04 October Wednesday

ഇതാ—കറന്‍സിരഹിത ബാങ്കുകള്‍

അപര്‍ണ മധുUpdated: Sunday Dec 25, 2016

മധുരയിലെ ഒരു എസ്ബിഐ ശാഖയില്‍ പണമെടുക്കാന്‍ വയസ്സായ സ്ത്രീകളടക്കം വരിനില്‍ക്കുന്നതുകണ്ട് ബാങ്കിന്റെ വനിതാ മാനേജര്‍തന്നെ ഓടിയെത്തി അവര്‍ക്കെല്ലാം—കസേര ഇട്ടുകൊടുത്തു. പിന്നെ എല്ലാവര്‍ക്കും വെള്ളം, ജ്യൂസ്, കാപ്പി... അങ്ങനെ പലതും. തുടര്‍ന്ന് മാനേജരടക്കം ബാങ്ക് ജീവനക്കാര്‍ ചിരിച്ച് നല്ല പെരുമാറ്റത്തോടെ എല്ലാവരുടെയും അടുത്തെത്തി— സൌമ്യമായി പറഞ്ഞു:ബാങ്കിലിപ്പോള്‍ പണമില്ല, ഉടന്‍ തരാം. സ്വന്തം അക്കൌണ്ടിലെ പണമെടുക്കാന്‍ ബാങ്കിലെത്തിയവരോട് പണമില്ലെന്നു പറയേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന രോഷം തണുപ്പിക്കാനാണ് അവര്‍ ഇടപാടുകാരെ ഇങ്ങനെ സ്വീകരിച്ചത്.

പക്ഷേ ഇതെത്രനാള്‍ തുടരാനാകുമെന്ന് ബാങ്ക് മാനേജര്‍ സ്വയം ചോദിക്കുന്നു. മധുരയില്‍ കണ്ടത് ഇതെങ്കില്‍ ഡല്‍ഹിയില്‍നിന്ന് കഷ്ടി 100 കിലോമീറ്റര്‍ അകലെ മീററ്റിലെ ശാസ്ത്രിനഗര്‍ ഏരിയയിലെ സിന്‍ഡിക്കറ്റ് ബാങ്ക്ശാഖയില്‍ പണമില്ലെന്നറിഞ്ഞതോടെ ജനങ്ങള്‍— ബാങ്ക് ജീവനക്കാരെ പൂട്ടിയിട്ടു, വഴി തടഞ്ഞു, ബാങ്കിനുനേരെ കല്ലെറിഞ്ഞു. സമീപം ഗ്രേറ്റര്‍ നോയ്ഡയിലെ ഓറിയന്റല്‍ ബാങ്കിനുമുന്നിലും സമാന സാഹചര്യം. രണ്ടിടത്തും— കലാപം തടയാന്‍ പൊലീസ് പാടുപെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ അപൂര്‍വമായൊരു സാഹചര്യം. ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ല. അതെ, നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ പ്രതിസന്ധിയിലായിക്കഴിഞ്ഞു. ചില ബാങ്കുകള്‍ അക്ഷരാര്‍ഥത്തില്‍ ക്യാഷ്ലെസ്. മോഡി പ്രഖ്യാപിച്ച പരീക്ഷണകാലം’തീരാന്‍ ഇനി ഏതാനും  ദിവസം മാത്രം ശേഷിക്കെ പണത്തിനുവേണ്ടി ബാങ്കുകളും നെട്ടോട്ടത്തില്‍.—എപ്പോള്‍ പണമെത്തിക്കാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്കിന് ഒരു നിശ്ചയവുമില്ല. മോഡി കറന്‍സിരഹിതമെന്നു പറയുന്നതിന്റെ അര്‍ഥം ജനങ്ങള്‍ അനുഭവിച്ചറിയുന്നു.

കഞ്ഞികുടിക്കാന്‍ വഴിയില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികള്‍ പരക്കംപായുന്ന രാജ്യത്ത് അതിവേഗം കെട്ടിപ്പൊക്കാന്‍ ഒരുമ്പെടുന്ന ഡിജിറ്റല്‍ ലോകത്തിന്റെ മറുപുറമാണിത്. പണമില്ലാത്ത ബാങ്കുകള്‍. വാലെറ്റ് പേമെന്റിന്റെയും മൊബൈല്‍ പേമെന്റിന്റെയും പരസ്യപ്രളയത്തില്‍ പല മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ല. രാജ്യത്തിന്റെ ഗ്രാമീണമേഖലകളിലെ ബാങ്കിങ്പ്രവര്‍ത്തനം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്.

അമേരിക്കയില്‍പ്പോലും ഇപ്പോഴും 60 ശതമാനത്തിലേറെ കറന്‍സി ഇടപാടുകള്‍ നടക്കുമ്പോഴാണ് ഇവിടെ കറന്‍സിരഹിത സമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം പുറപ്പെടാന്‍ ഒരുങ്ങുന്നതെന്നത് മറ്റൊരു കാര്യം. കറന്‍സിരഹിതമൊക്കെ  ബാങ്ക് അക്കൌണ്ടുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം. അക്കൌണ്ട്പോലുമില്ലാത്തവരോ? 120 കോടി ജനങ്ങളില്‍ 50 കോടിയോളം ആളുകള്‍ക്ക് ഒരുതരത്തിലുള്ള ബാങ്കിങ്സൌകര്യവും ഇല്ലാത്തവരാണെന്ന് സര്‍വേ പുറത്തുവന്നിട്ട് അധികനാളായില്ല. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 83 കോടിയോളം ജനങ്ങള്‍ 6,40,867 ഗ്രാമങ്ങളില്‍ വസിക്കുന്നു. ഇത്രയുമാളുകള്‍കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ആവശ്യമായ ബാങ്ക്ശാഖകള്‍തന്നെ ഇന്ത്യയിലില്ല.

ഇക്കൊല്ലം സെപ്തംബറിലെ കണക്കുപ്രകാരം ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളുടെ 47,445 ഗ്രാമീണശാഖകളും 37,168 അര്‍ധനഗര ശാഖകളുമാണുള്ളത്. ഗ്രാമങ്ങളിലെ കോടിക്കണക്കായ ജനങ്ങള്‍ക്ക് ആവശ്യത്തിന് മൊബൈല്‍ ബാങ്കിങ് സൌകര്യങ്ങളോ എടിഎമ്മുകളോ ഇല്ല. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 1,43,795. ഇതില്‍ ഗ്രാമീണമേഖലകളില്‍ 29,885. അര്‍ധനഗരങ്ങളില്‍ 40,756. നഗരങ്ങളിലെ എടിഎമ്മുകളുടെ എണ്ണം 42,610. മെട്രോ നഗരങ്ങളില്‍ 30,544. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്ക് ഗ്രാമങ്ങളില്‍ കാര്യമായ സാന്നിധ്യമില്ല.  ഗ്രാമങ്ങളില്‍ അവരുടെ എടിഎമ്മുകള്‍ 4,764  മാത്രം. രാജ്യത്താകെയുള്ള എടിഎമ്മുകള്‍ 2,00,157.

അപ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ധനകാര്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സൌകര്യമില്ലെന്ന് ചുരുക്കം. ഗ്രാമീണഖേലയുടെ സ്ഥിതി പരിതാപകരവും.  ഇത് ബാങ്ക് അക്കൌണ്ടുള്ളവരുടെ കാര്യം. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൌണ്ട്പോലുമില്ല. ഇവിടെ കാശിന്റെ കൊടുക്കല്‍വാങ്ങല്‍ ഇല്ലാതെ ഒരു സാമ്പത്തിക ഇടപാടും നടക്കില്ല. ‘ഡിജിറ്റല്‍’ സ്വപ്നംകാണുന്നവര്‍ ഈ പരമാര്‍ഥം മറച്ചുപിടിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top