29 March Friday

സ്വരമന്ദാകിനി-ഗായിക വാണിജയറാമിനെ കുറിച്ച് ഡോ. എം ഡി മനോജ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

വാണി ജയറാം

മനസ്സ് പോകുന്ന വഴിയാണ് വാണി ജയറാമിന്റെ പാട്ടുകൾക്ക്. സൂക്ഷ്മവും ശ്രുതിശുദ്ധവുമായ തുടർച്ചകളിലായിരുന്നു അവരുടെ സ്വര സൗന്ദര്യം തെളിഞ്ഞുനിന്നത്. ശബ്ദത്തിന്റെ ആഴം, വേരിയേഷനുകൾ, ഡൈനാമിക്സ്, വാക്കുകളിൽ പുലർത്തുന്ന ജാഗ്രത, വരികളുടെ ആത്മാവിലേക്ക് നമ്മെ നയിക്കുന്ന ശ്രദ്ധ എന്നിവയെല്ലാം ആ ഗാനങ്ങളുടെ മുഖമുദ്രകൾ ആയിരുന്നു. കഥാപാത്രം, സന്ദർഭം എന്നിവയുടെ സൂക്ഷ്മമായ മനോഗതങ്ങൾ അറിഞ്ഞുപാടുകയായിരുന്നു അവർ. പാട്ടിൽ വാണി ജയറാമിന്റെ പ്രാർഥനാ നിലയങ്ങൾ എന്ന് വിളിക്കുവാൻ എത്രയോ സംഗീത സംവിധായകർ അവർക്കൊപ്പമെന്നും ഉണ്ടായിരുന്നു.

വാണി ജയറാം എന്ന ഗായിക പകർന്നുതന്ന ആലാപന മികവിന്റെ വിഭിന്ന ഋതുക്കളെ നിരീക്ഷിക്കുമ്പോൾ അതിൽ വികാരപരമായ ഭാവനാ വിസ്തൃതികൾക്ക് പ്രാധാന്യമേറുന്നു. വികാരവും സംഗതിയും ഭാഷയും ഭാവവും ഭാവനയുമെല്ലാം ആ

വാണി ജയറാം

വാണി ജയറാം

ഗാനങ്ങളിൽ സുന്ദരവും സൂക്ഷ്മവുമായിത്തീർന്നു. പാട്ടുകളിൽ അവർ ദീക്ഷിക്കുന്ന രാഗമധുരിമകൾ, ലയബദ്ധതകൾ, ഭാവകാന്തികൾ എന്നിവ രമണീയമായ ഒരു സംഗീത കാലത്തെ നമുക്കുമുമ്പിൽ അടയാളപ്പെടുത്തി. 

ഏത് ഭാഷയിലെ ഗാനമായാലും അത് വാണി ജയറാമിന്റെ ശബ്ദസാധ്യതകളിൽ സുഗമസംഗീതമായി മാറി. ശബ്ദഗാംഭീര്യത്തിന്റെ വേറിട്ട തലങ്ങൾ, ലയ സൗഖ്യത്തിന്റെ സങ്കൽപ്പങ്ങൾ എന്നിവ അവയുടെ സാന്ദ്രതയിൽ സവിശേഷമായത് ഒരു പക്ഷേ, അവർ പാടിയ സെമി ക്ലാസിക്കൽ ഗാനങ്ങളിലായിരുന്നു. അവ്വിധം ആഴത്തിലുള്ള ആവിഷ്കാര ദക്ഷത കൾ പിന്നീട് നാമനുഭവിച്ചത് അവരുടെ ഗസലുകളിലും ഭജനുകളിലുമായിരുന്നു.

വൈകാരികതകളുടെ അതിഗംഭീരമായ ആലാപന സൗന്ദര്യവും സ്ഥായികളുടെ ആന്ദോളനക്രമവും വാണി ജയറാമിന്റെ ഗാനങ്ങൾക്ക് അനന്യ കാന്തി പകർന്നു. ഗമകങ്ങളുടെയും സ്ഥായിഭേദങ്ങളുടെയും ഭാവക്രമങ്ങളെ അനായാസമായും സ്വതന്ത്രമായും ആലാപന സ്വരൂപത്തിൽ നിലനിർത്താൻ എക്കാലത്തും വാണി ജയറാമിന് സാധിച്ചു.

ഉച്ചാരണത്തിൽ അണുകിട മാറാത്ത ആലാപന വിധങ്ങളെ ആവിഷ്കരിക്കാൻ മലയാളിയല്ലാഞ്ഞിട്ടും വാണി ജയറാമിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ജന്മനാ കവയിത്രിയും ചിത്രകാരിയുമൊക്കെയായ അവർക്ക് വ്യത്യസ്ത തലത്തിലുള്ള സർഗാത്മക സഞ്ചാരങ്ങളെക്കുറിച്ച് അപാര ബോധ്യമുണ്ടായിരുന്നു.

ഉച്ചാരണത്തിൽ അണുകിട മാറാത്ത ആലാപന വിധങ്ങളെ ആവിഷ്കരിക്കാൻ മലയാളിയല്ലാഞ്ഞിട്ടും വാണി ജയറാമിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ജന്മനാ കവയിത്രിയും ചിത്രകാരിയുമൊക്കെയായ അവർക്ക് വ്യത്യസ്ത തലത്തിലുള്ള സർഗാത്മക സഞ്ചാരങ്ങളെക്കുറിച്ച് അപാര ബോധ്യമുണ്ടായിരുന്നു.

മനസ്സ് പോകുന്ന വഴിയാണ് വാണിജയറാമിന്റെ പാട്ടുകൾക്ക്. സൂക്ഷ്മവും ശ്രുതി ശുദ്ധവുമായ തുടർച്ചകളിലായിരുന്നു അവരുടെ സ്വര സൗന്ദര്യം തെളിഞ്ഞുനിന്നത്. ശബ്ദത്തിന്റെ ആഴം, വേരിയേഷനുകൾ, ഡൈനാമിക്സ്, വാക്കുകളിൽ പുലർത്തുന്ന ജാഗ്രത, വരികളുടെ ആത്മാവിലേക്ക് നമ്മെ നയിക്കുന്ന ശ്രദ്ധ എന്നിവയെല്ലാം ആ ഗാനങ്ങളുടെ മുഖമുദ്രകൾ ആയിരുന്നു.

കഥാപാത്രം, സന്ദർഭം എന്നിവയുടെ സൂക്ഷ്മമായ മനോഗതങ്ങൾ അറിഞ്ഞുപാടുകയായിരുന്നു അവർ. പാട്ടിൽ വാണി ജയറാമിന്റെ പ്രാർഥനാ നിലയങ്ങൾ എന്ന് വിളിക്കുവാൻ എത്രയോ സംഗീത സംവിധായകർ അവർക്കൊപ്പമെന്നും ഉണ്ടായിരുന്നു.

സ്വരസ്ഥാനങ്ങളെ ചുംബിച്ചുണർത്തുന്ന ഗായിക എന്ന നിലയിലാണ് അവർ എല്ലാ പാട്ടിനെയും നോക്കിക്കണ്ടത്. ഏത് വാക്കിലാണ് പാട്ടിന്റെ ആത്മാവുള്ളത് എന്ന് നോക്കിയായിരുന്നു ആലാപന വൈവിധ്യങ്ങൾ. ഭാഷയിലും ഭാവത്തിലും ഒരുപോലെ മികവ് പുലർത്തുന്നതായിരുന്നു ആ സുന്ദര ബാണി.

വ്യത്യസ്ത സ്വരഗുണവിശേഷങ്ങളുടെ സംഗമ ദീപ്തിയിൽ സമൃദ്ധമാണ് വാണിയുടെ സംഗീത ലോകം. പാട്ടിലെ വൈകാരികഭാവോന്മുഖതയായിരുന്നു അതിൽ പ്രധാനം.

ഭരത്‌ ഗോപി,ജോൺസൺ മാസ്‌റ്റർ, വാണിജയറാം എന്നിവർ ‘ഓർമ്മയ്‌ക്കായി’ സിനിമയുടെ   പാട്ട്‌ റെക്കോഡിങ്‌ വേളയിൽ

ഭരത്‌ ഗോപി,ജോൺസൺ മാസ്‌റ്റർ, വാണിജയറാം എന്നിവർ ‘ഓർമ്മയ്‌ക്കായി’ സിനിമയുടെ പാട്ട്‌ റെക്കോഡിങ്‌ വേളയിൽ

ഗമകങ്ങളുടെ അനർഗളതകൾ ആലാപനത്തിൽ അസ്വാരസ്യമില്ലാതെ ഇടകലർത്താൻ വാണി ശ്രദ്ധിച്ചു. മനോധർമ പ്രയോഗങ്ങൾ അവരുടെ ഗാനങ്ങളെ അർഥപൂർണമാക്കി. പാട്ടിനെ ഭാവ നിമഗ്നമാക്കിയും വികാര ഭാവങ്ങളെ സൂക്ഷ്മതരമാക്കിയുമായിരുന്നു വാണി ജയറാം തന്റെ ആലാപന സ്ഥായികളെ സൗന്ദര്യാഭിരാമമാക്കിത്തീർത്തത്.

കനമുള്ള ഗമകങ്ങൾ/സംഗതികൾ ആയാലും അവരുടെ സ്വര കാന്തിയിൽ അവയെല്ലാം വിലോഭനീയങ്ങളായി മാറി. ശബ്ദത്തിൽ വികാരത്തിന് മുൻതൂക്കം നൽകുന്ന പാട്ടുലോകം കൂടിയായിരുന്നു അത്.

കർണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പ്രൗഢസ്ഥലികളിൽ ജനപ്രിയതയുടെ തുറസ്സിലേക്ക് ഗാനങ്ങളെ സംക്രമിപ്പിക്കുകയായിരുന്നു വാണി ജയറാം. ഗമക സമൃദ്ധവും മധുരോദാരവുമായിരുന്നു പലപ്പോഴും അവരുടെ ഗാനങ്ങൾ.

ഗമകമോ, ബൃഗയോ എന്ന് നിർവചിക്കാനാകാത്ത സവിശേഷസ്വര സങ്കേതങ്ങൾ ആ നാദ പ്രവാഹത്തെ അനന്യമാക്കി. അവരുടെ പാട്ട് ഒരു ഭാഷയും ഒരു സംസ്കാരവുമായിത്തീരുന്നു. അത് സ്വയം നിർവചിക്കാൻശേഷിയുള്ള ഗാന രീതിയാകുന്നു. പ്രണയാനുരാഗത്തിന്റെ ഗായികയാണവർ.

അതിന്റെ വൈവിധ്യം ക്ലാസിക്കൽ മുതൽ ഫോക്‌ റൊമാന്റിക് വരെയാകുന്നു. അപാരമായ വോക്കൽ റേഞ്ച്, പെട്ടെന്ന് പാട്ടുകൾ പഠിക്കാനുള്ള ആർജവം, കൃത്യമായ ഉച്ചാരണം, വിശദാംശങ്ങളിലുള്ള ശ്രദ്ധ എന്നിവ വാണി ജയറാമിന്റെ സംഗീത ജീവിതത്തിൽ പ്രധാനമായിരുന്നു.

ജെറി അമൽദേവ്‌, വാണിജയറാം, യേശുദാസ്‌

ജെറി അമൽദേവ്‌, വാണിജയറാം, യേശുദാസ്‌

ഏത് ഗാനവും വാണിയുടെ നാദത്തിൽ വർണാഭമാകുകയായിരുന്നു. പ്രണയത്തിന്റെ വ്യാപ്തി അതിന്റെ പരമാവധിയാകുന്നത് വാണി ജയറാമിന്റെ പാട്ടുകളിലായിരുന്നു.

 പാട്ടിന്റെ പരിചിതാർഥങ്ങളിൽനിന്ന് മാറി സഞ്ചരിക്കുന്നുണ്ട് വാണി ജയറാം തന്റെ സംഗീത വഴികളിൽ.

ഒ എൻ വി

ഒ എൻ വി

ആ ഗാനങ്ങൾ എല്ലാ വികാരങ്ങളുടെയും സത്ത ഉൾക്കൊള്ളുന്നവയാണ്. പാട്ടിന്റെ അനേകം സന്ദർഭങ്ങളിലേക്ക് നാം ചെന്നെത്തുന്നത് വാണിയുടെ ഗാനാവിഷ്കാരങ്ങളിലായിരുന്നു.

പതിഞ്ഞ പാട്ടിനേക്കാൾ അത് പതഞ്ഞൊഴുകുന്ന തീക്ഷ്ണ പ്രവാഹം. ഒരു പക്ഷേ പ്രേമം എന്ന വികാരത്തിന്റെ ചടുലാലാപനസാധ്യതകൾ. ജീവിത വേളകളിൽ നാമനുഭവിക്കുന്ന ആഴത്തിലുള്ള ഒരാന്തരിക ലോകവും ആ ലോകവുമായുള്ള ലയവുമൊക്കെയാണ് അവരുടെ ശബ്ദം പകർന്നുതന്നത്. അങ്ങനെ അവർ ജനപ്രിയതയുടേതായ ഒരു സംഗീതപർവം സൃഷ്ടിച്ചു.

 മലയാളത്തിൽ വാണി ജയറാമിനെ അവതരിപ്പിച്ചത് സലിൽ ചൗധരിയായിരുന്നു. സ്വപ്നമെന്ന സിനിമയിലെ സൗരയൂഥത്തിൽ എന്ന ഒ എൻ വി ഗാനം. വാണിയുടെ വോക്കൽ റേഞ്ച് സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞത് സലിൽ ദാ ആയിരുന്നു. ധും ധന എന്ന പാട്ടിലെ ചടുലതയും ലയാത്മകതയും മെലഡിയുമെല്ലാം വാണിയുടെ ശബ്ദസൗന്ദര്യത്തിന് മാറ്റ് കൂടി.

മലയാളത്തിൽ വാണി ജയറാമിന് കൂടുതൽ അവസരങ്ങൾ നൽകിയത് അർജുനൻ മാഷായിരുന്നു.

എം കെ  അർജുനൻ

എം കെ അർജുനൻ

വാൽക്കണ്ണെഴുതി എന്ന പാട്ട് അതിൽ മുന്നിൽ നിൽക്കുന്നു. യേശുദാസായിരുന്നു വാണിയെ മാഷിന് പരിചയപ്പെടുത്തുന്നത്. സീമന്ത രേഖയിൽ, സപ്തസ്വരങ്ങളാടും, മാവിന്റെ കൊമ്പിലിരുന്ന്, ഞാറ്റുവേലപ്പൂക്കളെ, നിലവിളക്കിൻ തിരി, തിരുവോണ പുലരി തൻ സൗഗന്ധികങ്ങൾ വിടർന്നു അങ്ങനെ നീളുന്നു ആ നിര...

ഉത്സാഹപൂരിതവും ഉന്മത്തവുമായി ഒഴുകുന്ന ഒരു നദി പോലെയാണ് ആ ഗാനങ്ങൾ. പാട്ടിൽ പൂത്തിരി കത്തി നിൽക്കുന്ന ഒരനുഭവം ഒരു പക്ഷേ വാണി ജയറാം സൃഷ്ടിക്കുന്നുണ്ട്. ചടുലമായ ഒരു പ്രവാഹഗതി പാട്ടുകളിൽ സൂക്ഷിച്ചുവെക്കുന്നുണ്ട് വാണി. നാടൻ പാട്ടിലെ മൈന, കടക്കണ്ണിലൊരു കടൽ കണ്ടു, ആഴിത്തിരമാലകൾ, ധും ധന ധും ധന, കിന്നാരം തരിവളയുടെ, കണ്ണിൽ പൂവ്, നാദാപുരം പള്ളിയിലെ... അങ്ങനെ നിരവധി ഗാനങ്ങൾ. അതേസമയം വളരെ മന്ദഗതിയിലൊഴുകുന്ന തിരയും തീരവും എന്ന ഗാനവും വാണി ജയറാമിന്റേതാണ്. പാട്ടിലെ ചൈതന്യം നൈസർഗികവും സത്യസന്ധവും മൗലികവുമായ വിചാരങ്ങൾ, വികാരങ്ങൾ, അനുഭൂതി എന്നിവ ചേരുന്ന പാട്ടിന്റെ സാന്ദ്ര ലോകമാണിത്.

എം എസ്‌  വിശ്വനാഥൻ

എം എസ്‌ വിശ്വനാഥൻ

വാണി ജയറാമിനുവേണ്ടി ദക്ഷിണാമൂർത്തി നിർമിച്ച ഈണ വിസ്തൃതികൾ ശ്രദ്ധേയമായിരുന്നു. ഇളം മഞ്ഞിൻ തേരോട്ടം എന്ന ഗാനം സ്വാമിയുടെ മറ്റ് ഗാനങ്ങളിൽനിന്ന് പ്രകൃതത്തിൽ വ്യത്യസ്തമായിരുന്നു. വിശുദ്ധമായൊരു പുലർകാലത്തെ പാട്ടിൽ വിടർത്തി വെക്കുകയായിരുന്നു ഗായിക. ഹിന്ദോള രാഗത്തിൽ, ആനന്ദനടനം, ഹംസ പഥങ്ങളിൽ, ചിരകാല കാമിത... അങ്ങനെ സ്വാമിയുടെ പാട്ടുകൾ വാണിയുടെ സ്വരത്തിൽ രാഗസാന്ദ്രമായി.

എം എസ് വി യും വാണിയും ചേർന്നപ്പോൾ ഉണ്ടായത്‌ എത്രയോ ജനപ്രിയ ഗീതികൾ.

  യേശുദാസ്‌ , എം എസ്‌ വിശ്വനാഥൻ തുടങ്ങിയവർക്കൊപ്പം  വാണി ജയറാം

യേശുദാസ്‌ , എം എസ്‌ വിശ്വനാഥൻ തുടങ്ങിയവർക്കൊപ്പം വാണി ജയറാം

തൃപ്പയാരപ്പാ, കാവാലം ചുണ്ടൻ വളളം, ഏത് പന്തൽ... അങ്ങനെ വൈവിധ്യത്തിന്റെ ലയശോഭകൾ. ദേവരാജ സംഗീതത്തിൽ അവർ പാടിയ ഗാനങ്ങൾ ആലാപനസൂക്ഷ്മതയിൽ മുന്തിയതായിരുന്നു. മംഗളാംബികേ, തിരുവൈക്കത്തപ്പാ എന്നിങ്ങനെ.

സുഗന്ധ ശീതള എന്ന ബിച്ചു തിരുമല  ദേവരാജ സംഗമത്തിൽ പിറന്ന ഗാനം വാണിയുടെ ആലാപനത്തിൽ പുതുമ പുലർത്തി. ബാബു രാജിന്റെ യാഗാശ്വത്തിലെ കൃഷ്ണപ്രിയദളം എന്ന ഗാനം വാണിയുടെ ആരാധകർക്ക് പ്രിയം നിറഞ്ഞതായിരുന്നു.

തുറന്ന് പാടുന്ന രീതിയാണ് വാണിയുടെ ബാണി. പെനട്രേറ്റിങ് ആയ സ്വരം. യുഗ്മഗാനങ്ങളിൽ വാണി പങ്കിടുന്ന ശബ്ദമധുരിമകൾ വേറെത്തന്നെ. ക്ലാസിക്കൽ സംഗീതത്തിന്റെ സമസ്ത ധാരകളെയും സന്നിവേശിപ്പിച്ച് സാർഥകമാക്കിയ എത്രയോ ഗാനങ്ങൾ ആ സംഗീത പ്രപഞ്ചത്തിലുണ്ട്.

കെ വി മഹാദേവന്റെ പാട്ടുകൾ ഉദാഹരണമാണ്. ശങ്കരാഭരണം എന്ന സിനിമയിലെ കീർത്തനങ്ങൾ ഒരറ്റത്തു നിൽക്കുമ്പോൾ കെ വി മഹാദേവന്റെ തന്നെ കടക്കണ്ണിലൊരു കടൽ കണ്ടു എന്ന പാട്ടിനെ വാണി മറ്റൊരറ്റത്ത്‌ കൊണ്ടുപോയിക്കെട്ടി.

കുങ്കുമപ്പൊട്ടിലൂറും കവിതേ (എ ടി ഉമ്മർ ) 1 ആവണിപ്പൊന്നൂഞ്ഞാലിൽ (എം ബി എസ് ),  നായക

എസ്‌ ജാനകിയും വാണി ജയറാമും

എസ്‌ ജാനകിയും വാണി ജയറാമും

പാലക ( ശ്യാം ), നീല ഗഗനമേ, മഞ്ചാടിക്കുന്നിൽ (ജെറി അമൽദേവ് ), നന്ദ സുതാവര, ഏതോ ജന്മകൽപ്പനയിൽ (ജോൺസൺ), പൂവേ പൂവിടും (രവീന്ദ്രൻ), ആഷാഢമാസം (ആർ കെ ശേഖർ )... അങ്ങനെ ഭാവത്തിലും വേഗത്തിലും സ്വര ക്രമീകരണത്തിലും ഗാന ഘടകങ്ങളെ വാണി ജയറാം കൃത്യമായി വിലയിപ്പിച്ചു.

വാണി പാടുമ്പോൾ ജീവിതത്തിലെ സന്തോഷപ്രദമായ അവസരങ്ങളുടെ അനിവാര്യമായ അടരുകളെ അഭിസംബോധന ചെയ്തു. സംഘഗാനങ്ങളിൽ വാണിയുടെ നാദം സഹ ഗായകരേക്കാൾ ഉച്ചത്തിൽ പ്രകടമായിത്തീരുന്നു. സ്വർണ മീനിന്റെ, നീരാട്ട്, ഏഴാം മാളിക മേലേ എന്നിവ ശ്രദ്ധിച്ചാലിതറിയാം.

 പാട്ടിൽ വാണിജയറാം തീർക്കുന്ന സമഗ്രത തന്നെയായിരുന്നു പ്രധാനം. വിവിധ സ്ഥായികളിൽ ഗമകങ്ങളും തീവ്രതകളും ധ്വനിപ്പിക്കുന്ന ആലാപനത്തിന്റെ വൈകാരിക പ്രകാശനങ്ങൾ. സ്വരത്തിന്റെ തീവ്രതയും ആഴവും ഒഴുക്കുമുള്ള ഗാനങ്ങൾ, പ്രണയഗീതികൾ, ശോകഗാനങ്ങൾ, കാവ്യമെലഡികൾ, ദ്രുത ഗീതകങ്ങൾ/നാടോടി ശൈലിയിലുള്ള പാട്ടുകൾ, ഭക്തി/ ഭജനുകൾ, ഗസൽ എന്നിവയിൽ വാണി ജയറാം നിലനിർത്തിയ ഭാവ വൈവിധ്യങ്ങൾ തിരിച്ചറിയേണ്ടതാണ്.

വാണി ജയറാം

വാണി ജയറാം

രാഘവൻ മാഷിന്റെ പഞ്ചവർണക്കിളിവാലൻ, വറുത്ത പച്ചരി, തിരുവുള്ളക്കാവിലിന്ന്, മങ്കമാരെ മയക്കുന്ന, നാദാപുരം പള്ളിയിലെ, അടി തൊഴുന്നേൻ... അങ്ങനെ എന്ത് നാദ വൈവിധ്യമാണിവിടെ.

ഭക്തിയും പ്രണയവും ശൃംഗാരവും ഇടകലർന്ന് ശ്രീരാഗത്തിൽ തീർത്ത നന്ദ സുതാവര എന്ന ഗാനം, രതിയുടെ ഉന്മാദാവസ്ഥ പ്രതിഫലിപ്പിക്കുന്ന കുറുനിരയോ എന്ന ഗാനം, മൗനം പൊൻ മണിത്തംബുരു എന്ന പാട്ടിലെ അവസാന ഭാഗത്തുള്ള ല ലാ ല എന്ന സംഗതികൾ... അങ്ങനെ ബഹുസ്വരമായ ആലാപനച്ചേർച്ചകൾ... ശ്രുതിയുടെ ഒരു കമ്പി അതിന്റെ പാകത്തിന് വലിച്ചു കെട്ടിയപോലെയാണ് വാണിയുടെ സ്വരം. അല്ലെങ്കിൽ ഒരു നദി അതിന്റെ തരംഗങ്ങളെ ഇണക്കിയൊഴുകുന്നതുപോലെ.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അനന്ത വിസ്തൃതികൾ പാട്ടിൽ അന്തർവഹിക്കുന്ന അപാരതകളുടെ സർഗാത്മകമായ ആവിഷ്കാരം വാണി ജയറാമിന്റെ നാദ നിസ്തുലതകളായി വിടർന്നത് ഹിന്ദി ചലച്ചിത്ര ഗാനങ്ങളിലായിരുന്നു. പട്യാല ഘരാനയുടെ പ്രയോക്താവായ ഉസ്താദ് അബ്ദുൾ റഹ്മാന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ച വാണിയുടെ ബോലേ രേ പാപി ഹര ( മിയാൻ കി മൽഹാർ ) എന്ന ഗാനത്തിന് അപാര ജനസമ്മതിയുണ്ടായി.

നൗഷാദ്

നൗഷാദ്

നൗഷാദ്, മദൻ മോഹൻ, ആർ ഡി ബർമൻ, ഒ പി നയ്യാർ എന്നിവർക്ക് വേണ്ടി മികച്ച ഗാനങ്ങൾ പാടി അവർ. വാണിയുടെ ഗാനങ്ങളിൽ നാം രാഗങ്ങളുടെ നിറപ്പകർച്ച അനുഭവിച്ചു. അവർ പാടുന്നതിന്റെ സൗഖ്യം, ശ്രുതി ശുദ്ധി, ഗമക പ്രഭ, ഭാവോന്മീലനം എന്നിവ വേറിട്ടു നിൽക്കുന്നു. നിതാന്ത വശ്യമായ ഒരു ശാരീരമായിരുന്നു അത്. വിവിധ രാഗതാള കാലങ്ങളിൽ നിർവൃതി കൊള്ളുന്ന പാട്ടുകൾ.

മൂന്ന് ദേശീയ പുരസ്കാരങ്ങൾ (സ്വാതികിരണം, ശങ്കരാഭരണം, അപൂർവരാഗങ്ങൾ), പത്മവിഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നേടിയ വാണി പാട്ടിൽ സമന്വയിപ്പിച്ച സമാനതകൾ ഇല്ലാത്ത ആലാപന ശൈലികൾ വരുംതലമുറകളെ അതിശയപ്പെടുത്തി മുന്നേറുമെന്നുറപ്പാണ്. അത്രയ്ക്കും പ്രിയതരമാകുമൊരു നാദമായിരുന്നു അത്...

 മീര എന്ന ചിത്രത്തിനുവേണ്ടി വാണി ജയറാം ആലപിച്ച പന്ത്രണ്ടു ഗാനങ്ങൾ അവയുടെ ആലാപന വ്യതിരിക്തകളിൽ ശ്രദ്ധേയമായി.

 ആർ ഡി ബർമൻ

ആർ ഡി ബർമൻ

രവിശങ്കറിന്റെ ഈണങ്ങൾ അതിന് മാറ്റ് കൂട്ടി. ഭജനുകളിൽ അവർ ദീക്ഷിക്കുന്ന ഭക്തിയുടെയും ദർശനത്തിന്റെയും വിസ്തൃതികൾ ആയിരുന്നു ആസ്വാദകരെ തൃപ്തിപ്പെടുത്തിയത്.

മദൻ മോഹന്റെ ഏക് മുത്തി ആസ്മാനിലെ പാട്ടുകൾ, ജയ്ദേവിന്റെ പരിണയിലെ ഗാനങ്ങൾ (മിത്‌വാ, മിത് വാ), നൗഷാദിന്റെ പകീസയിലെ മോരാ സാജൻപോലുള്ള തുമ്റി, ഭാസ്കർ ചന്ദ്രവർക്കറിന്റെ മായാ ദർപണിലെ ആജാരി നിന്ദിയ പോലുള്ള താരാട്ട് പാട്ട്, ആർ ഡി ബർമ്മന്റെ ഛലിയായിലെ ഗാനങ്ങൾ, ഒ പി നയ്യാറിന്റെ കൂൻ കാ ബദ്‌ലാ കൂനിലെ സുൽ ഫി ലഹ് രായ് പോലെയുള്ള പെപ്പി നമ്പറുകൾ, ബാപ്പി ലാഹരിയുടെ ഹായ് സിയാ തിലെ പാട്ടുകൾ, എസ് എൻ ത്രിപാഠിയുടെ ഹരേ കൃഷ്ണയിലെ ഗീതികൾ, കല്യാൺ ജി യുടെ ധർമ് ഔർ ഖാനൂനിലെ ഗാനാവിഷ്കാരങ്ങൾ, ലക്ഷ്മികാന്ത് പ്യാരേലാലിന്റെ ജം ഔർ സാസായിലെ പാട്ടുകൾ, എ ആർ റഹ്മാൻ സംഗീതം നിർവഹിച്ച കാവിയ തലൈവനിലെ പാട്ടുകൾ അങ്ങനെ വാണി ജയറാം പാടാത്ത സംഗീത സംവിധായകർ ഇന്ത്യയിൽ കുറവാണ്.

വാസനാ വീര്യവും രാഗ ഭാവ പരിണാമവും സ്വര സങ്കേതവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1945 നവംബർ 3 ന് വെല്ലൂരിൽ ജനിച്ച കലൈവാണി എന്ന പെൺകുട്ടി ജനഹൃദയങ്ങളിൽ ബഹുസ്വരമായ പാട്ടിന്റെ നാദ നക്ഷത്രങ്ങൾ കൊളുത്തി വെക്കാൻ തുടങ്ങിയത്.

 വാസനാ വീര്യവും രാഗ ഭാവ പരിണാമവും സ്വര സങ്കേതവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1945 നവംബർ 3 ന് വെല്ലൂരിൽ ജനിച്ച കലൈവാണി എന്ന പെൺകുട്ടി ജനഹൃദയങ്ങളിൽ ബഹുസ്വരമായ പാട്ടിന്റെ നാദ നക്ഷത്രങ്ങൾ കൊളുത്തി വെക്കാൻ തുടങ്ങിയത്. പത്തൊമ്പത് ഭാഷകളിലായി പതിനായിരക്കണക്കിന് പാട്ടുകൾ പാടിയ അവർ അവസാന കാലത്ത് വീണ്ടും മലയാളികളുടെ പ്രിയപ്പെട്ട ഓലഞ്ഞാലിക്കുരുവിയായി മാറി.

തനത് മുദ്രകളുള്ള ആലാപന ശൈലികൾ തീർത്ത ഗാനങ്ങൾ ഇവിടെ അവശേഷിപ്പിച്ചാണ് വാണി ജയറാം മടങ്ങിപ്പോകുന്നത്. വാണി ജയറാമിന്റെ കണ്ഠം അനന്യ കാന്തി നൽകിയ പാട്ടുകൾ അവയുടെ നിതാന്ത വശ്യതകളാൽ നമ്മുടെ ഗൃഹാതുര നിമിഷങ്ങളെ ഭാവാർദ്രമാക്കുമെന്നത് തീർച്ചയാണ്  . ശബ്ദലയ സൗഖ്യത്തിന്റെ സാന്ദ്രതലങ്ങൾ സൃഷ്ടിക്കുന്ന അനുഭവഭേദങ്ങൾ അത്രയ്ക്കുണ്ടായിരുന്നു വാണി ജയറാമിൽ .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top