29 March Friday

കേരളത്തിലെ ആദ്യ മാധ്യമ സ്റ്റാര്‍ട്പ്പ് ആക്സിലറേറ്റര്‍ പദ്ധതിയായ എംഎസ്എപിയിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

തിരുവനന്തപുരം > കേരളത്തിലെ ആദ്യ മാധ്യമ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പദ്ധതിയായ എംഎസ്എപിയില്‍(Media Startup Accelerator Programme -MSAP) പങ്കെടുക്കുന്നതിനായി മാധ്യമവിദ്യാര്‍ഥികളില്‍നിന്നും മാധ്യമപ്രവര്‍ത്തകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയുടെ ആദ്യ ബാച്ചിലൂടെ അഞ്ച് മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സ്ഥാപന-തുടര്‍പ്രവര്‍ത്തന സഹായം നല്‍കുക.

ആദ്യഘട്ടമായി,തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മേഖലകളില്‍  നിന്ന് ഏതെങ്കിലും ഒന്നിനെ സംബന്ധിച്ചു തയ്യാറാക്കിയ രണ്ടുമിനിറ്റ് വീഡിയോ ടീമുകള്‍ക്ക് എംഎസ്എപി ഔദ്യോഗിക ഫേയ്സ്ബുക്ക്പേജിലൂടെ(www.facebook.com/MediaStartupAcceleratorProgramme/) സമര്‍പ്പിക്കാം.

സര്‍ക്കാര്‍ നയങ്ങള്‍ പ്രചരിപ്പിക്കുകയും അതുവഴി അവയുടെ ഗുണഭോക്താക്കളില്‍ എത്തിക്കുകയും ചെയ്യുന്നതാണ് ഒരു മേഖല. ലിംഗവിവേചനം, ഗാര്‍ഹിക-തൊഴിലിട പീഡനം, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുകയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളെ സംയോജിപ്പിക്കുകയും ചെയ്യുന്ന വീഡിയോകള്‍ തയ്യാറാക്കലാണ് മറ്റൊരു മേഖല. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെയും ജനപ്രതിനിധികളേയും അവരുടെ പ്രവര്‍ത്തനത്തിന്‍റെയും വസ്തുതാവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതാണ് മൂന്നാമത്തെ മേഖല. വിവിധ മാധ്യമങ്ങളിലും പരസ്യങ്ങളിലും സ്ത്രീകളെ ചിത്രീകരിക്കുന്ന വിധവും ഇത് സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പഠിക്കുന്ന വീഡിയോകളാണ് മറ്റൊരു മേഖല. അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ കേരളത്തിലുടനീളമായി ക്രൗഡ്‌സോഴ്‌സ്‌ ചെയ്തു ശേഖരിക്കുകയും വസ്തുതാപഠനവും തുടര്‍നടപടികളും നടത്തുകയും ചെയ്യുന്നതാണ് അവസാന മേഖല.

ഓരോ മേഖലയിലേയും വിജയികള്‍ക്ക് 5,000 രൂപ സമ്മാനവും, മൂന്നുമാസത്തെ ആക്സിലറേറ്റര്‍ പദ്ധതിയിലേക്ക് പ്രവേശനവും ലഭിക്കും. എംഎസ്എപി പദ്ധതി ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്ന ടീമിന് തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കുന്നതിനായി ഒരുലക്ഷം രൂപ ക്യാഷ് പ്രൈസ് ലഭിക്കും.

പ്രമുഖ ഫിലിംമേക്കര്‍ ഫൗസിയ ഫാത്തിമ, സാങ്കേതികവിദ്യാപ്രചാരണ പ്രവര്‍ത്തകന്‍ വി.കെ. ആദര്‍ശ്, ക്യാറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിഈഒ അമര്‍നാഥ് ശങ്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യൂ, ബ്ലോഗര്‍ സുജിത് ഭക്തന്‍ തുടങ്ങിയവരാണ് പദ്ധതിയുടെ മെന്റര്‍മാര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top