29 September Friday

കൊച്ചിയിലും ചൈനീസ് കണ്ടെയ്‌നറുകള്‍ തടഞ്ഞു; വ്യാപാരികള്‍ പ്രതിസന്ധിയില്‍

സന്തോഷ് ബാബുUpdated: Tuesday Jun 30, 2020

കൊച്ചി> ചൈനയുമായുള്ള അതിർത്തിസംഘർഷത്തെ തുടർന്നുണ്ടായ അപ്രഖ്യാപിത വ്യാപാരയുദ്ധം കൊച്ചി തുറമുഖത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചൈനയിൽനിന്ന് എത്തിയ നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഈമാസം 23ന് ഉച്ചയ്ക്കുശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറുകൾ പിടിച്ചിടാൻ തുടങ്ങിയതെന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ പറയുന്നു.

ചൈനീസ്  കണ്ടെയ്‌നറുകൾ തടയാൻ ഔദ്യോഗിക ഉത്തരവില്ലെങ്കിലും  ഉൽപ്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് വിടൂ എന്നതാണ് കസ്റ്റംസ് നിലപാട്. എന്നാൽ, കൊച്ചി തുറമുഖത്ത് പരിശോധനയൊന്നും നടത്താതെ കണ്ടെയ്നറുകൾ പിടിച്ചിടുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു. 4,40,000 രൂപ ഇറക്കുമതിത്തീരുവ അടച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരാൻ ലോറിയിൽ കയറ്റിയ കണ്ടെയ്‌നര്‍പോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊച്ചിയിലെ ഇന്ത്യൻ ഹാർഡ്‌വെയർ സ്റ്റോഴ്‌സ് ഉടമ നിയാസ് ഇബ്രാഹിം പറഞ്ഞു. സാധാരണ തുറമുഖത്ത് ഇറക്കുമതി ഡ്യൂട്ടി അടച്ചുകഴിഞ്ഞാൽ അന്നുതന്നെ കണ്ടെയ്‌നർ പുറത്തേക്ക് വിടുകയാണ് പതിവ്.

നഷ്ടം കേന്ദ്രം നികത്തണം
കണ്ടെയ്‌നർ തടഞ്ഞുവയ്ക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയാണ് വ്യാപാരികൾക്ക് വരുന്നത്. ലോറിയിൽ കയറ്റിയ കണ്ടെയ്നറുകൾക്ക് കയറ്റുക്കൂലിയും ലോറിവാടകയും കണ്ടെയ്നർ സ്റ്റേഷൻ വാടകയും 14 ദിവസത്തിലേറെ വൈകിയാൽ കണ്ടെയ്നർ വാടകയും നൽകേണ്ടിവരും. ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്തും മറ്റുതരത്തിൽ വായ്പ വാങ്ങിയും മറ്റുമാണ് പലരും ചരക്ക് കൊണ്ടുവരുന്നത്‌. അതിന്റെ പലിശ വേറെയും വരും. ലോക്ക്ഡൗൺമൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ദ്രോഹംകൂടി ചെയ്യുന്നത്–- തൃപ്പൂണിത്തുറയിലെ റോയൽ ഗ്ലോബേലിയ മാരിടൈം സൊലൂഷൻസിന്റെ ഡയറക്ടർ ഹരികുമാർനായർ പറഞ്ഞു.
ലോക്ക്ഡൗണിനുശേഷം വിപണി ഉണർന്നുവരുമ്പോൾ അവശ്യസാധനങ്ങൾ കിട്ടാത്തതിനാൽ വ്യവസായ, നിർമാണ മേഖലകളടക്കം വിവിധ മേഖലകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിർമാണമേഖലയ്ക്ക് ആവശ്യമായ ബാത്ത് റൂം, സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിരവധി കണ്ടെയ്‌നറുകളാണ് കൊച്ചി തുറമുഖത്ത് തടഞ്ഞിട്ടിരിക്കുന്നതെന്ന്  കൊച്ചിയിലെ ക്രിസിൽ ബാത്ത് ആൻഡ് വെൽനസ്സിന്റെ എംഡി  എം കെ അൻസാരി പറഞ്ഞു. അതിർത്തിയിൽ സംഘർഷം ഉണ്ടാകുന്നതിനുമുമ്പ് ചൈനയിൽനിന്ന്‌ കപ്പൽ കയറിയ ചരക്കുകളാണ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്നതെന്നും ഇതിലൂടെ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും പലിശയിളവ് അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. 


 


ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വില വർധിക്കും
വിലക്കുറവാണ് ചൈനീസ് ഉൽപ്പന്നങ്ങളെ കേരളത്തിലും പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകം. തുറമുഖത്ത് കണ്ടെയ്‌നറുകൾ തടഞ്ഞിട്ടിരിക്കുന്നതിനാല്‍ വിപണിയിലുള്ള ഉൽപ്പന്നങ്ങളുടെ വില കൂടിയേക്കും. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ലാപ്‌ടോപ്, മൊബൈൽഫോൺ, കംപ്യൂട്ടർ, വെബ്കാം, ഹെഡ്‌ഫോൺ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും കംപ്യൂട്ടർ, ടിവി തുടങ്ങിയവയുടെ ഘടകങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഇന്റർനെറ്റ് മോഡംപോലുള്ളവയ്ക്ക് വിപണിയിൽ കടുത്ത ക്ഷാമമാണ്. പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.  ഇവ കൂടാതെ ഫർണിച്ചർ, പ്ലൈവുഡ്, വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, ടൈൽ, ഔഷധ നിർമാണത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, എസി, വാഷിങ് മെഷീൻ തുടങ്ങി സംസ്ഥാനത്തെ ഗാർഹിക, വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങളാണ് ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top