27 April Saturday

കാര്‍ഡിലെ കാശ‌് പോയാല്‍ എന്ത് ചെയ്യും?

കമല കെ വിUpdated: Tuesday Jul 2, 2019

ഓർക്കാപ്പുറത്ത്,  ജീവിതത്തിൽ ആകെ നീക്കിയിരിപ്പുള്ള പണം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍  എന്ത് ചെയ്യും? തലയ്ക്ക് കൈകൊടുത്ത് സങ്കടപ്പെട്ടിരിക്കുകയാണ് പലപ്പോഴും ചെയ്യുക. എടിഎമ്മിൽനിന്ന‌് പണം നഷ്ടപ്പെട്ടാലും പലരും ചെയ്യുന്നത് ഇതുതന്നെയാണ്. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം ലഭിക്കാതിരിക്കുകയും അതേസമയം, അക്കൗണ്ടിൽനിന്ന് പണം പോയതായി സന്ദേശം എത്തുകയും ചെയ്യും. അതുപോലെതന്നെ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഡബിറ്റ് കാർഡ് ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങിയതിനോ പെട്രോൾ അടിച്ചതിനോ ഭക്ഷണം കഴിച്ചതിനോ ബിൽ കൊടുക്കുമ്പോഴും പണം അക്കൗണ്ടിൽനിന്ന് ഡബിറ്റ് ചെയ്തതായി സന്ദേശം വരും. പക്ഷേ, ഷോപ്പ് ഉടമയുടെ അക്കൗണ്ടിൽ എത്തില്ല. ട്രെയിൻ,  വിമാന ടിക്കറ്റ് എടുക്കുമ്പോഴും വൈദ്യുതിബില്ലും മറ്റും അടയ്ക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്.
ഇത്തരത്തിൽ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട പണം  പക്ഷെ തിരികെ നേടാവുന്നതാണ്.

ബാങ്കിന് അപേക്ഷ നൽകണം
ബാങ്കുകളുടെ പ്രവർത്തനരീതിയനുസരിച്ച്, ഇങ്ങനെ പണം നഷ്ടപ്പെട്ടാൽ, സാധാരണ​ഗതിയിൽ ഏതാനും പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ തിരികെ എത്താറുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, കാർഡ് അനുവദിച്ച ബാങ്കിന് അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇടപാട് നടന്ന് 30 ദിവസത്തിനുള്ളിൽ പരാതി നൽകുന്നതാണ് നല്ലത്. ചില ബാങ്കുകൾ പ്രത്യേക സാഹചര്യത്തിൽ പരമാവധി ആറുമാസംവരെ സമയം അനുവദിക്കാറുണ്ട്.

ഇടപാടുവിവരങ്ങൾ വ്യക്തമാക്കണം
നഷ്ടപ്പെട്ട തുക, സമയം, ഇടപാട് നടത്തിയ രീതി (എടിഎം, ഷോപ്പിങ്, ഓൺലൈനിൽ ബിൽ അടയ്ക്കൽ) തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും അക്കൗണ്ട് നമ്പരും അപേക്ഷയിൽ വ്യക്തമാക്കണം.

രസീതും എസ്എംഎസും സൂക്ഷിക്കണം
കാർഡ് ഉപയോ​ഗിച്ച് ഇടപാട് നടത്തിയപ്പോൾ ലഭിച്ച രസീതും (എസ്എംഎസും) സൂക്ഷിച്ചുവയ്ക്കേണ്ടതാണ്.  ഇത് തെളിവായി ബാങ്കിന് നൽകേണ്ടിവന്നേയ്ക്കാം. മിക്കവാറും ബാങ്കുകൾ ആവശ്യമെങ്കിൽ ഇവയുടെ പകർപ്പുകളാണ് ചോദിക്കുക.

ഓംബുഡ്സ്‌മാനെ സമീപിക്കണം
ശരിയായ പരാതികളിൽ ഏഴുദിവസത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ, ബാങ്കിങ് ഓംബുഡ്സ്‌മാനെ സമീപിച്ച് പരാതി സമർപ്പിക്കേണ്ടതാണ്. ബാങ്കിന് പരാതി നൽകിയിട്ടുണ്ടെങ്കിൽമാത്രമേ ഓംബുഡ്സ്‌മാൻ പരാതി സ്വീകരിക്കുകയുള്ളൂ.

തട്ടിപ്പാണെങ്കിൽ പിഴ ചുമത്തും
പരാതിസംബന്ധിച്ച് സംശയം വരുന്ന സാഹചര്യത്തിൽ ബാങ്ക് സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയും ബാങ്കിന്റെ ഇലക്ട്രോണിക് ലോ​ഗുമായി ഒത്തുനോക്കുകയും ചെയ്യും. പരാതി തട്ടിപ്പാണെന്ന് കണ്ടാൽ പിഴ ചുമത്തുകയും ചെയ്യും.
(ബാങ്കിങ് ഓംബുഡ്സ്‌മാനെക്കുറിച്ച് അറിയാന്‍അടുത്തയാഴ്ചത്തെ ധനപഥം കാണുക).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top