23 April Tuesday

നാവിലൂടെ നാടറിയാന്‍ വ്യത്യസ്ത വിഭവങ്ങളുമായി ബോധിനി

സന്തോഷ് ബാബുUpdated: Wednesday May 10, 2023

ജർമൻ സാങ്കേതികവിദ്യയിൽ കേരളത്തിലെ ആദ്യ മോഡേൺ റൈസ് മിൽ, കേരളത്തിലെ ആദ്യത്തെ സോർട്ടക്‌സ്‌ കുത്തരി, ദുബായിലേക്ക് കേരളത്തിൽനിന്നുള്ള ആദ്യത്തെ സോർട്ടക്‌സ് കുത്തരി കയറ്റുമതി എന്നിങ്ങനെ കെ കെ കർണൻ എന്ന അരിവ്യാപാരിയുടെ ജീവിതരേഖയിൽ മുമ്പേ നടന്നതിന്റെ അടയാളങ്ങൾ പലതുണ്ട്.

1991ൽ ആന്ധ്രപ്രദേശിൽ ചെന്ന് ആധുനിക അരിമില്ലുകളുടെ പ്രവർത്തനം മനസ്സിലാക്കി ചെന്നൈ തുറമുഖം വഴി ജർമനിയിൽനിന്ന് നേരിട്ട് യന്ത്രങ്ങൾ ഇറക്കുമതി ചെയ്താണ് ഇദ്ദേഹത്തിന്റെ എസ്എൻ റൈസ് മിൽ കേരളത്തിലെ അരിവ്യാപാരത്തിൽ പുതിയ ട്രെൻഡിന്‌ തുടക്കമിട്ടത്.   കേരളത്തിൽനിന്നുള്ള ഭക്ഷ്യോൽപ്പന്ന ബ്രാൻഡുകളിൽ ഏറ്റവും പേരെടുത്ത ബ്രാൻഡുകളിലൊന്നായി മാറിയ നിറപറ ജനിച്ചതും ഇവിടെനിന്നായിരുന്നു. 5, 10, 15, 25 കിലോ​ഗ്രാം ചാക്കുകളിൽ അരിയിറക്കി കുത്തിരിവിപണിയെ ഇദ്ദേഹം കൂടുതൽ ജനപ്രിയമാക്കുകയും ചെയ്തു.

കെ കെ കർണൻ

കെ കെ കർണൻ

വ്യാപാരത്തിന്റെ പല മുന്നേറ്റങ്ങൾക്ക് സാക്ഷിയായ പെരിയാറിന്റെ കരയിൽനിന്ന് "ബോധിനി' എന്ന മറ്റൊരു വിജയക്കുതിപ്പിന് തുടക്കമിട്ട് വിപണി പിടിക്കുകയാണിപ്പോൾ ആറുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവക്കരുത്തുള്ള ഈ സംരംഭകൻ. കാലടി ഒക്കൽ കേന്ദ്രമാക്കിയുള്ള കെ കെ കർണൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനി വ്യത്യസ്തമായ ഭക്ഷ്യോൽപ്പന്നങ്ങളുടെ വൻനിരയാണ് ബോധിനി ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നത്.

"ഉപഭോക്താക്കൾക്ക് എന്താണ് നൽകേണ്ടതെന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ച് ഏറ്റവും നല്ല അരിയും ഉഴുന്നും സാങ്കേതികവിദ്യയും ഉപയോ​ഗിച്ചാണ് ബോധിനി ഉൽപ്പന്നങ്ങൾ ഒരുക്കുന്നത്. കേരളീയർക്കുമാത്രമല്ല, കേരളത്തിന് പുറത്തുള്ളവർക്കുള്ള വിഭവങ്ങളുമുണ്ട്. എല്ലാ ഉൽപ്പന്നങ്ങൾക്കും സൂപ്പർ ക്വാളിറ്റിയാണ് ഞങ്ങൾ ഉറപ്പുതരുന്നത്'–- ബോധിനിയുടെ ഡയറക്ടർ കെ കെ കർണൻ പറഞ്ഞു.

പാലക്കാടൻ മട്ടയും മലബാർ പൊറോട്ടയും

അരി, വിവിധതരം അരി, ​ഗോതമ്പ്, റാ​ഗിപ്പൊടികൾ എന്നിവ കൂടാതെ അമ്പതിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളും കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. പാലക്കാട് വണ്ടൂരിലെ  ഫാക്ടറിയിലാണ് പൊടികൾ തയ്യാറാക്കുന്നത്. ഒക്കൽ യൂണിറ്റിൽനിന്ന്‌ ദേശ–- ഇഡ്ഡലി–- അപ്പം മാവുകൾ, ചപ്പാത്തി, പൂരി, മലബാർ പൊറോട്ട, ഇടിയപ്പം തുടങ്ങിയ റെഡി ടു കുക്ക്, റെഡി ടു ഈറ്റ് വിഭവങ്ങളും പുറത്തിറക്കുന്നു. ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ മേഖലകളിൽനിന്നുള്ള മികച്ച ഇനം അരിയും ​ഗോതമ്പുമാണ് ഉൽപ്പന്നങ്ങൾക്കായി സംഭരിക്കുന്നതെന്നും മനുഷ്യസ്പർശം പരമാവധി ഒഴിവാക്കി പൂർണമായും ഓട്ടോമാറ്റിക് യന്ത്രസംവിധാനത്തിലാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. 

അസംസ്കൃതവസ്തുക്കളുടെ സംഭരണംമുതൽ ഉൽപ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ പരിശോധനാസംവിധാനങ്ങളാണ് ഇവർ സജ്ജമാക്കിയിരിക്കുന്നത്. അരിയും ​ഗോതമ്പും മറ്റും കഴുകി വൃത്തിയാക്കാനുള്ള  വെള്ളംമുതൽ ഉൽപ്പന്നങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പാക്കറ്റുകൾവരെ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. വിഭവങ്ങൾ  വിപണിയിലേക്ക് വിടുന്നതിനുമുമ്പ് രുചിപരിശോധന നടത്തുന്നതിന് പ്രത്യേക വിഭാ​ഗവും ഒരുക്കിയിട്ടുണ്ട്.

കറിപ്പൊടിയും അച്ചാറും

ദോശ, -ഇഡ്ഡലി മാവുകൾക്ക് വളരെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ഉപഭോക്താക്കളിൽനിന്ന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ചപ്പാത്തി ഒരുലക്ഷത്തിലധികം ഇപ്പോൾ വിൽപ്പനയുണ്ട്–- കർണൻ പറഞ്ഞു. അടുത്തഘട്ടമായി മുളക്, മല്ലി, മഞ്ഞൾ, കശ്മീരി മുളകുപൊടി ഉൾപ്പെടെയുള്ള കറിപ്പൊടികളും അച്ചാറുകളും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.

നടപ്പ് സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ പുതിയ ഉൽപ്പന്നനിര പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ബോധിനി ബ്രാൻഡിൽ മുട്ട, പാൽ, തൈര് തുടങ്ങിയവയും ലഭ്യമാക്കുമെന്നും ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാനാണ് പദ്ധതിയെന്നും ഇദ്ദേഹം വ്യക്തമാക്കി.

മറുനാട്ടിലും മികച്ച വിപണി

എറണാകുളം ജില്ലയിലായിരുന്നു ബോധിനി വിപണനം തുടങ്ങിയത്. വൈകാതെ സമീപജില്ലകളിലേക്കും കടന്നു. കമ്പനിയുടെ സ്വന്തം വാഹനങ്ങളിൽ വിൽപ്പനക്കാരിലേക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ചെയ്യുന്നത്. ആഴ്ചയിൽ രണ്ടുദിവസം വാഹനം കടകളിൽ ചെന്ന് വിൽക്കാത്ത ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുകയും പുതിയത്‌ നൽകുകയും ചെയ്യുമെന്നും വിൽപ്പനസാധ്യത നോക്കിമാത്രമാണ് സപ്ലൈ ചെയ്യുന്നതെന്നും  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉൽപ്പന്നമെത്തിക്കാൻ വിതരണശൃംഖല ഉണ്ടാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ പിന്തുണയുടെ കരുത്തിൽ ബോധിനി ഉൽപ്പന്നങ്ങൾ ഇപ്പോൾ കേരളത്തിന് പുറത്തും ലഭ്യമാക്കുന്നുണ്ട്. മുംബൈയിലെയും ചെന്നൈയിലെയും ബംഗളൂരുവിലെയും സൂപ്പർമാർക്കറ്റുകളിലും ജനറൽ സ്റ്റോറുകളിലുമാണ് നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത തുടങ്ങി പുതിയ വിപണികളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ വിതരണക്കാരുമായും സൂപ്പർമാർക്കറ്റ് ശൃംഖലകളുമായും ചർച്ചകൾ നടക്കുകയാണെന്നും കർണൻ പറഞ്ഞു.

പുതിയ ഫാക്ടറിയും കയറ്റുമതിയും

മികച്ച ഉൽപ്പന്നം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി എല്ലാ വിഭാ​ഗം ഉപഭോക്താക്കളിലേക്കും  എത്തുന്നതിനൊപ്പം കുടുംബസംരംഭങ്ങൾ തുടങ്ങാൻ ആ​​ഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഇഡ്ഡലിയും ദോശയുമൊക്കെ ഉണ്ടാക്കി വിൽക്കാൻ അവസരമൊരുക്കി കൂടുതൽ വിപണി നേടാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

‘കടുത്തമത്സരമുള്ള വിപണിയാണ് ഭക്ഷ്യോൽപ്പന്നങ്ങളുടേത്. ​ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നേടാവുന്ന കച്ചവടം മതി എന്നതാണ് ഞങ്ങളുടെ നിലപാട്. ലാഭം മാത്രം പോരാ. ആഹാരസാധനമാണ്, മനുഷ്യരുടെ വിശ്വാസവും നേടാനാകണം, കഴിക്കുന്നവർക്ക് തൃപ്തി നൽകാനാകണം. അങ്ങനെയൊരു ബ്രാൻഡായി വളരുകയാണ് ഞങ്ങളുടെ ആ​ഗ്രഹം’–- കർണൻ പറയുന്നു.

ദിവസം 40–50 ടൺ അരിപ്പൊടിയും ഒരുലക്ഷം ചപ്പാത്തിയും പതിനായിരം പൊറോട്ടയും നാൽപ്പതിനായിരം ദോശയ്ക്കുള്ള മാവും ഉണ്ടാക്കാനുള്ള ശേഷി നിലവിലെ യൂണിറ്റുകൾക്കുണ്ട്. ഒക്കലിൽ മൂന്നാമത്തെ യൂണിറ്റ് ഉടൻ പ്രവർത്തനസജ്ജമാകും.- അടുത്ത സാമ്പത്തികവർഷത്തോടെ യൂറോപ്യൻ വിപണിയിലും എത്താനുള്ള തയ്യാറെടുപ്പിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top