25 April Thursday

ധനപ്രതിസന്ധി; പണയം വയ്ക്കാനും നിര്‍വാഹമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

കൊച്ചി > സാമ്പത്തിക പ്രതിസന്ധിയുടെ വേളകളില്‍ വീട്ടമ്മമാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും താങ്ങാകുന്ന സ്വര്‍ണവായ്പാമേഖലയും നോട്ട്ക്ഷാമത്താല്‍ നട്ടംതിരിയുന്നു. വായ്പയെടുക്കാന്‍ വരുന്നവര്‍ക്ക് പണം നല്‍കാനോ സ്വര്‍ണം തിരിച്ചെടുക്കാന്‍ വരുന്നവരില്‍നിന്ന് പണം സ്വീകരിക്കാനോ വയ്യാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ് ചെറുകിട സ്വര്‍ണപ്പണയ വായ്പാസ്ഥാപനങ്ങള്‍.

പണം കൈമാറ്റരംഗത്ത് ബാങ്കിങ്ങിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സ്വര്‍ണവായ്പാ സ്ഥാപനങ്ങള്‍ ചെറുകിട വ്യാപാരികളുടെയും ഗാര്‍ഹികമേഖലയുടെയും ആവശ്യങ്ങള്‍ വലിയൊരളവുവരെ പരിഹരിക്കുന്നതാണ്. വിപണിയില്‍ സാമ്പത്തികപ്രതിസന്ധി ഉടലെടുക്കുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ബിസിനസ് തോത് ഉയരാറുണ്ട്. എന്നാല്‍ ഇക്കുറി 100ന്റെ നോട്ടുകള്‍ക്കുള്ള ക്ഷാമവും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും കാരണം ബിസിനസ് 80 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ടെന്ന് ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജയചന്ദ്രന്‍ മറ്റെപ്പിള്ളി പറഞ്ഞു.

പ്രതിദിനം സ്വര്‍ണവായ്പ എടുക്കുന്നതും തിരിച്ചടയ്ക്കുന്നതും ബാലന്‍സ് ചെയ്താണ് ഈ ബിസിനസ് നിലനിന്നുപോകുന്നത്. എന്നാലിപ്പോള്‍ പണയംവയ്ക്കാനെത്തുന്നവര്‍ക്ക് നല്‍കാന്‍ പണമില്ലാതായതോടെ ഈ സംവിധാനം തകര്‍ന്നു. കാശിനുപകരം ചെക്ക് നല്‍കാനാകില്ല. ഞങ്ങളുടെ കൈയിലുള്ള പണം ബാങ്കില്‍  നിക്ഷേപിച്ച് ചെക്കെഴുതി പിന്‍വലിക്കാമെന്നു കരുതിയാലും 10,000 രൂപ മാത്രമേ പിന്‍വലിക്കാനാകു. അത് എത്രപേര്‍ക്ക് നല്‍കാനാകും. ഇടപാടുകാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകളുമായി പണയമെടുക്കാന്‍ വരുമ്പോള്‍ അതു വാങ്ങി സ്വര്‍ണം മടക്കി നല്‍കാനോ സ്ഥിരം ഇടപാടുകാരെ നിരാശരായി മടക്കിയയക്കാനോ വയ്യാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടായിരം ചെറുകിട സ്വര്‍ണപ്പണയ വായ്പാസ്ഥാപനങ്ങളാണ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളത്. ഇവരെല്ലാം പ്രധാനമായും സഹകരണ ബാങ്കുകളിലാണ് ഇടപാടു നടത്തുന്നത്. ഈ ബാങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെട്ടത് പ്രതിസന്ധി പിന്നെയും രൂക്ഷമാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍ ചെന്നാല്‍ നോട്ട് മാറിനല്‍കലല്ലാതെ കാര്യമായ ഇടപാടുകളൊന്നും നടക്കുന്നുമില്ല. സര്‍ക്കാര്‍ ആവശ്യത്തിന് കറന്‍സിയുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് കാര്യക്ഷമമായി വിതരണംചെയ്യുമ്പോഴേ പ്രതിസന്ധിക്കു പരിഹാരമാകൂ. ബാങ്കുകളില്‍നിന്ന് കൂടുതല്‍ പണം വിതരണംചെയ്യുന്നതോടെ മാത്രമേ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി കുറയൂ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top