29 March Friday

എന്തിനിത്ര തിടുക്കം ആര്‍ക്ക് നേട്ടം...

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2016

പാതയോരത്തെ വായനശാലയ്ക്കടുത്ത് ആല്‍ത്തറയിലെ ഗ്രാമസായാഹ്നം. വര്‍ത്തമാനം പൊടിപൊടിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും തുടങ്ങി ലോകത്തിന്റെ ഏതറ്റത്തെയും കാര്യങ്ങള്‍ ഈ ഗ്രാമസായാഹ്നത്തില്‍ വര്‍ത്തമാനമാകും. നമ്മുടെ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ചരക്കുസേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ്–ജിഎസ്ടി)യെക്കുറിച്ചായിരുന്നു പോയവാരം അവിടെ വലിയ വര്‍ത്തമാനമായത്.

ജിഎസ്ടി കൌണ്‍സിലിന്റെ യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. അതുസംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞ ദിവസങ്ങള്‍. അതുകൊണ്ടാണ് ചരക്കുസേവന നികുതി ഈ ഗ്രാമസായാഹ്നത്തില്‍ ചര്‍ച്ചയായത്. ഏതു നികുതിയും പാവങ്ങളെ വെറുതെവിടുന്നതും പണക്കാരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നതുമാകണമെന്ന തത്വങ്ങളൊക്കെ അവിടെ കേട്ടു. പഞ്ചസാരയ്ക്ക് ആറുശതമാനം നികുതിയെന്നു പറഞ്ഞാല്‍ അത് പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ നല്‍കേണ്ടിവരുന്നതാണ് പരോക്ഷനികുതി. കാരണം ഈ നികുതികൂടി ഉള്‍പ്പെടുത്തിയാണല്ലോ വില. അപ്പോള്‍ പരോക്ഷനികുതി സമ്പ്രദായം പരിഷ്കരിക്കുകയെന്നാല്‍ ഇതിലൊക്കെ ഒരു മാറ്റം വേണ്ടതല്ലേ, അതൊന്നും സംഭവിക്കുന്നില്ലോ എന്നൊക്കെ ചര്‍ച്ചയില്‍ കേട്ടു. അതെല്ലാം വിടാം. വര്‍ത്തമാനത്തില്‍ ഉയര്‍ന്നുകേട്ട ചില പ്രധാന ചോദ്യങ്ങള്‍ ഇവിടെ പരിഗണിക്കാം.

ആ ചോദ്യങ്ങള്‍ ഇതൊക്കെ:
1. എന്താണ് ചരക്കുസേവന നികുതി. ഇപ്പോള്‍ അതിന്റെ സ്ഥിതി എന്ത്?
2. ഈ നികുതിപരിഷ്കാരം—കൊണ്ട് സാധാരണക്കാര്‍ക്ക് എന്തു പ്രയോജനം?
3.ചരക്കുസേവന നികുതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്തിനിത്ര തിടുക്കം?
4. ഈ നികുതിസമ്പ്രദായം സംസ്ഥാനങ്ങള്‍ക്ക് ഗുണമോ ദോഷമോ?
5. പ്രത്യക്ഷനികുതി പരിഷ്കാരത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തേ തിടുക്കംകാണിക്കുന്നില്ല?
 പരോക്ഷനികുതികള്‍ ഏകീകരിച്ച് സംസ്ഥാനങ്ങള്‍ തമ്മിലുള്ള നികുതിതടസ്സങ്ങള്‍ നീക്കി രാജ്യത്തെ ഒറ്റക്കമ്പോളമായി കണക്കാക്കുന്നതാണ് ചരക്കുസേവന നികുതിയെന്ന് വിശദീകരിക്കപ്പെടുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇതു നടപ്പാക്കിയെടുക്കാന്‍ വലിയ തിടുക്കമായിരുന്നു.  ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ഈ ഏപ്രില്‍ ഒന്നുമുതല്‍ ഇത് എങ്ങനെയും നടപ്പാക്കിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമായാണ് വന്‍കിട ബിസിനസ് ലോകവും കോര്‍പറേറ്റ് മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും പറയുന്നത്.  വലിയ പ്രചാരണ കോലാഹലങ്ങളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോള്‍ എല്ലാവരും പിന്തുണച്ചെങ്കിലും ഇടതുപക്ഷം ചില വിയോജനക്കുറിപ്പുകള്‍ നല്‍കിയിരുന്നു. ആ വിയോജിപ്പുകളെ മുന്‍നിര്‍ത്തി ഇപ്പോഴും പോരാട്ടം തുടരുന്നുണ്ട്. സാധാരണ ജനങ്ങളുടെ ഉപഭോഗവസ്തുക്കള്‍ക്ക് നികുതി വര്‍ധിക്കാതിരിക്കാനും ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാനുമാണ് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് മുന്നില്‍നിന്ന് ജിഎസ്ടി കൌണ്‍സിലില്‍ പോരാടുന്നത്.

ഈ വിയോജിപ്പുകളും ശക്തമായ എതിര്‍പ്പുകളും കാരണം പോയവാരം ചേര്‍ന്ന ജിഎസ്ടി കൌണ്‍സിലില്‍ നികുതിനിരക്കു സംബന്ധിച്ച് തീരുമാനമായില്ല. ആഡംബരനികുതികള്‍ കുറയുകയും സാധാരണക്കാരെ ബാധിക്കുന്ന ഉല്‍പ്പന്ന–സേവന നികുതികളുടെ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലും കേന്ദ്രം ആ നിലപാടിലാണ്.—പരമാവധി നികുതിപിരിവ് 26 ശതമാനം മതിയെന്നാണ് കേന്ദ്ര നിലപാട്. അങ്ങനെയായാല്‍ ആഡംബരവസ്തുക്കളുടെ നികുതിവരുമാനം ഇപ്പോഴുള്ളതില്‍നിന്ന് കുറയും. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.

സാധാരണക്കാര്‍ക്ക് ഈ നികുതികൊണ്ട് എന്തു പ്രയോജനമെന്നാണ് മറ്റൊരു പ്രധാന ചോദ്യം. ഇതുവരെയുള്ള സൂചനകള്‍ വച്ച് സാധാരണക്കാര്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നു മാത്രമല്ല, അവരുടെ ഉപഭോഗവസ്തുക്കള്‍ക്ക്  നികുതി കൂടാനാണ് സാധ്യത. നാലു നികുതിനിരക്കുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഇതനുസരിച്ച് സാധാരണക്കാരുടെ പല ഉപഭോഗ ഇനങ്ങള്‍ക്കും ഇന്നുള്ളതിനെക്കാര്‍ നികുതിനിരക്ക് കൂടും. അപ്പോള്‍ വില കൂടും. വെളിച്ചെണ്ണ, കോഴിയിറച്ചി എന്നിവയുടെയൊക്കെ നികുതി കൂടുമെന്നാണ് സൂചന. അതേസമയം, ആഡംബരവസ്തുക്കള്‍ക്ക് ഇന്നുള്ള നികുതി കുറയുകയും ചെയ്യും.

വന്‍കിട ബിസിനസുകാരും കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റ് മാധ്യമങ്ങളുമാണ് ജിഎസ്ടിക്കുവേണ്ടി തിടുക്കംകൂട്ടുന്നത്. നേട്ടം വന്‍കിടക്കാര്‍ക്കുതന്നെയെന്ന് ഇതില്‍നിന്നു വ്യക്തം. സംസ്ഥാനങ്ങള്‍ക്ക് ഗുണമോ ദോഷമോ എന്നതാണ് മറ്റൊരു പ്രശ്നം. 2005–ല്‍ നടപ്പാക്കിയ മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) മറ്റൊരു  രൂപമാണ് ജിഎസ്ടി. വാറ്റ് നടപ്പാക്കിയപ്പോള്‍തന്നെ നികുതികള്‍ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്യ്രം ചോര്‍ന്നുപോയിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമായി. പരോക്ഷനികുതികളുടെ കാര്യത്തില്‍ ഇനി സംസ്ഥാനങ്ങള്‍ക്ക് കാര്യമായൊരു സ്വതന്ത്ര അധികാരവുമില്ല. ഏകീകൃത നിരക്ക് വരുന്നതോടെ മുന്‍ഗണനകള്‍ നിശ്ചയിക്കാനോ ആവശ്യങ്ങളെ മുന്‍നിര്‍ത്തി നികുതി നിശ്ചയിക്കാനോ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. മദ്യമടക്കം ഏതാനും ചുരുങ്ങിയ ഇനങ്ങള്‍ക്കു മാത്രമേ നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയൂ.

ഇതേസമയം, പ്രത്യക്ഷ നികുതിസമ്പ്രദായം പരിഷ്കരിക്കുന്നതിന് സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. അത് ധനികരെ ബാധിക്കുന്ന കാര്യമാണ്. അവരെ തൊടാനാവില്ല. ധനികരുടെ നികുതി വര്‍ധിപ്പിക്കാനോ നികുതിവല വ്യാപിപ്പിക്കാനോ ഒരു—തിടുക്കവുമില്ല. നികുതിയും മൊത്തം ആഭ്യന്തരോല്‍പ്പാദനവും തമ്മിലുള്ള അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ–    16.6 ശതമാനം. ഇന്ത്യയെപ്പോലുള്ള മറ്റ് വികസരരാജ്യങ്ങളില്‍ ഇത്് 21 ശതമാനവും സാമ്പത്തിക സഹകരണ വികസന സംഘടനയില്‍(ഒഇസിഡി)പ്പെട്ട രാജ്യങ്ങളില്‍ 34 ശതമാനവുമാണ്. മൊത്തം ആഭ്യന്തരോല്‍പ്പാനവും പ്രത്യക്ഷനികുതിയും തമ്മിലുള്ള അനുപാതവും തുടര്‍ച്ചയായി കുറയുന്നു. ഈ അനുപാതം 2007–08ല്‍ 6.30 ശതമാനമായിരുന്നത് 2015–16 ആകുമ്പോള്‍ 5.47 ശതമാനമായി കുറഞ്ഞു. ആഭ്യന്തരോല്‍പ്പാദനത്തില്‍ പരോക്ഷനികുതിയുടെ പകുതി മാത്രമാണ് പ്രത്യക്ഷനികുതിവിഹിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top