25 April Thursday

ഭവനവായ്പയുടെ തിരിച്ചടവു മുടങ്ങിയാല്‍

കെ അരവിന്ദ്Updated: Sunday Sep 18, 2016

ജീവിതത്തില്‍ മിക്കവരും എടുക്കുന്ന ഏറ്റവും വലിയ വായ്പ ഭവന വായ്പയാകും. ഇവരിലേറെപ്പേര്‍ക്കും വായ്പയെടുത്ത് കുറച്ചു കാലത്തിനുശേഷം മാസഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെവരുന്ന സാഹചര്യം നേരിടേണ്ടിവരുന്നത് അപൂര്‍വമല്ല. തൊഴില്‍നഷ്ടമോ ആശുപത്രിച്ചെലവുകള്‍പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്കായി സമ്പാദ്യം ചെലവിടേണ്ടിവന്നതോ അത്തരം സാഹചര്യങ്ങള്‍ക്ക് കാരണമാകാം.

ഭവനവായ്പയുടെ തുല്യ മാസഗഡു മുടങ്ങിയാല്‍ വീട്ടുടമ നേരിടേണ്ടിവരുന്ന അന്തിമ നടപടി ഭവനജപ്തിയാണ്. എന്നാല്‍ ഭവനം ജപ്തിചെയ്യുക എന്നത് ബാങ്കുകള്‍ അവസാനഘട്ടത്തില്‍ മാത്രം സ്വീകരിക്കുന്ന നടപടിയാണ്. മാസഗഡു ആദ്യമായി മുടങ്ങി ആറുമാസമെങ്കിലും കഴിഞ്ഞശേഷമേ ബാങ്കുകള്‍ അത്തരം നടപടികള്‍ക്ക് മുതിരുകയുള്ളൂ.
മാസഗഡു അടയ്ക്കാതിരുന്നാല്‍ മൂന്നുമാസത്തിനു ശേഷമാണ് ബാങ്ക് അത് നിഷ്ക്രിയ ആസ്തിയായി പരിഗണിക്കുന്നത്. ഇതിനിടയില്‍ ഓരോ മാസം മാസഗഡു മുടങ്ങുമ്പോഴും ബാങ്ക് ഉപയോക്താവിനെ അക്കാര്യം ഓര്‍മിപ്പിക്കും. മൂന്നുമാസം തുടര്‍ച്ചയായി മാസഗഡു അടയ്ക്കാതിരുന്നാല്‍ കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക്  നോട്ടീസ് അയക്കും.

ഈ നോട്ടീസിനോട് വായ്പയെസടുത്തയാള്‍ പ്രതികരിക്കാതിരുന്നാല്‍ വായ്പയെടുത്തയാള്‍ക്ക് ലീഗല്‍ നോട്ടീസ് അയക്കുകയാണ് അടുത്ത നടപടി. ഭവനവായ്പ നിഷ്ക്രിയ ആസ്തിയായി ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ നിയമപ്രകാരം വായ്പാതുക തിരിച്ചുപിടിക്കാനുള്ള നടപടികളിലേക്ക് ബാങ്ക് കടക്കും. ഭവനവായ്പ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചശേഷവും കുടിശ്ശിക തിരിച്ചടയ്ക്കാന്‍ രണ്ടുമാസത്തെ സമയംകൂടി ബാങ്കുകള്‍ നല്‍കാറുണ്ട്.

ആദ്യത്തെ കുടിശ്ശികവരുത്തിഅഞ്ചുമാസത്തിനുശേഷം ഭവനത്തിന് നിശ്ചിതതുക വില കല്‍പ്പിച്ചിട്ടുണ്ടെന്നും നിശ്ചിത തീയതിക്ക് ജപ്തിനടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചുള്ള നോട്ടീസ് ബാങ്ക് വായ്പയെടുത്തയാള്‍ക്ക് അയക്കുകയാണ് പതിവ്. ജപ്തിനോട്ടീസ് അയച്ച് ഒരുമാസത്തിനുശേഷമാണ് സാധാരണനിലയില്‍ ബാങ്കുകള്‍ ജപ്തിനടപടികളിലേക്ക് തിരിയുന്നത്. അതായത് നിയമനടപടി നടപ്പാക്കുന്നത് കുടിശ്ശികവരുത്തി ആറുമാസത്തിനുശേഷമാണ്.

പത്തുലക്ഷം രൂപയ്ക്കു മുകളിലാണ് കുടിശ്ശികതുകയെങ്കില്‍ ഡെറ്റ് റിക്കവറി ട്രിബ്യൂണലില്‍നിന്ന് നോട്ടീസ് അയക്കുകയാണ് അന്തിമ നടപടി. നോട്ടീസ്പ്രകാരം ട്രിബ്യൂണലിനുമുന്നില്‍ വായ്പയെടുത്തയാള്‍ നിര്‍ബന്ധമായും ഹാജരാകേണ്ടതുണ്ട്. ട്രിബ്യൂണലിനുമുന്നില്‍ വാദത്തിനായി ഹാജരാകുന്നതിലൂടെ ബാങ്കുമായി ധാരണയിലെത്താന്‍ വായ്പയെടുത്തയാള്‍ക്ക് അവസരമുണ്ട്.

മുന്‍കാലങ്ങളില്‍ വായ്പ കൃത്യമായി തിരിച്ചടച്ച ചരിത്രമുള്ളആളാണെങ്കില്‍ അല്‍പ്പംകൂടിസമയം നല്‍കാന്‍ ബാങ്ക് തയ്യാറായേക്കും. ഓരോ ഉപയോക്താവിനും അനുസരിച്ച് ഇക്കാര്യത്തില്‍ ബാങ്ക് എടുക്കുന്ന തീരുമാനം വ്യത്യസ്തമാകും.

ജപ്തി സമയദൈര്‍ഘ്യം വേണ്ടിവരുന്ന പ്രക്രിയ ആയതിനാല്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനുള്ള കാരണങ്ങള്‍ ഉപയോക്താവുമായി ചര്‍ച്ചചെയ്യാന്‍ മിക്ക ബാങ്കും താല്‍പ്പര്യമെടുക്കാറുണ്ട്.  വായ്പയെടുത്തയാളിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനുള്ള കാരണത്തിനനുസരിച്ച് വായ്പാ കാലയളവ് ദീര്‍ഘിപ്പിക്കുന്നതുപോലുള്ള നടപടികള്‍ക്കും ബാങ്കുകള്‍ തയ്യാറാകാറുണ്ട്.

തൊഴില്‍നഷ്ടമാണ് തുല്യമാസഗഡു അടയ്ക്കുന്നതിന് തടസ്സമായതെങ്കില്‍ തൊഴില്‍നഷ്ടത്തിന് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന പോളിസികള്‍ വായ്പയെടുത്തയാള്‍ക്ക് തുണയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top