28 March Thursday

പാളത്തൊപ്പി മുതൽ ബാഗ‌് വരെ; ആദിവാസി ഉൽപ്പന്നങ്ങൾ ആമസോണിൽ

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday May 13, 2019

തിരുവനന്തപുരം > മുളയിൽ തീർത്ത പുട്ടുകുറ്റി വേണോ, അതുമല്ലെങ്കിൽ പാളത്തൊപ്പി, കുട്ടികൾക്ക‌് നല്ല കിടിലൻ ബാഗ‌്, ഒറ്റ ക്ലിക്കിൽ ആവശ്യപ്പെടുന്ന സാധനങ്ങൾ വീട്ടിൽ എത്തിക്കും സംസ്ഥാനത്തെ ആദിവാസി സംരംഭകർ. പരമ്പരാഗത അറിവിനൊപ്പം  സ്വന്തം കഴിവും ഒത്തിണക്കി അവർ തീർത്ത ഈടുറ്റ ഉൽപന്നങ്ങൾ ആമസോൺ ഓൺലൈൻ സൈറ്റിൽ വിൽപനയ‌്ക്കെത്തി.

പട്ടികജാതി, വർഗ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ‌് സർക്കാരിന്റെ ഇടപെടൽ. പുട്ടുകുറ്റിയും പാളത്തൊപ്പിയും മാത്രമല്ല  ബെഡ‌് ലാമ്പ‌്, കൂജ, വാട്ടർ ബോട്ടിൽ, വിശറി, കുട്ട, ലൈറ്റ‌് ഹോൾഡർ,  ബാഗുകൾ എന്നിങ്ങനെ നീളുന്നു പട്ടികജാതി, വർഗ സംരംഭകരുടെ ആമസോൺ കച്ചവടവസ‌്തുക്കളുടെ ലിസ‌്റ്റ‌്.  മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികൾ എന്നിവ ഉപയോഗിച്ചാണ‌് മിക്കതും നിർമിച്ചിരിക്കുന്നത‌്. മനോഹരമായ ചിത്രങ്ങൾ, കരകൗശല വസ‌്തുക്കൾ സംരംഭകരുടെ പ്രതിഭയുടെ സാക്ഷ്യംകൂടിയാണ‌്‌.

‘ഗദ്ദിക’ എന്ന ബ്രാൻഡ‌ിലാണ‌് ഉൽപന്നങ്ങൾ ആമസോണിലുള്ളത‌്. വിലസഹിതമുള്ള വിവരങ്ങൾ ലഭ്യമാകും. നിലവിൽ 50ലധികം ഉൽപന്നങ്ങൾ ആമസോണിലുണ്ട‌്. 200 ഉൽപന്നങ്ങൾ എത്തിക്കുകയാണ‌് ലക്ഷ്യം. വയനാടൻ മഞ്ഞൾ, കുരുമുളക് തുടങ്ങിയവയും ഉടൻ ആമസോൺ വഴി വിറ്റഴിക്കും. ഇതിനായി ഭക്ഷ്യസുരക്ഷ ലൈസൻസ‌് അനുമതി കാക്കുകയാണ‌്.
പട്ടികവർഗ, പട്ടികജാതി സംരംഭകർക്ക‌് വിപണി കണ്ടെത്താനും മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണ‌് ആമസോൺ വഴിയുള്ള വിൽപന. സർക്കാർ സംഘടിപ്പിക്കുന്ന ഗദ്ദികമേളയിൽ ഇവരുടെ ഉൽപന്നങ്ങൾക്ക‌് ആവശ്യക്കാർ ഏറെയാണ‌്. എന്നാൽ, പാക്കിങ്ങിൽ ഉൾപ്പെടെയുള്ള പോരായ‌്മകൾ വിപണി പിടിക്കുന്നതിന‌് പ്രയാസം സൃഷ്ടിച്ചിരുന്നു.  ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന‌് സർക്കാർ തലത്തിൽ സംരംഭകരുടെ യോഗം വിളിച്ച‌് പ്രശ‌്നങ്ങൾ നേരിട്ട‌് മനസ്സിലാക്കി. തുടർന്നാണ‌് ഉൽപന്നങ്ങൾ ബ്രാൻഡ‌് ചെയ‌്ത‌് ഓൺലൈൻ പ്ലാറ്റ‌്ഫോമും സാധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top