26 April Friday

വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷി പരീക്ഷിക്കുന്ന വയനാട് മാതൃക വന്‍പ്രതീക്ഷയെന്ന് സി ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

അസറ്റ് ഹോംസ് സംഘടിപ്പിച്ച ബീയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയില്‍ പ്രമുഖ വ്യവസായിയായ സി ബാലഗോപാല്‍ പ്രഭാഷണം നടത്തുന്നു

കൊച്ചി> നഗരവല്‍ക്കരണം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും റ്റെറുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയില്‍ പരിസ്ഥിതദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ കൃഷിയിലേയ്ക്കു കൊണ്ടുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങളും പ്രതിവിധികളേക്കാള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഒരേ സമയം ആദായം ലഭിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരല്ലാത്തതുമായ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ തീര്‍ത്തും നൂതനമായ ആശയങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഈ പശ്ചാത്തലത്തിലാണ് താന്‍ ഭാഗമായ അനഹ ട്രസ്റ്റിന്റെ പ്രോത്സാഹനത്തോടെ വയനാട്ടിലെ വീടുകള്‍ കേന്ദ്രീകരിച്ച് കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരെ (ഹോംസ്‌റ്റെഡ് ഫാമിംഗ്) പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹോംസ്‌റ്റെഡ് കൃഷി വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കാര്‍ബണ്‍-ന്യുട്രലാണെന്നതിനാല്‍ അവയ്ക്ക് ലോകമെങ്ങും ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. ചെറിയ അളവുകളിലാണെങ്കിലും ഒന്നിലധികം കാര്‍ഷികവിഭവങ്ങള്‍ വിളയിച്ചെടുക്കുന്നതിലൂടെ ഇത്തരം ഹോംസ്‌റ്റെഡ് കര്‍ഷകര്‍ക്ക് സാമ്പത്തികമായി നിലനില്‍ക്കാനാവും. ഹോംസ്‌റ്റെഡ് ഫാമിംഗില്‍ ഭൂരിപക്ഷവും കാര്‍ഷികജോലികള്‍ക്കായി കുടുംബാംഗങ്ങളെ മാത്രം ആശ്രയിക്കുന്നവയാണ്. വന്‍തോതിലുള്ള ഒറ്റവിള കൃഷികളില്‍ ഉപയോഗിക്കുന്ന കൃത്രിമ വളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗവും ഇവിടെയില്ല. വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതമായ ഈ കോറോണാക്കാലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷിയുടെ സാധ്യതകള്‍ കൂടുതല്‍ ആരായേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി.യും പ്രസംഗിച്ചു. ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top