18 April Thursday

ഒരു സംഗീത ഡയറിക്കുറിപ്പ്‌

വിനോദ് കുമാർ തള്ളശ്ശേരി vinodkrt@gmail.comUpdated: Sunday Jan 16, 2022

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5 അണിയറയിൽ ഒരുങ്ങുമ്പോൾ ഏതു മലയാളിയുടെയും മനസ്സിൽ മുഴങ്ങും  ആ പശ്‌ചാത്തല സംഗീതം. സംഗീത സംവിധായകൻ സാമുവൽ ജോസഫ്‌ എന്ന ശ്യാം ആണ്‌  1988ൽ  ഒരു സിബിഐ ഡയറിക്കുറിപ്പിനു വേണ്ടി  ആ സംഗീതശകലം ചിട്ടപ്പെടുത്തിയത്‌. തുടർന്നുള്ള ചിത്രങ്ങളിൽ  കാലത്തിനനുസൃതമായി തീക്ഷ്‌ണമായി മാറി ആ സംഗീതശകലം. സിബിഐ 5ന്റെ സംഗീത സംവിധായകൻ ജെയ്‌ക്‌സ്‌ ബിജോയിയും ആ ബിജിഎം തന്നെയാണ്‌ മാറ്റങ്ങളോടെ ഉപയോഗിക്കുന്നത്‌

ഒരു സിനിമയിലെ കഥാപാത്രത്തിന്റെ ചലനങ്ങൾക്ക് അകമ്പടിയായി ചിട്ടപ്പെടുത്തിയ ഒരു തീം സംഗീതശകലം സിനിമയോളം തന്നെ ജനപ്രിയമായ അനുഭവം  മലയാളികൾക്കുണ്ട്. 1988ൽ പുറത്തുവന്ന ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആണ് സിനിമ, സേതുരാമയ്യർ എന്ന അതിബുദ്ധിമാനായ ഓഫീസർ കഥാപാത്രവും. ആദ്യസിനിമയുടെ വിജയം സിബിഐ പരമ്പരയ്‌ക്ക്‌ കാരണമായി.

അന്ന് പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായാണ് സേതുരാമയ്യരുടെ ചലനങ്ങൾക്ക് അകമ്പടിയായി ആ സംഗീതശകലം വന്നത്. അത് തുടക്കത്തിൽ ഇപ്പോഴുള്ളതുപോലെയായിരുന്നില്ല. കുറേക്കൂടി സൗമ്യമായ, മൃദുവായ, പിയാനോയിൽ വായിച്ച ശീൽ. ഇപ്പോഴുള്ളത്ര ചടുലമായിരുന്നില്ല. സിനിമയും കഥാപാത്രവും വലിയ ഹിറ്റ് ആയതോടെ അത് കുറച്ചുകൂടി തീക്ഷ്ണമാക്കി, ചടുലമാക്കി. അതോടുകൂടിയാണ് ആ സംഗീതം സേതുരാമയ്യർക്ക്‌ അനുപൂരകമായത്.

സേതുരാമയ്യർ അപ്പോഴേക്കും ഒരുപാട് തെളിയാത്ത കേസുകൾ തെളിയിച്ച് അമാനുഷികനായ ഓഫീസർ ആയി മാറിയിരുന്നു. ഇപ്പോൾ ആ പശ്ചാത്തല സംഗീതശകലം ഒരൊറ്റത്തവണ കേട്ടാൽ മതി, സേതുരാമയ്യരുടെ രൂപം മനസ്സിലെത്തും. വേറൊരു കഥാപാത്രത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതയുണ്ട്‌ ഈ സംഗീതത്തിന്‌.   

മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ആ സംഗീതശകലം ചിട്ടപ്പെടുത്തിയത്‌  സംഗീത സംവിധായകൻ ശ്യാം  ആണ്. മലയാളിയല്ലാത്ത സാമുവൽ ജോസഫ് ആണ് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ശ്യാം ആയി മാറിയത്. അതിന് നിമിത്തമായത് ‘മെല്ലിശൈ മന്നൻ’ എം എസ് വിശ്വനാഥൻ.  ട്രൂപ്പിലുള്ളവരെ വായിൽ എളുപ്പം വരുന്ന പേര് ചൊല്ലി വിളിക്കുന്നത് എം എസ് വിയുടെ ശീലമായിരുന്നു. ജോസഫ് ക്രിസ്റ്റഫർ എന്ന ഗോവക്കാരൻ വയലിനിസ്റ്റ് ജോസഫ് കൃഷ്‌ണ എന്ന സംഗീത സംവിധായകനായത് എം എസ് വിയുടെ വിളിയിലൂടെയാണ്. നഞ്ചപ്പ എന്ന  പുല്ലാങ്കുഴൽ വാദകനെ സഹായിക്കാൻ എത്തിയ വി സി ജോർജ് എന്ന മലയാളിയെ കുഞ്ചപ്പ എന്ന് വിളിച്ചതും ഇതുപോലെ. നഞ്ചപ്പയുടെ അസിസ്റ്റന്റ് കുഞ്ചപ്പ.

സാമുവൽ ജോസഫ് എന്ന്‌  വിളിക്കാൻ ബുദ്ധിമുട്ടുള്ള പേര് ഒഴിവാക്കാൻ എം എസ് വി വിളിച്ചത് സാം എന്ന്. കേരളത്തിലെത്തിയപ്പോൾ അതിനെ മലയാളീകരിച്ച് ശ്യാം എന്നായി. അങ്ങനെ തമിഴ് നാട്ടുകാരനായ സാമുവൽ ജോസഫ് മലയാളിയുടെ ഇഷ്‌ട സംഗീതകാരനായ ശ്യാം ആയി.

ഒരേ കഥാപാത്രം നിരവധി സിനിമകളിൽ വന്ന ധാരാളം അനുഭവമുണ്ട്. ഏറ്റവും വലിയ ഉദാഹരണം ജെയിംസ് ബോണ്ട് തന്നെ. അതുപോലെ സിനിമകൾക്ക് തീം സംഗീതം ഉണ്ടാകാറുണ്ട്. പക്ഷേ ഒരു കഥാപാത്രത്തിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ചലനങ്ങൾക്ക് അകമ്പടിയായി ഇങ്ങനെ ഒരു സംഗീതം സിനിമയിൽ വേറെ ഉണ്ടാകില്ല.

സാമുവൽ ജോസഫ് വയലിനിസ്റ്റ് ആയിരുന്നു. എം എസ് വിശ്വനാഥനുവേണ്ടി മാത്രമല്ല ഹിന്ദിയിലെ പ്രഗത്ഭരായ സി രാമചന്ദ്ര, മദൻ മോഹൻ, സലിൽ ചൗധരി തുടങ്ങി അക്കാലത്തെ മികച്ച സംഗീത സംവിധായകരുടെയൊക്കെ ഇഷ്‌ടപ്പെട്ട വയലിനിസ്റ്റ്. ആദ്യകാലത്ത് ഹെൻറി മൻസീനി എന്ന ഹോളിവുഡ് കംപോസറുടെ ആരാധകനായിരുന്നു അദ്ദേഹം. ആരാധന മൂത്ത് ശിഷ്യത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട്  കത്തെഴുതുകവരെ ചെയ്‌തു. മൻസീനി ആകട്ടെ, കൃത്യമായി മറുപടി എഴുതി. താനെഴുതിയ പുസ്‌തകം ‘സൗണ്ട്‌സ്‌ ആൻഡ്‌ സ്‌കോർസ്’ വായിക്കാൻ നിർദേശിച്ചുകൊണ്ട്. ലോകമെമ്പാടുമുള്ള സംഗീതജ്ഞർക്കുള്ള കൈപ്പുസ്‌തകം. പിൽക്കാലത്ത് പശ്ചാത്തല സംഗീതത്തിൽ വിജയിക്കാൻ ആ പുസ്‌തകം ശ്യാമിനെ  സഹായിച്ചിരിക്കണം.

ഒരു സിബിഐ ഡയറിക്കുറിപ്പിലെ പശ്‌ചാത്തല സംഗീതം ചെയ്യുമ്പോൾ അത്  തരംഗമായി മാറുമെന്ന് ചിന്തിച്ചിട്ടേ ഇല്ലെന്ന് നേരിട്ട് കണ്ടപ്പോൾ ഒരിക്കൽ ശ്യാം പറഞ്ഞു. സേതുരാമയ്യർ ഒരു സാധാരണ പൊലീസ് ഓഫീസർ അല്ല. മുന്നിലെത്തുന്ന കുറ്റാരോപിതനിൽ നിന്ന് ശാരീരിക പീഡനത്തിലൂടെയല്ല അദ്ദേഹം വിവരങ്ങൾ ചൂഴ്‌ന്നെടുക്കുന്നത്.  കൂർമബുദ്ധി ഉപയോഗിച്ചുള്ള ചോദ്യംചെയ്യലും കിട്ടുന്ന വിവരങ്ങളുടെ വിശകലനവും ആണ് രീതി. സൂക്ഷ്‌മമായ അദ്ദേഹത്തിന്റെ ചിന്തയെ കാണിക്കാനാണ് സംഗീതത്തിലെ ഒരു ഭാഗം. അടുത്ത ഭാഗം ഒരു പടപ്പുറപ്പാടിനെ സൂചിപ്പിക്കുന്ന കാഹളം പോലെ, അദ്ദേഹത്തിന്റെ വേഗമേറിയ നടത്തത്തിന് അകമ്പടിയായി.

ഇന്ത്യയിലെങ്കിലും മറ്റൊരു സിനിമയ്‌ക്കോ കഥാപാത്രത്തിനോ ഇല്ലാത്ത പ്രത്യേകതയാണ് ഈ ബിജിഎം ഉണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിനയാന്വിതനായി. താനെന്തൊക്കെയോ ചെയ്യുന്നു. അതിന്റെ വിജയവും പരാജയവുമെല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് എളിമയോടെ അദ്ദേഹം. മലയാളികൾ  അംഗീകരിച്ചതിലും ഇഷ്‌ടപ്പെടുന്നതിലും അങ്ങേയറ്റം സന്തോഷം തരുന്നെന്നും.

1988 ഫെബ്രുവരി 11നാണ് ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തുവരുന്നത്. മൂന്ന് തുടർച്ചകൾ അതിനുണ്ടായി. അഞ്ചാമത്തെ സിനിമ അണിയറയിൽ ഒരുങ്ങുന്നു. സിനിമയേക്കാൾ വളർന്ന കഥാപാത്രവും അതിനേക്കാൾ വലുതായ പശ്ചാത്തല സംഗീതവും. അതൊരു പ്രത്യേകതയാണ്. അപൂർവമായ ഒന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top