18 April Thursday

പ്രളയദുരന്തം മറക്കാൻ ജോയ് ആലുക്കാസിന്റെ 250 ‘സന്തോഷവീടുകൾ’

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

തൃശൂർ>പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോർക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജോയ്ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മുഖേന ഓരോ വീടിനും ആറുലക്ഷം രൂപയാണ‌് ചെലവഴിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും പറഞ്ഞു. 600 ചതുരശ്രയടി വലിപ്പത്തിൽ രണ്ടു കിടപ്പുമുറികളും ഡൈനിങ് ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടുമുള്ള കോൺക്രീറ്റ് വീടുകളാണ് നിർമിച്ചുനൽകുക.

കേരളത്തിലെ ഏറ്റവും പ്രള ബാധിതമായ സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാതു പ്ലോട്ടുകൾക്ക് അനുയോജ്യവുമായ വീടുകളാണ് വിദഗ്ധരായ ആർക്കിടെക്ടുകളെക്കൊണ്ട് രൂപകൽപ്പനചെയ്ത‌് നിർമ്മിച്ചുനൽകുകയെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. റീ‐ബിൽഡിങ് കേരള എന്ന സർക്കാർ പദ്ധതിക്കും പ്രളയത്തെ അതിജീവിക്കുന്ന കേരളജനതയ്ക്ക് കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വ്യാപാരസ്ഥാപനത്തിൽനിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നൽകാം. ഈ അപേക്ഷകൾ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിയോഗിച്ച കമ്മിറ്റി പഠിച്ചതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അർഹരെ കണ്ടെത്തും. അനുമതി ലഭിച്ചയുടൻ വീടുകളുടെ നിർമാണം തുടങ്ങി വേഗത്തിൽ പൂർത്തീകരിച്ചു കൈമാറാനാണ് ലക്ഷ്യമിടുന്നത്.

പ്രളയനാളുകളിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വളന്റിയർമാർ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മരുന്നും മറ്റുമായി ഒറ്റപ്പെട്ട വീടുകളിലും അഭയകേന്ദ്രങ്ങളിലും അശരണരായി കഴിഞ്ഞവർക്ക് ആശ്വാസമേകിയിരുന്നു. സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നേതൃത്വം നൽകിവരുന്നു. സന്നദ്ധ രക്തദാനരംഗത്തും പരിസ്ഥിതി സംരക്ഷണമേഖലയിലും ആരോഗ്യപരിപാലനരംഗത്തും തുടങ്ങി നിരവധി മേഖലകളിലെ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സേവനങ്ങൾ അഭിമാനാർഹമാണ്.

വിശദവിവരങ്ങൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തൃശൂർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2329222.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top