26 September Tuesday

അതെ, ഇപ്പോള്‍തന്നെ 'കറന്‍സിരഹിത'മായല്ലോ

എന്‍ മധുUpdated: Monday Nov 21, 2016

പന്ത്രണ്ടുദിവസത്തിലേറെയായി ലോകം മുഴുവന്‍ ഇന്ത്യയിലെ ഈ കാഴ്ച കാണുകയാണ്. എവിടെയും അറ്റമില്ലാതെ ജനങ്ങളുടെ നീണ്ടനിര. ബാങ്കുകള്‍ക്കുമുന്നില്‍, എടിഎമ്മുകള്‍ക്കുമുന്നില്‍, പോസ്റ്റ് ഓഫീസുകള്‍ക്കുമുന്നില്‍... സ്വന്തം പണം കൈയില്‍ കിട്ടാനാണ് ഈ ദുരിതം. ഒരുദിവസംപോലും പണിയെടുത്തില്ലെങ്കില്‍ ജീവിക്കാന്‍പറ്റാത്ത പാവപ്പെട്ട സാധാരണക്കാരാണ് ഈ നില്‍ക്കുന്നവരില്‍ ഏറെയും. ഇങ്ങനെ നില്‍ക്കുന്നവരില്‍ പ്രായമായവരും രോഗികളുമായ എത്രയോ പേര്‍ ശ്വാസംമുട്ടി മരിച്ചുവീണു. അരിവാങ്ങാന്‍, ആശുപത്രിയില്‍ പണം അടയ്ക്കാന്‍, മക്കളുടെ കല്യാണത്തിന് ബാങ്കിലിട്ട പണം കൈയില്‍ക്കിട്ടാന്‍... ഈ കാത്തുനില്‍പ്പ് അതിനൊക്കെയാണ്. ആരുടെ കൈയിലും ഒരു നയാപൈസയില്ല. ഇതെല്ലാം സംഭവിച്ചത് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 85 ശതമാനം ഒരുനിമിഷംകൊണ്ട് പിന്‍വലിച്ചതോടെയാണ്. നവംബര്‍ എട്ടിന് പാതിരാത്രിമുതല്‍ തുടങ്ങിയ ജനങ്ങളുടെ ദുരിതം അന്തമില്ലാതെ തുടരുന്നു. ഒരര്‍ഥത്തില്‍, മോഡിയും അരുണ്‍ ജയ്റ്റിലുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന 'കറന്‍സിരഹിത' സമ്പദ്വ്യവസ്ഥ (ക്യാഷ്ലെസ് ഇക്കോണമി) ഇപ്പോള്‍തന്നെ നിലവില്‍വന്നിരിക്കുന്നു. ആരുടെ കൈയിലും കാശില്ലല്ലോ.

കള്ളപ്പണം തടയാനെന്ന പേരില്‍ 1000, 500 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അതുവഴിയുണ്ടാകുന്ന സങ്കീര്‍ണതകളെക്കുറിച്ചൊന്നും തരിമ്പും ആലോചിക്കാതെയാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സര്‍ക്കാര്‍ നടപടിയുടെ അടിസ്ഥാന സാമ്പത്തികശാസ്ത്രം എന്തുതന്നെയായാലും അതിന്റെ യുക്തി ചോദ്യപ്പെടേണ്ടതുതന്നെ. ഈ നടപടികൊണ്ട് കള്ളപ്പണം എത്രമാത്രം തടയാനാവുമെന്നതും സംശയകരമാണെന്ന് രാജ്യത്തെയും പുറത്തെയും സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറഞ്ഞുകഴിഞ്ഞു. കള്ളപ്പണം എന്തെങ്കിലും കിട്ടിയാല്‍തന്നെ അതിനെക്കാള്‍ വലിയ ഉല്‍പ്പാദനനഷ്ടമാണ് രാജ്യത്താകെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വികസിതരാജ്യങ്ങളോ വികസ്വരരാജ്യങ്ങളോ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകള്‍ ഈയളവില്‍ (85 ശതമാനം) പിന്‍വലിച്ച ചരിത്രമില്ല. ഇന്ത്യയില്‍ 1978-ല്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍  അഞ്ചുശതമാനം മാത്രമാണ് അസാധുവാക്കിയത്.

പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ 85 ശതമാനം അസാധുവാക്കുന്നതിന്റെ പ്രത്യാഘാതം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി ഒരു നല്ല സാമ്പത്തികശാസ്ത്രമായി കണക്കാക്കാനാകില്ലെന്ന് അടുത്തകാലംവരെ ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികവിദഗ്ധനായിരുന്ന കൌശിക് ബാസു അഭിപ്രായപ്പെട്ടതും ഇതോടൊപ്പം കൂട്ടിവായിക്കാം. നോട്ട് അസാധുവാക്കിയതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും നേട്ടമുണ്ടായാല്‍തന്നെ അത് ഇപ്പോള്‍ സംഭവിക്കുന്ന നഷ്ടങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാകും. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ബാധിച്ചുകഴിഞ്ഞ മാന്ദ്യം ആഭ്യന്തരോല്‍പ്പാദനം കാര്യമായി ഇടിയാനിടയാക്കാം.

ഈ മാസം 12ന് രാത്രി വടക്കന്‍ ഡല്‍ഹിയിലെ ഒരു മാളില്‍നിന്ന് ഉപ്പ് കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വരുംദിവസങ്ങളില്‍ ഉപ്പുക്ഷാമം ഉണ്ടായേക്കാമെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണിത്. ഇതുപക്ഷേ, ഒരു മുന്നറിയിപ്പായി കണക്കാക്കാം. ഇപ്പോഴത്തെ സ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നാല്‍, വരുംദിവസങ്ങളില്‍ ഇന്ത്യയിലെവിടെയും ഇത്തരം സംഭവങ്ങളുണ്ടാകാം. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് എവിടെയും കരുതിയില്ലെങ്കില്‍ എന്തും സംഭവിക്കാം. ഭക്ഷ്യകലാപംപോലും സാമ്പത്തികവിദഗ്ധര്‍ ഭയപ്പെടുന്നു. കാര്‍ഷിക-വ്യവസായ മേഖലകളില്ലൊം വലിയ പ്രതിസന്ധിയാണ്. മൊത്തക്കച്ചവടക്കാര്‍, ചെറുകിട വ്യാപാരികള്‍, സാധനങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിക്കാര്‍... എല്ലാവരും പണമില്ലാതെ വട്ടംകറങ്ങുന്നു.

 പഴയ നോട്ടുകള്‍ മാറ്റി എല്ലാവരുടെയും കൈയില്‍ പണം ഉറപ്പാക്കുകയാണ് പോംവഴി. ഈ മേഖലയിലെല്ലാം കാശിന്റെ വിനിമയം സുഗമമാകണം. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 45 ശതമാനം വരുന്ന അസംഘടിതമേഖല, അനൌപചാരികമേഖല എന്നിവ സ്തംഭിച്ചിരിക്കുന്നു. നികുതിവെട്ടിപ്പിനോ, അഴിമതിക്കോ ഒന്നും ഒരുവഴിയുമില്ലാത്ത വിഭാഗങ്ങാണ് ഇവിടെ. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ 80 ശതമാനവും ഈ അനൌപചാരിക സാമ്പത്തിക മേഖലകളിലാണ്. നോട്ട് പിന്‍വലിച്ച നടപടി ഏറ്റവുമേറെ ബാധിക്കുന്നത് ദൈനംദിനം കാശ് കൈമാറുന്നവരെയാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഔപചാരിക ബാങ്കിങ്സംവിധാനത്തിന്റെ ഭാഗവുമല്ല. അവരുടെ കൈയിലെ കാശ് മറ്റ് ആസ്തികളായി മാറ്റിയിട്ടുമില്ല. അത് പിടിച്ചുപറിച്ചെടുത്താണ് മോഡിയുടെ 'കറന്‍സിരഹിത' സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്ര.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top