25 April Thursday

വികസനത്തിന് ബാങ്കിങ്മേഖല ശക്തമാകണം

പി ജി സുജUpdated: Sunday Oct 2, 2016

സംസ്ഥാനത്തിന്റെ വികസനത്തിന് ബാങ്കിങ്മേഖല കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ഇന്ന് സംസ്ഥാനത്ത് 5000 പേര്‍ക്ക് ഒരു ശാഖ എന്നതാണ് കണക്ക് ദേശീയതലത്തിലാകട്ടെ ഇത് 13,000 പേര്‍ക്ക് ഒന്നെന്നാണ്. ഇപ്പോഴത്തെ മട്ടിലുള്ള മുന്നേറ്റത്തിന് ശാഖകളുടെ എണ്ണം ഇതു മതിയാവുമെങ്കിലും സംസ്ഥാനത്തിന്റെ ഭാവിവളര്‍ച്ചാസാധ്യത കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ബാങ്കിങ് ശാഖകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു– കേരളാ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ കെ വി ഷാജി ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസക്തഭാഗങ്ങള്‍:

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാങ്കിങ്മേഖലയുടെ മുന്നേറ്റം എങ്ങനെയാവണം?
സംരംഭകരംഗത്തും വികസനരംഗത്തുമൊക്കെ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ് നമ്മള്‍. വൈദഗ്ധ്യം സൃഷ്ടിച്ച മനുഷ്യവിഭവശേഷിയില്‍ മുന്നേറ്റമുണ്ടാകും. അവരുടെ സംരംഭകത്വ ചുവടുവയ്പുകള്‍ക്കും ഉല്‍പ്പാദനമേഖലയിലെ മുന്നേറ്റത്തിനുമൊക്കെ കൂടുതല്‍ ബാങ്കിങ്പിന്തുണ ആവശ്യമായിവരും. അതിന് ബാങ്കിങ്മേഖലയിലെ ഡിജിറ്റല്‍സംവിധാനങ്ങളും ശാഖയില്‍ വന്നുള്ള സേവനങ്ങളും ഒരുമിച്ചു കൈകോര്‍ത്തുപോകുകതന്നെ വേണം. എങ്കിലേ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ പ്രാപ്യമായിയെന്നു പറയാനാകു.

കാര്‍ഷികമേഖലയിലെ ചുവടുവയ്പുകള്‍ എങ്ങനെയാവണം?
കാര്‍ഷികമേഖലയിലെ വായ്പകള്‍ ഇത്തരത്തില്‍ എടുത്തുകാട്ടാനാകുന്നതാണ്്. പ്രത്യേകിച്ച് സ്വര്‍ണവായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും. കൃത്യമായി ഗഡുക്കള്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശനിരക്കില്‍ ഇളവു ലഭിക്കും. 10 സെന്റ് ഭൂമിയുള്ളവര്‍ക്കും കാര്‍ഷികാവശ്യത്തിനായി ഇത്തരത്തില്‍ വായ്പയെടുക്കാം.  മട്ടുപ്പാവിലെ കൃഷിക്കും ചെറിയതോതില്‍ ജൈവകൃഷി നടത്തുന്നവര്‍ക്കുമൊക്കെ ഇത് ലഭ്യമാണ്്. സ്വന്തം ഉപയോഗത്തിനായി കൃഷി ചെയ്യുന്നവര്‍ക്കും ഇത്തരത്തില്‍ വായ്പ ലഭ്യമാകും. വിപണനസാധ്യതകൂടി കണ്ടാണെങ്കില്‍ തിരിച്ചടവ് എളുപ്പമാകും. ഒരുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് നാലുശതമാനമാണ് പലിശനിരക്ക്. ദീര്‍ഘകാല വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പലിശനിരക്കില്‍ ഇളവും ലഭ്യമാണ്.

കര്‍ഷകര്‍ക്കുള്ള മറ്റൊരു സംവിധാനമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. സമഗ്ര വായ്പാപദ്ധതിയായ ഇതിന്റെ പരിധി ഒരുലക്ഷം രൂപവരെയാണ്.  കൃഷി, ഇതര ആവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം  ഇത് ഉപയോഗപ്പെടുത്താം. ഡെബിറ്റ് കാര്‍ഡ്പോലുള്ള  കാര്‍ഡാണ് ലഭ്യമാകുക. ഇതുപയോഗിച്ച് ആവശ്യത്തിനുള്ള പണം പിന്‍വലിക്കുകയും തിരിച്ചടയ്ക്കുകയുമാണ് രീതി. എടിഎംവഴി പിന്‍വലിക്കാനാകും.

ചെലവുകുറഞ്ഞ ഭവനവായ്പയോടുള്ള സമീപനമോ?
എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഭവനപദ്ധതികള്‍ക്കും ഇത്തരത്തില്‍ വായ്പ ഒരുക്കുന്നുണ്ട്. ആറുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 2.5 ലക്ഷം രൂപവരെ സബ്സിഡിയായി കിട്ടാനുള്ള അവസരവും ഇതിലുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി ഭവനം നിര്‍മിക്കുന്ന സര്‍ക്കാര്‍പദ്ധതിയുമുണ്ട്. ഇത്തരം പദ്ധതികളുമായി സഹകരിക്കുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക്  കുറഞ്ഞ പലിശനിരക്കിലുള്ള ഭവനവായ്പാപദ്ധതി അവതരിപ്പിക്കുന്നുണ്ട്.

ഡിജിറ്റല്‍ സേവനങ്ങള്‍ എത്തുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക?
ബാങ്കിങ്മേഖല പൊതുവേ ഡിജിറ്റല്‍സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമ്പോള്‍ അത്തരം സേവനങ്ങള്‍ക്കൊപ്പംതന്നെ ഇടപാടുകാരുമായി കൂടുതല്‍ ഇടപഴകുന്ന സേവനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് ബാങ്ക് ശ്രമിക്കുന്നത്. മൊത്തത്തില്‍ 600 ശാഖകളുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖകളേറെയും ഗ്രാമങ്ങളിലാണ്. ശാഖകള്‍ ആരംഭിച്ചോ, കിയോസ്കുകളോ എടിഎമ്മുകളോ ആരംഭിച്ചോ ബിസിനസ് പ്രതിനിധികളെ നിയമിച്ചോ കൂടുതല്‍ പേരുമായി നേരിട്ട് ഇടപെടുന്നതിന്  ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നു. ബാങ്കിന്റെ 600–ാമത് ശാഖ ഇതുവരെയായിട്ടും ബാങ്കിങ്സേവനമില്ലാത്ത വയനാട്ടിലെ വെള്ളരിമലയിലാണ്. അന്നുതന്നെ അവിടെ എടിഎമ്മും തുടങ്ങി. ഇപ്പോള്‍ അവിടെ പ്രതിദിനം 100 എടിഎം ഇടപാടുകളെങ്കിലും നടക്കുന്നു.  സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പെന്‍ഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിനു സ്വന്തമായൊരു ബാങ്ക് എന്ന ആശയത്തിന്റെ പ്രസക്തി?

കേരള സര്‍ക്കാരിന് 15 ശതമാനം ഓഹരിപങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ വിശേഷണംതന്നെ കേരളത്തിന്റെ സ്വന്തം ബാങ്കെന്നാണ്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കേരളാ ബാങ്ക് എന്ന ആശയം സഹകരണബാങ്കുകളുടെ സംയോജനത്തോടെ യാഥാര്‍ഥ്യമാകുമ്പോള്‍ ഈ രണ്ടു ബാങ്കും തമ്മില്‍ ആരോഗ്യകരമായ മത്സരം ഉടലെടുക്കുന്നത് മലയാളികള്‍ക്ക് കൂടുതല്‍ നല്ല ബാങ്കിങ്സേവനങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കും. സ്റ്റേറ്റ് ബാങ്കിന്റെ ലയനത്തോടെ ഉണ്ടാകുന്ന വിടവു നികത്തുന്നതിന് ഇത് വലിയൊരളവ് സഹായിക്കുകയും ചെയ്യും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top