26 April Friday

"ഉറപ്പാണ്‌ ചങ്കുറപ്പാണ്‌"; ഹിറ്റായി കുട്ടികളുടെ റാപ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ലിച്ചു, നീമോ, റോൺ

 മലപ്പുറം > ‘ഉറപ്പാണ്‌... ഉറപ്പാണ്‌... എൽഡിഎഫ്‌ വരും ഉറപ്പാണ്‌’- ഏഴാം ക്ലാസുകാരൻ ലിച്ചു  പാടുന്നു. ‘നെഞ്ചുറച്ച്‌ കൈചുരുട്ടി ഞാൻ പറയും ഇതെന്റെ നാട്‌.. ഉറപ്പാണ്‌ ചങ്കുറപ്പാണ്‌’ നാട്ടിൽ തെരഞ്ഞെടുപ്പ്‌ ആവേശം പടരുമ്പോൾ പ്രളയത്തിലും കോവിഡിലും കണ്ടറിഞ്ഞ കരുതലിന്‌ പിന്തുണയേകുകയാണ്‌ ബംഗളുരുവിൽനിന്ന്‌ കുഞ്ഞുസഹോദരങ്ങളുടെ മൂവർസംഘം ‘സിയൂസ്‌ട്രയോ’. തുടർ ഭരണത്തിന്റെ ഈരടികളുമായി കുഞ്ഞുങ്ങളുടെ റാപ്‌ സോങ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റ്‌. 

നിലമ്പൂർ ചന്തക്കുന്ന്‌ അറക്കൽ മൈത്രിയിൽ ഷാൻ അറക്കൽ–- ജസ്‌ന ഷാൻ ദമ്പതികളുടെ മക്കളായ ലിച്ചു, നീമോ, റോൺ എന്നിവരാണ്‌ ‘ഉറപ്പാണ്‌’  പേരിൽ റാപ്‌ സോങ് ചിട്ടപ്പെടുത്തിയത്‌. ‘പ്രളയകാലത്തും കോവിഡ്‌ സമയത്തും വാർത്താ സമ്മേളനങ്ങൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. അങ്ങനെ മുഖ്യമന്ത്രിയോടും സർക്കാരിനോടും ഇഷ്‌ടംകൂടി. കാര്യങ്ങൾ അന്വേഷിക്കാനും വാർത്ത ശ്രദ്ധിക്കാനും തുടങ്ങി’ –- മക്കൾ നാടിനെ അറിഞ്ഞും ഇടതുപക്ഷത്തെ സ്‌നേഹിച്ചും തുടങ്ങിയ നാൾവഴി അമ്മ ജസ്‌ന വിശദീകരിച്ചു.

പാട്ട്‌ ചെയ്യാമെന്ന്‌ കുട്ടികൾ പറഞ്ഞു. വരികളിൽ ഉണ്ടാവേണ്ട സംഭവങ്ങളും സൂചിപ്പിച്ചു. അച്ഛനും അമ്മയും ചേർന്ന്‌ വരികൾ എഴുതി. മൂത്തയാൾ റാപ്‌ പാടി. മൂന്നാം ക്ലാസുകാരൻ നീമോയും ഒന്നാം ക്ലാസുകാരൻ റോണും ഹമ്മിങ്ങുമായി ഒപ്പമുണ്ട്‌. ചിത്രീകരണത്തിന്‌ അച്ഛന്റെ സുഹൃത്ത്‌ സാഞ്ചോ സഹായിച്ചു. ഫെയ്സ്‌ബുക്കിലും യൂട്യൂബിലും വീഡിയോ അപ്‌ലോഡ്‌ ചെയ്‌തു. മണിക്കൂറുകൾക്കകം ആയിരങ്ങൾ കണ്ട പാട്ട്‌ വാട്സാപ്പ്‌ സ്‌റ്റാറ്റസുകളിലും നിറഞ്ഞു.

ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനിങ് മാനേജറായ അച്ഛനും അധ്യാപികയായ അമ്മയും വോട്ടുചെയ്യാൻ നാട്ടിലെത്തുമ്പോൾ കുഞ്ഞുങ്ങളും കൂടെയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top