25 April Thursday

നോട്ടുകളുടെ എണ്ണം പെരുകുന്നു; കറന്‍സി മാനേജ്മെന്‍റ് പാളുന്നുവോ?

അഡ്വ ടി കെ തങ്കച്ചന്‍Updated: Friday Aug 28, 2020

ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം മൂലം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടേയില്ലെന്ന് വ്യക്തമാക്കി പുതിയ നോട്ടുകളുടെ കള്ളനോട്ടുകളും പെരുകുന്നു.അഡ്വ ടി കെ തങ്കച്ചന്‍ എഴുതുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 24.21 ട്രില്ല്യണ്‍ രൂപയാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 14.7ശതമാനം വര്‍ദ്ധനവ്. ബാങ്ക് നോട്ടുകളുടെ എണ്ണം 10876 കോടിയില്‍ നിന്നും 11598 കോടിയായും വര്‍ദ്ധിച്ചു. 722 കോടി ബാങ്ക് നോട്ടുകള്‍ കൂടി. 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള നാണയങ്ങളുടെ മൂല്യം 21305 കോടി രൂപയാണ് മാര്‍ച്ച് 31 ന് കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 24.47 ട്രില്ല്യണ്‍ രൂപ.

നോട്ടുനിരോധന ദിവസം പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയിരുന്നു. 2016 നവംബര്‍ 8ന് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും 2402 കോടി നോട്ടുകള്‍ നിരോധിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകള്‍ 2, 5, 10, 20, 50, 100, 200, 500, 2000  രൂപ എന്നീ മൂല്യശ്രേണികളിലാണ്. നാണയങ്ങള്‍ 50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ എന്നീ മൂല്യശ്രേണികളിലാണ്.

1934ലെ റിസര്‍വ് ബാങ്ക് ഓഫ് ആക്ടിന്‍റെ 53-ാം വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ്. കോവിഡ് 19 മഹാമാരിയുടെ സര്‍വസ്‌പര്‍ശിയായ കെടുതികള്‍ 2020 മാര്‍ച്ച് 31 ന് നമ്മുടെ സമ്പദ്ഘടനയെ ഗണ്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത് കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കറന്‍സിയുടെ വര്‍ദ്ധിത ആവശ്യം നേരിടുന്നതിന് വിവിധനടപടികള്‍ സ്വീകരിച്ചത് കൂടാതെ അച്ചടിശാലകള്‍, പേപ്പര്‍ മില്ലുകള്‍, ബാങ്ക് എന്നിവയ്ക്ക് ഏത് അനിശ്ചിതസാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ സജ്ജമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ മാത്രമാണ്. അതിനാല്‍ മാര്‍ച്ച് 31 ന് ശേഷം കറന്‍സിയുടെ വര്‍ദ്ധിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് റിസര്‍വ് ബാങ്ക് നടത്തിയിട്ടുള്ള നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഈ വാര്‍ഷിക റിപ്പോര്‍ട്ട് പര്യാപ്‌ത‌മല്ല.

കറന്‍സി മാനേജ്മെന്‍റിന്‍റെ പ്രധാനനേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത് കറന്‍സി വേരിഫിക്കേഷന്‍ ആന്‍റ് പ്രൊസ്സസിംഗ് സിസ്റ്റത്തിന്‍റെ (ICCOMS) ആധുനികവത്ക്കരണം, ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് കറന്‍സി ഓപ്പറേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം(CVPS)-e-Kuber
 സംയോജനം, വൃത്തിയുള്ള നോട്ടുകളും നാണയങ്ങളും തൃപ്തികരമായ അളവില്‍ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തി, കാഴ്ചപരിമിതര്‍ക്ക് സഹായകരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാബല്യത്തില്‍ വരുത്തി എന്നിവയാണ്.

1970ല്‍ 250 കോടി ആയിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 1988ല്‍ 1600 കോടിയായി ഉയര്‍ന്നപ്പോള്‍ കറന്‍സി മാനേജ്മെന്‍റിന് നിലവില്‍ ഉണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിശോധിച്ച് അവയെല്ലാം പരിഷ്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടര്‍ ഗവര്‍ണര്‍ പി.ആര്‍. നായിക് അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയമിച്ചു. നായിക് കമ്മിറ്റി ബാങ്ക് നോട്ടുകളുടെ എണ്ണം ഉയരാതെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ശുപാര്‍ശ സ്വീകരിച്ച്, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണത്തിന്‍റെ 57ശതമാനം ആയിരുന്ന ഒരു രൂപ, രണ്ടു രൂപ, അഞ്ച് രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി പകരം നാണയങ്ങള്‍ പുറത്തിറക്കി. 1987ല്‍ അഞ്ഞൂറ് രൂപ നോട്ടുകളും 2000ത്തില്‍ ആയിരം രൂപ നോട്ടുകളും പുറത്തിറക്കി റിസര്‍വ് ബാങ്ക് ബാങ്ക്നോട്ടുകളുടെ വര്‍ദ്ധനവ് നിയന്ത്രിച്ചു. . എന്നിട്ടും 2016ല്‍ ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയി വര്‍ദ്ധിച്ചു. 2016ല്‍ നോട്ടുനിരോധനത്തില്‍ 2402 കോടി നോട്ടുകള്‍ റദ്ദുചെയ്തു. ഒപ്പം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കി. എന്നിട്ടും 2020 മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 11598 കോടി ആയി ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട,് 1934 അനുസരിച്ചാണ് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്മെന്‍റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ അളവില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതും മുഷിഞ്ഞതുമായ ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. നാണയങ്ങള്‍ മാറ്റി പകരം നോട്ടുകളും നോട്ടുകള്‍ മാറ്റി പകരം നാണയങ്ങളും നിയമം അനുവദിക്കുന്ന അളവില്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വത്തവും റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. കറന്‍സി മാനേജ്മെന്‍റ് ഉത്തരവാദിത്വത്തങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്ത് ആകെയുളള 19 ഇഷ്യൂ ഓഫീസുകള്‍, കൊച്ചിയിലെ കറന്‍സി ചെസ്റ്റ്, രാജ്യത്തെ വിവിധ ബാങ്കുകളില്‍ ഉള്ള 3367 കറന്‍സി ചെസ്റ്റുകള്‍, 2782 സ്മോള്‍ കോയിന്‍ ഡിപ്പോകള്‍ എന്നിവയില്‍ കൂടിയാണ്. ഇവയില്‍ 3162 കറന്‍സി ചെസ്റ്റുകളും 2614 സ്മോള്‍ കോയിന്‍ ഡിപ്പോകളും പൊതുമേഖല ബാങ്കുകളിലാണ്. പുതിയ ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതും പ്രചാരയോഗ്യമല്ലാത്തവ പിന്‍വലിക്കുന്നതും ഇഷ്യു ഓഫീസുകളില്‍കൂടിയും ബാങ്ക് ശാഖകളില്‍കൂടിയുമാണ്. 

സമ്പദ്ഘടനയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വാങ്ങല്‍ ശേഷിയിലെ ഇടിവ്, പണപ്പെരുപ്പം, പ്രചാരയോഗ്യമല്ലാതായി നശിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഓരോ വര്‍ഷവും ആവശ്യം വരുന്ന ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള വാര്‍ഷിക ഇന്‍ഡന്‍റ് ബാങ്ക് നോട്ട് അച്ചടിശാലകള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷത്തേക്ക് മുന്‍കൂട്ടി തയാറാക്കിയ കരുതല്‍ ശേഖരം കോവിഡ് 19 തകിടം മറിച്ചു.

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്

2019-20 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത് 2510 കോടി ബാങ്ക് നോട്ടുകളായിരുന്നു. ലഭിച്ചത് 2230 കോടി ബാങ്ക് നോട്ടുകള്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് രണ്ടായിരം രൂപയുടെ 274 കോടി നോട്ടുകളാണ്. 2016ല്‍ പ്രചാരത്തിലുണ്ടായിരുന്നത് 2000 രൂപയുടെ 336.32 കോടി രൂപയുടെ നോട്ടുകളായിരുന്നു. 2018 മുതല്‍ 2020 വരെ പരിശോധിച്ച് നശിപ്പിച്ചത് 17.75 കോടി 2000 രൂപ നോട്ടുകളാണ്. 2016 ലെയും 2020 ലെയും 2000 രൂപ നോട്ടുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല.  45കോടി 2000 രൂപ നോട്ടുകളുടെ വ്യത്യാസം കാണുന്നു. 2016 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റമില്ലാതെ നമ്മുടെ കറന്‍സി സംവിധാനത്തില്‍ നിലനില്‍ക്കുന്നു. ബാങ്ക് നോട്ടുകളുടെ പ്രചാരദൈര്‍ഘ്യം ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയെന്നാണ് നായിക് കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. രണ്ട് വര്‍ഷംകൊണ്ട് പ്രചാരത്തിലുള്ളവ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതിന് ഇന്നത്തെ നിലയില്‍ 5800 കോടി നോട്ടുകള്‍ (പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ പകുതി) എല്ലാ വര്‍ഷവും പ്രചാരത്തിലിറക്കുകയും അത്രയും നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ  റിസര്‍വ്വ് ബാങ്കിന്‍റെ ക്ലീന്‍നോട്ട് നയം പുലര്‍ത്തുന്ന വൃത്തിയുള്ള ബാങ്ക് നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു. 2019-20 ല്‍ പ്രചാരത്തിലിറക്കിയത് 2239 കോടി നോട്ടുകള്‍ പിന്‍വലിച്ചത് 1465 കോടി നോട്ടുകള്‍ ആണ് എന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്. നോട്ടുനിരോധനം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത പരിപാടിയായിരുന്നില്ല എന്ന് ഇപ്പോള്‍ നിസംശയം പറയാം.  

ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണുന്ന കറന്‍സി മാനേജ്മെന്‍റ് അജണ്ട എല്ലാ വിഭാഗം ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വത്തെയും സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെയും സാരമായി ബാധിക്കുന്നവയാണ്.

(ആള്‍ ഇന്ത്യാ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top