29 March Friday

വരുന്നത് ശമ്പളദിനങ്ങള്‍: ജനങ്ങള്‍ക്ക് ദുരിതമേറും

പി ജി സുജUpdated: Sunday Nov 27, 2016

കൊച്ചി > നോട്ടുനിരോധത്തിനുശേഷമുള്ള ആദ്യത്തെ ശമ്പളവിതരണ ദിനങ്ങള്‍ അടുത്തുവരികയാണ്. ഇതോടെ കാര്യക്ഷമമായ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും  ലഭിക്കുന്നതിന്  ജനങ്ങളുടെ ദുരിതമേറുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്്. നോട്ടുനിരോധത്തിന്റെ ആദ്യ രണ്ടാഴ്ച അസംഘടിതമേഖലയെയാണ് ബാധിച്ചിരുന്നതെങ്കില്‍ അടുത്തവാരം സംഘടിതമേഖലയിലെ തൊഴിലാളികളെയും ഇത് കാര്യമായി ബാധിക്കും. ആഴ്ചയില്‍24000 രൂപ മാത്രമേ ബാങ്കുകളില്‍നിന്നു പിന്‍വലിക്കാനാകൂവെന്ന നിബന്ധനയും ചെറിയ നോട്ടുകളുടെ ലഭ്യതക്കുറവുമാണ് പ്രശ്നം രൂക്ഷമാക്കുക.

ഈ തുക മാസശമ്പളക്കാര്‍ക്ക് തങ്ങളുടെ കടം തീര്‍ക്കാനും മറ്റു ചെലവുകള്‍ക്കും തികയില്ല. അതിനാല്‍ തങ്ങളുടെ ചെലവുകള്‍ നടത്തുന്നതിന് ആളുകള്‍ക്ക് രണ്ടാഴ്ച കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ബാങ്കില്‍നിന്ന് പരമാവധി തുക പിന്‍വലിക്കുന്ന ഈ ദിവസങ്ങളില്‍ കരുതലിനായി കാര്യമായ ബദല്‍സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വിവരങ്ങളില്ല. സര്‍ക്കാരും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം ശമ്പളവും പെന്‍ഷനുമെല്ലാം ബാങ്ക്വഴിയാക്കിയതോടെ ബാങ്കുകളില്‍നിന്ന് പരമാവധി തുക പിന്‍വലിക്കുന്നത് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ്.

ആളുകള്‍ ശമ്പളത്തിന്റെ 50 മുതല്‍ 70 ശതമാനംവരെ  ഇക്കാലയളവില്‍ പിന്‍വലിക്കാറുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൊത്തം 3100 കോടി രൂപയാണ് വേണ്ടത്. അഞ്ചുലക്ഷം പേര്‍ ബാങ്കില്‍നിന്നും 4.5 ലക്ഷം പേര്‍ ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കുന്നുണ്ട്. സ്രോതസ്സില്‍നിന്നുതന്നെ നികുതി ഈടാക്കി നല്‍കുന്ന ശമ്പളം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല.

ശമ്പളവും പെന്‍ഷനും പൂര്‍ണമായി പിന്‍വലിക്കുന്നതിന് കേന്ദ്രക്കാര്‍ അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് കേന്ദ്ര ധനമന്ത്രിയോട് കത്തുമുഖേന ആവശ്യപ്പെട്ടിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നേരിട്ടുനല്‍കുന്ന ഓഫീസുകള്‍ക്ക് വേണ്ട തുക മുന്‍കൂര്‍ നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ശമ്പളത്തുക ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നത് പ്രതിസന്ധിയില്‍ ചെറിയതോതിലൊരു ആശ്വാസമേകും. എന്നാല്‍ പ്രയാസകരമായ മറ്റൊരു സ്ഥിതിവിശേഷം ഉടലെടുക്കാന്‍ സാധ്യതയുള്ളത് ശമ്പളം 2000 രൂപ നോട്ടുകളായി വിതരണംചെയ്യുന്നതോടെ ഉണ്ടാകാനിടയുള്ള ചെറിയ നോട്ടുകളുടെ ക്ഷമമാണ്. ഇപ്പോള്‍തന്നെ എടിഎമ്മുകളില്‍ ലഭിക്കുന്നതിലേറെയും 2000ത്തിന്റെ നോട്ടാണ്. ചെറിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള  ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ബാങ്കിങ് വൃത്തങ്ങളില്‍നിന്നുള്ള പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നോട്ടുനിരോധത്തെത്തുടര്‍ന്ന് വരുമാനം ലഭിക്കുന്നത് കുറഞ്ഞതിനാല്‍ സര്‍ക്കാരുകള്‍ സാമ്പത്തികഞെരുക്കം നേരിടുന്നുണ്ട്്.  ഈ സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തികഞെരുക്കമെന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന്  വിദഗ്ധര്‍ പറയുന്നു.  മുന്‍കരുതലില്ലാതെ നടത്തിയ നോട്ടുനിരോധം നീണ്ടുപോകുന്നത് സ്ഥിതിഗതി കൂടുതല്‍ വഷളാക്കും. നോട്ടുനിരോധത്തിന്റെ പ്രത്യാഘാതം രണ്ടാഴ്ചയില്‍ കൂടുതല്‍ നീളുന്നത് അപകടകരമാണെന്നിരിക്കെ പുതിയ നോട്ടുകള്‍ അച്ചടിച്ച് വിതരണം പുനഃസ്ഥാപിക്കുന്നതിന് ആറുമാസമെങ്കിലും പിടിക്കുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. ഒരുമാസത്തേക്ക് പിടിച്ചുനില്‍ക്കാനുള്ള കരുതല്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും ഉണ്ടെങ്കിലും നികുതിവരവ് കുറയുന്നത് ദോഷകരമായ സ്ഥിതിവിശേഷമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top