20 April Saturday

വരുന്നുണ്ട് ലോക ധന 'സുനാമി'

മധു നീലകണ്ഠൻUpdated: Sunday Oct 23, 2022

ലോകത്തെ ധന കമ്പോളങ്ങളിൽ ഒരു ‘നിശ്ശബ്ദ‌ സുനാമി’ രൂപപ്പെട്ടു വരികയാണ്‌. ഏതു നിമിഷവും അത് ഉയർന്നുപൊങ്ങി ആഞ്ഞടിക്കും.  സമ്പദ്‌വ്യവസ്ഥകളുടെ സകല മേഖലയിലും സുനാമിയുടെ സൂചനകൾ കണ്ടുതുടങ്ങിയതായി സാമ്പത്തിക വിദഗ്‌ധർ മാസങ്ങൾക്ക് മുന്നേതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  പതിവുപോലെ, ലോക മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയും അവർ നിയന്ത്രിക്കുന്ന ധന സ്ഥാപനങ്ങളും തന്നെയാണ് ധന മേഖലകളെയാകെ പിടിച്ചുലയ്ക്കുന്ന വമ്പൻ പ്രതിസന്ധിക്ക് വഴിതുറക്കുന്നത്.

കീഴ്‌മേൽ മറിയുന്നു

ലോകത്തെ മിക്കവാറും സമ്പദ്‌വ്യവസ്ഥകളെ മാന്ദ്യം വിഴുങ്ങുന്നതിനിടെയാണ്  രാജ്യങ്ങളുടെ ധന മേഖലകൾ കീഴ്മേൽ മറിയുന്നത്. ഇതേസമയം  കോവിഡ് മഹാമാരിയുടെയും റഷ്യ–- -ഉക്രയ്ൻ യുദ്ധത്തിന്റെയും പ്രത്യാഘാതങ്ങളും സാമ്പത്തിക മേഖലകളിലെ പ്രതിസന്ധികൾ വീണ്ടും വഷളാക്കുന്നു. സാമ്പത്തികമാന്ദ്യം രൂക്ഷമാകുമെന്നും വളർച്ച നിരക്കുകൾ കുത്തനെ ഇടിയുമെന്നും ഐ എം എഫ് , ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നിവയും വിവിധ റേറ്റിങ് ഏജൻസികളും തുടർച്ചയായി പറയുന്നുണ്ട്‌.  ഏറ്റവും വഷളായ സാഹചര്യം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഐഎംഎഫ് അടുത്തിടെ വ്യക്തമാക്കിയത്.

രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളുടെ ഉൽപ്പാദനമേഖലകളെല്ലാം തകർന്ന്, തളർന്ന് തരിപ്പണമായിരിക്കുന്നുവെന്ന് ചുരുക്കം. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ സർവവ്യാപിയായിരിക്കുന്നു. എവിടെയും ബഹുമുഖ പ്രതിസന്ധി. 2021 ൽ ആറു ശതമാനമായിരുന്ന ആഗോള സാമ്പത്തിക വളർച്ച ഇക്കൊല്ലം 3.2 ശതമാനമായും 2023 ൽ 2.3 ശതമാനമായും കുറയുമെന്നാണ്‌  ഐഎംഎഫ് വിലയിരുത്തൽ. ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ആസൂത്രിതമായി സൃഷ്ടിക്കുന്നതാണ്  ധന- പണക്കമ്പോളങ്ങളിലെ  പ്രതിസന്ധി. ധനമൂലധനത്തിന്റെ ഊഹക്കച്ചവടം വഴിയും ഡോളറിന്റെ ആഗോള മേൽക്കോയ്മ വഴിയും സൃഷ്ടിക്കുന്ന കൂട്ടക്കുഴപ്പങ്ങൾ.  ധനമൂലധനത്തിന്റെ ചൂതാട്ടങ്ങളാണ്, ധന വിപണികളിൽ ഊതി വീർപ്പിച്ച ബലൂൺപോലെ കുമിളകൾ ( bubbles ) ഉണ്ടാകുന്നതും പൊട്ടുന്നതും.

ഇന്ത്യൻ രൂപ റെക്കോഡ്‌ തകർച്ചയിൽ

ഇപ്പോൾ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ കൂടുതൽ ലാഭം തേടി വിദേശ നിക്ഷേപകർ  അവിടേക്ക് പായുന്നു.  പിൻവലിക്കപ്പെടുന്നത് ഡോളർ നിക്ഷേപങ്ങൾ. അപ്പോൾ ഡോളറിന്റെ ഡിമാൻഡ് കൂടും.   ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞ് കഴിഞ്ഞ ദിവസം ഡോളർ വില 83 രൂപവരെയായി. റെക്കോഡ്‌ തകർച്ചയാണിത്‌.   രാജ്യത്തെ രൂക്ഷമായ വിലക്കയറ്റവും കേന്ദ്ര സാമ്പത്തിക നയങ്ങളും രൂപയുടെ തകർച്ചയ്‌ക്ക്‌ ആക്കം  കൂട്ടുന്നു. ഇക്കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 9400 കോടി ഡോളർ കുറഞ്ഞു.  ഡോളർ വില കൂടുതലായതിനാൽ  ഇറക്കുമതിച്ചെലവും വർധിക്കും. ഇതോടെ വ്യാപാരക്കമ്മിയും  വിദേശ രാജ്യങ്ങളുമായുള്ള സാധന - സേവന ഇടപാടിലെ തന്നാണ്ട് കണക്കിലെ  കമ്മിയും (കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ) പെരുകും.  

പിടിവിട്ട്‌ കാര്യങ്ങൾ

2008–- -09 ൽ അമേരിക്കയിൽ ആരംഭിച്ച് ലോകത്താകെ പടർന്ന സാമ്പത്തിക ധന പ്രതിസന്ധിയെ തുടർന്ന് ഫെഡറൽ റിസർവ് പലിശ നിരക്ക് പൂജ്യംവരെയായി കുറച്ചു. ഇഷ്ടം പോലെ ഡോളർ അടിച്ച്, തകർന്ന ധന ബാങ്കിങ്ങ് മേഖലയ്‌ക്ക് വാരിക്കോരി നൽകി. ആ ഡോളറൊക്കെ ലാഭം തേടി മറ്റു രാജ്യങ്ങളിലേക്കും ഒഴുകി.  

അമേരിക്കയിൽ വിലക്കയറ്റം രൂക്ഷമായതോടെ അത് തടയാനെന്ന പേരിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഡോളർ നിക്ഷേപങ്ങൾ തിരിച്ചൊഴുകുന്നു. ഈ ഡോളർ നിക്ഷേപങ്ങളുടെ തിരിച്ചുപോക്കും ഡോളറിന്റെ വിനിമയമൂല്യം ഉയരുന്നതും രാജ്യാന്തര കറൻസി എന്ന ഡോളറിന്റെ പദവിയും മറ്റു രാജ്യങ്ങളിൽ പ്രതിസന്ധിയായി മാറുന്നു. വാസ്തവത്തിൽ, 2008 ലെ സാമ്പത്തിക ത്തകർച്ചയിൽ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ കരകയറിയിട്ടില്ല.

ഇപ്പോൾ വീണ്ടും അത് രൂക്ഷമായിരിക്കുന്നു. അപ്പോൾ, പലിശ കൂട്ടുന്നത് മാന്ദ്യം കൂടുതൽ വഷളാക്കാനേ വഴിവയ്‌ക്കൂ. എന്നിട്ടും ഫെഡറൽ റിസർവ് പലിശ കൂട്ടിക്കൊണ്ടിരിക്കുന്നു. അതിന്റെ ചുവടു പിടിച്ച് ഇന്ത്യയുടെ റിസർവ് ബാങ്കടക്കം ലോകത്തെ കേന്ദ്ര ബാങ്കുകളൊക്കെ പലിശനിരക്കുകൾ കൂട്ടുകയാണ്. വിലക്കയറ്റത്തിന്റെ പേര്‌ പറഞ്ഞാണ്‌ ഇന്ത്യയിലും പലിശ വർധിപ്പിക്കുന്നത്‌. പലിശകൂട്ടുമ്പോൾ, വായ്പയായും മറ്റും സമ്പദ് വ്യവസ്ഥയിലേക്ക് എത്തുന്ന പണം കുറയും. കൂലിയും വരുമാനവും കുറയും.  ഡിമാൻഡ് താഴും. ഉൽപ്പാദന മേഖലകൾ തളരും. മാന്ദ്യം തുടരും . ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top