20 April Saturday
ജൂലൈ 1 മുതല്‍

വരുന്നു ചരക്കുസേവന നികുതി

ജോണ്‍ ലൂക്കോസ്Updated: Monday Jun 26, 2017

ദീര്‍ഘനാളത്തെ ആശങ്കകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ജൂലൈ ഒന്നുമുതല്‍ രാജ്യത്തെ പരോക്ഷനികുതിമേഖലയില്‍ സമ്പൂര്‍ണ മാറ്റംവരുത്തി ചരക്കുസേവനനികുതി പ്രാബല്യത്തിലാവുകയാണ്. ഇതോടെ സംസ്ഥാനങ്ങള്‍ ചുമത്തിയിരുന്ന മൂല്യവര്‍ധിത നികുതി, അന്തര്‍സംസ്ഥാന വില്‍പ്പനനികുതി, നിലവിലുള്ള സേവനനികുതി തുടങ്ങിയവയൊക്കെ ഇല്ലാതായി ഒരൊറ്റ നികുതിയായി സംയോജിക്കപ്പെടും.

ഇതുവരെ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും പല പേരുകളില്‍, പല രൂപത്തില്‍, പല നിരക്കുകളില്‍ നിരവധി നികുതികള്‍ ചുമത്തിപ്പോന്നു. ഒരേ ഉല്‍പ്പന്നത്തിന് പല സംസ്ഥാനങ്ങളില്‍ പല നിരക്കുകളും ഉല്‍പ്പന്നകൈമാറ്റം നടക്കുമ്പോഴൊക്കെ കൈമാറ്റങ്ങള്‍ക്കുമേല്‍ വീണ്ടുംവീണ്ടും നികുതി ചുമത്തലുമൊക്കെയായി പരോക്ഷനികുതിമേഖലയാകെ സങ്കീര്‍ണ നികുതിസംവിധാനമായി നിലകൊള്ളുമ്പോഴാണ് ഇന്ത്യയാകെ ഒറ്റനികുതി എന്ന നിലയില്‍ ചരക്കുസേവന നികുതി (ജിഎസ്ടി) നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ചരക്കുസേവന നികുതിനിയമത്തില്‍ ഓരോ കൈമാറ്റത്തിനും നികുതി ഏര്‍പ്പെടുത്തുമെങ്കിലും പ്രസ്തുതനികുതി അടയ്ക്കുമ്പോള്‍ വില്‍പ്പനക്കാരന്‍ ചരക്കുവാങ്ങിയ വിലയില്‍ ഒടുക്കിയ നികുതി തട്ടിക്കിഴിച്ചിട്ട് ബാക്കി തുക നികുതി അടച്ചാല്‍ മതി. ചുരുക്കി പ്പറഞ്ഞാല്‍ ഓരോ വില്‍പ്പനഘട്ടത്തിലും വിലയുടെമേല്‍ ചുമത്തി വന്ന നികുതിമൂലം ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോക്താവ് അധികം കൊടുക്കേണ്ടിവരുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തി ഓരോ കച്ചവടക്കാരനും ഒരു ഉല്‍പ്പന്നം കൈമാറ്റംചെയ്യപ്പെടുമ്പോള്‍ ഈടാക്കുന്ന മൂല്യവര്‍ധിത തുകയ്ക്ക് നികുതി നല്‍കുന്ന പരിഷ്കരിച്ച സമ്പ്രദായമാണ് ചരക്കുസേവന നികുതി. നികുതിയില്‍ ഏകീകരണം ഉണ്ടാകുമ്പോള്‍ രാജ്യത്തൊട്ടാകെ ഉല്‍പ്പന്നവിലകള്‍ക്ക് ഏകദേശ സാമ്യം ഉണ്ടാകുമെന്നൊക്കെയാണ് ഇതില്‍ വിഭാവനംചെയ്യുന്നത്്.

ഉല്‍പ്പന്ന ഉപയോക്താവ് അല്ലെങ്കില്‍ സേവനം ലഭിക്കുന്ന വ്യക്തിയാണ് നികുതിബാധ്യത വഹിക്കുക എന്നതുതന്നെയാണ് ചരക്കുസേവന നികുതിയുടെയും അന്തഃസത്ത. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏകനിരക്കില്‍ നികുതിചുമത്തുക എന്ന സവിശേഷതയുമുണ്ട്. ആദ്യമായി ഫ്രാന്‍സില്‍ തുടങ്ങിയ ചരക്കുസേവന നികുതി ഇപ്പോള്‍ 160 രാജ്യങ്ങളില്‍ നടപ്പാക്കിക്കഴിഞ്ഞു. മദ്യം ഒഴിച്ചെല്ലാം ചരക്കിന്റെ നിര്‍വചനത്തില്‍ വരുമ്പോള്‍ പണവും കടപ്പത്ര കൈമാറ്റങ്ങളുമൊഴികെ മറ്റെല്ലാം സേവനത്തിന്റെ നിര്‍വചനത്തിലും വരുന്നു. നിലവില്‍ വില്‍പ്പനയ്ക്കു മാത്രമാണ് നികുതി നല്‍കിയിരുന്നതെങ്കില്‍ ചരക്കുസേവന നികുതിപ്രകാരം സ്റ്റോക്ക് ഒരു ഗോഡൌണില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോഴും സാമ്പിളുകള്‍ നല്‍കുമ്പോഴും, ഹെഡ് ഓഫീസില്‍നിന്ന് ശാഖകളിലേക്ക് അയക്കുമ്പോഴുമെല്ലാം നികുതി ബാധകമാണ്. 

ചരക്കു വാങ്ങിയപ്പോള്‍ നല്‍കിയ നികുതി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നികുതിയില്‍നിന്നു കുറച്ച് ബാക്കി തുകമാത്രം നല്‍കുന്ന രീതിയുമാണ് ഈ പരോക്ഷനികുതി സമ്പ്രദായത്തിലുള്ളത്്. നിലവിലുള്ള മൂല്യവര്‍ധിതനികുതി, പര്‍ച്ചേസ് നികുതി, പ്രവേശനനികുതി, വിനോദ നികുതി, ആഡംബരനികുതി മുതലായവ ഇല്ലാതാകുമെങ്കിലും സംസ്ഥാന എക്സൈസ് തീരുവ, സ്റ്റാമ്പ് തീരുവ, തൊഴില്‍ കരം, വാഹനനികുതി, പെട്രോളിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനനികുതി മുതലായവ തുടരും. 

എല്ലാ വ്യാപാരികളും സേവനദാതാക്കളും ചരക്കുസേവന നികുതിപ്രകാരം രജിസ്റ്റര്‍ചെയ്യണം. എന്നാല്‍ ചെറുകിട വ്യാപാരികളും ചുരുങ്ങിയ രീതിയില്‍ സേവനം നല്‍കുന്നവരും നിയമപ്രകാരം രജിസ്ട്രേഷന്‍ എടുക്കേണ്ടതില്ല. നിലവില്‍ 20 ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരെയും പ്രതിഫലം കൈപ്പറ്റുന്നവരെയുമാണ് ചെറുകിടക്കാരുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്്. ഇതൊരു ഇളവായോ ആശ്വാസമായോ പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇത്തരക്കാരില്‍നിന്ന് ചരക്കുകള്‍ വാങ്ങുന്നതിന്റെയും സേവനം കൈപ്പറ്റുന്നതിന്റെയും നികുതി ഉല്‍പ്പന്നം വാങ്ങുന്ന രജിസ്ട്രേഡ് സ്ഥാപനങ്ങള്‍ നല്‍കേണ്ടിവരുമെന്നുള്ളതുകൊണ്ട് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രം ചരക്കുകള്‍ വാങ്ങാനും സേവനങ്ങള്‍ കൈപ്പറ്റാനും വ്യാപാരസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കും. ഇത് രജിസ്ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങളെയും സേവനദാതാക്കളെയും ബുദ്ധിമുട്ടിലാക്കും. ഇക്കാരണത്താല്‍ അവരും രജിസ്ട്രേഷന്‍ എടുക്കാന്‍ നിര്‍ബന്ധിതരാകും.

ലഭിക്കുന്ന വിവരം അനുസസരിച്ച് അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ചരക്കുസേവന നികുതിനിരക്ക്. അത്യാവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനവും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനവും പൊതുനിരക്കായ 18 ശതമാനവും  ആഡബര ഉല്‍പ്പന്നങ്ങള്‍ക്ക് 28 ശതമാനവുമാണിത്. ഇത് നടപ്പാകുന്നതോടെ ചിലതരം സാധനസാമഗ്രികള്‍ക്ക് വിലവര്‍ധന ഉണ്ടാകുമ്പോള്‍ മറ്റു ചിലതിന്റെ വില കുറയുകയും ചെയ്യും. സാധനങ്ങളുടെ വിലകുറവിന്റെ നേട്ടം ജനങ്ങളിലെത്തണമെങ്കില്‍ സര്‍ക്കാരിന്റെ കര്‍ശനനിയന്ത്രണം അനിവാര്യമാണ്. അല്ലെങ്കില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ക്കു കമ്പനികളുടെ തന്ത്രത്തിലൂടെ വില ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരും. നിലവില്‍ വാറ്റ് രജിസ്ട്രേഷന്‍, സേവനനികുതി രജിസ്ട്രേഷനുകളുള്ള  വ്യാപാര-പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, ചരക്കുസേവന നികുതിപ്രകാരം രജിസ്റ്റര്‍ചെയ്ത് ചരക്കുസേവന നികുതിയിലേക്കു മാറേണ്ടി വരും. ഫോണ്‍: 94470 58700.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top