11 August Thursday

അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടി മടക്കി: നാണക്കേടിന്റെ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

കൊച്ചി > വയനാട്ടിലും ലീഗിന്റെ കൊടി ബാധ്യതയാണെന്നാണ്‌ കോൺഗ്രസിന്റെ നിലപാട്‌. ആദ്യമായല്ല മുസ്ലിം ലീഗിന്റെ കൊടിയും തൊപ്പിയുമെല്ലാം ഒഴിവാക്കണമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം പറയുന്നത്‌. അതിന്‌ സീതി സാഹിബിനോളം, സി എച്ച്‌ മുഹമ്മദ്‌ കോയയോളം പഴക്കമുണ്ട്‌. കോണ്‍ഗ്രസ് നേതൃത്വം ആക്ഷേപിച്ചപ്പോഴൊക്കെ അപമാനം ഏറ്റുവാങ്ങി അധികാരത്തിന്റെ പങ്കു പറ്റിയ മുസ്ലിം ലീഗ് വയനാട് തെരഞ്ഞെടുപ്പിലും കൊടി മടക്കി അടിമപ്പണിക്കൊരുങ്ങുകയാണ്‌. പതിറ്റാണ്ടുകൾക്ക്‌ മുമ്പേ മൃദുഹിന്ദുത്വത്തെ ആശ്ലേഷിച്ച കോണ്‍ഗ്രസിനെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍ തള്ളിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ ജീര്‍ണതകളും ഏറ്റുവാങ്ങാന്‍സജ്ജമായി നിന്ന പാര്‍ടിയാണ് കേരളത്തില്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്.

1992ൽ ബാബ്റി മസ്‌ജിദ് തകര്‍ക്കാന്‍ സംഘപരിവാറിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കിയപ്പോള്‍ രാജ്യമൊട്ടുക്കുമുള്ള മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. കേരളത്തിൽ അപ്പോഴും അധികാരത്തിന്റെ ശീതളച്ഛായ ആസ്വദിക്കുകയായിരുന്നു മുസ്ലിംലീഗ്.

1955ല്‍ കോഴിക്കോട് കടപ്പുറത്ത് ഒരു പൊതുയോഗത്തില്‍ ലീഗിനെ ചത്ത കുതിരയെന്നാണ് പ്രധാനമന്ത്രി നെഹ്റു വിശേഷിപ്പിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് ലീഗ് കടുത്ത അപമാനം നേരിട്ടത് 1960 ലായിരുന്നു. 1960- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‐-ലീഗ്-‐പിഎസ്‌പി സഖ്യം അധികാരത്തില്‍വന്നു. പക്ഷെ കോണ്‍ഗ്രസ് ലീഗിന് മന്ത്രിസ്ഥാനം നല്‍കിയില്ല. പകരം കെ എം സീതിസാഹിബിന് സ്‌പീക്കര്‍പദവി നല്‍കി. മറുത്തൊന്നും പറയാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ലീഗ് ഇപ്പോഴും ഭരണപക്ഷത്താണെന്ന് ബാഖഫി തങ്ങള്‍ വീമ്പു പറഞ്ഞപ്പോള്‍അന്നത്തെ കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ പറഞ്ഞത് ഇങ്ങനെയൊക്കെ പറയുന്നവരെ ഊളംപാറയിലോ കുതിരവട്ടത്തോ കൊണ്ടുചെന്നാക്കണമെന്നാണ്.

1961ല്‍സീതി സാഹിബ് സ്‌പീക്കര്‍പദവിയിലിരിക്കെ അന്തരിച്ചു. സി എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ലീഗ് വിട്ട് സ്വതന്ത്ര ബഞ്ചിലേക്ക് മാറിയാലേ സി എച്ച് മുഹമ്മദ് കോയക്ക് സ്‌പീക്കര്‍പദവി നല്‍കൂ എന്ന ഉപാധി കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. തൊപ്പിയൂരി സ്പീക്കറായി എന്ന ആക്ഷേപം നേരിട്ടിട്ടും ലീഗ് സ്പീക്കര്‍സ്ഥാനം ഏറ്റെടുത്തു.

ഇപ്പോള്‍വയനാട്ടില്‍പച്ചക്കൊടി അധികം കണ്ടാല്‍രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും ഉത്തരേന്ത്യയില്‍ ക്ഷീണമാകും എന്ന് പ്രചരണം വന്നതോടെ കൊടി ഒളിപ്പിയ്ക്കാന്‍അണികളോട് രഹസ്യ ശബ്ദ സന്ദേശം വഴി നിര്‍ദേശം നല്‍കുകയാണ് ലീഗ് ചെയ്തത്.

രാഹുല്‍ഗാന്ധിയ്ക്ക് സ്വീകരണം നല്‍കിയ ചിത്രത്തില്‍പരമാവധി പച്ചക്കൊടി ഒഴിവാക്കാന്‍ലീഗ് മുഖപത്രം തനെന്‍പാടുപെടുന്നതും ഇന്നലെ കണ്ടു.
അതെ ലീഗ് പഴയപോലെ തന്നെ. ആത്മാഭിമാനം അടിയറവെച്ചും കോണ്‍ഗ്രസിനു പിന്നലെയുണ്ടാകും. അത് കോണ്‍ഗ്രസിന് ഉറപ്പുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top