26 April Friday

ഇഷ്ടം പോലെയാകാം ഇ-സ്വർണ നിക്ഷേപം

ഹരീഷ് എം വിUpdated: Monday Nov 18, 2019

പണ്ടുകാലം മുതലേ സ്വർണത്തിന്റെ മാസ്മരിക പ്രഭയിൽ ആകൃഷ്ടരാണ് മലയാളികൾ. ആ ഇഷ്ടം ഈ ന്യൂജെൻ കാലത്തും ഒട്ടും കുറഞ്ഞിട്ടില്ല.  ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള പ്രദേശങ്ങളിൽ ഒന്നാണ്  കേരളം. സ്വർണത്തിൽ നമ്മൾ പക്ഷേ മുഖ്യമായും ആഭരണങ്ങളിലാണ് മുതൽമുടക്കുന്നത്.

ഇന്ത്യ പൂർണമായും ഇറക്കുമതി ചെയ്യുന്ന സ്വർണം ആഭരണ നിർമാണാവശ്യങ്ങൾക്കു പുറമേ മറ്റ്‌ വ്യാവസായിക ആവശ്യങ്ങൾക്ക് വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതിനാൽ ഇതിന്റെ വില നിർണയിക്കുന്ന പ്രധാന ഘടകം പരിമിതമായ ലഭ്യതയും നമ്മുടെ ആഭരണ പ്രിയവുമാണ്. എന്നാല്‍ അതിന് അപ്പുറം സ്വർണത്തിന് സാമ്പത്തിക ഭദ്രതയിലും വലിയ പ്രധാന്യമുണ്ട്. ഒരു സമ്പാദ്യം എന്ന നിലയ്ക്ക് നമ്മൾ ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്നത് സ്വർണത്തെ തന്നെയാണ്. 

ലോകരാജ്യങ്ങൾ, കരുതൽധന ശേഖരത്തിൽ പ്രമുഖ സ്ഥാനമുള്ള സ്വർണം ഒരു കിലോയുടെ തങ്കക്കട്ടികളായാണ് സൂക്ഷിക്കുന്നത്. തൊട്ടുനോക്കാൻ കഴിയുന്ന, ഒരു അമൂല്യ വസ്തു കൈവശം വയ്ക്കുന്നതിലൂടെ ലഭിക്കുന്ന ഒരു ആത്മസംതൃപ്തി കൂടിയാണ് പൊതുവിൽ  ആളുകൾക്ക് സ്വർണത്തിലൂടെ ലഭിക്കുന്നത്. എന്നാൽ  സ്വർണം ഒരു നിക്ഷേപ സാധ്യതയാണ് എന്നതിനാൽ  ഈഡിജിറ്റൽ യുഗത്തിൽ, വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച് സ്വീകരിക്കാവുന്ന ഇലക്ട്രോണിക് അധിഷ്ഠിത സ്വർണ നിക്ഷേപ മാർ​ഗങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെയും നിയന്ത്രണത്തിലുള്ള ഇ–- സ്വര്‍ണ നിക്ഷേപ സാധ്യതകള്‍ ഏതെല്ലാമെന്ന് നോക്കാം.

ഗോൾഡ് ഇടിഎഫ്

സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ​ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡ്‌ഡ് ഫണ്ട്സ്). മ്യൂച്ചൽ ഫണ്ടുകളാണ് ഇതിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത്. അതിനാൽ ഇവ സെബിയുടെ വ്യവസ്ഥപ്രകാരമുള്ള നിയന്ത്രണത്തിൽ അധിഷ്ഠിതവുമാണ്.

ഓഹരി വിപണിയിൽ  കമ്പനികൾ ലിസ്റ്റ് ചെയുന്നപോലെ ഇത്തരം ഇടിഎഫുകളും  ഐപിഒയ്ക്കു (ഇനീഷ്യൽ പബ്ലിക് ഓഫർ)   ശേഷം വിപണിയിൽ ക്രയവിക്രയത്തിനായി ലഭിക്കുന്നതാണ്. ഐപിഒയിൽ ലഭിക്കുന്ന പണം, ഒരു കിലോ ഗോൾഡ്‌ ബാറിന്റെ ഗുണിതങ്ങളായി മ്യൂച്ചൽ ഫണ്ടുകമ്പനി യഥാർഥ 24 ക്യാരറ്റ് സ്വർണം വാങ്ങുകയും അവ, മുൻ നിശ്ചയിച്ച ബാങ്കിന്റെ നിലവറയിൽ സൂക്ഷിക്കുകയും ചെയ്യും. പൊതുവേ മുംബൈയിലുള്ള അതിസുരക്ഷിത ബാങ്കുകളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.

ആവശ്യം വരുമ്പോൾ പണമാക്കാം

സാധാരണയായി ഒരു ​ഗ്രാം സ്വർണത്തിന് സമാനമായ യൂണിറ്റുകൾ പ്രകാരമായിരിക്കും ഇത്തരം സ്വർണം വിപണിയിൽ ലഭ്യമാകുക. ​
ആഗോള സ്വർണവിലയെ ആസ്പദമാക്കിയാണ് ഗോൾഡ് ഇടിഎഫുകളുടെ വില നിർണയം നടക്കുന്നത്. അതിനാൽ വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് ഇടിഎഫിന്റെ വിലയിലും മാറ്റം വരും. ദീർഘകാല ലക്ഷ്യങ്ങളോടെ ഇടിഎഫിൽ നിക്ഷേപിച്ചാൽ നേട്ടമുണ്ടാക്കാവുന്നതാണ്. ഉദാഹരണത്തിന്, മകളുടെ വിവാഹം കണക്കാക്കി ഇടിഎഫിൽ നിക്ഷേപിച്ചാൽ അതിന് സമയമാകുമ്പോൾ ഇടിഎഫ് പിൻവലിച്ച് പണമാക്കി സ്വർണം വാങ്ങാവുന്നതാണ്.

വേണം ഡീമാറ്റ് അക്കൗണ്ട്

ഗോൾഡ്‌ ഇടിഎഫ് കൈവശം വയ്ക്കുന്നതിന് ഡീമാറ്റ് അക്കൗണ്ടും ഇതിന്റെ കൈമാറ്റത്തിനായി ഒരു ട്രേഡിങ് അക്കൗണ്ടും ആവശ്യമാണ്.

ഗോൾഡ് ഫണ്ടുകൾ

ഡീമാറ്റോ ട്രേഡിങ് അക്കൗണ്ടോ കൂടാതെ സ്വർണ നിക്ഷേപം സാധ്യമാക്കുന്ന നിക്ഷേപമാർഗമാണ് ​ഗോൾഡ് മ്യൂച്ചൽ ഫണ്ടുകൾ.  ഇവ നിക്ഷേപകരിൽനിന്ന്‌ സ്വീകരിക്കുന്ന പണം സ്വരുക്കൂട്ടി അവരുടേതോ മറ്റ് ഫണ്ടുകളുടേതോ ​ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

100 രൂപയ്ക്കും നിക്ഷേപം

വളരെ ചെറിയ തുകപോലും ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സാധിക്കും എന്നതിനാൽ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തുന്നവർക്ക് സ്വർണ നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാർഗം ഇതാണ്. 100 രൂപ മുതൽ ഇതിൽ നിക്ഷേപം നടത്താം.  മ്യൂച്ചൽ ഫണ്ടുകളുടെ വെബ്സൈറ്റുകൾ, മ്യൂച്ചൽഫണ്ട് എഎംസി ഓഫീസുകൾ, ഫണ്ട് രജിസ്ട്രാർമാർ എന്നിവയിലൂടെ ​ഗോൾഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം.

(ഹെഡ്ജ് വെൽത്ത് മാനേജ്മെന്റ്‌ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ്‌ ഓഫീസറാണ് ലേഖകൻ)

 

സോവറിൻ ​ഗോൾഡ് ബോണ്ടുകൾ

സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ആകർഷകമായ മറ്റൊരു പദ്ധതിയാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി). സ്വർണ ധനസമ്പാദന പദ്ധതിപ്രകാരം 2015 നവംബറിലാണ് സർക്കാർ   സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.  പദ്ധതിപ്രകാരം, സർക്കാരുമായി കൂടിയാലോചിച്ച് റിസർവ് ബാങ്ക് വിവിധ സമയങ്ങളിൽ ഇതിന്റെ പതിപ്പുകൾ വിതരണം ചെയ്‌തുവരുന്നു.

എസ്ജിബികളാണ് ആണ്‌ ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനുള്ള ഇന്ന് ലഭ്യമായ ഏറ്റവും സുരക്ഷിതമായ മാർഗം. ഇവ വിറ്റ് പണമാക്കുമ്പോൾ അതാത് കാലത്തുള്ള സ്വർണത്തിന്റെ വില ലഭ്യമാകും. അതോടൊപ്പം  പ്രതിവർഷം 2.5 ശതമാനം പലിശയും ലഭിക്കും. ഒരു ഗ്രാം  സ്വർണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരു ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്.

എങ്ങനെ നിക്ഷേപിക്കും

ഒരു ​ഗ്രാമിന്റെ ​ഗുണിതങ്ങളായി ബോണ്ട് വാങ്ങാവുന്നതാണ്. ഇന്ത്യൻ പൗരന്മാരായ വ്യക്തികൾ, ട്രസ്റ്റുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നിക്ഷേപം നടത്താം. പ്രായപൂർത്തിയാകാത്തവർക്ക് രക്ഷിതാക്കൾ വഴിയും നിക്ഷേപം നടത്താവുന്നതാണ്. ഒരു സാമ്പത്തിക വർഷം  പരമാവധി വ്യക്തികൾക്ക് നാല് കിലോ​യും ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോയും വാങ്ങാം. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിവിധ വാണിജ്യ ബാങ്കുകളുടെയും വെബ്സൈറ്റ് വഴി ഓൺലൈനായി സോവറിൻ ​ഗോൾഡ് ബോണ്ടിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ വിവിധ ബാങ്കുകളുടെ ശാഖകൾ, തെരഞ്ഞെടുത്ത പോസ്റ്റോഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ശാഖകൾ എന്നിവയിലൂടെയും നിക്ഷേപം നടത്താം. 

24 കാരറ്റിന്റെ വില

ഇന്ത്യാ ബുള്ളിയൻ ആൻഡ്‌ ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച 24 കാരറ്റ് സ്വർണത്തിന്റെ  ഒടുവിലത്തെ ശരാശരി വിലയുടെ അടിസ്ഥാനത്തിൽ ബോണ്ടിന്റെ വില ഇന്ത്യൻ രൂപയിൽ നിശ്ചയിക്കും. ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില ഓൺ‌ലൈൻ സബ്‌സ്‌ക്രൈബ്‌ ചെയ്യുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കുറവ് ലഭിക്കും.  അലോട്ട്മെന്റ് സർട്ടിഫിക്കറ്റിലോ ഡീമാറ്റ് മോഡിലോ ആയിരിക്കും.

ആദായ നികുതിയില്ല

ബോണ്ടുകൾ വായ്പകൾക്ക് ഈടായി ഉപയോഗിക്കാം. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധിയെങ്കിലും അഞ്ച്‌ വർഷം പൂർത്തിയായാൽ പണം തിരികെ എടുക്കാവുന്നതാണ്. ബോണ്ടിന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിന് ആദായ നികുതിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top