20 April Saturday

ഓംബുഡ്സ്‌മാൻ ....ബാങ്കിനെ മെരുക്കും ഈ സൂപ്പര്‍മാന്‍

കമല കെ വിUpdated: Monday Jul 8, 2019

ഉപഭോക്താവാണ് രാജാവ് എന്നത്, പറഞ്ഞുപഴകിയ ഒരു പ്രസ്താവനയാണ്. വാക്കിൽ അത‌ങ്ങനെതന്നെയാണെങ്കിലും മികച്ച ഉൽപ്പന്നവും മാന്യമായ സേവനവും കിട്ടുന്ന കാര്യത്തിൽ ഉപഭോക്താവ് പൊതുവിൽ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നു എന്നതാണ് നേര്. ഉപഭോക്താവിന് മികച്ച സേവനം നൽകേണ്ട ബാങ്കുകളുടെ കാര്യത്തിലും പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. നൽകുന്ന സേവനത്തിന് ബാങ്കുകൾ പണം വാങ്ങുന്നുണ്ടെങ്കിലും പല ബാങ്കുകളും പലപ്പോഴും മതിയായ സേവനം ലഭ്യമാക്കാറില്ല. 

ഇത്തരം സാഹചര്യത്തിൽ, അതായത് ദൈനംദിന ഇടപാടുകളിൽ എടിഎമ്മിൽ പണമില്ലാതെ വന്നാൽ, കാർഡ് ഉപയോ​ഗിച്ച് പണമിടപാട് നടത്തുമ്പോൾ ഇടപാട് പൂർത്തിയാകാതിരിക്കുകയും അക്കൗണ്ടിൽനിന്ന് പണം പോകുകയും ചെയ്താൽ, മുൻകൂട്ടി അറിയിക്കാതെ വിവിധ ചാർജുകൾ ഈടാക്കിയാൽ, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാൽ പരാതിയുമായി ഓംബുഡ്സ്‌മാനെ സമീപിക്കാവുന്നതാണ്.

ആരാണ് ഓംബുഡ്സ്‌മാൻ

ബാങ്കിന്റെ വിവിധ സേവനങ്ങൾ സംബന്ധിച്ച് ഇടപാടുകാർക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ചിരിക്കുന്ന സീനിയർ ഓഫീസറാണ് ബാങ്കിങ് ഓംബുഡ്സ്‌മാൻ.
 ബാങ്കിന് പരാതി സമർപ്പിച്ചിട്ടുണ്ടെങ്കിൽമാത്രമേ ഓംബുഡ്സ‌്മാൻ പരാതി സ്വീകരിക്കുകയുള്ളൂ. അതിനാൽ ആദ്യം പരാതി ബാങ്കിന് നൽകുക. ബാങ്ക് ഒരുമാസത്തിനകം മറുപടി തന്നില്ലെങ്കിൽ, ബാങ്ക് നിങ്ങളുടെ പരാതി നിരസിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്കിന്റെ പരാതിപരിഹാര സംവിധാനത്തിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, പരാതി പരിഹരിക്കുന്നതിനായി  ബാങ്കിങ് ഓംബുഡ്സ്‌മാനെ സമീപിക്കാം.

എപ്പോൾ,  എവിടെ പരാതി നൽകും?

ബാങ്കിന്റെ മറുപടി ലഭിച്ച് (മറുപടി കിട്ടിയില്ലെങ്കിലും) ഒരുവർഷത്തിനുള്ളിൽ ഓംബുഡ്സ്‌മാന് പരാതി സമർപ്പിച്ചിരിക്കണം.
 ഏത് ഓംബുഡ്സ്‌മാന്റെ അധികാരപരിധിയിലാണോ നിങ്ങളുടെ ബാങ്ക് ശാഖ, അല്ലെങ്കിൽ ഓഫീസ് സ്ഥിതി ചെയ്യുന്നത് ആ ഓംബുഡ്സ്‌മാന് വേണം പരാതി സമർപ്പിക്കാൻ.

ഓംബുഡ്സ്‌മാന്റെഅധികാരപരിധി
കേരളം, ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിക്കുന്ന ഓംബുഡ്മാൻ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. വിവിധ പ്രദേശങ്ങൾക്കുള്ള ബാങ്കിങ് ഓംബുഡ്സ്‌മാനെക്കുറിച്ചുള്ള വിവരങ്ങൾ https://bankingombudsman.rbi.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കാർഡുമായി ബന്ധപ്പെട്ട പരാതികൾക്ക് നിങ്ങളുടെ ബില്ലിലെ വിലാസമായിരിക്കും ഓംബുഡ്സ്‌മാന്റെ അധികാരപരിധി ഏതെന്ന് നിശ്ചയിക്കുന്നത്.
എങ്ങനെ പരാതി സമർപ്പിക്കും?
 പരാതി സമർപ്പിക്കുന്നതിന് www.bankingombudsman.rbi.org.in എന്ന വെബ്സൈറ്റിൽനിന്ന‌് ഡൗൺലോഡ് ചെയ്തെടുക്കുന്ന ഫോറം ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഓൺലൈനിലും കടലാസിൽ കൈകൊണ്ട് എഴുതിയും പരാതി നൽകാവുന്നതാണ്. നിങ്ങളുടെ പരാതിക്ക് പിന്തുണ നൽകുന്ന രേഖകളുടെ പകർപ്പുകൾ പരാതിക്കൊപ്പം സമർപ്പിക്കണം.
 
 തികച്ചും സൗജന്യം
പരാതി സ്വീകരിക്കുന്നതിനോ പ്രശ്നപരിഹാരത്തിനോ ഓംബുഡ്സ്‌മാൻ ഒരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. 

ഏതെല്ലാം ബാങ്കുകൾക്ക് ബാധകമാണ്?

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളെക്കുറിച്ചും റീജണൽ റൂറൽ ബാങ്കുകൾ, ഷെഡ്യൂൾഡ് പ്രൈമറി കോ–-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയെക്കുറിച്ചുമുള്ള പരാതികൾ ഓംബുഡ്സ്‌മാന് നൽകാവുന്നതാണ്.

നിങ്ങളുടെ പരാതിക്ക് എന്ത് സംഭവിക്കും?
ഓംബുഡ്സ്‌മാൻ  നിയമാനുസൃതമായ ഒരു തീർപ്പുണ്ടാക്കാൻ ശ്രമിക്കും. അന്യോന്യം അം​ഗീകരിക്കുന്ന ഒരു തീർപ്പ് സാധ്യമായില്ലെങ്കിൽ, ലഭ്യമാക്കിയിട്ടുള്ള രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഓംബുഡ്സ്‌മാൻ ഒരു തീർപ്പ് പ്രഖ്യാപിക്കും.

ഓംബുഡ്സ്‌മാനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ

ഓംബുഡ്സ്‌മാന്റെ തീർപ്പിൽ തൃപ്തിയില്ലെങ്കിൽ അപ്പലേറ്റ് അതോറിറ്റിക്കുമുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ​ഗവർണറാണ് അപ്പലേറ്റ് അതോറിറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top