03 June Saturday

യുഗ്മഗാനങ്ങളുടെ ഇന്ദ്രജാലം

ജി വേണുഗോപാല്‍Updated: Wednesday Jun 22, 2016
ഗാനം, സിനിമയുടെ കലാമൂല്ല്യമുള്ള വ്യവസായിക ഘടകങ്ങളില്‍ ഒന്നുമാത്രമാണെങ്കിലും സിനിമാഗാനങ്ങള്‍ പലപ്പോഴും അവയുള്‍പ്പെട്ട സിനിമകളെ അതിജീവിക്കുന്നതായി കണ്ടിട്ടുണ്ട്. ക്രാന്തദര്‍ശികളായ ഗാനസ്രഷ്ടാക്കള്‍ തന്നെയാണ് അതിന് ഉത്തരവാദികളും.

ഒരു സന്ദര്‍ഭത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഗാനം ചിലപ്പോള്‍ ഗാനാസ്വാദകന്റെ ഹൃദയത്തില്‍ കുടിയേറുന്നതും നാവിന്‍തുമ്പില്‍ കളിയാടുന്നതും ആസ്വാദകന്റെ വിവിധ ജീവിത സന്ദര്‍ഭങ്ങളിലൂടെയായിരിക്കും. ബാല്യകൌമാരങ്ങളും തീക്ഷ്ണ യൌവനവും താണ്ടി ജീവിതാന്ത്യംവരെ അവര്‍ കേട്ട ഗാനങ്ങള്‍ അവന്റെ മനസ്സാകുന്ന കോവിലിലെ ഗാനപ്രതിഷ്ഠകളായി മാറുന്നു.

സിനിമാഗാനങ്ങളില്‍ ഏറ്റവും ഹൃദ്യവും ചിരഞ്ജീവികളുമായവ യുഗ്മഗാനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനുദാഹരണങ്ങളും നിരവധിയാണ്.

വിരഹപ്രണയ മൃദുമന്ത്രണങ്ങളും അനശ്വര പ്രണയ വാഗ്ദാനങ്ങളും മാതൃസ്നേഹവും താരാട്ടിന്നീണവും എല്ലാം യുഗ്മഗാനങ്ങളിലൂടെ സാംശീകരിക്കപ്പെടുന്നു. ഈ ഒരുമ, ആണ്‍പെണ്‍ ശബ്ദസമന്വയം, ഒരുപക്ഷേ ലളിതഗാന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സിനിമാഗാനങ്ങളില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ശാസ്ത്രീയസംഗീതത്തില്‍ ഒരു യുഗ്മഗാന സംവിധാനം ഒരിക്കലും വിജയിച്ചുകണ്ടിട്ടില്ല. അവിടെ സാഹിത്യത്തിന് പ്രാാന്യമില്ലാത്തതുതന്നെ കാരണം. സാങ്കേതികതയും ചിട്ടവട്ടങ്ങളും മറ്റുമാണ് അവിടെ അടിസ്ഥാനം. ആണ്‍–പെണ്‍ ശബ്ദസമന്വയത്തിലൂടെ അവിടെ സംഗീതം കൂടുതല്‍ ആസ്വാദ്യമാകുന്നതേയില്ല. ഉദാഹരണമായി ശാസ്ത്രീയ സംഗീത ദമ്പതികളായ ഉസ്താദ് ദില്‍ഷാദ് ഖാന്റെയും പര്‍വീണ്‍ സുല്‍ത്താനയുടെയും സംഗീത ജീവിതം.പര്‍വീണ്‍ സുല്‍ത്താന ഹിന്ദുസ്ഥാനി സംഗീതത്തില്‍ തിളങ്ങി നിന്ന ഗായികയാണ്. പക്ഷെ അക്കാലത്തും അവരും ഭര്‍ത്താവ് ദില്‍ഷാദ് ഖാനും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ അത്ര ആസ്വാദ്യമായില്ല.

ഒരു ലളിതഗാനത്തിലൂടെ അല്ലെങ്കില്‍ ഒരു സിനിമാ യുഗ്മഗാനത്തിലൂടെ  ഒരു ഇന്ദ്രജാലം ഉറവെടുക്കുന്നതിനു കാരണം ഗാനങ്ങളുടെ ഉള്ളടക്കമായ സാഹിത്യം തന്നെയാണ്.ഒരാണും പെണ്ണും തമ്മിലുള്ള ഹൃദയഭാഷ ഗാനരൂപത്തിലാകുന്നതാണ് മിക്കപ്പോഴും യുഗ്മഗാനം. മറ്റെന്തില്‍ നിന്നും ഇവയെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഈ ഉള്ളടക്കവും ആണ്‍– പെണ്‍ ശബ്ദവൈവിധ്യവുമാണ്. ഇന്ന് യുഗ്മഗാനങ്ങള്‍ ഒരുപക്ഷേ പിറകിലേക്ക് പോകേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനു കാരണവും ഈ ഉള്ളടക്കമില്ലായ്മ തന്നെയാണ്. യുഗ്മമല്ലാത്ത പ്രണയഗാനങ്ങള്‍ എപ്പോഴും ഏകപക്ഷീയമാകുന്നു. അതിന് മറുപടിയുണ്ടാകുന്നില്ല.

മറ്റ് പല ഗായകരെയും പോലെ എന്റെ സംഗീത ജീവിതത്തിലും വഴിത്തിരിവായ അനേകം യുഗ്മഗാനങ്ങളുണ്ട്. ഗായകര്‍ രണ്ടും ഒരേസമയം നിന്നുപാടി ആലേഖനം ചെയ്യപ്പെടുന്ന കാലഘട്ടത്തിലെ ചില യുഗ്മഗാനങ്ങളാണ് ആദ്യം മനസ്സിലേക്ക് വരിക. തൂവാനതുമ്പികളി (1987) ലെ ഒന്നാംരാഗം പാടി.... തന്നെ ആദ്യം ഓര്‍മയിലെത്തുന്നു. ചുറ്റമ്പലത്തെ വലംവയ്ക്കുന്ന കമിതാക്കള്‍. ക്ഷേത്രവാദ്യങ്ങളായ നാഗസ്വരവും തകിലും തിമിലയും സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നു. രീതിഗൌള എന്ന രാഗത്തില്‍ പരിപൂര്‍ണമായും ചിട്ടപ്പെടുത്തിയ ഗാനം... ഒരുകാലത്തെ പ്രണയ സങ്കല്‍പങ്ങള്‍ക്ക് തിരികൊളുത്താന്‍ ആ യുഗ്മഗാനത്തിനു കഴിഞ്ഞു. (പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് – ശ്രീകുമാരന്‍ തമ്പി).

പള്ളിത്തേരുണ്ടോ... മഴവില്‍ക്കാവടിയിലെ (1989)  എന്ന ഗാനവും ഓര്‍മയിലെത്തുന്നു. ഗ്രാമവാസികളായ രണ്ട് നിഷ്കളങ്ക കമിതാക്കളുടെ പ്രണയ സന്ദര്‍ഭം. കൈതപ്രത്തിന്റെ വരികളും ഗ്രാമീണത തുടിച്ചുനില്‍ക്കുന്ന ജോണ്‍സന്റെ ഈണവും. സുജാതയായിരുന്നു ഒപ്പം പാടാന്‍.

മിഴിയിലെന്തേ മിന്നീ ..... ശുഭയാത്ര(1990)യിലെ ഗാനം. കല്യാണരാത്രി ട്രെയിനില്‍ ചെലവിടാന്‍ വിധിക്കപ്പെട്ട ഭവനരഹിതരായ കാമുകീകാമുകര്‍. തീവണ്ടിയുടെ ചലനത്തെ അനുസ്മരിപ്പിക്കുന്ന ഈണവും താളവിന്യാസവും. പ്രണയാതുരമായ വരികള്‍ (പി കെ ഗോപി – ജോണ്‍സണ്‍).

1960കളിലും എഴുപതുകളിലും ഗായികയും ഗായകനും ഒരു റെക്കോഡിങ് മൈക്കിന് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു യുഗ്മഗാനം പാടിയിരുന്നത്. അക്കാലത്തെ മൈക്കുകളും അതിനനുസരിച്ച് സജ്ജമായിരുന്നു. രണ്ട് പ്രതലങ്ങളായിരുന്നു മൈക്കിന്. ഓരോ പ്രതലത്തിലും ഓരോ ശബ്ദങ്ങള്‍ ആലേഖനം ചെയ്യത്തക്കതരത്തിലുള്ള സെന്‍സിറ്റിവിറ്റി കുറഞ്ഞ മൈക്രോഫോണുകളായിരുന്നു അവ. അതേസമയം തന്നെ പിന്നണി ഉപകരണക്കാരും പ്രവര്‍ത്തിക്കും. അന്നത്തെ സാഹിത്യഗുണവും രാഗനിബദ്ധ സംഗീതവും അഭൌമങ്ങളായ ശബ്ദങ്ങളും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഇന്ദ്രജാലത്തിന് പകരംവെയ്ക്കാന്‍ പില്‍ക്കാലത്തെ സംഗീത സൃഷ്ടികള്‍ക്കായില്ല.

സാങ്കേതികരംഗം വളര്‍ന്നുകൊണ്ടേയിരുന്നു. എണ്‍പതുകളില്‍ ഗായകനും ഗായികയും വെവ്വേറെ പാട്ടുമുറികളിലേയ്ക്ക് പറിച്ചുനടപ്പെട്ടു. അപ്പോഴും സംഗീതത്തിന്റെ സ്വാഭാവികത തുടര്‍ന്നുപോന്നിരുന്നു. പിന്നണിസംഗീതവും ഗാനാലേഖനവും എല്ലാം തത്സമയം തന്നെ അന്നും നടന്നുപോന്നു.

തൊണ്ണൂറുകള്‍ ലളിതസംഗീതരംഗത്ത് കൊണ്ടുവന്ന സാങ്കേതികത്വത്തിന്റെ അനന്തസാധ്യതകള്‍ പലപ്പോഴും ഗാനത്തിന്റെ ഉള്ളടക്കത്തെയും ബാധിച്ചു. ശബ്ദസമ്മിശ്രണം അനലോഗില്‍ നിന്നും ഡിജിറ്റല്‍ ഓഡിയോ ടേപ്പിലൂടെ വേവ് ടെക്നോളജിയിലെത്തി. ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം കാണേണ്ട ആവശ്യം ഇല്ലാതായിത്തീര്‍ന്നു. ഓരോ ശബ്ദവും ഉപകരണവും വ്യത്യസ്ത സമയങ്ങളില്‍ റെക്കോഡ് ചെയ്യപ്പെട്ടുതുടങ്ങി. ഈണം ആദ്യവും സാഹിത്യം പിറകെയും എന്ന അവസ്ഥ ഗാനരംഗത്ത് സ്ഥിരമായി.

മലയാളത്തിലെ സമകാലികരായ എല്ലാ ഗായികമാര്‍ക്കൊപ്പവും ഏറ്റവും പുതിയ ഗായികമാര്‍ക്കൊപ്പവും യുഗ്മഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. പഴയകാല ഗായികമാര്‍ക്കൊപ്പം ഓരോ ഗാനമെങ്കിലും പാടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ സിനിമാസംഗീതരംഗത്ത് സജീവമായപ്പോഴേയ്ക്കും എസ് ജാനകി അടക്കം മിക്കവരും മലയാള സിനിമ വിട്ടിരുന്നു. എങ്കിലും പി സുശീലയ്ക്കും വാണി ജയറാമിനുമൊപ്പം ഓരോഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞത് ഏറെ ആഹ്ളാദം പകരുന്നു. കെ എസ് ചിത്രയ്ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ യുഗ്മഗാനങ്ങള്‍ പാടിയത്– 26 പാട്ടുകള്‍. സുജാതയ്ക്കൊപ്പം പതിനഞ്ച് പാട്ടുകളും പാടി.

പി സുശീലയ്ക്കൊപ്പം 1990ല്‍ രാഗവീണയെന്ന ചിത്രത്തിനുവേണ്ടിയാണ് പാടിയത്. പൂവച്ചല്‍ ഖാദര്‍ രചിച്ച് കണ്ണൂര്‍ രാജന്‍ സംഗീതം നല്‍കിയ മദനന്‍ അരുളിയ ചഷകം... എന്നു തുടങ്ങൂന്ന ഗാനം റെക്കോഡ് ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

വാണിജയറാമിനൊപ്പം പാടാനായത് 2015 ലാണ്. ഇനിയും എത്രദൂരം എന്ന ചിത്രത്തിനുവേണ്ടി പാടിയ ഒളിച്ചുപോയ്.. എന്നു തുടങ്ങുന്ന ഗാനം എഴുതിയതും സംഗീതം നല്‍കിയതും ഷാജികുമാറാണ്.

ഈ അടുത്തകാലത്ത് പാടിയ ചില ശ്രദ്ധേയ യുഗ്മഗാനങ്ങളെപ്പറ്റി കൂടി പറയട്ടെ.

താമര നൂലിനാല്‍ മെല്ലെയെന്‍ ജീവനെ....
മുല്ലവള്ളിയും തേന്മാവും (2003)

വിക്ടോറിയന്‍ പ്രതാപ കാലത്തെ നൃത്തരൂപമായ വാള്‍സി (waltz) ന്റെ താളത്തില്‍ നൃത്തം ചെയ്യുന്ന നായകനും നായികയുമാണ് ഗാനരംഗത്തില്‍. അതിനുചേര്‍ന്ന സംഗീതം. ഗായത്രിയാണ് ഒപ്പം പാടിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെയാണ് സംഗീതം.

ജനുവരിയില്‍ വിരിയുമോ...
അകലെ (2004)


ബിഥോവന്റെ Fur Elise എന്ന വിഖ്യാത ഗാനശകലത്തില്‍ നിന്ന് കടംകൊണ്ട യുഗ്മഗാനമാണിത്. സുജാതയും ഞാനും ചേര്‍ന്നു പാടിയ ഗാനത്തിന് സംഗീതം നല്‍കിയത് എം ജയചന്ദ്രനും  വരികളെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും.

കണ്ടോ കണ്ടോ കടലു കണ്ടിട്ട് എത്രനാളായി..
(മഹാസമുദ്രം 2006)


കൈതപ്രം എഴുതി എം ജയചന്ദ്രന്‍ ഈണമിട്ട ഈ പാട്ട് ചിത്രയ്ക്കൊപ്പമാണ് ഞാന്‍ പാടിയത്. കടലിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയ്ക്ക് ചേര്‍ന്ന ഗാനം.

ഒരിക്കല്‍ നീ പറഞ്ഞു..
(പോസിറ്റീവ് 2008)

അച്ചാണി എന്ന പഴയ ചിത്രത്തില്‍ യേശുദാസ് അഭിനയിച്ചു പാടിയ എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതി എന്ന ഗാനത്തിന്റെ ചിത്രീകരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തതാണ് ഈ ഗാനം. അച്ചാണിയിലെ യേശുദാസിന്റെ ഗാനം കേട്ട് ആ ഗാനത്തിലെ കഥാപാത്രങ്ങളായി സ്വയം സങ്കല്‍പിക്കുന്ന നായിക നായകന്മാരാണ് ചിത്രത്തിലുള്ളത്. വയലാര്‍ ശരത്തിന്റെ വരികളും അലക്സ് പോളിന്റെ സംഗീതവും. ഒപ്പം മഞ്ജരി പാടുന്നു. ഈ ചിത്രത്തില്‍ ഞാനും മഞ്ജരിയും പാടി അഭിനയിക്കുന്നതായാണ് ചിത്രീകരണം. എനിക്ക് അത്  ആദ്യാനുഭവമായി.

യുഗ്മഗാനങ്ങളെപ്പറ്റിയോര്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുന്ന ഒരുപിടി പ്രിയ മലയാള ഗാനങ്ങളെപ്പറ്റി കൂടി പറയാതെ വയ്യ.
1. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ ...(കാവ്യമേള –1965 – വയലാര്‍ ദക്ഷിണാമൂര്‍ത്തി – യേശുദാസ് – പി ലീല).
2. പാതിരാവായില്ല പൌര്‍ണമി കന്യയ്ക്ക് ...(മനസ്വിനി – 1968 ബാബുരാജ് – പി ഭാസ്കരന്‍ – യേശുദാസ്–ജാനകി)
3. അഷ്ടമുടിക്കായലിലെ ...(മണവാട്ടി – 1964 – വയലാര്‍–ദേവരാജന്‍, യേശുദാസ്–പി ലീല).
4. തൊട്ടേനെ ഞാന്‍... (കൊട്ടാരം വില്‍ക്കാനുണ്ട് – 1975 – വയലാര്‍–ദേവരാജന്‍ – ജയചന്ദ്രന്‍ –മാധുരി )
5. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ...(ഭാര്യമാര്‍ സൂക്ഷിക്കുക – 1968 – ശ്രീകുമാരന്‍ തമ്പി–ദക്ഷിണാമൂര്‍ത്തി – യേശുദാസ്–പി ലീല)
6. യദുകുല രതിദേവനെവിടെ... (റെസ്റ്റ് ഹൌസ്– 1969– ശ്രീകുമാരന്‍ തമ്പിഎം കെ അര്‍ജുനന്‍–ജയചന്ദ്രന്‍– എസ് ജാനകി.)
7. ഏഴിലം പാല പൂത്തു...(കാട്–1973–ശ്രീകുമാരന്‍ തമ്പി–വേദ്പാല്‍ വര്‍മ്മ–യേശുദാസ്, പി സുശീല
8. ശരദിന്ദു മലര്‍ദീപനാളം നീട്ടി...(ഉള്‍ക്കടല്‍– 1979–ഒഎന്‍വി– എം ബി ശ്രീനിവാസന്‍–ജയചന്ദ്രന്‍,സെല്‍മാ ജോര്‍ജ്)
9. ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍... (തുലാഭാരം–1968–വയലാര്‍–ദേവരാജന്‍– യേശുദാസ്, പി സുശീല)
10. മലരമ്പനറിഞ്ഞില്ല.....(രക്തപുഷ്പം–1970–ശ്രീകുമാരന്‍ തമ്പി– എം കെ അര്‍ജുനന്‍–ജയചന്ദ്രന്‍, എസ് ജാനകി)
11. അകലെ അകലെ.....(മിടുമിടുക്കി–1968–ശ്രീകുമാരന്‍ തമ്പി– ബാബുരാജ്– യേശുദാസ്, എസ് ജാനകി)
എന്നിവയെ എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങള്‍ എന്നു പറയാം.

ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഗോപികാവസന്തവും (യേശുദാസും ചിത്രയും )
പെരുമഴക്കാലത്തിലെ കല്ലായിക്കടവത്തെയും..(സുജാത,ജയചന്ദ്രന്‍).
അമരത്തിലെ അഴകേ നിന്‍ മിഴിനീര്‍മണിയില്‍..  (യേശുദാസും ചിത്രയും)
സല്ലാപത്തിലെ പൊന്നില്‍ കുളിച്ചുനിന്നു.. (യേശുദാസും ചിത്രയും)...തുടങ്ങി 2013 ല്‍ ഇറങ്ങിയ 1983 എന്ന ചിത്രത്തില്‍ വാണിജയറാമും ജയചന്ദ്രനും ഗോപീസുന്ദറിന്റെ സംഗീതത്തില്‍ പാടിയ ഓലഞ്ഞാലി കുരുവി... വരെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പില്‍ക്കാലഗാനങ്ങളും അനേകം.

ആണ്‍ ആണ്‍ യുഗ്മഗാനങ്ങളും പെണ്‍പെണ്‍ യുഗ്മഗാനങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആണ്‍പെണ്‍ ശബ്ദ സമന്വയത്തിലൂടെ ലഭിക്കുന്ന അനുഭൂതി പകരാന്‍ അവയ്ക്ക് കഴിഞ്ഞില്ലെന്നു പറയേണ്ടിവരും. യേശുദാസും പി ബി ശ്രീനിവാസും ചേര്‍ന്നു പാടിയ പൊന്നാപുരം കോട്ടയിലെ ആദി പരാശക്തി...ശീലാവതിയിലെ വാണീ വരവാണീ..., യേശുദാസും ജയചന്ദ്രനും ഒന്നിച്ച് ആലപിച്ച പാടാം പാടാം ആരോമല്‍ ചേകവര്‍ ..(ആരോമലുണ്ണി), ഇവിടമാണീശ്വര സന്നിധാനം (ബാബുമോന്‍),സമയരഥങ്ങളില്‍ ഞങ്ങള്‍... (ചിരിയോ ചിരി), ഹിസ് ഹൈനെസ് അബ്ദുള്ളയില്‍ യേശുദാസും ബാലമുരളീകൃഷ്ണയും ഒന്നിച്ച് പാടിയ രാജ മാതംഗി പാര്‍വതി... തുടങ്ങി ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഗാനങ്ങള്‍ നിരവധി.ഞാനും എം ജി ശ്രീകുമാറും ചേര്‍ന്ന് മായാവി എന്ന സിനിമയില്‍ അലക്സ് പോളിന്റെ സംഗീതത്തില്‍ പാടിയ പാട്ടും ഓര്‍ക്കുന്നു.സ്നേഹം തേനല്ല നോവിന്‍ കയ്‌പ്പല്ല... എന്ന ആ ഗാനം എഴുതിയത് വയലാര്‍ ശരത്.

അതേപോലെ പെണ്‍പെണ്‍ യുഗ്മഗാനങ്ങളിലും ഒരുപിടി  ശ്രദ്ധേയഗാനങ്ങളുണ്ട്.  പി സുശീലയും പി ലീലയും പാടിയ കല്ലായി പുഴയൊരു മണവാട്ടി (ചിത്രം: മരം), ഡോക്ടര്‍ സിനിമയില്‍  സുശീല പി ലീലയ്‌ക്കൊപ്പം പാടിയ കിനാവിന്റെ കുഴിമാടത്തില്‍, മുറപ്പെണ്ണില്‍ എസ് ജാനകിയും ശാന്ത പി നായരും  പാടിയ കടവത്ത് തോണി അടുത്തപ്പോള്‍ ..തുടങ്ങി ആ നിരയും നീളുന്നു.

ചലച്ചിത്രഗാനമേഖലയുടെ സാങ്കേതികത്തികവോടെയുള്ള  കുതിപ്പിനിടയിലും മനസ്സിനെ കീഴടക്കുന്ന യുഗ്മഗാനങ്ങളുടെ ഒരു വസന്തകാലം മലയാളത്തില്‍ ഇനിയും പിറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഒന്ന്: പാട്ടിന്റെ വഴിയിലെ ക്രിസ്‌മസ്

രണ്ട്: പാടുന്ന വാക്കുകളും ഉണരുമീ ഓര്‍മ്മകളും

മൂന്ന്‍:റോയല്‍റ്റി ഇങ്ങനെ മതിയോ‍?

നാല്: സംഗീതത്തിന്റെ സ്നേഹസ്പര്‍ശം

സംഗീതത്തിന്റെ സ്നേഹസ്പര്‍ശം
Read more: http://www.deshabhimani.com/music

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top