24 April Wednesday

മലയാളിയുടെ മാറുന്ന നിക്ഷേപരീതികൾ

ജി സഞ്ജീവ് കുമാർUpdated: Sunday May 27, 2018

 ബാങ്കിലെ സ്ഥിരനിക്ഷേപം, ചിട്ടി, ഭൂമി, സ്വർണം ഇതു മാത്രമായിരുന്നു മലയാളികളുടെ പതിവു നിക്ഷേപരീതികൾ.  ചിട്ടികളിൽ നിക്ഷേപം നടത്തുമ്പോൾ അത് നിക്ഷേപമെന്നതിനൊപ്പം വായ്‌പയായും പ്രയോജനപ്പെടുത്തിയിരുന്നു. ഓഹരികളിലും മ്യൂചൽഫണ്ടുകളിലും വിപുലമായ താൽപ്പര്യം കണ്ടിരുന്നുമില്ല.

എന്നാൽ ഇപ്പോൾ മലയാളികളുടെ ഈ നിക്ഷേപരീതികളിൽ വലിയ മാറ്റങ്ങൾ കണ്ടുവരുന്നു. ഇതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. പതിവായി മലയാളികൾ പിന്തുടർന്നു വന്നിരുന്ന ചില നിക്ഷേപമേഖലകളിൽ താൽപ്പര്യം കുറഞ്ഞു. അതേസമയം മറ്റു ചില മേഖലകളിൽ താൽപ്പര്യം വർധിക്കുകയും ചെയ്തു.

ആദ്യം സ്വർണത്തിന്റെ കാര്യം േനാക്കാം. സ്വർണവില വളരെയേറെ ഉയർന്നത് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടാം. സ്വർണാഭരണശാലകളുടെ പദ്ധതികൾ മുമ്പുണ്ടായിരുന്നു. പല കാരണങ്ങളാൽ ജനങ്ങൾക്ക്‌ അവയിൽ താൽപ്പര്യം നഷ്ടപ്പെട്ടു. ഇതിലേറെ പ്രധാനപ്പെട്ടത് ഇപ്പോഴത്തെ തലമുറയ്ക്ക് സ്വർണത്തിലുള്ള താൽപ്പര്യം നഷ്ടപ്പെട്ടതാണ്. വിവാഹവേളയിൽ അമ്പതോ നൂറോ പവന് സ്വർണം അണിയുന്നവർ എന്താണിപ്പോൾ ചെയ്യുന്നത്?  വിവാഹവേളയിൽ അണിയുന്ന ആഭരണങ്ങൾ അവർ പിന്നീട് ഒരിക്കലും ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ആ സ്വർണാഭരണങ്ങൾ വിറ്റു പണമാക്കിയശേഷം മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണ് യുവദമ്പതികൾ പലരും തീരുമാനിക്കുന്നത്. ഇങ്ങനെ മാറുന്ന ജീവിതശൈലി അനുസരിച്ച് സ്വർണത്തിലെ താൽപ്പര്യം കുറയുകയാണ്.

    റിയൽ എസ്റ്റേറ്റും ഇന്ന് പലർക്കും താൽപ്പര്യമില്ലാതായിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം ഇതിനു പിന്നിലുള്ള വലിയൊരു ഘടകമാണ്. വർഷങ്ങളായി വാങ്ങി കൈവശം സൂക്ഷിക്കുന്ന ഭൂമിക്ക് ആകർഷകമായ വരുമാനം നല്കാനാവുന്നില്ല എന്നതാണ് ഇതിനെ അനാകർഷകമാക്കുന്നത്. അതിനു പുറമെ റിയൽഎസ്റ്റേറ്റ് രംഗത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഊഹക്കച്ചവടക്കാരുടെ സാധ്യതകളും വലിയതോതിൽ ആകർഷണീയത കുറച്ചിട്ടുണ്ട്. കറൻസി പിൻവലിക്കൽ  ഈ മേഖലയിൽ ഉണ്ടാക്കിയ ആഘാതങ്ങളും വലുതായിരുന്നു. പല ബിൽഡർമാരും നിർമിച്ച ഫ്ളാറ്റുകൾ വില്ക്കാനാകാത്ത സ്ഥിതിയിലായിരുന്നു.

    പലിശനിരക്കുകൾ കുറഞ്ഞതാണ് ബാങ്ക് സ്ഥിരനിക്ഷേപത്തെ ബാധിക്കുന്നത്. പണപ്പെരുപ്പനിരക്കു വലിയതോതിൽ കൂടുകയും വിലവർധന  ജീവിതത്തെ വലിയതോതിൽ ബാധിക്കുകയും ചെയ്യുമ്പോഴും പലിശനിരക്കു കുറയുന്നത് ഈ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നവരെ നിരാശരാക്കിയിരിക്കുകയാണ്. മുമ്പ് 10 ശതമാനത്തിനടുത്ത് പലിശയാണ് സ്ഥിരനിക്ഷേപങ്ങൾക്കു ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 6.5 ശതമാനത്തിനടുത്തു മാത്രമാണല്ലോ ലഭിക്കുന്നത്.

    ഇതിനിടെ ബാങ്കുകളിൽ കൂടുതൽ പണം വന്നത് മ്യൂചൽഫണ്ടുകളിലേക്കുള്ള നിക്ഷേപം വലിയതോതിൽ വർധിക്കാൻ ഇടയായി. ആഗോള സാമ്പത്തികനിലവാരം അത്ര ആശാവഹമല്ലെങ്കിലും ഇന്ത്യൻ സമ്പദ്ഘടനയിൽ വലിയ വളർച്ചയില്ലെങ്കിലും മ്യൂചൽഫണ്ട് മേഖലവഴി ഓഹരി വിപണിയിലേക്ക് വൻ തോതിൽ പണം എത്തുന്ന സ്ഥിതിയാണുണ്ടായത്. മ്യൂചൽ ഫണ്ട് പ്രചാരണരംഗത്തുണ്ടായ വളർച്ചയും ചെറു തുകകൾ ഘട്ടം ഘട്ടംആയി നിക്ഷേപിക്കുന്ന എസ്ഐപി കൂടുതൽജനപ്രിയമായതും മ്യൂചൽ ഫണ്ട് നിക്ഷേപം മലയാളികൾക്കിടയിലും ഇത്രയേറെ വിപുലമാകാൻ സഹായകമായി.

      ഇതോടൊപ്പം തന്നെ മലയാളികൾക്കിടയിൽ പ്രചാരം നേടി വരുന്ന മറ്റൊരു നിക്ഷേപ മേഖലയാണ് എൻസിഡി എന്നറിയപ്പെടുന്ന ഓഹരികളാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങൾ. ബാങ്ക് ഇതരസ്ഥാപനങ്ങളും സ്വർണപ്പണയ സ്ഥാപനങ്ങളുമെല്ലാം ഇത്തരത്തിലുള്ള എന്സിഡികളുമായി മുന്നോട്ടുവരുന്നുണ്ട്. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ രണ്ടോ മൂന്നോ ശതമാനം പലിശ കൂടുതൽ വാഗ്ദാനം നല്കുന്നതാണ് ഇവയെ ആകർഷകമാക്കുന്നത്.

    ഇങ്ങനെ മ്യൂച്വൽ ഫണ്ടുകൾക്കും  എൻസിഡികൾക്കും മലയാളികൾക്കിടയിൽ മികച്ചജനപ്രീതിയാണ് ലഭിക്കുന്നത്.എന്നാൽ ആൾക്കൂട്ടത്തിനൊപ്പം എല്ലാവരും ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ ഇത് എത്രത്തോളം ആശാസ്യമാണെന്നതും വിലയിരുത്തേണ്ടതുണ്ട്. ഇവിടെയും സ്വർണത്തിന്റെ കാര്യംതന്നെ നമുക്ക് ആദ്യം വിലയിരുത്താം. സ്വർണത്തിന്റെ നിക്ഷേപസാധ്യതകൾ കുറഞ്ഞു എന്നു പറയുമ്പോഴും ഓഹരിവിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ  നഷ്ടസാധ്യതകൾ കുറയ്ക്കാൻ സ്വർണനിക്ഷേപം ആവശ്യമായിവരും. ഓഹരിവിപണി വലിയ തോതിൽ കയറുമ്പോൾ സ്വർണവില ഇടിയുന്നതായും ഓഹരിവിപണി വലിയതോതിൽ താഴേക്കു പോകുമ്പോൾ സ്വർണവില കയറുന്നതും പതിവാണല്ലോ. ഓഹരിനിക്ഷേപത്തിന് ആനുപാതികമായി സ്വർണത്തിലും നിക്ഷേപിച്ചാൽ അതിന്റെ നഷ്ടസാധ്യതകൾകുറയ്ക്കാൻ സഹായിക്കും. ആഭരണങ്ങളായി വാങ്ങിവച്ചില്ലെങ്കിലും സ്വർണത്തിൽ അധിഷ്ഠിതമായ നിക്ഷേപ പദ്ധതികൾ ഇവിടെ പ്രയോജനപ്പെടുത്താം. 1000 രൂപമുതൽ ഇതിൽ നിക്ഷേപിക്കാം. എസ്ഐപി മാതൃകയാണെങ്കിൽ 500 രൂപമുതലുള്ള നിക്ഷേപവും ഇതിനായി ലഭ്യമാണ്.

    റിയല് എസ്റ്റേറ്റ് രംഗത്തും ഇതേ രീതിയിൽ തന്നെ സാധ്യതയുണ്ട്. താങ്ങാനാവുന്ന ഭവനങ്ങളുടെ മേഖലയിൽ കൂടുതൽ ആവശ്യമാകും വരുംവർഷങ്ങളിൽ ഉണ്ടാകുക. അതു പോലെതന്നെ ഇപ്പോൾ ഫ്ളാറ്റുകളും മറ്റും വില്ക്കാനാകാതെ കെട്ടിക്കിടക്കുന്നു എങ്കിലും ഇതേ രീതിയിൽ ആവശ്യക്കാർ തുടർന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെയും സാഹചര്യങ്ങൾ മാറും. ഒരു വീടോ ഫ്ളാറ്റോ വാങ്ങാൻ യഥാർഥത്തിൽ ഉദ്ദേശിക്കുന്നവർക്ക്‌ ഇതുതന്നെയാണ് ഏറ്റവും മികച്ച സമയം.

നിക്ഷേപമാർഗമായി റിയൽ എസ്റ്റേറ്റിനെ കാണുന്നവർക്കും ഇതു നല്ല സമയമാണ്. വില ഇങ്ങനെ ഇടിഞ്ഞുനില്ക്കുന്നതിനാൽ അഞ്ചോ പത്തോ വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്കും മികച്ച സമയമാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ വരുന്നതും നിക്ഷേപകർക്കു പ്രയോജനപ്പെടുത്താം. രണ്ടു ലക്ഷം രൂപമുതലുള്ള നിക്ഷേപങ്ങളാവും ഇതിൽ നടത്താനാവുക. ഇങ്ങനെയുള്ള നിക്ഷേപങ്ങൾ ഉപയോഗിച്ച് ട്രസ്റ്റുകൾ മാളുകളും കെട്ടിടസമുച്ചയങ്ങളും വാങ്ങുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ 90 ശതമാനവും ഓരോ വർഷവും യൂണിറ്റ് ഉടമകൾക്കു വിതരണം ചെയ്യും 

    സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തിലും കൂട്ടത്തോടൊപ്പം നീങ്ങാതെ വ്യക്തിഗത തീരുമാനങ്ങൾ കൈക്കൊള്ളുകയാണു വേണ്ടത്. ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങൾ ബാങ്ക് സ്ഥിരനിക്ഷേപങ്ങളാകുന്നതാണ് മികച്ചത്. നമുക്ക് ആവശ്യമുള്ള സമയത്ത് നഷ്ടമില്ലാതെ അതു ലഭിക്കാൻ സ്ഥിരനിക്ഷേപംതന്നെയാണ് മികച്ചത്.

    മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മ്യൂച്വൽ ഫണ്ട് എന്നാൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ മാത്രമല്ല എന്നത് ആദ്യം മനസ്സിലാക്കണം. കടപ്പത്രങ്ങളിലും സ്വർണത്തിലും സർക്കാർ ട്രഷറി ബില്ലുകളിലും എല്ലാം വിവിധ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തുന്നുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ വിവിധ വിഭാഗങ്ങളിലായി വൈവിധ്യവൽകരിക്കണം. ഇതുവഴി മികച്ച നേട്ടവും സുരക്ഷിതത്വവും ലഭിക്കും. അല്ലാതെ പൊതുവേയുള്ള ഒരു പ്രവണതയുടെ പേരിൽ മാത്രം മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തരുത്. അടുത്തവർഷം ആവശ്യമുള്ള അഞ്ചു ലക്ഷം രൂപ ഒരു വ്യക്തി പൊതുപ്രവണത മാത്രം പരിഗണിച്ച്  ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ എന്താകും ഉണ്ടാകുക എന്നു പറയാനാവില്ല.  മൂന്നുമാസത്തിനുശേഷം ഓഹരിവിപണി 20 ശതമാനം താഴേക്കു പോയാൽ ആ വ്യക്തിയുടെ ആവശ്യം നേരിടാൻപിന്നീട് കടംവാങ്ങേണ്ടിവരും.

    ചിട്ടിയുടെ സാധ്യതകളും പലർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. സിബിൽ സ്കോർ ഇല്ലാത്തവർക്കും  ബിസിനസുകാർക്കുമെല്ലാം വളരെ മികച്ച രീതിയിൽ ഇത് ഉപയോഗിക്കാം. സീസൺ അനുസരിച്ച് വ്യാപാരം നടത്തുന്നവർക്കും മറ്റും ഇത്  ഗുണകരമാകും. ഇവയെല്ലാം കണക്കിലെടുത്ത് വ്യക്തിഗത സാഹചര്യങ്ങളും ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമാകണം നിക്ഷേപം എവിടെയെല്ലാം വേണമെന്നു തീരുമാനിക്കാൻ

(സർട്ടിഫൈഡ്‌ ഫിനാൻഷ്യൽ പ്ലാനറായ ലേഖകൻ പ്രോഗ്നോ അഡ്വൈസർ ഡോട്ട് കോം സ്ഥാപകനാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top