26 April Friday

മുങ്ങിത്തപ്പുന്ന ഡ്രോണുമായി ഉയർന്ന‌് പറക്കാനൊരുങ്ങി ഐറോവ‌്

സന്തോഷ‌് ബാബുUpdated: Sunday Apr 7, 2019

കൊച്ചി
ഹോളിവുഡിലെ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ട് പരിചയമുള്ള, വെള്ളത്തിനടിയിലേക്ക് ഊളിയിടുന്ന ഡ്രോണുകൾ നിർമിച്ച സ്റ്റാർട്ടപ് കമ്പനിയായ ഐറോവ് ആഗോള വിപണിയിലേക്ക‌്. ഇന്ത്യയിൽ ആദ്യമായി   അണ്ടർവാട്ടർ ഡ്രോൺ നിർമിച്ച, കൊച്ചിയിലെ മേക്കർ വില്ലേജിലെ ഈ സ്റ്റാർട്ടപ് കമ്പനിയുടെ ഡ്രോൺ മുങ്ങിപ്പോയ കപ്പലുകൾ കണ്ടെത്താൻ കടലിന്റെ ആഴങ്ങളിലേക്ക് അയയ‌്ക്കാനും അണക്കെട്ടുകളുടെ അടിയിലെത്തി പരിശോധന നടത്താനും ശേഷിയുള്ളതാണ‌്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ഈ ഇന്ത്യൻ ഡ്രോൺ ആദ്യം വാങ്ങിയത്. പിന്നെ മുംബൈ പോർട്ട് ട്രസ‌്റ്റും. മുങ്ങിപ്പോയ കപ്പലുകള്‍ കണ്ടെത്തുകയായിരുന്നു അവരുടെ ആവശ്യം.  മുംബൈ തുറമുഖത്തുനിന്ന് കടലിൽ ഒരു കിലോമീറ്റർ ദൂരെ പണ്ട് മുങ്ങിപ്പോയ പല കപ്പലുകളുമുണ്ട‌്.

മറഞ്ഞുകിടക്കുന്ന ഇവ തുറമുഖത്തിന് ഭീഷണിയാണ‌്. രണ്ടുമാസം മുമ്പ്  ഐറോവിന്റെ ‘ട്യൂണ ‍ഡ്രോൺ’ ആ കപ്പലുകൾ കണ്ടെത്തി. അതുപോലെ അദാനി ​ഗ്രൂപ്പ്, ബിപിസിഎൽ എന്നിങ്ങനെ ഇന്ത്യയിലെ വൻ കോർപറേറ്റുകൾ പലതും ട്യൂണ ഡ്രോണിനെ  തേടിയെത്തിയതായി ഐറോവിന്റെ സഹ സ്ഥാപകനും സിഇഒയുമായ കോലഞ്ചേരി പട്ടിമറ്റം സ്വദേശി ജോൺസ് ടി മത്തായി പറയുന്നു.

ഹാർഡ് വെയർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മേക്കർ വില്ലേജിൽ ഇന്‍കുബേറ്റ് ചെയ്ത ആദ്യ കമ്പനികളിലൊന്നാണ് ഐറോവ്. എൻഐഒടിയിൽ ഷിപ‌് സയന്റിസ്റ്റായിരുന്ന കണ്ണപ്പയോടൊപ്പം ചേർന്നാണ് ജോൺസ്  രണ്ടുവര്‍ഷം മുമ്പ് ഐറോവ് സ്റ്റാർട്ടപ് ആരംഭിച്ചത്. ട്യൂണ ഡ്രോൺ മികച്ച ആശയമാണെന്ന് കണ്ടപ്പോൾ അത് വികസിപ്പിക്കുന്നതിനായി ശ്രമം. മേക്കർ വില്ലേജ് ​ഗ്രാന്റും, കേരള സർക്കാരിന്റെ സ്റ്റാർട്ടപ്മിഷൻ ഫണ്ടും, ബിപിസിഎല്‍ ​ഗ്രാന്റും ഐറോവിന് കിട്ടി. വെള്ളത്തിനടയിൽ 150 മീറ്റർ ആഴത്തിലേക്ക് പോകാൻ ശേഷിയുള്ള  ട്യൂണ ഡ്രോണ്‍ ഏതാണ്ട് പൂര്‍ണമായും കൊച്ചിയിലാണ് നിർമിക്കുന്നത്.

‘ലോകത്തുതന്നെ വളരെക്കുറച്ച് കമ്പനികൾ മാത്രമെ ഈ സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നുള്ളൂ. പൂർണമായും പ്രാദേശികമായി നിർമിക്കുകയും ​ആഗോള ബ്രാൻഡാകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ ഉപയോക്താവിന്റെയും ആവശ്യമനുസരിച്ചുള്ള ഡ്രോൺ ഉണ്ടാക്കിക്കൊടുക്കാനും ഞങ്ങൾക്ക് കഴിയും.’ മുംബൈയിലെ ​ഗ്രേ ഓറഞ്ച് റോബോട്ടിക്സിലെ ജോലി രാജിവച്ച് നാട്ടിൽവന്ന് സ്റ്റാർട്ടപ് തുടങ്ങിയ ജോൺസ് ആത്മവിശ്വാസത്തോടെ പറയുന്നു.  പൈപ്പ് ലൈനുകൾ, ടണലുകൾ പോലുള്ള ഇടുങ്ങിയ ഇടങ്ങളിലേക്ക് കടത്തിവിടുന്നതിനുള്ള ഐറോവ് നീമോ എന്ന കുഞ്ഞൻ ഡ്രോണും ഇവർ വികസിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top