24 April Wednesday

സീറോ ബാബു: ഒരു മട്ടാഞ്ചേരി ഗാനകഥ...ജി വേണുഗോപാൽ എഴുതുന്നു

ജി വേണുഗോപാൽUpdated: Tuesday Jul 7, 2020

വിസ്മൃതിയിലായ ഗായകരെപ്പറ്റിയുള്ള ജി വേണുഗോപാലിന്റെ പംക്തി തുടരുന്നു. ഈ ലക്കത്തിൽ ആദ്യകാല നാടക സിനിമ ഗായകൻ സീറോ ബാബുവിന്റെ സംഗീത ജീവിതം

ആരാ ഇത്"?
എൺപത്തിരണ്ടു വയസ്സുള്ള അങ്ങേത്തലയ്ക്കലെ പുരുഷശബ്ദത്തിനു വല്ലാത്ത നിറവ്.
എ ടോട്ടലി റെസൊണന്റ് മെയിൽ വോയിസ്. 
ഞാനൂഹിച്ചു, ആയകാലത്തു ഇയാൾ പാട്ടുകൾ പാടിപ്പറത്തിയിട്ടുണ്ട്. 
"ഞാനാണ്, വേണു, ജി വേണുഗോപാൽ."
ആ ശബ്ദം പെട്ടെന്ന് കൂടുതൽ ചെറുപ്പമായി. 
"ജോർജ് പറഞ്ഞിരുന്നു, വേണു വിളിക്കുമെന്ന്. എനിക്കിഷ്ടമാ തന്റെ പാട്ടുകൾ. ഒരു "തലത്" ടച്ച് ഉണ്ട് അവയ്‌ക്കെല്ലാം. കാറ്റിൽ നിന്ന് കാതിലേയ്ക്ക് വരുന്ന തലത് മെഹമൂദ്   ശൈലിയാണ് തന്റെ പാട്ടിന്‌”.
ഇപ്പോൾ തരളിതനായത് ഞാനാണ്.
 
ലോക്‌ഡൗ‌ൺ കാലഘട്ടം അന്യം നിർത്തിയ കൂടിക്കാഴ്ച ഫോണിലൂടെ ലാഭിക്കാനാണെന്റെ ശ്രമം. " സസ്നേഹം  ജി വേണുഗോപാൽ ഫൌണ്ടേഷന്റെ  കൊച്ചി കോഓർഡിനേറ്റർസ് ആയ ജോർജ് ഏട്ടനും, രതി ടീച്ചറും, അദ്ദേഹത്തെ  വീട്ടിൽ പോയിക്കണ്ട്‌  എന്റെയും സസ്നേഹത്തിന്റെയും പൊന്നാടയും, പാരിതോഷികങ്ങളും നൽകിയിരുന്നു.
 
സീറോ ബാബു എന്ന ബാബുച്ചേട്ടൻ വാചാലനായി.
 
കൊച്ചിലേ പത്തു വയസ്സിൽ പാടാൻ തുടങ്ങിയതാ, അന്ന് ലതാജിയുടെ പാട്ടുകൾ അതെ ശബ്ദത്തിൽ പാടിയാണ് വേദികൾ കീഴടക്കിയിരുന്നത്. "അബ് രാത് ആ ജാവോ", " യെ സിന്ദഗീ ഉസീ  കി ഹേ" ഇവ രണ്ടും ആണ് ആദ്യമായി വേദിയിൽ നിറഞ്ഞ കരഘോഷം വാങ്ങിത്തന്ന ഗാനങ്ങൾ.

പി. ജെ ആന്റണി ആണ് ആദ്യ ബ്രേക്ക് തരുന്നത്.

പി ജെ തീയറ്റേഴ്സിന്റെ  "ദൈവവും മനുഷ്യനും" എന്ന നാടകത്തിലെ ഗാനം "ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ "എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന അപര നാമധേയം കൂട്ടിച്ചേർത്തത് .

ആ ഗാനം ഇവിടെ കേൾക്കാം:


 
സിനിമയിലെ ആദ്യ ഗാനം "കുടുംബിനി" യിൽ എൽ പീ ആർ വർമ്മ സംഗീതം നൽകിയ " കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ" ആണ്. തുടർന്ന് തോമസ് പിക്ചർസിന്റെ "പോർട്ടർ കുഞ്ഞാലി" യിൽ ബാബുരാജ്, ശ്രീമൂലനഗരം വിജയൻ ടീമിന്റെ  " വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പൂതി വച്ച്".  അത് കഴിഞ്ഞു ബാബുരാജിന്റെ തന്നെ  സംഗീതത്തിൽ സുബൈദയിൽ മെഹ്ബൂബുമൊത്തു  പാടിയ "കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാൽ സുന്ദരി മണവാട്ടി" എന്ന കോമഡി ഗാനം വളരെ പ്രശസ്തമായി തീർന്നു.
 
അക്കാലത്തു മട്ടാഞ്ചേരിയിൽ സേട്ടുമാരുടെ ഹാളിൽ നടന്ന റാഫി, തലത് സംഗീതപരിപാടിയുടെ അഭൂതപൂർവമായ തിരക്കിൽ , വളരെ പിന്നിൽ നിന്ന് കണ്ടു കേട്ട അനുഭവം ബാബുച്ചേട്ടൻ പങ്കു വച്ചു. "ചാഹേ മുജ്‌ഹേ ജംഗ്‌ളീ കാ ഹേ " തുടങ്ങിയ തട്ടുപൊളിപ്പൻ ഗാനങ്ങളാണ് റാഫി പാടിയത് മുഴുവനും, ആദ്യ പാദത്തിൽ  ഏതാണ്ട്  പത്തു ഗാനങ്ങൾ കഴിഞ്ഞാണ് തലത് വേദിയിലേക്ക് വരുന്നത്. അദ്ദേഹം ഹാർമോണിയം പെട്ടിയിൽ കൈവച്ചപ്പോൾ സൂചി താഴെയിട്ടാൽ കേൾക്കാവുന്ന നിശ്ശബ്ദത. ആദ്യ ഗാനം " സുജാത" എന്ന സിനിമയിലെ "ജെൽ ത്തെ ഹേ  ജിസ്‌കെ ലിയേ" യുടെ തുടക്കത്തിലെ  ഹമ്മിങ് സ്വതസിദ്ധമായ നേരിയ വിറയലോടെ പാടിയത് ഉള്ളിൽ കുളിരു കോരിയിടുന്നൊരു അനുഭവമായിരുന്നു എന്ന് ബാബു ചേട്ടൻ പറഞ്ഞു. ആദ്യ നാല് വാരി പാടുമ്പോൾ മുൻപിൽ  നേവൽ ബേസിലെ സീനിയർ ഓഫീസറുടെ ഭാര്യ ഒരു സ്വപ്നാടനക്കാരിയെപ്പോലെ  സ്റ്റേജിനടുത്തേയ്ക്കു രണ്ടു കൈകളും നീട്ടി നടന്നു അവിടെത്തന്നെ മോഹാലസ്യപ്പെട്ടു വീണ ചിത്രം ഇന്നും കണ്ണിനുമുൻപിൽ മായാതെ നിൽക്കുന്നു. എട്ടു പ്രാവശ്യമാണ് തലത്തിനെക്കൊണ്ട് ആ ഗാനം ശ്രോതാക്കൾ ആവർത്തിച്ചു പാടിച്ചത്. ഒരൊറ്റ പാട്ടോടെ ആ സംഗീത പരിപാടി മുഴുവൻ തലത്തിന്റെ മന്ത്ര മുഗ്ദ്ധമായ ശബ്ദത്തിനും വശ്യസുന്ദരമായ വ്യക്തിത്വത്തിനും മുന്നിൽ മതിമയങ്ങുന്ന കാഴ്ചയായിരുന്നു അന്ന് മട്ടാഞ്ചേരിയിൽ കണ്ടത്, ബാബുച്ചേട്ടൻ ഓർക്കുന്നു.  
 

ആയിരത്തിത്തൊള്ളായിരത്തി അറുപത്താറിൽ റിലീസ് ചെയ്ത "ലവ് മാര്യേജ്" എന്ന ചിത്രത്തിൽ ആഹ്വാൻ  സെബാസ്റ്റ്യന്റെ സംഗീതത്തിൽ " വൃന്ദാവനത്തിലെ രാധേ വ്രീളാ വിവശയാം രാധേ" എന്ന അർദ്ധ ശാസ്ത്രീയ ഗാനം യേശുദാസിനൊപ്പമാണ് പാടിയത്. റെക്കോർഡിങ് ദിവസത്തിൽ യേശുദാസും  സെബാസ്റ്റ്യനുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ തൊട്ടടുത്ത ദിവസത്തിലാണ് മദ്രാസ് രേവതി സ്റ്റുഡിയോയിൽ റെക്കോർഡിസ്റ്റ്‌ കണ്ണൻ ആ ഗാനം റെക്കോർഡ് ചെയ്യുന്നത്. 
 
അറുപത്തിയഞ്ചിൽ മെരിലാൻഡിന്റെ "കറുത്ത രാത്രി" യിൽ ബാബുരാജിന്റെ സംഗീതത്തിലാണ് പിൽക്കാലത്ത്  വളരെ പോപ്പുലർ ആയ "മാനത്തേക്ക് പറക്കും ഞാൻ മാലാഖയെന്നു വിളിക്കൂല്ലേ" ഉൾപ്പെടുത്തിയിരിക്കുന്നത്.

"ഭൂമിയിലെ മാലാഖ" യിൽ സീറോ ബാബു ആണ് പ്രധാന ഗായകൻ. "കൈവിട്ടുപോയ കുഞ്ഞാടിന്നായ്  ' എന്ന ഗാനവും "മുണ്ടൊപ്പാടത്തു കൊയ്ത്തിന്നു വന്നപ്പോൾ" എന്ന രണ്ടു ഗാനങ്ങളാണ് ഉള്ളത്.
 
അർജുനൻ പി ഭാസ്കരൻ ടീമിന്റെ "മോഹവും മുക്തിയും" എന്ന സിനിമയിൽ ശ്രീലതയുമായി  ചേർന്ന് പാടിയ "കാളീ നിന്നെ കണ്ടപ്പോൾ", കെ ബാലകൃഷ്ണന്റെ "ലവ് ലെറ്റർ" ഇൽ  കെ ജെ ജോയ്, സത്യൻ അന്തിക്കാട് ടീമിനു വേണ്ടി മോഹമല്ലികയുമായി ചേർന്ന് പാടിയ യുഗ്മ ഗാനം " തില്ലക്കം തില്ലടി തില്ലാലോ ", "ബല്ലാത്ത പഹയൻ" ഇൽ ശ്രീമൂലനഗരം വിജയൻ, ജോബിനുവേണ്ടി പാടിയ "പണ്ടൊരിക്കൽ പാത്തുമ്മ ബീവി", "അടിമച്ചങ്ങല" യിൽ യേശുദാസുമൊത്തു പാടിയ "അസ്സബീ റബ്ബീ സല്ലള്ളാഹ്" തുടങ്ങി തൊള്ളായിരത്തി എൺപത്തഞ്ചിൽ "വിസ" യ്ക്ക് വേണ്ടി ജിതിൻ ശ്യാം  ബിച്ചു തിരുമല കൂട്ടുകെട്ടിലെ 'സംഗതി കുഴഞ്ഞല്ലോ തലയൊക്കെ കറങ്ങണ്" വരെ സീറോ ബാബുവിന്റെ പിന്നണി ഗാനസപര്യ അവിഘ്നം തുടർന്നു , ഏതാണ്ട് മുപ്പത്തിരണ്ട് വർഷം”.
 
സസ്‌നേഹം ജി വേണുഗോപാൽ ഫൗണ്ടേഷനുവേണ്ടി ജോര്‍ജ് മാമ്പിള്ളി രതി മേനോന്‍  എന്നിവര്‍ സീറോ ബാബുവിനെയും ഭാര്യയെയും ആദരിച്ചപ്പോൾ

സസ്‌നേഹം ജി വേണുഗോപാൽ ഫൗണ്ടേഷനുവേണ്ടി ജോര്‍ജ് മാമ്പിള്ളി രതി മേനോന്‍ എന്നിവര്‍ സീറോ ബാബുവിനെയും ഭാര്യയെയും ആദരിച്ചപ്പോൾ


സംഭവബഹുലമായ  സംഗീത ജീവിതത്തിൽ, തന്റെ സീനിയറും ഗാനമേളകളിൽ സഹഗായകനുമായ മെഹ്‌ബൂബ് ഭായിയുമൊത്തുള്ള രസകരവും, ഉദ്വേഗജനകവുമായ അനുഭവങ്ങൾ  ബാബു ചേട്ടൻ പറയുകയുണ്ടായി. "കുട്ടീ" എന്നാണു ഭായി, സീറോ ബാബുവിനെ അഭിസംബോധന ചെയ്യുക . ഒരുമിച്ചുള്ള ആദ്യ പരിപാടി ഒരു ആംഗ്ലോ ഇന്ത്യൻ കല്യാണത്തിനാണ്, മട്ടാഞ്ചേരിയിൽ തന്നെ . പരിപാടി സ്ഥലം  വരെ ഒരുമിച്ചു വന്ന ഭായിയെ സംഗീതപരിപാടി തുടങ്ങുന്നതിനു തൊട്ടു മുൻപ് മുതൽ കാണാതായി.
 
പാട്ടുകൾ ഓരോന്നോരോന്നായി പാടി തുടങ്ങി. ഭായിയെ കണ്ടു പിടിക്കാൻ സംഘാടകർ ചിമ്മിനി വിളക്കും കത്തിച്ചു ചുറ്റും പാഞ്ഞു. അവസാനം കുറച്ചകലെയുള്ള ഒരു മറപ്പുരയിൽ  
ചാരിയും ചരിഞ്ഞും ഭായി നിൽക്കുന്നു. കാലുകൾ നിലത്തുറയ്ക്കുന്നുമില്ല. കയ്യിൽ "കൊട്ടുവടിയുടെ" ഒരൊഴിഞ്ഞ കുപ്പിയും. അന്നങ്ങനെ ഭായിക്ക് പാടാൻ സാധിച്ചില്ല.
 
കായംകുളത്തെ ഒരു ക്ഷേത്ര കമ്മിറ്റിക്കാർ  സീറോ ബാബുവിന്റെ പരിപാടി ബുക്ക് ചെയ്യുവാനായി മട്ടാഞ്ചേരിയിലെ വീട്ടിൽ വരുന്നു. കൃത്യ സമയത്തു തന്നെ " കുട്ടീ ചോറുണ്ടോ" എന്ന ചോദ്യവുമായി മെഹ്‌‌ബൂബ് ഭായിയും പടിക്കലെത്തി.സംഘാടകർ ബാബുവിനോട് ചോദിച്ചു, ഇതാരാണെന്ന്. പാട്ടുകാരൻ മെഹ്ബൂബാണെന്ന് ബാബു പറഞ്ഞു. " ഞങ്ങക്കും കിട്ടുമോ പരിപാടിക്ക്"? സംഘാടകർ മെഹബൂബിന് നേരെ തിരിഞ്ഞു. ബാബു പറഞ്ഞു.
 
“കിട്ടും, ഒരയ്യായിരം ഭായിക്ക് പ്രത്യേകം കൊടുക്കണം. .ഭായി അപ്പോഴും പറഞ്ഞു.
 
" കുട്ടീ, എനിക്ക് മീൻ കൂട്ടി ചോറ് വേണം". സംഘാടകർ വീട് വിട്ട ഉടൻ ഭായി ബാബുവിന് നേരെ തിരിഞ്ഞു." കുട്ടീ, എനിക്കാ അയ്യായിരം രൂപ ഇപ്പൊ വേണം".ബാബു സമാധാനിപ്പിക്കാൻ നോക്കി.
 
"ഭായീ അതവർ പരിപാടി സ്ഥലത്തു തരും". ഉടൻ ഭായി ചോദിച്ചു..." എന്നാൽ കുട്ടീ എനിക്കൊരു ഇരുപത്തഞ്ചു രൂപ താ ഇപ്പോൾ“.
 
സീറോ ബാബു പഴയ ചിത്രം

സീറോ ബാബു പഴയ ചിത്രം

അപ്പൊത്തന്നെ ഇരുപത്തഞ്ചു രൂപ കൊടുത്തു ബാബു ശട്ടം കെട്ടി.പരിപാടി ഒരു ഞായറാഴ്ച ആണ്, അന്ന് കാലത്തെ വീട്ടിൽ വരണം, ഉച്ചയ്ക്കൂണ്  കഴിഞ്ഞു ഒരുമിച്ചു പരിപാടിക്ക് നമുക്ക് പോകാം.
അങ്ങനെ പരിപാടി ദിവസം പുലർന്നു. പത്തു മണിയായിട്ടും ഭായിയെ കാണാനില്ല. ഒരു സ്ഥിരം താവളമായ അലിയുടെ ബാർബർ ഷോപ്പിൽ പോയി നോക്കി. ഉടുത്ത ഷർട്ടും മുണ്ടുമൊക്കെ കീറി അവിടെ ഭായി ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. ഒരു മൽപ്പിടുത്തം  നടന്ന സർവ ലക്ഷണവുമുണ്ട് ചുറ്റും. ഹാർബറിൽ ജോലിക്കു പോകുന്ന ഒരു പയ്യൻ ഭായിയുടെ ഈ കോലം കണ്ടിട്ട്, തൊട്ടടുത്തുള്ള വീട്ടിൽ ഓടിപ്പോയി ഒരു മുണ്ടും ഷർട്ടും കൊണ്ട് കൊടുത്തു. അങ്ങനെ വല്ല വിധേനെയും ഭായിയെ കൂട്ടി എറണാകുളത്തെത്തി. " കുട്ടീ, എനിക്ക് കലശലായ ആസ്ത്മ, ഒരു പത്തു രൂപ താ, മരുന്ന് കഴിക്കാനാ". തൊട്ടടുത്ത ഷാപ്പിൽ ഭായി കേറുന്നത് ബാബു കണ്ടു. മരുന്ന് കഴിച്ചു
 
പതിനൊന്നരയ്ക്കു ബാബുവിന്റെ വീട്ടിൽ എത്തിയ മെഹ്‌ബൂബ് ഭായി ആജ്ഞാപിച്ചു." കുട്ടീ എനിക്കിപ്പം ഉണ്ണണം, മീൻ വറുത്തത് വേണം . ഭാര്യ പറഞ്ഞു, ഇന്ന് വറുത്തതും പൊരിച്ചതും ഒന്നുമില്ല. " എന്നാ കുട്ടീ, ഒരിരുപത്തഞ്ചു രൂപ താ, ഷാപ്പിൽ നല്ല മീൻ വറുത്ത് കിട്ടും". ഉച്ചയ്ക്ക് പ്രോഗ്രാമിന് പോകാൻ വണ്ടി  വന്നു. ഭായിയെ അന്വേഷിച്ചു തൊട്ടടുത്തുള്ള ഷാപ്പുകളിൽ എല്ലാം അന്വേഷണം തുടങ്ങി. ഒരിടത്തു എത്തിയപ്പോൾ ഉള്ളിൽ നിന്നും ഉറക്കെ പാട്ടു കേൾക്കാം, എല്ലാം സീറോ ബാബുവിന്റെ പാട്ടുകൾ. അവിടുന്ന് ഒരുവിധം ഭായിയെ രക്ഷപ്പെടുത്തി വാനിൽ കേറ്റിച്ചു വണ്ടി വിട്ടു. കുറച്ചു മുൻപിലേക്ക് പോയപ്പോൾ ഭായി കരയാൻ തുടങ്ങി. " എനിക്കെന്റെ ഭാര്യയെ കാണണം". വണ്ടി നേരെ തിരിച്ചു വിട്ടു. കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആയിട്ടുള്ളു, ഭായിയുടെ. വീട്ടിൽ എത്തിയ പാടേ ഭാര്യയുടെ കാലിൽ ഭായി വീണു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. " ഈ കുട്ടി എന്നെ ഒരു പരിപാടിക്ക് വിളിച്ചു കൊണ്ട് പോണേണ്. ഇനിയെന്നെ കണ്ടില്ലെങ്കിൽ ഞാൻ ചെയ്ത തെറ്റെല്ലാം പൊറുത്തു ന്നെന്നോട് പറ "!! യാത്രയിൽ തോപ്പുംപടിയിലും പള്ളുരുത്തിയിലുമുള്ള സ്ഥിരം ഷാപ്പുകളിൽ കേറിയിറങ്ങിയിട്ടേ ഭായി കൂടെ വന്നുള്ളൂ. വൈകുന്നേരം കായംകുളം വേദിയിൽ  എത്തി. ഭായി ആനയിടഞ്ഞു നിന്നപോൽ ഒരൊറ്റ നിൽപ്പ് ..." എന്റെ പൈസ താ, അല്ലാണ്ട് ഞാൻ പാടില്ല" അങ്ങനെ അതിരാവിലെ മൂന്നു മണി വരെ പരിപാടി തുടങ്ങിയില്ല. അവസാനം പൈസ വാങ്ങി, ആറു  മണിവരെ പാടി തിരിച്ചു മടങ്ങി.
 
പിറ്റേ ദിവസം കാലത്തെ പതിനൊന്നു മണിയായപ്പോൾ ബാബുവിന്റെ വീട്ടു വാതിൽക്കൽ ഒരു മുട്ട്. "കുട്ടീ, മീൻ കൂട്ടി ചോറുണ്ടോ" ഭായിയാണ്!!
വളരെ സംഗീത സുരഭിലമായ ഒരു കാലത്തെ  പാട്ടോർമകളാണ് സീറോ ബാബുവിന്റെ മനസ്സ് മുഴുവൻ. മട്ടാഞ്ചേരിയുടെയും, അവിടുത്തെ സംഗീത ചരിത്രത്തെയും, കൂടെയുള്ള സമകാലീന ഗായകരെയും എല്ലാം അടയാളപ്പെടുത്തുന്നു ഈ ഓർമ്മകൾ. ഒരേ ദിവസം രണ്ടു, മൂന്നു സംഗീത പരിപാടികൾ വരെ ചെയ്യുന്ന കാലത്തു ഏതാണ്ട് സമപ്രായക്കാരനും, അതിപ്രശസ്തനുമായ യേശുദാസിനെ ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു. അവരുടെ പാട്ടു വണ്ടികൾ പരസ്പരം കടന്നു പോകുമ്പോൾ നിർത്തി വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മധുരോദാരമായ ഓർമ്മകൾ ബാബുവിനുണ്ട്. പാട്ടു പരിപാടികൾ കുറഞ്ഞു വന്നപ്പോൾ കൂടിക്കാഴ്ചകളും നിന്നു . ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ ആദ്യം. മൂത്ത മോളുടെ കല്യാണ സമയം.  സ്വരൂപിച്ച കുറച്ചു സ്വത്തും കാശുമൊക്കെ കണക്കുകൂട്ടി മുൻപിലേക്ക് നീങ്ങുന്ന കാലമാണ്. മദ്രാസിൽ പോയി പഴയ പരിചയം പുതുക്കാൻ ബാബു തീരുമാനിച്ചു. അഭിരാമപുരത്തുള്ള യേശുദാസിന്റെ സ്വീകരണമുറിയിൽ യേശുദാസ് കാതലായ ആ ചോദ്യം ബാബുവിന് നേരെയെറിഞ്ഞു. " കല്യാണത്തിന് കയ്യിൽ വല്ലോമുണ്ടോ"?  ബാബു ഒന്ന് പരുങ്ങി. യേശുദാസ് ചോദിച്ചു." എത്രയാകും നടത്തിപ്പിന്"? ബാബു പറഞ്ഞു " " ഏതാണ്ടൊരു ഇരുപത്തയ്യായിരം രൂപ". " ആ നാളെയിങ്ങോട്ടു പോരേ.എന്നെക്കൊണ്ടെന്തു ചെയ്യാൻ പറ്റുമെന്ന് നോക്കട്ടേ". പിറ്റേ ദിവസം ഒരു പൊതി യേശുദാസ് ബാബുവിന്റെ കയ്യിൽ ഏൽപ്പിച്ചു.
 
മെഹബൂബ്‌

മെഹബൂബ്‌

"ഇത് ഇരുപത്തയ്യായിരമുണ്ട്. ഞാനും കൂടി നാട്ടിൽ ഉള്ള തീയതി ആണെങ്കിൽ കല്യാണം കൂടാം ".
 
നിറഞ്ഞു കവിഞ്ഞ കണ്ണുകൾ തുടച്ചു ഗാനഗന്ധർവൻ ,ബാബുവിനെ യാത്രയാക്കി.
 
"ഫോൺ വയ്ക്കും മുൻപ് ഞാൻ ഒരു അവസാന ബോംബ് ചോദ്യം ബാബുച്ചേട്ടന് മുന്നിലേക്കിട്ടു..." ചേട്ടാ, ഈ സീറോ എന്ന വിളിപ്പേര് കരിയറിനെ പുറകിലേക്ക്  വലിച്ചതായി തോന്നുന്നുണ്ടോ"? 
ഉത്തരം മനോഹരമായിരുന്നു.
 
"ഇല്ല, ഈ പൂജ്യത്തിനുള്ളിൽ ഇരിക്കുമ്പോഴുള്ള സുരക്ഷിതത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വേണുവിനും ഇല്ലേ ഒരു പൂജ്യം? ആദ്യത്തെ സിനിമയുടെ പേര് ഒന്ന് മുതൽ പൂജ്യം വരെ എന്നല്ലേ"?

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top