20 April Saturday

അഗാപ്പെ ഡയഗ്‌നോസ്റ്റിക്ക്‌സ് കേരളത്തിൽ ക്യാൻസർ നിർണയ ഉപകരണം നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

കൊച്ചി> രോഗനിർണയ ലാബ് ഉപകരണങ്ങളുടെ നിർമാണത്തിൽ ഇന്ത്യയിലെ മുൻനിരക്കാരായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ക്യാൻസർ രോഗം കണ്ടെത്തുന്നതിനുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങൾ കേരളത്തിൽ നിർമിക്കും. എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് അഗാപ്പെ സഥാപിച്ചിട്ടുള്ള ലോകോത്തര ലാബ് ഉപകരണ നിർമാണ യൂണിറ്റിലാണ്  നിർമാണം നടക്കുക.  ഇതിനായി അഗാപ്പെ   അന്താരാഷ്ട്ര ജാപ്പനീസ് ലാബ് സാങ്കേതികവിദ്യാ വിദഗ്ധരായ ടെയോബോയുമായി സാങ്കേതികവിദ്യാ കൈമാറ്റത്തിന് ധാരണാപത്രം ഒപ്പുവെച്ചു.

ഈ സംരംഭം കൃത്യമായ കാൻസർ രോഗ നിർണയവും മേന്മയേറിയ പരിശോധനാ രീതികളും ഉറപ്പു വരുത്തുന്ന പൂർണ്ണ യന്ത്രവൽകൃത സംവിധാനങ്ങളിലേക്കുള്ള ഇന്ത്യൻ ലാബുകളുടെ മാറ്റത്തിന് തുടക്കം കുറിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. പുതിയ ഉപകരണത്തിന്റെ സഹായത്താൽ രോഗനിർണയത്തിനുള്ള ചിലവ് മൂന്നിലൊന്നായി കുറക്കാൻ കഴിയുമെന്ന്  കമ്പനി അവകാശപ്പെടുന്നു. പ്രതിമാസം 1000 യന്ത്രം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവരുടെ നിർമാണ യൂണിറ്റ്.

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ അതിനൂതന രോഗനിർണയ സംവിധാനങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തിക്കാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്.  ഒന്നരവർഷം കൊണ്ട് യന്ത്ര നിർമാണ യൂണിറ്റ് ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാബ് ഉപകരണങ്ങളുടെ ഉത്പാദന വികസന രംഗത്ത് രണ്ടു ദശാബ്ദക്കാലമായി അഗാപ്പെ പ്രവർത്തിക്കുന്നുണ്ട്.  പട്ടിമറ്റത്തുള്ള നിർമാണ യൂണിറ്റിന് പുറമെ സ്വിസ്സർലാന്റിലും മുവാറ്റുപുഴ നെല്ലാട് കിൻഫ്രയിലും അഗാപ്പെക്ക് ഗവേഷണ നിർമാണ യൂണിറ്റുകളുണ്ട്.

അഗാപ്പെയുടെ ഉൽപന്നങ്ങൾ ലോകത്ത് 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.  കൊച്ചി അവന്യൂ റീജിയന്റിൽ നടന്ന ചടങ്ങിൽ പുതിയ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ടൊയോബൊ ഗ്രൂപ്പ് മാനേജർ ഡോ. മോട്ടോകി കിയോ വിശദീകരിച്ചു. ടൊയോബൊ ഗ്രൂപ്പ് , ടെക്‌നിക്കൽ സർവീസ് മാനേജർ മസാക്കി കവാനാമി, ഓവർസീസ് മാനേജർ കോയി ഓഢ, അഗാപ്പെ  ടെക്‌നിക്കൽ ഡയറക്ടർ ഡോ. ഡി എം വാസുദേവൻ,  ഡയറക്ടർ ഡോ. മീന തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top