18 April Thursday

ഭവനവായ്പാ സ്ഥാപനങ്ങളുടെ മുന്നേറ്റം; താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭവനവായ്പ ഉയരും

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

 സ്വന്തമായി ഒരു വീട് എന്നത്  സാധാരണക്കാരന്റെ സ്വപ്നമാണ്. ഇതിനുള്ള വായ്പ നേടാൻ ആഗ്രഹവും തിരിച്ചടയ്ക്കാൻ കഴിവും ഉണ്ടെങ്കിലും താഴ്ന്നവരുമാനക്കാർക്ക് വായ്പനൽകുന്ന കാര്യത്തിൽ ഭവനവായ്പ സ്ഥാപനങ്ങൾ സാധാരണ താൽപ്പര്യം കാട്ടാറില്ല. എന്നാൽ ഈ നിലപാടിൽ ചെറിയതോതിലെങ്കിലും മാറ്റംവരുത്താൻ ഭവനവായ്പാ സ്ഥാപനങ്ങൾ തയ്യാറാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനവിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും മാറ്റത്തിന് കാരണമായിട്ടുണ്ട്. വീടുകളുടെ കാര്യത്തിൽ വലിയൊരു ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് വിശകലനം. ആഗോളതലത്തിലെ പ്രൊഫഷണൽ സേവനകമ്പനിയായ കെപിഎംജിയുടെ കണക്കു പ്രകാരം 2022 ഓടെ ഇന്ത്യയിൽ 100 ദശലക്ഷം പുതിയ വീടുകൾ ആവശ്യമായിവരും. ഇതിൽ പകുതിയിലേറെ,  അതായത് 55 ദശലക്ഷത്തിലേറെ, ഗ്രാമീണമേഖലകളിലാകും. ഇനി നഗരമേഖലകളിലെ സാഹചര്യം വിശകലനംചെയ്താൽ ആവശ്യമായിവരുന്ന വീടുകളുടെ 95 ശതമാനവും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങൾക്കിടയിലും താഴ്ന്നവരുമാനക്കാർക്കിടയിലുമാകും. സാമ്പത്തിക സേവനങ്ങൾ വളറെ കുറഞ്ഞതോതിൽ മാത്രം ലഭിക്കുന്നവർക്കിടയിലോ ഒട്ടും ലഭിക്കാത്തവർക്കിടയിലോ ആണ് ഇതെന്നും വ്യക്തമാണ്.

വീടു സ്വന്തമാക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കാനാനുള്ള ഭവനവായ്പ ലഭിക്കുന്നില്ല എന്നതാണ് ഇവർക്കു മുന്നിലുള്ള  പ്രശ്നം. ഏറ്റവും കുറഞ്ഞ  കുടിശ്ശികയുള്ള വായ്പാമേഖലയാണ് ഭവനവായ്പകളുടേതെന്ന വസ്തുതയുള്ളപ്പോഴാണ് ഈയൊരു സ്ഥിതി.  ഭവനവായ്പകളിലൂടെ പണം മാത്രമല്ല, കുടുംബത്തിന് സുരക്ഷിതവും ആരോഗ്യകരവുമായ  അന്തരീക്ഷവും പശ്ചാത്തലവുംകൂടി ലഭിക്കുന്നതാണ് കുറഞ്ഞ കുടിശ്ശിക മാത്രം  ഉണ്ടാകാൻ കാരണം. 2015‐16 സാമ്പത്തികവർഷത്തെ കണക്കുപ്രകാരം വെറും 1.4 ശതമാനം കുടിശ്ശിക മാത്രമുള്ള ഭവനവായ്പാ മേഖലയെ ഏറ്റവും സുരക്ഷിതമായ ആസ്തികളിലൊന്നായാണ് കണക്കാക്കുന്നത്. ഇങ്ങനെ സുരക്ഷിതമായ ആസ്തിയാകുമ്പോഴും അനുയോജ്യമായ ഭവനവായ്പ ലഭിക്കാത്തതാണ് പലർക്കും വീടു സ്വന്തമാക്കുന്നതിനു തടസ്സമാകുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നാം.

അനുയോജ്യമായ ഭവന വായ്പകൾ ലഭിക്കത്തക്കവിധത്തിലുള്ള ബിസിനസ് മാതൃകകൾ വളർത്തിയെടുക്കാനാകുന്ന നീക്കം വേണമെന്നതാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. താഴ്ന്നവരുമാനക്കാർക്ക് പലപ്പോഴും നൽകാനാകാത്ത ശമ്പളസ്ലിപ്പുകളുടെയും ആദായനികുതി റിട്ടേണുകളുടെയും അടിസ്ഥാനത്തിൽ വരുമാനം വിലയിരുത്തുന്ന രീതിയിൽനിന്നു മാറിച്ചിന്തിക്കാൻ ഭവനവായ്പാ കമ്പനികൾ തയ്യാറാവുന്നത്  ഗുണകരമായേക്കും. ചെലവ് കുറഞ്ഞ ഭവനനിർമാണ മേഖലയ്ക്ക് ഗുണകരമാകുന്നവിധത്തിൽ പുതിയ സംവിധാനങ്ങൾ വളർത്തിയെടുക്കാണ് ഭവനവായ്പാ സ്ഥാപനങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. താങ്ങാനാകുന്ന ഭവനങ്ങൾ എന്നത് നിർവചിക്കാൻ വിവിധ രീതികൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.   

കുടുംബവരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളതും വായ്പയെടുക്കാനുള്ള തങ്ങളുടെ കഴിവു തെളിയിക്കാൻ രേഖാമൂലമുള്ള തെളിവുകൾ നൽകാൻ സാധിക്കാത്തതുമായവരെ ഈ വിഭാഗത്തിൽ പെടുത്തുന്നതാണ് ആദ്യരീതി. മുൻകൂട്ടി നിശ്ചയിക്കാനാകാത്ത രീതിയിലെ വരുമാനവും വൻതോതിലുള്ള പണത്തിന്റെ ഒഴുക്കുമുള്ളതാണ് ഈ മേഖലയിലെ മറ്റൊരു വിഭാഗം. താങ്ങാനാകുന്ന ഭവനങ്ങളുടെ മേഖലയിൽ വായ്പകൾ നൽകുന്ന ഘട്ടത്തിൽ സാമ്പത്തികസ്ഥാപനങ്ങൾക്കു നേരിടാനുള്ള പ്രധാന വെല്ലുവിളികൾ ഇവയുമായി ബന്ധപ്പെട്ടാണ്.
ഈ മേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയും അനാവശ്യ ഭീതിയുമാണ് മുൻകാലങ്ങളിൽ ഭവനവായ്പാ സ്ഥാപനങ്ങളെ നയിച്ചിരുന്നത്. എന്നാൽ വെല്ലുവിളികൾ അവസരങ്ങളാക്കി മാറ്റാനും മാറിച്ചിന്തിക്കാനും ചില സ്ഥാപനങ്ങളെങ്കിലും മുന്നോട്ടുവരുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വളരെ സുഖപ്രദമായി വായ്പകൾ നൽകിയിരുന്ന രീതിയിൽനിന്നു മാറി വായ്പ ആവശ്യമുള്ളവരെക്കുറിച്ച് അതതു സ്ഥലങ്ങളിൽ അന്വേഷിച്ചും മറ്റും അനൗപചാരിക വരുമാനംകൂടി വിലയിരുത്തുന്ന രീതിക്ക് പലരും തുടക്കം കുറിച്ചിട്ടുണ്ട്.  ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും സ്ഥാപനം  ഉപയോക്താവിനു പിന്തുണ നൽകുന്നുണ്ട്.

വിവിധ ധനകാര്യസ്ഥാപനങ്ങൾ ഈ രംഗത്തു പുതിയ ചുവടുവയ്പുകൾ നടത്താനൊരുങ്ങുന്നതോടെ ഭവനവായ്പാ മേഖല വലിയൊരു മാറ്റത്തിനു തന്നെയാണ് തയ്യാറെടുക്കുന്നത്. സാങ്കേതികവിദ്യയെയും ബൗദ്ധികമായ കഴിവുകളെയും പ്രയോജനപ്പെടുത്തി ഉപയോക്താക്കളുടെ വരുമാനം വിലയിരുത്തുന്നതിനാണ് അവർ തയ്യാറെടുക്കുന്നത്. ഉപയോക്താക്കളിൽ എത്തിച്ചേരാനും സാങ്കേതികവിദ്യാ മുന്നേറ്റത്തെ അവർ കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

അനൂജ് മേഹ്റ
മാനേജിങ് ഡയറക്ടർ,
മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top