29 March Friday

വായ്പ കിട്ടാന്‍ പങ്കാളിക്കും വേണം മികച്ച ക്രെഡിറ്റ് സ്കോര്‍

കെ അരവിന്ദ്Updated: Sunday Dec 3, 2017

ഭവനം എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനായി മാസവരുമാനക്കാരായ ഭാര്യ-ഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് വായ്പയെടുക്കുന്നത് സാധാരണമാണ്. ഇരുവരുടെയും ശമ്പളം ഒന്നിച്ച് പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന തുക വായ്പയായി ലഭിക്കുമെന്നതും വായ്പാ തിരിച്ചടവ് ഇരുവരും ചേര്‍ന്ന് നടത്താമെന്നതുമാണ് മേന്മ. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇരുവരുടെയും ക്രെഡിറ്റ് സ്കോര്‍ ഒരുപോലെ മികച്ചതാകണം.

ക്രെഡിറ്റ് സ്കോര്‍ 750നു മുകളിലാണെങ്കില്‍ വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് വായ്പ കിട്ടാന്‍ എളുപ്പമാണ്. അതേസമയം വിവാഹിതരായവര്‍ ജീവിതപങ്കാളിയോടൊപ്പം ചേര്‍ന്ന് വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ ജീവിതപങ്കാളിയുടെ ക്രെഡിറ്റ് സ്കോര്‍കൂടി വായ്പ നല്‍കുന്ന ധനകാര്യസ്ഥാപനം പരിഗണിക്കും. അതിനാല്‍ ജീവിതപങ്കാളിയുടെ  മുന്‍കാല വായ്പാ ഇടപാടുകള്‍ വായ്പാ ലഭ്യതയില്‍ നിര്‍ണായകമാകും.

ഇരുവര്‍ക്കും മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാവുകയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന രീതി തുടരുകയും ചെയ്യുകയാണെങ്കില്‍ വായ്പ കിട്ടുക എളുപ്പമാണ്. രണ്ടുപേരുടെയും ശമ്പളം കണക്കിലെടുക്കുന്നത് ഉയര്‍ന്ന തുക വായ്പയായി ലഭിക്കാന്‍ സഹായകമാകും. മികച്ച ക്രെഡിറ്റ് സ്കോര്‍ പലിശനിരക്കില്‍ ഇളവ് ചോദിക്കാനുള്ള അവകാശംകൂടി നിങ്ങള്‍ക്ക് നല്‍കുന്നു.

ജീവിതപങ്കാളിയുടെ ക്രെഡിറ്റ് സ്കോര്‍ താഴ്ന്നതാണെങ്കില്‍ വായ്പാലഭ്യത വിവിധ ഘടകങ്ങളെ ആശ്രയിച്ചാകും. ക്രെഡിറ്റ് സ്കോര്‍ എത്രത്തോളം കുറവാണെന്നതും വായ്പ നല്‍കുന്ന ധനകാര്യസ്ഥാപനം വായ്പായോഗ്യത നിര്‍ണയിക്കുന്ന രീതിയും ഇവിടെ പ്രധാനമാകും. ക്രെഡിറ്റ് സ്കോര്‍ പരിഗണിക്കാതെ ദമ്പതിമാരുടെ മൊത്തം മാസശമ്പളം മാത്രം കണക്കിലെടുത്ത് വായ്പാ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്ന സ്ഥാപനങ്ങളുണ്ട്. ക്രെഡിറ്റ് സ്കോര്‍ താഴ്ന്നതാണെങ്കില്‍ വായ്പയ്ക്കായി അത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നതാകും നല്ലത്.

ശമ്പള അക്കൌണ്ടുള്ള ബാങ്കിനെയോ പ്രധാന ഇടപാടുകള്‍ നടത്തുന്ന ബാങ്കിനെയോ വായ്പയ്ക്കായി സമീപിക്കുന്നതാകും ഉചിതം. ജീവിതപങ്കാളിയുടെ ക്രെഡിറ്റ് സ്കോര്‍ താഴ്ന്നതാണെങ്കിലും മികച്ച ബാങ്ക് ബാലന്‍സും ബാങ്കുമായി മികച്ച ബന്ധവും ഉണ്ടെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞതിന്റെ കാരണം ബാങ്കിനെ ബോധ്യപ്പെടുത്താവുന്നതാണ്.

ഭൂരിഭാഗം പുതിയ വായ്പകളും 750ന് മുകളില്‍ ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്കാണ് നല്‍കുന്നത്. നിങ്ങളുടെ ജീവിതപങ്കാളിയുടെ ക്രെഡിറ്റ് സ്കോര്‍ 700 ആണെങ്കില്‍ അത് തീരെ മോശമല്ല. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ അത്തരം ശരാശരി ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് വായ്പ നല്‍കണമെന്നില്ല. അതേ സമയം സ്വകാര്യമേഖലയിലെ ബാങ്കുകള്‍ ക്രെഡിറ്റ് സ്കോര്‍ അല്‍പ്പം താഴ്ന്നതാണെങ്കിലും വായ്പ നല്‍കാന്‍ തയ്യാറാകാറുണ്ട്.

പ്രാഥമിക അപേക്ഷകനായ നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ 700 മാത്രമേ ഉള്ളൂവെങ്കില്‍പ്പോലും ജീവിതപങ്കാളിക്ക് ഉയര്‍ന്ന സ്കോറുണ്ടെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയേറും. നിങ്ങളുടെ മാസവരുമാനം ഉയര്‍ന്നതാണെങ്കില്‍ ജീവിതപങ്കാളിയുടെ മികച്ച സ്കോര്‍ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തും. അതേസമയം വായ്പാ അപേക്ഷകരില്‍ ഒരാളുടെ സ്കോര്‍ 500-600 നിലവാരത്തിലാണെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ പ്രധാനമായി പരിഗണിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് വായ്പ കിട്ടുക വിഷമകരമാകും. മികച്ച വായ്പാചരിത്രമില്ലാത്ത ഒരാള്‍ക്ക് വായ്പ നല്‍കാന്‍ പൊതുവെ ബാങ്കുകള്‍ മടികാട്ടാറുണ്ട്. അത്തരം ആളുകള്‍ക്ക് വായ്പ നല്‍കുകയാണെങ്കില്‍ ബാങ്കുകള്‍ വായ്പാതുക കുറയ്ക്കാനും ഉയര്‍ന്ന പലിശനിരക്ക് ഈടാക്കാനും സാധ്യതയുണ്ട്.

ജീവിതപങ്കാളിയുടെ ക്രെഡിറ്റ് സ്കോര്‍ താഴ്ന്നതാണെങ്കില്‍ സ്വന്തം നിലയില്‍ വായ്പയെടുക്കുന്നതിനെക്കുറിച്ചാകും പലരും ആലോചിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നതാണെങ്കില്‍ വായ്പ കിട്ടുക എളുപ്പമാണ്. പക്ഷേ സ്വന്തം നിലയില്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജീവിതപങ്കാളിയുടെ മാസവരുമാനം പരിഗണിക്കപ്പെടില്ല. നിങ്ങളുടെ മാസവരുമാനം മാത്രം പരിഗണിച്ചാകും വായ്പാതുക നിശ്ചയിക്കുന്നത്. വലിയ തുക ഭവനവായ്പയായി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തിരിച്ചടിയാകും.

ജീവിതപങ്കാളിക്ക് വായ്പാചരിത്രമില്ലാത്ത സാഹചര്യങ്ങളുണ്ടാകാം. ഉദാഹരണത്തിന് ഈയിടെ ആദ്യ ജോലി കിട്ടിയ ഭാര്യക്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ചതിന്റെയോ ഏതെങ്കിലും തരത്തിലുള്ള വായ്പ എടുത്തതിന്റെയോ മുന്‍കാലചരിത്രം ഉണ്ടാകണമെന്നില്ല. അത്തരം ആളുകള്‍ക്ക്  ക്രെഡിറ്റ് സ്കോറും ഉണ്ടാകില്ല. അത്തരം സാഹചര്യത്തില്‍ ഭര്‍ത്താവിന് ഭാര്യയുടെ മാസവരുമാനംകൂടി ചേര്‍ത്തുള്ള വരുമാനത്തെ അടിസ്ഥാനമാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. നിലവിലുള്ള വായ്പാബാധ്യതകളും ഒന്നാമത്തെയോ രണ്ടാമത്തെയോ വീടാണോയെന്നതും പരിഗണിച്ചാകും ബാങ്ക് വായ്പാ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നത്.

ദമ്പതികളില്‍ ഒരാളുടെ ക്രെഡിറ്റ് സ‌‌്കോര്‍ മോശവും മറ്റേയാള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ ഇല്ലെന്ന സ്ഥിതിയുമാണെങ്കില്‍ ബാങ്കുകളില്‍നിന്ന് ഇരുവര്‍ക്കുമായി വായ്പ കിട്ടാനുള്ള സാധ്യത തീരെ കുറവാണ്. ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തവരുടെ അപേക്ഷ കരുതലോടെയാണ് ബാങ്കുകള്‍ പരിഗണിക്കുന്നത്. ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവ് ചരിത്രം വിലയിരുത്താനാകില്ലെന്നതാണ് കാരണം. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുകയും ജീവിതപങ്കാളിയുടെ സ്കോര്‍ ഇടപാടുകളിലൂടെ രൂപപ്പെടുത്തുകയും ചെയ്തശേഷം വായ്പയ്ക്ക് അപേക്ഷിക്കുന്നതാകും നല്ലത്.

വിവാഹജീവിതം തുടങ്ങി കുറച്ചുകാലത്തിനുശേഷം ഭവനവായ്പപോലുള്ള വലിയ വായ്പകളെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം ദമ്പതികള്‍ മനസ്സിലാക്കുന്നത്. ജീവിതപങ്കാളിക്ക് മികച്ച ക്രെഡിറ്റ് സ്കോറും ഗണ്യമായ വരുമാനവും ഉണ്ടെങ്കില്‍ മാത്രമേ സംയുക്തമായി വായ്പയ്ക്ക് അപേക്ഷിക്കാനാകൂ. വിവാഹത്തിനുശേഷമുള്ള ആദ്യനാളുകളില്‍തന്നെ ജീവിതപങ്കാളിയെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നത് വായ്പാ ആസൂത്രണത്തില്‍ ഗുണകരമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top