27 April Saturday

VIDEO ‐ ജാതിയും മതവും നോക്കി വോട്ട്‌ ചെയ്യരുത്‌; "പാത്ത്‌ വോട്ട്‌ പോടുങ്കേ''‐ വിജയ്‌ സേതുപതി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കൊച്ചി > വോട്ട് അവകാശം വിനിയോഗിക്കുന്നത് ചിന്തിച്ചായിരിക്കണമെന്ന ആഹ്വാനവുമായി നടന്‍ വിജയ് സേതുപതി. ഒരു ചടങ്ങില്‍ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു വിജയ് സേതുപതി തന്റെ ജനാധിപത്യ നിലപാട് പങ്കുവച്ചത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് നോക്കിയും ചിന്തിച്ചുമായിരിക്കണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സംസ്ഥാനത്ത് ഒരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം എന്നു പറഞ്ഞു വരുന്നവര്‍ക്കൊപ്പം ചേരണം, അതല്ലാതെ, നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്നു പറഞ്ഞവരുന്നവരോടൊപ്പം ചേരാതിരിക്കുക. അങ്ങനെ പറയുന്നവര്‍ എല്ലാം ചെയ്തിട്ട് അവരുടെ വീട്ടില്‍ പോയി പൊലീസിന്റെ കാവലില്‍ സുഖമായിട്ടിരിക്കും, അകപ്പെട്ടു പോകുന്നത് നമ്മളായിരിക്കും. ദയവ് ചെയ്ത് ഇക്കാര്യം ഓര്‍ത്തിരിക്കുക; എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകള്‍.

സംഘരിവാര്‍ രാഷ്ട്രീയത്തിനെതിരേ പരസ്യമായി തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ള നടനാണ് വിജയ് സേതുപതി. മെര്‍സല്‍ സിനിമയുടെ പേരില്‍ നടന്‍ വിജയ്‌ക്കെതിരെ ബിജെപി-സംഘപരിവാര്‍ ആക്രമണം ഉണ്ടായപ്പോള്‍ അതിനെതിരേയുള്ള പ്രതിഷേധം ശക്തമായി തന്നെ സേതുപതി അറിയിച്ചിട്ടുണ്ട്. ഇതല്ല ജനാധിപത്യമെന്നും ഈ കയ്യേറ്റങ്ങളെ പ്രതിരോധിക്കുമെന്നായിരുന്നു വിജയ് സേതുപതി പറഞ്ഞത്. ശബരിമല യുവതി പ്രവേശനത്തെയും സ്വാഗതം ചെയ്ത് നടനാണ് വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. അത്തരമൊരു വിഷയത്തില്‍ എന്തിനാണ് ബഹളങ്ങള്‍. ഭൂമി അമ്മയാണ്. അതില്‍ നിന്ന് ഒരുപിടി മണ്ണെടുത്താണ് ദൈവങ്ങളുടെ പ്രതിമ ഉണ്ടാക്കുന്നത്. എന്നാല്‍ അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ ഇപ്പോള്‍ സംഭവിച്ചത്. പുരുഷന്‍മാര്‍ക്ക് എല്ലാം എളുപ്പമാണ് തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് എല്ലാമാസവും ഒരു വേദന സഹിക്കേണ്ടതുണ്ട്. അതെന്തിനുള്ള വേദനയാണെന്ന് നമുക്കറിയാം. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ?ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. പിന്നെങ്ങനെ അവര്‍ അശുദ്ധരാകുമെന്നുമായിരുന്നു മക്കള്‍ സെല്‍വന്‍ ചോദിച്ചത്. ഇതിന്റെ പേരില്‍ കേരളത്തില്‍ നിന്നും വിജയ് സേതുപതിക്കെതിരേ സംഘപരിവാര്‍-ബിജെപി അനുകൂലികള്‍ രംഗത്തു വന്നിരുന്നു.

ജാതി വിവേചനത്തിനെതിരേ എപ്പോഴും പ്രതകരിക്കുന്നൊരു ചലച്ചിത്ര നടന്‍ കൂടിയാണ് വിജയ് സേതുപതി. ജാതി, മതം അത്തരം വാലുകള്‍ ഇന്നും പോയിട്ടില്ല. എല്ലായിടത്തുമുണ്ട് പലവിധത്തില്‍. കേരളത്തില്‍ നിന്നു പോലും തനിക്കത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പോയപ്പോഴുണ്ടായൊരു അനുഭവമായിരുന്നു അതിന് ആധാരമാക്കിയത്. ക്ഷേത്ത്രില്‍ എത്തിയ വിജയ് സേതുപതിക്ക് പ്രസാദം കൈയിലേക്ക് എറിഞ്ഞു നല്‍കുകയാണുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top