20 April Saturday

ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പിനു കളമൊരുങ്ങുന്നുവോ?

വിമൽ കൃഷ്ണൻ വി ആർUpdated: Sunday Sep 20, 2020
വിമൽ കൃഷ്ണൻ വി ആർ

വിമൽ കൃഷ്ണൻ വി ആർ

കഴിഞ്ഞ കാലങ്ങളിൽ ആടു തട്ടിപ്പ്, മാഞ്ചിയം തട്ടിപ്പ്, ടോട്ടൽ ഫോർ യു, മണി ചെയിൻ തുടങ്ങിയ തട്ടിപ്പുകൾ നമ്മൾ മലയാളികൾ കണ്ടതാണ്. ക്രിപ്റ്റോ കറൻസിയുടെ  പേരിൽ മറ്റൊരു തട്ടിപ്പിനുകൂടി കളമൊരുങ്ങുന്നതായി
വിമൽ കൃഷ്ണൻ വി ആർ എഴുതുന്നു.

ക്രിപ്റ്റോ കറൻസിയുടെ  പേരിൽ പുതിയൊരു തട്ടിപ്പിനു കൂടി കേരളം സാക്ഷിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
ക്രിപ്റ്റോ കറൻസി എന്ന് അവകാശപ്പെട്ട് കൊണ്ട്  പഴയ മണി ചെയിൻ മോഡലിൽ ആളെ ചേർത്ത് റെഫറൽ കമ്മീഷൻ നേടുന്ന പരിപാടിയുമായാണ്  ഇത്തവണ ചിലർ രംഗത്ത് വന്നിരിക്കുന്നത്.
 
ഇത്തരത്തിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു   കമ്പനി തങ്ങളുടേത്   ക്രിപ്റ്റോ കറൻസിയാണെന്ന് അവകാശപ്പെടുന്നുണ്ട്.   എന്നാൽ കമ്പനിയുടെ വെബ് സൈറ്റിൽ  പ്രസ്തുത കോയിനെ / ക്രിപ്റ്റോകറൻസിയെ പറ്റി യാതൊരു വിവരവും നൽകിയിട്ടില്ല. തങ്ങൾ ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ് ഫോം എന്ന് മാത്രമാണ്  വെബ് സൈറ്റിൽ കമ്പനി അവകാശപ്പെടുന്നത്. ഇത്രയും വലിയൊരു പ്രോജക്ടിനെ പറ്റി  എന്ത് കൊണ്ട് കമ്പനി അവരുടെ വെബ് സൈറ്റിൽ പറയുന്നില്ല എന്ന സംശയം നിലനിൽക്കുന്നു.
 
തങ്ങളുടെ കോയിൻ ഉടൻ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമെന്നും, കമ്പനി ഉപഭോക്താക്കൾക്കായി ATM കാർഡ് പുറത്തിറക്കുമെന്ന  അവകാശവാദങ്ങളുമുണ്ട്.
 
അമേരിക്കയിലുള്ള ഏതോ ഒരു എക്സ്ചേഞ്ചിൽ തങ്ങളുടെ ക്രിപ്റ്റോ കോയിൻ ലിസ്റ്റ് ചെയ്തതായി കമ്പിനി അവകാശപ്പെട്ടിട്ടുണ്ട്. ഒരു എക്സ്ചേഞ്ചിൽ ട്രേഡിംഗ് ചെയ്യാനുള്ള അനുമതിയാണ് ലിസ്റ്റിംഗ് എന്ന് നമുക്കറിയാം. എന്നാൽ പ്രസ്തുത കോയിന്റെ ഉപഭോക്താക്കൾക്കൊന്നും ഇതുവരെ ആ ട്രേഡിംഗ് സൗകര്യം ലഭിച്ചതായും കാണുന്നില്ല.
 
ക്രിപ്റ്റോ കറൻസികൾ ലിസ്റ്റ് ചെയ്യുന്നത് ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലാണ്. ക്രിപ്റ്റോ കറൻസി ഇറക്കുന്ന സ്ഥാപനത്തി സ്ഥിരത, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ, നിയമ വശം,  കോയിൻ്റെ ഡിമാൻഡ് എന്നിവയാണ് കോയിൻ ലിസ്റ്റ് ചെയ്യാൻ പരിഗണിക്കുന്നത്.
 
മാത്രമല്ല ലിസ്റ്റ് ചെയ്യുന്ന ക്രിപ്റ്റോ കറൻസിക്കു ഒരു ടിക്കർ സിംബൽ (Ticker Symbol) ലഭിക്കും. ഉദാഹരണത്തിന് BTC എന്നത് Bitcoin ൻ്റെ സിംബലാണ്. എന്നാൽ ലിസ്റ്റ് ചെയ്യതു എന്നവകാശപ്പെടുന്ന കമ്പനിയുടെ കറൻസിക്ക് അങ്ങനെയൊരു സിംബൽ കാണുന്നില്ല.
 
ബ്ലോക്ക് ചെയിൻ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്ന സ്ഥാപനം അനേകം തീരെ ചെറിയ  സാങ്കേതിക തകരാറുകൾ നേരിടുന്നതായി അവരുടെ ഫെ‌യ്‌സ് ബുക്കിലെ പരാതികൾ ശ്രദ്ധിച്ചാൽ മനസിലാവും.  പലരും ദിനവും തങ്ങൾക്ക് ലഭിക്കേണ്ട വിഹിതം ലഭിച്ചില്ല എന്ന പരാതിയും കമ്പനിയുടെ ഫെയ്‌‌സ് ബുക്ക് പേജിൽ ഉന്നയിച്ചിട്ടുണ്ട്.
 
ഒന്നിന് 1500 രൂപ വിലവരുന്ന തങ്ങളുടെ കോയിനുകൾ വാങ്ങിയാൽ,  നിക്ഷേപിക്കുന്ന തുകയുടെ  0.5% മുതൽ 2% വരെ തുക ദിവസവും ഉപഭോക്താവിന് ലഭിക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്.  മണി ചെയിൻ മാതൃകയിൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് പുതിയതായി ആളുകളെ ചേർക്കുന്നതിന് റെഫറൽ കമ്മീഷനും  കമ്പിനി വാഗ്ദാനം ചെയ്യുന്നു.
 
 2022-ൽ കോയിൻ ഷെയർ മാർക്കറ്റിൽ  ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് അന്നത്തെ കോയിന്റെ വില ഉപഭോക്താക്കൾക്കു നൽകുമെന്നാണ് സ്ഥാപനത്തിൻ്റെ മറ്റൊരു അവകാശവാദം.
 
IPO (Initial Public Offer) പോലെ പ്രസ്തുത സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായി മൂലധനം കണ്ടെത്താനുള്ള ICO (initial Coin Offer) മാത്രമാണിതെന്ന് കമ്പിനി അവരുടെ വെബ് സൈറ്റിൽ പറയുന്നു. അതായത്  ഉപഭോക്താക്കൾ മുടക്കുന്ന പണത്തിന് പകരം  ക്രിപ്റ്റോ കറൻസി ടോക്കണോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഷെയറോ നൽകുമെന്നാണ്  വെബ് സൈറ്റിൽ പറയുന്നത്. എന്നാൽ ഉപഭോക്താക്കൾ പലരും വിശ്വസിക്കുന്നത് മറ്റു ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് പോലെ  തങ്ങൾ  പണം മുടക്കി  പ്രസ്തുത കമ്പിനിയുടെ ക്രിപ്റ്റോ കറൻസി വാങ്ങിയെന്നാണ്. ഈ വസ്തുതകൾ  വലിയൊരു നിക്ഷേപ തട്ടിപ്പിന്റെ സൂചനകളാണ് നൽകുന്നത്.
 
കഴിഞ്ഞ കാലങ്ങളിൽ ആടു തട്ടിപ്പ്, മാഞ്ചിയം തട്ടിപ്പ്, ടോട്ടൽ ഫോർ യു, മണി ചെയിൻ തുടങ്ങിയ തട്ടിപ്പുകൾ നമ്മൾ മലയാളികൾ കണ്ടതാണ്. ഇത്തരത്തിൽ നിരന്തരം തട്ടിപ്പുകൾക്കു ഇരകളായിട്ടും അതിൽ നിന്നൊരു പാഠവും നമ്മൾ പഠിക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ.  ഒരു സർക്കാർ സംവിധാനത്തിന്റെയും നിയന്ത്രണത്തിലല്ല ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന ബോധ്യമാണ് നമുക്കാദ്യം വേണ്ടത്. പൂർണ്ണ ബോധ്യമല്ലാത്ത ഒരു നിക്ഷേപത്തിലും കാശു നിക്ഷേപിക്കാതെ ഇരിക്കുവാൻ നിക്ഷേപകർ തയ്യാറാവണം. നിക്ഷേപം നടത്തുന്നതിന് മുൻപ് പ്രസ്തുത നിക്ഷേപ പദ്ധതിയെ പറ്റി ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കാൻ ശ്രമിക്കണം.

ഇത്തരം നിക്ഷേപങ്ങളിൽ തല വച്ച് വഞ്ചിക്കപ്പെടാതിരിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top