29 June Wednesday

ഇൻഷൂറൻസ് പോളിസി സ്വയം തെരഞ്ഞെടുക്കാം

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018

ഇൻഷൂറൻസ് പോളിസി തെരഞ്ഞെടുക്കുമ്പോൾ അതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് ഒരു അഡൈ്വസർ അല്ലെങ്കിൽ ഏജന്റ് ആയിരിക്കുമല്ലോ. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഉപഭോക്താവിനു തന്നെ എല്ലാ വിവരങ്ങളും ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യാനാവുന്ന സാഹചര്യത്തിൽ എന്തിനാണ് മൂന്നാമതൊരു കക്ഷിയെ ഈ തീരുമാനത്തിൽ ഇടപെടുത്തുന്നതെന്ന ഒരു ചോദ്യം പലരിലും ഉയർന്നേക്കാം. ലൈഫ് ഇൻഷൂറൻസ് പോളിസികൾ വാങ്ങുന്ന കാര്യത്തിൽ ഇങ്ങനെയൊരു മാറ്റം കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടു വരുന്നുണ്ട്. എന്നാൽ ഇങ്ങനെ ഇൻഷൂറൻസ് പോളിസികൾ വാങ്ങുന്നതിനു മുൻപായി ഏതാനും ചില ഘടകങ്ങൾ വിലയിരുത്തേണ്ടതുണ്ട്.

എന്തിനു വേണ്ടി ഇൻഷൂറൻസ് എടുക്കുന്നു എന്നതാണ് ഇവിടെ ഉപഭോക്താവ് ഏറ്റവും ആദ്യമായി ഉത്തരം കണ്ടെത്തേണ്ട ചോദ്യം. ഒന്നാമതായും ഏറ്റവും പ്രധാനമായും ഇൻഷൂറൻസ് എന്നത് പരിരക്ഷയ്ക്കായുള്ള ഒരു ഉപകരണമാണെന്നു മനസ്സിലാക്കണം. മറ്റു പല ലക്ഷ്യങ്ങളുമായി ഇൻഷൂറൻസ് പദ്ധതികളിൽ ചേരുന്നതാണ് നമുക്കിടയിൽ ആവശ്യമായതിലും കുറഞ്ഞ ഇൻഷൂറൻസ് പരിരക്ഷ മാത്രം പലർക്കുമുണ്ടാകുന്നതിനുള്ള പ്രധാന കാരണം. ഇങ്ങനെ ഇൻഷൂറൻസ് എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു മനസ്സിലാക്കി കഴഞ്ഞാൽ സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലാണു നടത്തേണ്ടത്. ഇൻഷൂറൻസ് ചെയ്യപ്പെടുന്ന വ്യക്തിയുടെ വിയോഗം ബന്ധുക്കളിൽ വരുത്തി വെക്കുന്ന സാമ്പത്തിക ആഘാതം, നിങ്ങളുടെ നിലവിലുള്ള വരുമാനം, ബാധ്യതകൾ, കുട്ടികളുടെ വിദ്യാഭ്യാസം പോലെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വ്യക്തികളുടെ ജീവിത രീതിയും ആവശ്യമായി വരുന്ന ചെലവു നിർണയിക്കുന്നതിൽ വളരെ നിർണായമാണ്. എത്ര തുകയുടെ ഇൻഷൂറൻസ് പരിരക്ഷ ആവശ്യമാണെന്നും ഏതു രീതിയിലുള്ള ഇൻഷൂറൻസ് പദ്ധതിയിൽ ചേരണമെന്നും തീരുമാനമെടുക്കുവാൻ ഈ വിലയിരുത്തലുകൾനിങ്ങളെ സഹായിക്കും.

ഈ വിലയിരുത്തലുകളുടെയെല്ലാം അടിസ്ഥാനത്തിൽ ഒരു പോളിസി കണ്ടെത്തിയാലും അതേക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കണം. ആ പോളിസിയിൽ എന്തെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്, എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ആദ്യമായി വിലയിരുത്തേണ്ടത്. ഈ പോളിസിയുടെ പ്രീമിയം കൂടുവാനും കുറയുവാനും ഇടയാക്കുന്ന ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നതും കണ്ടെത്തണം. പോളിസികൾ എപ്പോഴെല്ലാം റദ്ദാക്കാനാവും, അതിന് പിഴ ഈടാക്കുമോ, ഗുണം ലഭിക്കുന്ന വ്യക്തിയെ മാറ്റാനാവുമോ, പോളിസി മാറ്റാനോ പുതുക്കുവാനോ കഴിയുന്ന വിധത്തിലുള്ളതാണോ, പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾക്കും ഇതോടൊപ്പം തന്നെ ഉത്തരം കണ്ടെത്തിയ ശേഷം മാത്രമായിരിക്കണം പോളിസി തെരഞ്ഞെടുക്കേണ്ടത്.

ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് കൃത്യമായ ഇൻഷൂറൻസ് സ്ഥാപനത്തെ തെരഞ്ഞെടുക്കുക എന്നതും. ക്ലെയിമുകൾ നൽകുന്ന നിരക്കും ഉപഭോക്തൃ സേവനത്തിന്റെ നിലവാരവുമാണ് ഇവിടെ പ്രധാനമായും കണക്കിലെടുക്കേണ്ടത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ വീണ്ടും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ പിന്തുണ ലഭിക്കുന്നു എന്നുറപ്പാക്കാൻ ക്ലെയിം നൽകുന്നതിൽ മികച്ച നിരക്കു പുലർത്തുന്നവരെ തെരഞ്ഞെടുക്കുന്നതു ഗുണകരമാകും. ഉപഭോക്താക്കളുടെ പരാതികൾ ഇൻഷൂറൻസ് കമ്പനി പരിഹരിക്കുന്നതിനെക്കുറിച്ചും ഉപഭോക്താക്കൾക്ക് അതേക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ചും മനസ്സിലാക്കുന്നത് മികച്ച സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനു സഹായകമാകും.

ഓൺലൈനായി  ലൈഫ് ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് നിരക്കുകൾ വാങ്ങുന്നതിനും അതിനു ശേഷം ഇൻഷൂർ ചെയ്യുന്നതിനും ഇപ്പോൾ അവസരമുണ്ട്. പൊതുവെ പറഞ്ഞാൽ വാർഷിക വരുമാനത്തിന്റെ എട്ടു മുതൽ പത്തു വരെ മടങ്ങ് തുകയുടെ ഇൻഷൂറൻസ് വാങ്ങുന്നതാണ് അഭികാമ്യം. ഇതോടൊപ്പം എത്ര കാലത്തേക്ക് ഇൻഷൂറൻസ് ലഭിക്കും എന്നതും വിലയിരുത്തേണ്ടതാണ്. എൺപതു വയസ്സു വരെയാണ് പല സ്ഥാപനങ്ങളും ഇപ്പോൾ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നത്.   ഇങ്ങനെയെല്ലാം ഇൻഷൂറൻസ് എടുത്തു കഴിഞ്ഞാലും നിങ്ങൾക്ക് അതു വിലയിരുത്താൻ വീണ്ടുമൊരു 15 ദിവസം കൂടി ലഭിക്കും. ഫ്രീ ലുക് പിരിയഡ് എന്നു വിളിക്കപ്പെടുന്ന ഈ കാലയളവിനുള്ളിൽ പോളിസി തിരികെ നൽകാൻ ഉപഭോക്താവിന് അവകാശമുണ്ടാകും.
(മാർട്ടിൻ ഡിജോങ്

ചീഫ് ഡിജിറ്റൽ ഓഫിസർ
എയ്ഗോൺ ലൈഫ് ഇൻഷൂറൻസ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top