29 March Friday

നോട്ട് പ്രതിസന്ധി : ശമ്പളവരുമാനക്കാര്‍ എന്തുചെയ്യണം?

കെ കെ ജയകുമാര്‍Updated: Sunday Dec 4, 2016

1. ആശങ്കയും അഭിമാനക്ഷതവും വേണ്ട
രാജ്യത്തെ ബാധിച്ച ഗുരുതര പ്രതിസന്ധിയായി ഇത് മാറിക്കഴിഞ്ഞ സ്ഥിതിക്ക് വ്യക്തിപരമായ ആശങ്ക ഇക്കാര്യത്തില്‍ വേണ്ട. വ്യക്തിപരമായ പരിഹാരങ്ങളും ഇതിനില്ല എന്ന് മനസ്സിലാക്കുക. ഇനി എന്ത് എന്നതിനെക്കുറിച്ച് ആധികൂട്ടി ആരോഗ്യം കളയേണ്ട കാര്യമില്ല. ഒരു പൌരന്റെയും ഒരു രൂപപോലും നഷ്ടപ്പെടില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് തല്‍ക്കാലം വിശ്വസിക്കാമെന്നല്ലാതെ ഒന്നും ചെയ്യാനില്ല. പ്രതിസന്ധി എല്ലാവരെയും ബാധിച്ച സ്ഥിതിക്ക് പേമെന്റ് നല്‍കാന്‍കഴിയാതെ വന്നാല്‍ അതേച്ചൊല്ലി അഭിമാനക്ഷതമൊന്നും വിചാരിക്കേണ്ടതില്ല.

2. നിത്യച്ചെലവിന് മുന്‍തൂക്കം നല്‍കുക
അടവുകള്‍, നിക്ഷേപങ്ങള്‍, തുടങ്ങിയവ തല്‍ക്കാലം അങ്ങനെ നില്‍ക്കട്ടെ. നിത്യച്ചെലവ്, മരുന്ന്, ‘ഭക്ഷണം തുടങ്ങിയവയ്ക്ക് പണം ഇല്ലാതെവരുന്നത് ഒഴിവാക്കാന്‍ കരുതല്‍ വേണം.

3. നോട്ട് നല്‍കിയാലെ പറ്റൂ എന്നുള്ളിടത്ത് മാത്രമേ നോട്ടോ നാണയമോ നല്‍കാവൂ. അല്ലാത്തയിടത്തെല്ലാം പരമാവധി എടിഎം/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ ഉപയോഗിക്കണം.

4. വീട്ടില്‍ കംപ്യൂട്ടറോ കൈവശം സ്മാര്‍ട്ട് ഫോണോ ഉണ്ടെങ്കില്‍ ഉറപ്പായും നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്സൌകര്യം ഏര്‍പ്പെടുത്തണം. ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പരിചയക്കാരോട് ചോദിച്ചു മനസ്സിലാക്കുക.

5. നിത്യച്ചെലവുകളെ തരംതിരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക. അരിയും പലവ്യഞ്ജനങ്ങളും മറ്റും കാര്‍ഡ് സ്വീകരിക്കുന്ന കടകളില്‍നിന്ന് വാങ്ങുക. ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാന്‍പറ്റുന്നവ അങ്ങനെ വാങ്ങുക. അത് കാര്‍ഡ് ഉപയോഗിച്ചാക്കുക.

6. അനാവശ്യമായി കളയാന്‍ ഒരുരൂപപോലും കൈയിലില്ല എന്ന സത്യം തിരിച്ചറിയുക. തല്‍ക്കാലം ആഡംബരങ്ങളെയും അനാവശ്യ വിനോദങ്ങളെയും യാത്രകളെയും പടിക്കുപുറത്തു നിര്‍ത്തുക.

7. ഒന്നാം തീയതിതന്നെ ശമ്പളം അക്കൌണ്ടില്‍നിന്ന് പണമായി എടുത്ത് പേഴ്സില്‍വച്ച് ചെലവാക്കുന്ന ശീലമാകും പലര്‍ക്കും ഉള്ളത്. ഇത്തവണ അങ്ങനെ ശമ്പളം മുഴുവന്‍ പണമായി പിന്‍വലിക്കാന്‍കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട. ചെക്ക്വഴി പേമെന്റ് നല്‍കാവുന്നിടത്ത് അത് നല്‍കാം. ചിട്ടി അടവ്, വായ്പാ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പ്രീമിയം അടവ് മുതലായവയ്ക്ക് ചെക്ക് നല്‍കാം. ചെക്ക് ആവശ്യത്തിനില്ല എങ്കില്‍ അതിനുള്ള അപേക്ഷ ഇപ്പോള്‍തന്നെ ബാങ്കുകള്‍ക്ക് നല്‍കാം.

8. മൊബൈല്‍ ഫോണ്‍, ഡിടിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ് ഓണ്‍ലൈനായി ചെയ്യാന്‍ ശ്രമിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇതിനുള്ള അപ്ളിക്കേഷനുകള്‍ ലഭ്യമാണ്. അതിലൂടെ എടിഎം കാര്‍ഡ് നമ്പരും പിന്‍നമ്പരും ഉപയോഗിച്ച് അനായാസം റീചാര്‍ജ്ചെയ്യാം.

9. നോട്ട് മാറ്റിനല്‍കാം, സഹായിക്കാം എന്നൊക്കെ പറഞ്ഞ് സഹായത്തിനുവരുന്നവരുടെ അടുത്തുനിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുക. എടിഎം കൌണ്ടറില്‍ ക്യൂനില്‍ക്കാന്‍ മടിച്ച് മറ്റുള്ളവരുടെ കൈയില്‍ കാര്‍ഡും പിന്‍നമ്പരും നല്‍കുന്നത് ഒഴിവാക്കുക. 

10. എടിഎം ഉപയോഗിക്കുമ്പോള്‍ പരമാവധി ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള കൌണ്ടറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പണമുള്ള എടിഎം പറഞ്ഞുതരാം എടിഎം നമ്പരും പിന്‍നമ്പരും തരൂ എന്ന മട്ടിലുള്ള മെസേജുകളും മെയിലുകളും അപ്ളിക്കേഷനുകളും പ്രചാരത്തിലുണ്ട്. അവയുടെ വലയില്‍ വീഴരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top