നു.

ബിഐഎസ് സ്വീകരിക്കുന്നതിൽ നിന്നില്ല കല്യാണിന്റെ പുത്തൻ ചുവടുകൾ.  ജ്വല്ലറിയുടെ പരസ്യം സ്വർണാഭരണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയാക്കി മാറ്റി.  അതിനവർ നിയമിച്ചതാകട്ടെ ചലച്ചിത്രതാരം മമ്മൂട്ടിയെയും. ""പെണ്ണുങ്ങൾ ഉപയോ​ഗിക്കുന്ന ആഭരണത്തിന് ബ്രാൻഡ് അംബാസഡറായി ഒരു ആണിനെ വയ്ക്കുന്നതിൽ പലരും നെറ്റിചുളിച്ചു.  ഞങ്ങൾ പക്ഷേ, മമ്മൂട്ടിയിലൂടെ സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ഉപയോക്താവിനെ ബോധവൽക്കരിക്കുകയാണ് ചെയ്തത്.  അതിലൂടെ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായി. പല കച്ചവടക്കാരും ബിഐഎസ് സ്വീകരിച്ചു. അങ്ങനെയും സ്വർണാഭരണ വ്യാപാരമേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു,''-- കല്യാൺ ജ്വല്ലേഴ്സിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറയുന്നു.

സ്വർണാഭരണങ്ങൾക്ക് പ്രൈസ് ടാ​ഗ് കൊണ്ടുവന്ന കല്യാൺ  10,000 രൂപയ്ക്കുമുതൽ വജ്രാഭരണങ്ങൾ വിറ്റ് സമ്പന്നർ മാത്രം വാങ്ങിയിരുന്ന വജ്രം സാധാരണക്കാർക്കും സ്വന്തമാക്കാൻ അവസരമൊരുക്കുകയും ചെയ്തു.

അടുത്തറിയാൻ മൈ കല്യാൺ

ബ്രാൻഡ് കൂടുതൽ ശക്തിപ്പെടുത്താൻ  ഇവർ ഗ്രാമങ്ങളിൽ മൈ കല്യാൺ എന്ന ചെറിയ സ്റ്റോറുകൾ സ്ഥാപിച്ചു. അവിടെ സ്വർണം വിറ്റില്ല. പകരം സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ചും ബില്ലുവാങ്ങാതെ സ്വർണം വാങ്ങിയാലുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ചും ആളുകളോട്  സംസാരിക്കാന്‍ ജീവനക്കാരെ വച്ചു. ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിലെ 700 മൈ കല്യാൺ കേന്ദ്രങ്ങളിലൂടെ ഇവര്‍ ഒരു കൊല്ലം ഒരു കോടി വീടുകളിലെത്തുന്നു.   രണ്ടായിരത്തിലധികം പേർ അതിനായി ജോലി ചെയ്യുന്നു.

ഒരു പാലക്കാടൻ പാഠം

ആദ്യ ഷോറൂം തുടങ്ങി ഏഴുവർഷം കഴിഞ്ഞപ്പോൾ കല്യാൺ  ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. രണ്ടാമത്തേതിനായി അവർ തെരഞ്ഞെടുത്തത് പാലക്കാടാണ്. കാരണം പാലക്കാടുനിന്ന് കല്യാണിന് ധാരാളം ഉപയോക്താക്കളുണ്ടായിരുന്നു.

""പാലക്കാട്ടുകാരെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം അറിയാം എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ, ഞങ്ങൾക്ക് തെറ്റി. നമ്മുടെ ഓരോ പ്രദേശത്തിനും വ്യത്യസ്തമായ അഭിരുചികളും താൽപ്പര്യങ്ങളുമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. പാലക്കാട് ഞങ്ങൾക്ക് ഒരു പാഠമായി. ആ അറിവ് പിന്നീട് ഓരോ ഷോറൂമുകളിലും ഞങ്ങൾ പാലിക്കാൻ ശ്രമിച്ചു---'–- എക്സിക്യുട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറയുന്നു.

പിന്നീടിങ്ങോട്ടുള്ള കല്യാണിന്റെ വിജയത്തിന് പ്രധാന ഘടകമായതും ഈ പാലക്കാടൻ പാഠമാണ്. ഓരോയിടത്തും ഷോറൂമുകളിലും ആഭരണങ്ങളുടെ ഡിസൈനിലും മറ്റും കൂടുതൽ പ്രാദേശികത കൊണ്ടുവന്നു. അങ്ങനെ കല്യാൺ ചെന്നിടത്തെല്ലാം നാട്ടുകാർക്ക് ഇഷ്ടപ്പെടുന്ന കുടുംബപ്പേരായി മാറിയെന്ന് അവർ പറയുന്നു.

ഇന്ന് ഇന്ത്യയിൽ 103 ഷോറൂമുകളുമായി ഏതാണ്ട് എല്ലാ സംസ്ഥാനത്തും കല്യാൺ ജ്വല്ലേഴ്സുണ്ട്. എന്നു മാത്രമല്ല, എല്ലാ സംസ്ഥാനത്തും 100 കോടി രൂപ വിറ്റുവരവുള്ള ഒരു ഷോറൂമെങ്കിലും ഉണ്ടെന്നും കല്യാണിന്റെ കണക്കുകൾ പറയുന്നു. ഇന്ത്യയ്ക്കു പുറത്ത് മിഡിൽ ഈസ്റ്റിൽ 34 ഷോറൂമുകളുമുണ്ട്. ദുബായിയിൽ ഒറ്റ ദിവസം ഏഴ് ഷോറൂമുകൾ തുറന്ന് ആളുകളെ അതിശയിപ്പിച്ച ചരിത്രവും കല്യാൺ ജ്വല്ലേഴ്സിനുണ്ട്.

ബച്ചൻ എന്ന വിശ്വാസം

കേരളത്തിന്റെ ഹൃദയത്തിൽ തൊട്ടുവിളിച്ച കല്യാണിന്റെ പരസ്യവാചകം–വിശ്വാസം അതല്ലേ എല്ലാം -- മലയാളി മറക്കാൻ ഇടയില്ല. ഉത്തരേന്ത്യക്കാർക്ക് അങ്ങനെ മറക്കാൻ പറ്റാത്തതായി മാറിയത് കല്യാണിന്റെ അമിതാഭ് ബച്ചൻ എന്ന സൂപ്പർ അംബാസഡറെ വെച്ചുള്ള പരസ്യങ്ങളാണ്.
 ബച്ചനിലൂടെ കല്യാൺ ഉത്തേരേന്ത്യൻ വിപണിയിൽ കൂടുതൽ വിശ്വാസ്യതയുള്ള ബ്രാൻഡായി മാറിയെന്ന് രമേഷ് പറയുന്നു. കേരളത്തിൽ മഞ്ജുവാര്യർ, തമിഴ്നാട്ടിൽ പ്രഭു, ആന്ധ്രയിൽ നാ​ഗാർജുന എന്നിങ്ങനെ ഓരോ പ്രദേശത്തും പ്രത്യേക അംബാസഡർമാരെ നിയമിച്ചാണ് ഇവർ കല്യാൺ ജ്വല്ലേഴ്സ് എന്ന ബ്രാൻഡ്  കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തുന്നത്.

വിശ്വാസത്തിന് നാല് ഉറപ്പുകൾ

ഉപയോക്താക്കൾക്ക് നാല് ഉറപ്പുകൾ – ഫോർ ലെവൽ അഷ്വറൻസ് --– കൊടുക്കുന്നുണ്ടിപ്പോൾ കല്യാൺ ജ്വല്ലേഴ്സ്. പരിശുദ്ധിക്ക് ബിഐഎസ്. കടയിലെ മെഷീനിൽ വച്ച് മാറ്റ് കാണിച്ച് കൊടുക്കുകയും ചെയ്യും. കൂടാതെ എപ്പോൾ തിരികെ കൊടുത്താലും പരിശുദ്ധിക്ക് തങ്ങൾ ​ഗ്യാരന്റി എന്നൊരു ഉറപ്പ് സർട്ടിഫിക്കറ്റാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നെ, ആഭരണ നിർമാണത്തിലെ ​ഗുണനിലവാരം നേരിട്ട് തെളിച്ചുകൊടുക്കും. അതോടൊപ്പം ആജീവനാന്തം സൗജന്യമായി മെയിന്റനൻസ് നൽകുകയും ചെയ്യും. മൂന്നാമതായി, ആഭരണത്തിൽ കല്ല്, മെഴുക്, അരക്ക് തുടങ്ങിയവ ഉണ്ടെങ്കിൽ അതെല്ലാം വ്യക്തമാക്കും. കൂട്ടത്തിൽ, അതിലെ സ്വർണത്തിന്റെ വില തിരികെ കൊടുക്കുമ്പോഴും കിട്ടും എന്ന ഉറപ്പും നൽകുന്നു. നാലാമതായി, മാറ്റിവാങ്ങുമ്പോൾ എന്തു വില  കൊടുക്കുമെന്നും തിരികെ വാങ്ങുമ്പോൾ എന്തു വില നൽകുമെന്നും വിൽക്കുമ്പോൾത്തന്നെ പറയും. ഈ നാല് ഉറപ്പുകളും അടങ്ങിയ സർട്ടിഫിക്കറ്റ് ബില്ലടക്കം അച്ചടിച്ച് ഉപയോ​ക്താവിന് നൽകുകയാണ് ചെയ്യുന്നത്. 

അമേരിക്കയിൽനിന്ന് അം​ഗീകാരം

കല്യാണിലുള്ള ആളുകളുടെ വിശ്വാസത്തിന് അം​ഗീകാരമായി ഒരു വിദേശ നിക്ഷേപ സ്ഥാപനം കല്യാൺ ജ്വല്ലേഴ്സിനെ തേടിയെത്തി. അമേരിക്കൻ കമ്പനി വാർബ​ഗ് പിൻകസ് 2013ൽ കല്യാൺ ജ്വല്ലേഴ്സിൽ 1200 കോടി രൂപയും 2015ൽ 500 കോടി രൂപയും നിക്ഷേപിച്ചു. പിരമൽ, എയർടെൽ പോലുള്ള വമ്പൻ കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഈ സ്ഥാപനം കേരളത്തിൽനിന്നുള്ള ഒരു ജ്വല്ലറി ബ്രാൻഡിൽ നിക്ഷേപം നടത്തിയെന്നത് വലിയൊരു അം​ഗീകാരമായി ഹൃദയത്തിലേറ്റുകയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്, 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top