26 April Friday

VIDEO - സിനിമാ ഷൂട്ടിങ്ങിനെന്ന പേരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് കൊണ്ടുപോയി; തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ചേര്‍ത്തല > സിനിമ ഷൂട്ടിങ്ങിനെന്ന വ്യാജേന ചാലക്കുടിയില്‍ കൊണ്ടുപോയി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയവര്‍ ചതി മനസിലായതോടെ മടങ്ങി. ബിജെപി നേതാക്കളുമായി ഏറെനേരം തര്‍ക്കിച്ചതോടെ 500 രൂപവീതം നല്‍കിയാണ് മടക്കി അയച്ചത്. ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ 25ല്‍പ്പരം സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം ചതിയില്‍പ്പെട്ടത്. ഷൂട്ടിങ്ങിന് എക്‌സട്രാ ആര്‍ടിസ്റ്റുകളായി പോകാറുള്ള സ്ത്രീകളെയാണ് അരൂര്‍ സ്വദേശിനിയും ഇടനിലക്കാരിയുമായ മഹേശ്വരി കഴിഞ്ഞദിവസം കൊണ്ടുപോയത്.

എറണാകുളത്ത് ഷൂട്ടിങ്ങിനെന്നപേരിലാണ് വിളിപ്പിച്ചത്. അരൂരില്‍നിന്ന് പ്രത്യേക വാഹനത്തില്‍ ചാലക്കുടിയിലേക്കാണ് കൊണ്ടുപോയതെന്ന് തൈക്കാട്ടുശേരി 14-ാം വാര്‍ഡ് പുന്നംപൂഴി ലക്ഷംവീട് കോളനിയിലെ സരസ്വതി പറഞ്ഞു. അവിടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിച്ച് പ്രഭാതഭക്ഷണം നല്‍കിയശേഷം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നോട്ടീസും ഉഷ്ണിക്കുമ്പോള്‍ വീശുന്നതിന് മോഡിയുടെയും സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെയും ചിത്രം ആലേഖനംചെയ്ത വിശറിയുംനല്‍കി.

പല ബാച്ചുകളായി വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിക്കാനാണ് നിര്‍ദേശിച്ചത്. ഏതാനും വീടുകള്‍ കയറിയശേഷം കൂടിയാലോചിച്ച് പിന്‍വാങ്ങി. പക്ഷെ, ഉച്ചഭക്ഷണം നല്‍കാന്‍ പോലും എന്‍ഡിഎക്കാര്‍ തയ്യാറായില്ല. വൈകുന്നേരമായപ്പോള്‍ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാന്‍ തുടങ്ങി. പൊലീസില്‍ അറിയിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് 500 രൂപവീതം നല്‍കിയതെന്ന് അവര്‍ പറഞ്ഞു. എറണാകുളം പള്ളുരുത്തിയില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളായ 60 കുട്ടികളെയും ഷൂട്ടിങ്ങിനെന്നപേരില്‍ എത്തിച്ചിരുന്നു. ചതി മനസിലാക്കി അവരും പിന്‍വാങ്ങി. 300 രൂപ പ്രകാരമാണ് അവര്‍ക്ക് നല്‍കിയതെന്ന് സരസ്വതി പറഞ്ഞു.

150ല്‍പ്പരം പേരെയാണ് ചാലക്കുടിയില്‍ ഇതേരീതിയില്‍ പ്രചാരണത്തിണ് ഇറക്കിയത്. ജീവിതപ്രയാസം കാരണമാണ് ഷൂട്ടിങ്ങിന് പോകുന്നത്. ഇടനിലക്കാരി മഹേശ്വരി മുഖേനയാണ് പോകാറുള്ളത്. 500 രൂപയാണ് പ്രതിഫലം. ഇതാദ്യമായാണ് ചതിയില്‍പ്പെട്ടതെന്നും അവര്‍ പറഞ്ഞു. സമാനമായി സംസ്ഥാന വ്യാപകമായി പണംനല്‍കിയും ചതിയില്‍പ്പെടുത്തിയും സ്ത്രീകളെ ഉള്‍പ്പെടെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിണ് ഉപയോഗിക്കുന്നതായാണ് സൂചന. കണക്കറ്റ് പണം തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കുന്നതിന്റെ തെളിവ് കൂടിയാണ് പുറത്തുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top