25 April Thursday

VIDEO - പഴയതൊക്കെ ഞാൻ പറയണോ. ഒന്നും മറന്നുപോയിട്ടില്ല'; തനിക്കെതിരെ വന്ന വാർത്തകളെക്കുറിച്ച് പിണറായി

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020

തിരുവനന്തപുരം > കുടുംബാംഗങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കും തന്റെ കുടുംബത്തിനുമെതിരെ മുൻപ് വന്ന വാർത്തകൾ ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തന്റെ ഭാര്യയുടെ പേരിൽ കമല ഇന്റർനാഷണൽ എന്ന സ്ഥാപനം വിദേശത്ത് ഉണ്ട് എന്നൊരു പ്രചരണം നടന്നിരുന്നു. തന്റെ വീട് രമ്യഹർമ്യം ആണെന്ന മട്ടിൽ ഒരു ചിത്രവും ചിലർ പ്രചരിപ്പിച്ചു. മകൾ കോയമ്പത്തൂരിൽ പഠിക്കാൻ പോയതിനെക്കുറിച്ച് വാർത്തയായിരുന്നു. പക്ഷേ, ജോലി കിട്ടിയതിനെക്കുറിച്ച് വാർത്തവന്നില്ല. ജോലി കിട്ടിയത് ഒറാങ്കിളിൽ ആയതിനാൽ പിണറായി വിജയന്റെ സ്വാധീനം കൊണ്ടാണ് എന്ന് പറയാനാകാത്തതിനാലാകും അത് വാർത്തയാകാതിരുന്നത്. പിന്നീട് മകന്റെ പഠനത്തെക്കുറിച്ചും വാർത്തകൾ വന്നു. ഇങ്ങനെ എന്തെല്ലാം വാർത്തകളായിരുന്നു.

ലാവ്‌ലിൻ എന്താണ് നടന്നതെന്ന് ഇപ്പോൾ ആരോപിക്കുന്നവർ പറയണം. ലാവ്‌ലിനിൽ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത് യുഡിഎഫ് സർക്കാർ ചുമതലപ്പെടുത്തിയ വിജിലൻസാണ്. അതിനുശേഷമണ് മന്ത്രിസഭയിൽ കൊണ്ടുപോയിട്ട് അന്വേഷിക്കാൻ സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കള്ളത്തെളിവുകൾ ഉണ്ടാക്കാനും ശ്രമം നടന്നു. കോടതിയുടെ വിശദമായ പരിശോധന അതിനെ തുടർന്ന് നടന്നു. ആ പരിശോധനയിലാണ് ഇങ്ങനെയൊരു കേസ് പോലും നിലനിൽക്കില്ല എന്ന് തീരുമാനിക്കപ്പെട്ടത്.

ഒന്നും മറന്നുപോയതുകൊണ്ടല്ല. അതൊക്കെ തന്നെ വേട്ടയാടുന്നതായിരുന്നില്ല. പക്ഷേ, അത്തരം ഘട്ടങ്ങളൊക്കെ നേരിടുമ്പോഴും സ്വീകരിച്ച നിലപാടുണ്ട്. അത് ഈ സമൂഹത്തിനുമറിയാം. അന്വേഷണാത്മക പത്രപ്രവർത്തകരെന്ന നിലയിൽ ഈ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാനും തെളിവുകൾ കൊണ്ടുവരാനും മാത്രമേ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളൂ. - മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top