29 March Friday

ബില്‍ഡ്നെക്സ്റ്റ് കെട്ടിടനിര്‍മാണ സാമഗ്രികള്‍ ഒറ്റക്ളിക്കില്‍ അരികില്‍

പി ജി സുജUpdated: Sunday Oct 9, 2016

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വീടുപണി തുടങ്ങുമ്പോഴോ? പൊല്ലാപ്പുകളും തുടങ്ങുകയായി. നല്ലൊരു പ്ളാന്‍ എങ്ങനെ കിട്ടും? കരാറുകരാനെ എങ്ങനെ സംഘടിപ്പിക്കും? ഗുണമേന്മയും വിലക്കുറവുമുള്ള നിര്‍മാണസാമഗ്രികള്‍ എങ്ങനെ സംഘടിപ്പിക്കും? അവയെങ്ങനെ സൈറ്റിലെത്തിക്കും? ഇങ്ങനെ സംശയങ്ങളും തലവേദനയും ഏറെയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒറ്റക്ളിക്കില്‍ പരിഹാരമൊരുക്കുകയാണ് ബില്‍ഡ്നെക്സ്റ്റ്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കെട്ടിടനിര്‍മാണത്തിനാവശ്യമായ സമഗ്രസാമഗ്രികളുടെ വൈവിധ്യമാര്‍ന്ന നിര രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉപയോക്താക്കള്‍ക്ക് കൃത്യസമയത്തിനുള്ളില്‍ എത്തിച്ചുനല്‍കുകയാണ് തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ബില്‍ഡ്നെക്സ്റ്റ്. വീടു നിര്‍മിക്കുന്നവര്‍ക്ക് മികച്ച തീരുമാനങ്ങളെടുക്കാനും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ സഹായം നേടാനും ഇവര്‍ സഹായമേകും. കെട്ടിടനിര്‍മാണ വേളയില്‍ നേരിട്ട് മേല്‍നോട്ടംവഹിക്കാന്‍ പറ്റാത്ത പ്രവാസികളെപ്പോലുള്ളവര്‍ക്ക് ബില്‍ഡ്നെക്സറ്റിന്റെ സേവനം വലിയൊരളവില്‍ സഹായമാണെന്ന് ഈ ഓണ്‍ലൈന്‍ സംരംഭത്തിന്റെ സ്ഥാപകരായ വി ഗോപീകൃഷണന്‍, ഫിനാസ് നഹ എന്നിവര്‍ പറഞ്ഞു.

കെട്ടിടനിര്‍മാണ സാമഗ്രികളുടെ മുഴുവന്‍ കരാറും ഇവര്‍ ഏറ്റെടുക്കുന്നതിലൂടെ ഉപയോക്താവിന് അവ തേടിയലയുന്ന സമയം, പണം എന്നിവ ലാഭിക്കാമെന്നു മാത്രമല്ല, മികച്ച ഉല്‍പ്പന്നങ്ങളുടെ ലഭ്യത ആവശ്യമായ സമയത്ത് ഉറപ്പാക്കാനും കഴിയുമെന്ന് ഇവര്‍ അവകാശപ്പെട്ടു. ബില്‍ഡ്നെക്സ്റ്റ് ഒരുക്കുന്ന വിഷ്വലൈസേഷനിലൂടെ ഒരു പ്രത്യേക ഉല്‍പ്പന്നം ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി തീരുമാനമെടുക്കാനാകും. ഇതിനുപുറമെ വീടു പണിയുന്നവരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ബില്‍ഡ്നെക്സ്റ്റിന്റെ കണക്റ്റ് ഫോറം എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ അവസരമൊരുക്കും. ആര്‍ക്കിടെകറ്റ്, ഇന്റീരിയര്‍ ഡിസൈനര്‍, കരാറുകാരന്‍, കണ്‍സള്‍ട്ടന്റ്, സിവില്‍ എന്‍ജിനിയര്‍ എന്നിവരുടെയെല്ലാം പങ്കാളിത്തം ഈ കൂട്ടായ്മയിലുണ്ട്്.

ലഭ്യതക്കുറവും നല്ല സാമഗ്രികളെ ക്കുറിച്ചുള്ള അറിവില്ലായ്മയുംമൂലം പലപ്പോഴും ഉപയോക്താക്കള്‍ക്ക് മേന്മകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്. എന്നാല്‍ അസംസ്കൃതവസതുക്കള്‍ ലഭ്യമായ എല്ലാ ഇടങ്ങളില്‍ നിന്നും പരമാവധി കുറഞ്ഞ നിരക്കില്‍ ലഭ്യത ഉറപ്പാക്കുന്നു എന്നു മാത്രമല്ല, ഇത് സ്വന്തം ലോജിസ്റ്റിക്സ് സംവിധാനം ഉപയോഗിച്ച് നിര്‍മാണസ്ഥലത്ത് എത്തിച്ചുനല്‍കുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത. ഉപയോക്താക്കള്‍ക്ക് കെട്ടിടത്തിന്റെ പ്ളാന്‍ ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ വിഷ്വലൈസേഷനും മാസംതോറുമുള്ള ചെലവും വരെ ഇനംതിരിച്ച് ലഭ്യമാകുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് ആസൂത്രണംചെയ്ത ചെലവിനുള്ളില്‍ത്തന്നെ പണി പൂര്‍ത്തിയാക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ഈ സൌകര്യങ്ങളും സുതാര്യതയുമാണ് ബില്‍ഡ്നെക്സ്റ്റിന്റെ പ്രത്യേകതയെന്ന് ഗോപീകൃഷണന്‍ പറഞ്ഞു. പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ നാളിനുള്ളില്‍തന്നെ 60 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും നടത്തിയിട്ടുണ്ട്. 220 വില്‍പ്പന പങ്കാളികളുമായി ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ കൃത്യസമയത്തിനുള്ളില്‍ ലഭ്യമാക്കുന്നത്. 55 പ്രോജക്ടുകളാണ് ഇപ്പോഴുള്ളത്്. ഓണ്‍ലൈനായും ഓഫ്ലൈനായും സേവനമെത്തിക്കാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തിനു പുറമെ കോയമ്പത്തൂരിലുമുള്ള ചെറുകിട–ഇടത്തരം നിര്‍മാണമേഖലകളിലാണ് ഇപ്പോള്‍ സേവനം എത്തിക്കുന്നത്.

ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയശേഷം നോക്കിയയിലും ആമസോണിലുമൊക്കെ ജോലിനോക്കിയശേഷമാണ് ഗോപിയും ഫിനാസും ബില്‍ഡ്നെക്സ്റ്റ് എന്ന ആശയം പ്രവര്‍ത്തികമാക്കാനിറങ്ങിയത്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷ (കെഎസ്ഐഡിസി)ന്റെ ധനസഹായത്തോടെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെക്നോപാര്‍ക്കിലുള്ള ഇന്‍കുബേഷന്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബില്‍ഡ്നെക്സ്റ്റിന്റെ സാങ്കേതികവിഭാഗത്തില്‍ മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ദിലീപ്, സെയില്‍സ്വിഭാഗത്തിലാകട്ടെ ആമസോണില്‍ നിന്നെത്തിയ നിര്‍മല്‍ ജോര്‍ജ്, ലോജിസ്റ്റിക്സില്‍ ഫ്ളിപ്കാര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന അതുല്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് ചുമതലവഹിക്കുന്നത്. അസംഘടിതമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണമേഖലയെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സുതാര്യവും സംഘടിതവും ആക്കുകയാണ് ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top