20 April Saturday

ജിയോജിത് ഉത്പന്ന അവധി വ്യാപാരം പുനഃരാരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018

കൊച്ചി> പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജിയോജിത് ഉത്പന്ന അവധി വ്യാപാരം പുനഃരാരംഭിക്കുന്നു. ഉത്പന്ന അവധി വ്യാപാരം നടത്താനുള്ള അനുമതി സെബിയില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് ജിയോജിത് വീണ്ടും ഉത്പന്ന അവധിവ്യാപാരം ആരംഭിക്കുന്നത്.

2003ലാണ് ജിയോജിത് ഉത്പന്ന അവധി വ്യാപാരം ആരംഭിച്ചത്. റബ്ബര്‍, കുരുമുളക്, ഏലം എന്നീ കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളില്‍ ജിയോജിത്താണ് ഇന്ത്യയില്‍ ആദ്യമായി അവധി വ്യാപാരത്തിന് തുടക്കമിട്ടത്. വൈകാതെ മറ്റ് കാര്‍ഷിക ഉത്പന്നങ്ങളിലേക്കും, ക്രൂഡ് ഓയില്‍, ലോഹങ്ങള്‍ എന്നിവയിലേക്കും വ്യാപാരം വ്യാപിപ്പിച്ചു.

2008ല്‍ ബിഎന്‍പി പാരിബാ ജിയോജിത്തില്‍ ഓഹരി എടുത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് ഉത്പന്ന അവധി വ്യാപാരം നിര്‍ത്തിയിരുന്നു. എന്നാല്‍, 2016ല്‍ ഉത്പന്ന അവധി വ്യാപാര മേഖലയുടെ നിയന്ത്രണം സെബി ഏറ്റെടുത്തതോടെ, റിസര്‍വ് ബാങ്ക് അതിന്റെ നിയമത്തില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജിയോജിത്തിന് ഉത്പന്ന അവധി വ്യാപാരം നടത്താന്‍ അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് ജിയോജിത്, കമ്പനി നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ഉത്പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചുകളായ എംസിഎക്‌സ്, എന്‍സിഡിഇഎക്‌സ്, എന്‍എംസിഇയില്‍ അംഗത്വം എടുക്കുകയും ചെയ്തു. ഓരോ ഉത്പന്നങ്ങളുടേയും സാധ്യതകളെ കുറിച്ചുള്ള വിശദമായ ഗവേഷണ റിപ്പോര്‍ട്ടുകള്‍ ട്രേഡേഴ്‌സിനെ സഹായിക്കാനായി കമ്പനി ലഭ്യമാക്കുമെന്ന് എംഡി. സി.ജെ.ജോര്‍ജ് പറഞ്ഞു. ജിയോജിത്തിന്റെ അഞ്ഞൂറോളം വരുന്ന ബ്രാഞ്ചുകളിലൂടെയും ഓണ്‍ലൈനായും ഉത്പന്ന അവധി വ്യാപാര സേവനം ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top