21 March Tuesday

പാട്ട് കാണുമ്പോൾ

ശ്രീഹരി ശ്രീധരൻUpdated: Monday Aug 28, 2017

ഗാനചിത്രീകരണത്തെപ്പറ്റി... ശ്രീഹരി ശ്രീധരൻ എഴുതുന്നു

പാട്ട് കാണുക എന്നത് പാട്ട് കേൾക്കുക എന്ന പോലെ അച്ചടക്കമാവശ്യപ്പെടുന്ന ഒരു ആസ്വാദനപദ്ധതിയാണെന്ന് ഒരു അഭിമുഖത്തിൽ ഗായകൻ ജി.വേണുഗോപാൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീർത്തും ശരിയാണത്. സംഗീതത്തോടൊപ്പം അനുവാചകനെയും നടത്തിക്കുവാൻ വിഷ്വലുകൾക്ക് സാധിക്കുമ്പോഴേ അത്തരം ആസ്വാദനം സാധ്യമാകൂ എന്ന് മാത്രം.

എന്നാൽ കാഴ്ചക്കാരനെ വെല്ലുവിളിക്കും വിധം പാട്ടിനെ ചിത്രീകരിച്ച് ചിത്രവധം ചെയ്യാൻ ചിലർക്ക് പ്രത്യേക കഴിവുണ്ടെന്നും കാണണം. 'അകലെ അകലെ നീലാകാശം' (ചിത്രം:മിടുമിടുക്കി, രചന: ശ്രീകുമാരൻ തമ്പി,സംഗീതം: ബാബുരാജ്, പാടിയത്:യേശുദാസ്,എസ ജാനകി) എന്ന പഴയ ചലച്ചിത്രഗാനം പലരും ഉദാഹരിക്കാറുണ്ട്. ഉഗ്രൻ എന്ന് സംബോധന ചെയ്യാവുന്ന സംഗീതം. ഉച്ചസ്ഥായിയിൽ ആരംഭിച്ച് തീരുവോളം കേൾവിക്കാരനെ കുരുക്കിയിടുന്ന അനുഭവം. എന്നാൽ ഈ ഗാനരംഗം  കാണാമെന്ന് കരുതിയാലോ? കടൽത്തീരം. പാറക്കെട്ട്. സ്ക്രീനിന്റെ ഇടതുവശത്തൂടെ ഓടി വരുന്ന സത്യൻ. വലതുവശത്തൂടെ ശാരദ. ചിരി. ചിരിയോ ചിരി. ഓട്ടം. ചിരി.

കിഷോർ കുമാറിന്റെ ഏറെ പ്രസിദ്ധമായ 'ഹമേൻ തുംസേ പ്യാർ' (ചിത്രം: കുദ്രത്ത് )എന്ന ഗാനം ഹിന്ദിയിലെ സമാനമായ ഉദാഹരണം എന്ന നിലയിൽ കുപ്രശസ്തമാണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആലാപനമായിരിക്കണം ഈ പാട്ടിനു വേണ്ടി കിഷോർ പുറത്തെടുത്തത്. എന്നാൽ ഗാനരംഗത്ത് രാജേഷ് ഖന്നയും ഹേമമാലിനിയും മറ്റൊരു സത്യനും ശാരദയുമാകുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും പല ഗാനങ്ങളും റേഡിയോ ഹിറ്റുകൾ ആയിരുന്നു. അതായത് പാട്ടുൾപ്പെടുന്ന സിനിമ ശ്രദ്ധിക്കപ്പെടാതെ പോവുകയും ഗാനങ്ങൾ ആകാശവാണിയിലൂടെ പ്രസിദ്ധമാവുകയും ചെയ്യുന്ന അവസ്ഥ. ധ്വനിയിലെ പാട്ടുകൾ, ചന്ദനമണിവാതിൽ ചാരി, നീൾ മിഴിപ്പീലിയിൽ നീർമണി തുളുമ്പി, സാരംഗി മാറിലണിയും തുടങ്ങി ആകാശവാണി പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടം തോന്നിയ പാട്ടുകളുണ്ട്. കിരൺ ടിവിയുടെ കാലത്തോളം അവയുടെ രംഗങ്ങൾ കാണുക എന്ന ദുര്യോഗം ആസ്വാദകർക്കുണ്ടായിരുന്നില്ല. ആകെ അഞ്ചോ പത്തോ പാട്ടുകൾ തന്നെ ദൂരദർശനിൽ എല്ലാ ചിത്രഗീതത്തിലും തിരിച്ചും മറിച്ചും കാണിച്ചിരുന്നുവെന്നത് കൊണ്ടാണിത്. ഡിസംബർ മാസം ആണെങ്കിൽ എല്ലാ ആഴ്ചയും  'ലാത്തിരി പൂത്തിരി' ഉറപ്പ്. ജനവരിയിലും ആഗസ്തിലും ‘ഗംഗാ ജമുനാ സംഗമ സമതല ഭൂമി’ എന്തായാലും കാണും.

എന്നാൽ പിന്നീട് കിരൺ ടിവിയും ഏഷ്യാനെറ്റ് പ്ലസ്സുമൊക്കെ എല്ലാത്തരം ഗാനങ്ങളെയും സ്ക്രീനിലെത്തിച്ചു തുടങ്ങി. “തുളുമ്പും മാദകമധുപാനപാത്രം നിന്റെയീ നേത്രം” എന്ന് പാടുന്ന ജയറാമിനെ നോക്കി ഇമ വെട്ടുന്ന ശോഭന , 'എന്നോടെന്തിനൊളിക്കുന്നു നീ സഖി' എന്ന് പിന്നാമ്പുറത്ത് വേണുഗോപാൽ പാടുമ്പോൾ ട്രോളിയിൽ പൂക്കൾക്കിടയിലൂടെ നിരങ്ങിനീങ്ങുന്ന ചുള്ളിക്കാടും താരാ കല്യാണും. പാവം പ്രേക്ഷകർ!

കെ.ജി. ജോർജിന്റെ ശരദിന്ദുമലർദീപനാളം നീട്ടി (രചന ഓ എൻ വി,സംഗീതം :എം ബി ശ്രീനിവാസൻ,ഗായകർ: പി ജയചന്ദ്രൻ,സെൽമ ജോർജ്) മനോഹരമായ ഗാനചിത്രീകരണത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ ഒന്നായി പറയാം. കഥാപാത്രങ്ങൾ തമ്മിലുള്ള ആകർഷണത്തിന്റെ തീവ്രത എടുത്തു കാണിക്കുന്ന രംഗങ്ങൾ. സ്ക്രീനിലെ നായികയുടെയും നായകന്റെയും ശരീരചലനങ്ങൾ പോലും അതിസൂക്ഷ്മമായി സംവിധായകൻ നിയന്ത്രിച്ചിട്ടുണ്ട്. തീക്ഷ്ണമായ അനുരാഗാനുഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ സംഗീതത്തെ അശരീരിരൂപത്തിൽ ആണ് നാടോടിക്കാറ്റിൽ ‘വൈശാഖസന്ധ്യേ' യ്ക്ക് വേണ്ടി സത്യൻ അന്തിക്കാട് ഉപയോഗിച്ചത്. ഉൾക്കടലിന്റേതിനു വിരുദ്ധമായി പ്രണയത്തിന്റെ  അല്പം കൂടി ലളിതവും മൃദുവുമായ അനുഭവചിത്രീകരണം എന്ന് പറയാം. സമാനമായ ചിത്രീകരണം തൂവാനത്തുമ്പികളിൽ പദ്മരാജൻ പരീക്ഷിച്ചിട്ടുണ്ട്. ഇവിടെ ആദ്യം രംഗങ്ങൾ ചിത്രീകരിച്ച ശേഷമാണ് സംഗീതം സൃഷ്ടിച്ചതത്രെ.

‘വൈശാഖസന്ധ്യേ' സത്യൻ അന്തിക്കാട് ‘ശ്വാസത്തിൻ താളം' (അച്ചുവിന്റെ അമ്മ) എന്ന ഗാനരംഗത്തിൽ സ്വയം അനുകരിക്കാൻ ശ്രമിച്ച് പൂർണാർഥത്തിൽ വിജയിക്കാതെ പോകുന്നത് കാണാം. അതേ സമയം ‘മേഘം പൂത്തു തുടങ്ങീ’ യുടെ അനുകരണമെന്ന പോലെ രഞ്ജിത്തിന്റെ നന്ദനത്തിൽ ‘ആരും ആരും കാണാതീ’ എന്ന ഗാനചിത്രീകരണവും ഇതേ കാലത്ത് ഉണ്ടായി.


ഒരു ഗാനരംഗത്തിനു മിഴിവ് കൂട്ടാൻ സംഗീതസംവിധായകൻ നിമിത്തമായ കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ‘മഴവിൽക്കാവടി' സിനിമയുടെ റെക്കോർഡിങ്ങ് സമയത്ത് “മൈനാകപ്പൊന്മുടിയിൽ പൊന്നുരുകിത്തൂവിപ്പോയ്” എന്ന ഗാനമായിരുന്നു ചിട്ടപ്പെടുത്തിക്കൊണ്ടിന്നു. . “ഈ വരികൾ വരുന്ന സമയത്ത് പളനിയിൽ മൊട്ടയടിച്ച് തലയ്ക്ക് മീതെ ചന്ദനം ഒഴിക്കുന്ന രംഗം ചേർത്താൽ നന്നായിരിക്കും” എന്ന്  സംഗീതസംവിധായകൻ ജോൺസൺ സത്യൻ അന്തിക്കാടിനോട് അഭിപ്രായപ്പെട്ടു എന്നാണ് ചരിത്രം. സംഗീതത്തെയും വിഷ്വലുകളെയും ആ വിധത്തിൽ ചിന്തയിൽ രൂപപ്പെടുത്താൻ ഉള്ള ജോൺസന്റെ കഴിവായിരിക്കാം ഏറെ സിനിമകളിൽ പശ്ചാത്തലസംഗീതകാരന്റെ റോൾ വിജയകരമായി അണിയാൻ അദ്ദേഹത്തെ സഹായിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top