18 April Thursday

സംഗീതത്തിന്റെ സ്നേഹസ്പര്‍ശം

ജി വേണുഗോപാല്‍Updated: Friday Apr 1, 2016

ഒരു അഭിമുഖത്തിന്റെ രത്നച്ചുരുക്കം:
ഏതാണ്ട് 44 വര്‍ഷം മുമ്പ്.
അഭിമുഖം ചെയ്യപ്പെടുന്നത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്.
ചോദ്യകര്‍ത്താവിനെ വഴിയെ പരിചയപ്പെടാം.
ചോദ്യം: അവസാനം പാടിയ ചിത്രം?
ഉത്തരം: പിക്‌നിക്
ചോദ്യം: സംഗീതം?
ഉത്തരം: അര്‍ജുനന്‍ മാസ്റ്റര്‍ എന്നു പറയും
ചോദ്യം: പാട്ടുകള്‍ തുടങ്ങുന്നതെങ്ങനെയാണ്.? ആദ്യാക്ഷരം?...ആദ്യവരി?
ഉത്തരം: ചന്ദ്രക്കലമാനത്ത്,.... വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
ചോദ്യം ഇത് ഹിറ്റാകുമോ?
ഉത്തരം: (ഒരു വലിയ ചിരി)


1972 കാലത്ത് ബന്ധുവായ അക്കാലത്തെ ബേബി സുജാതയോടൊപ്പം ഒരു ഗാനമേളയ്ക്ക് പോകുംവഴി ഗാനഗന്ധര്‍വ്വന്റെ ജഗതിയിലെ ഭാര്യാഗൃഹത്തില്‍ നിന്നാണ് ഈ ഞാനെന്ന പന്ത്രണ്ടുകാരന്‍ യേശുദാസിനെ അടുത്തുകാണുന്നത്. രോഗഗ്രസ്തനായ പ്രശസ്ത ഗായകന്‍ കെ എസ് ജോര്‍ജിന് ചികിത്സാചെലവിന് പണം കണ്ടെത്താനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം നടന്ന ഗാനമേളകളില്‍ അവസാനത്തേയിരുന്നു അന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഗാനമേള. പലകാരണങ്ങളും കൊണ്ട് ആ ഗാനമേള അന്ന് അലസിപ്പിരിഞ്ഞു. രാത്രി വൈകി അദ്ദേഹത്തിന്റെ ഓര്‍കെസ്ട്ര വാന്‍ കണ്ണാടിച്ചില്ലുകളെല്ലാം പൊട്ടി ഒന്നുരണ്ട് അംഗങ്ങള്‍ക്ക് തലയ്ക്ക് മുറിവോടുകൂടി ആ വീട്ടുപടിക്കല്‍ വന്നുനിന്നു. ഗായകന്‍ ജയചന്ദ്രനെയും അന്നാണ് ആദ്യമായി പരിചയപ്പെടുന്നത്.

ഗാനങ്ങളെയും അവയുടെ ഹിറ്റ് സാധ്യതകളെ കുറിച്ചും പന്ത്രണ്ടുകാരനായ എനിക്ക് അന്ന് അറിയേണ്ട ആവശ്യം ഉണ്ടായിരുന്നു. ടേപ്പ് റെക്കോഡറുകള്‍ അന്യമായിരുന്ന അക്കാലത്ത് നേരെ വെച്ചുപിടിക്കുക ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്കാണ്.വല്ല്യമ്മമാരുടെ കര്‍ശന നിരീക്ഷണത്തില്‍ പുതിയഗാനങ്ങളുടെ എല്‍പി ആന്റ് സിംഗിള്‍ പ്ളേ റെക്കോഡുകള്‍ കേള്‍ക്കും. വാക്കുകള്‍ എഴുതിയെടുത്ത് ഹൃദിസ്ഥമാക്കും. അന്ന് മനസ്സിലും ഹൃദയത്തിലും തടഞ്ഞ ഒരു നാമധേയം: ഗാനസ്രഷ്ടാവ്: എം കെ അര്‍ജുനന്‍.

ഒരു പതിനഞ്ചുവര്‍ഷം പെട്ടെന്ന് ഫാസ്റ്റ് ഫോര്‍വേഡ്...

പ്രൌഢഗംഭീരമായ തരംഗിണി സ്റ്റുഡിയോയുടെ ശീതീകരിച്ച ഉള്‍വശം. റെക്കോഡിങ്ങ് ബാലകൃഷ്ണനും കരുണാകരനും ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരലോടിച്ച് പാട്ടുകള്‍ പറഞ്ഞുതരുന്നത് അര്‍ജുനന്‍ മാസ്റ്റര്‍. സിനിമയില്‍ ഒന്നിലേറെ ഗാനങ്ങള്‍ പാടിക്കഴിഞ്ഞിരുന്നെങ്കിലും ഓരോ ഗാനത്തേയും ഒരല്‍പ്പം പേടിയോടെയും അതിലേറെ ആവേശത്തോടെയും അഭിമുഖീകരിക്കുന്ന ഞാനെന്ന യുവഗായകന്‍. ഏത് പാട്ടാണോ കരിയര്‍ ബ്രേക്കാകുക എന്ന് മനക്കോട്ട കെട്ടുന്ന കാലം.എന്റെ ഇടതുവശത്തായി ആദരണീയനായ ഒഎന്‍വി സാറിരിക്കുന്നു. വരികള്‍ അദ്ദേഹത്തിന്റേതാണ്. ചെറുപ്പം മുതല്‍ അദ്ദേഹത്തെ അറിയാം. ഓരോ പുതിയ സംഗീതസംവിധായകനും ഇനി ഏത് അഗ്നി പരീക്ഷയാണ് നമുക്കായി ഒരുക്കിവെക്കുക എന്നാണ് അന്നത്തെ ആശങ്കകളിലൊന്ന്. അക്കാലത്തെ സംഗീത മഹാരഥന്മാരെല്ലാം മുടിചൂടാമന്നരും കാര്‍ക്കശ്യക്കാരുമായിരുന്നു. പ്രഥമഗുരു ചേര്‍ത്തല ഗോപാലന്‍ നായര്‍ സാറും ആദ്യമായി റെക്കോഡിങ്ങ് മൈക്രോഫോണിനു മുന്നില്‍ എന്നെ നിര്‍ത്തിയ എം ജി രാധാകൃഷ്ണന്‍ ചേട്ടനുമൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവരാണ്്.

ഇവിടെ ഈ ഹാര്‍മോണിയം പെട്ടിക്ക് പിറകിലിരിക്കുന്ന ചെറിയ താടിവെച്ച സംഗീതജ്ഞന്റെ കണ്‍കോണുകളില്‍ വാല്‍സല്യം തിരയിളക്കുന്നു. പറഞ്ഞുതരുന്ന ഓരോ സംഗതിയും കൃത്യമായി പാടുമ്പോള്‍ 'മോനേ' എന്ന് വിളിച്ചുകൊണ്ട് കവിളത്തൊരു തലോടല്‍.

പെട്ടെന്ന് പിന്‍വശത്തെ വാതിലിലൂടെ വലിയ ശബ്ദത്തിലുള്ള ചിരിയും കാല്‍പെരുമാറ്റവും. 'നോ സ്‌മോക്കിങ്ങ' എന്ന തരംഗിണിയുടെ സൈന്‍ ബോര്‍ഡിന് നേരെ മുന്നിലൂടെ കയ്യില്‍ പുകയുന്ന സിഗരറ്റുമായി സംഗീത സംവിധായകന്‍ ജോണ്‍സണ്‍ കടന്നുവന്നു. എല്ലാ പിന്നണി ഉപകരണവിദഗ്ദ്ധരും എഴുന്നേറ്റുനിന്നു. തരംഗിണി സ്റ്റുഡിയോവില്‍ ആ എരിയുന്ന സിഗരറ്റില്‍ നിന്നും പല ദീപനാളങ്ങള്‍ പകര്‍ന്നു നല്‍കപ്പെട്ടു.

എല്ലാവരും അവരവരുടെ ക്യുബിക്കിളുകളിലേക്ക് താമസിയാതെ പോയി. സൌണ്ട് ബാലന്‍സിങ്ങ് എന്ന ശ്രമകരമായ ജോലി തുടങ്ങി. പിന്നണി പാടുന്ന ശബ്ദവും സംഗീതോപകരണങ്ങളും പരസ്പരം ആക്രമിക്കാതെ ശ്രവണേന്ദ്രിയങ്ങള്‍ക്ക് സന്തോഷമാകുന്ന രീതിയില്‍ സംയോജിപ്പിക്കുക എന്നതാണ് ബാലന്‍സിങ്ങ്. അതിനുശേഷമാണ് ടേക്ക് അല്ലെങ്കില്‍ ഗാനാലേഖനം. നിമിഷനേരം കൊണ്ട് ജോണ്‍സണ്‍ 'കാണാനഴകുള്ള മാണിക്യ കുയിലേ' എന്ന ഗാനത്തിന് ബാക്ക് ഗ്രൌണ്ട് സ്കോര്‍ സെറ്റ് ചെയതു. ബാലന്‍സിങ്ങ് എന്ന പ്രക്രിയ അവിടെ തീരുകയും ചെയ്തു.

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം


ഫസ്റ്റ് ടേക്ക് ഓക്കേ എന്ന് റെക്കോഡിസ്റ്റ് പറഞ്ഞെങ്കിലും
ഒരു ടേക്ക് കൂടി സാധാരണ എടുക്കുക പതിവാണ്. സെക്കന്റ് ടേക്കും ഓക്കെയായിരുന്നു. എല്ലാം പുര്‍ത്തിയായി എന്ന വിജയാഹ്ളാദത്തോടെ റെക്കോഡിങ്ങ് കണ്‍സോളിലേക്കുവന്ന എന്നോട് അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.: " മോനേ നമുക്ക് ഒരു ചെറിയ ജോലി കൂടി ബാക്കിയുണ്ട്. ഇതേ പാട്ട് ഒന്ന് നടമാറ്റി എട്ടുവരി കൂടി പാടണം..,സിനിമയിലെ തന്നെ വേറൊരു സിറ്റുവേഷനുവേണ്ടി''.

മാഷ് ഹാര്‍മോണിയത്തിനു പിന്നിലേക്ക്.
ഒരുഗാനം തല്‍സമയം പഠിച്ചുപാടി റെക്കോഡിങ്ങ് കഴിഞ്ഞ ശേഷം അത് പരിപൂര്‍ണ്ണമായി മറന്ന് അതേഗാനം തന്നെ താളം മാ റ്റി കൃത്യമായി പാടുക എന്ന അവസ്ഥാന്തരത്തിലൂടെ ഞാന്‍ ആദ്യമായി കടന്നുപോകുകയായിരുന്നു. ഇത്തവണ ആദ്യത്തെ ടേക്കില്‍ ശബ്ദത്തില്‍ സംശയം നിഴലിക്കുന്നു. രണ്ടാമത്തെ ടേക്കില്‍ തടഞ്ഞുവീണു. മൂന്നാമത്തെ ടേക്കിന് എല്ലാവരും തയ്യാറെടുക്കുന്നു.

ഒരു പുതിയ ഗായകന്‍ കഠിനമായി പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങള്‍.

ഇന്നത്തെ പോലെ അക്ഷരങ്ങളും വരികളും മുറിച്ചുമുറിച്ചു റെക്കോഡ് ചെയ്യാന്‍ അന്ന് സാധിയ്ക്കില്ല. തണുത്തുറഞ്ഞ വോയ്സ് റൂമില്‍ ഞാന്‍ മാത്രം വിയര്‍പ്പില്‍ കുളിച്ചു. പെട്ടെന്ന് മുമ്പില്‍ ചില്ലുഭിത്തിയ്ക്കപ്പുറം മാഷുടെ രൂപം കൈകാട്ടി വിളിയ്ക്കുന്നു. സാധാരണ തെറ്റുകള്‍ക്ക് ഒരു പുതിയ ഗായകന്‍ കേള്‍ക്കേണ്ടിവരിക റെക്കോഡിങ്ങ് കണ്‍സോളില്‍ നിന്നും മറ്റ് എല്ലാവര്‍ക്കും ഒരുപോലെ കേള്‍ക്കാന്‍ കഴിയുന്ന ശകാരമായിരിക്കും.
ഇവിടെ നിശബ്ദമായി റെക്കോഡിങ്ങ് റൂമില്‍ നിന്നിറങ്ങിവന്ന് പാട്ടുകാരന്റെ റൂമിനും റെക്കോഡിങ്ങ് കണ്‍സോളിനും ഇടയിലുള്ള ഇടനാഴിയില്‍ വന്നുനിന്ന് അര്‍ജുനന്‍ മാസ്റ്റര്‍ എന്നെ കൈകാട്ടി വിളിക്കുന്നു.
ഹാര്‍മോണിയത്തിനടുത്തേക്ക് കൈപിടിച്ച് എന്നെ മാഷ് കൂട്ടികൊണ്ടുപോയി.
നടമാറുമ്പോള്‍ വാക്കുകള്‍ എങ്ങനെ അര്‍ത്ഥഭംഗി ചോരാതെ മുറിക്കാം എന്ന് മാസ്റ്റര്‍ ശാന്തമായി വിശദീകരിച്ചുതന്നു.
ഒപ്പം ഈ സ്നേഹോപദേശവും: 'ശാസ്ത്രീയ സംഗീതം നന്നായി അഭ്യസിക്കണം. ഒരു വെല്ലുവിളിയിലും തോല്‍ക്കരുത്' കവിളത്ത് ഒരു തലോടലും.
അടുത്ത ടേക്ക് വെരി വെരി ഓക്കേ.

മാസ്റ്റര്‍ക്കുവേണ്ടി ഒരു സിനിമയില്‍ കൂടി ഞാന്‍ പാടി.  പെണ്‍ഭ്രൂണഹത്യയ്ക്കെതിരായ അനാമിക എന്ന ചിത്രത്തില്‍. ഇപ്പോള്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസണ്‍ എഴുതിയ ലോകൈകനാഥന് ... എന്നുതുടങ്ങൂന്ന ഗാനം.

അതുകൂടാതെ മാസ്റ്റര്‍ക്കുവേണ്ടി നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പ്രണയഗാനങ്ങളും പാടി. ഒഎന്‍വി എഴുതി അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ പൂവുള്ള മേട്ടിലെ തേങ്കുയിലേ...എന്ന ലളിതഗാനം ഇതില്‍ ശ്രദ്ധേയം.

ഒരിക്കലും ക്ഷുഭിതനാകില്ല എന്നതുതന്നെയാണ് മാസ്റ്ററുടെ പ്രത്യേകത. സിനിമാലോകത്ത്് 'ഞാന്‍...ഞാന്‍' എന്ന ഈഗോയുടെ അതിപ്രസരത്തിനിടയില്‍ മാസ്റ്റര്‍ ഒരു മഹര്‍ഷിവര്യനാണ്; എല്ലാരീതിയിലും. അതിന്റെ പല പ്രശ്നങ്ങളും മാഷ് നേരിട്ടിട്ടുമുണ്ട്. പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങുന്നതിലും തനിക്ക് വേണ്ടതെന്തെങ്കിലും പിടിച്ചുവാങ്ങുന്നതിലും ഒക്കെ മാസ്റ്റര്‍ പിന്നോട്ടുനിന്നു.

പക്ഷേ മാഷിനോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് മാഷിനോടുള്ള സ്നേഹം ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ സംഗീത സംവിധായകര്‍ക്കുപോലും ലഭിച്ചിട്ടുണ്ടാകില്ല. അതിപ്രശസ്തരായ സംഗീതത്രയങ്ങളെപ്പോലും എതിര്‍ക്കുന്നവരും വെറുക്കുന്നവരും അവര്‍ വെറുക്കുന്നവരും  ഏറെയുണ്ടാകാം. പക്ഷേ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആരോടും ദേഷ്യമില്ല. മാഷോടും ആര്‍ക്കും ദേഷ്യമില്ല. കണ്‍കോണിലെ ചിരിയും കവിളത്തെ ആ തലോടലും എപ്പോഴും മാസ്റ്ററുടെ സ്വഭാവത്തിലുണ്ട്. അതുകൊണ്ടുതന്നെയാകും മാസ്റ്ററെ കാണുന്ന ഓരോ തവണയും നമ്മള്‍ അറിയാതെ കുനിഞ്ഞ് ആ പാദങ്ങള്‍ തൊട്ടുപോകുന്നതും.

അര്‍ഹമായ അംഗീകാരം ഒരു സര്‍ക്കാരില്‍ നിന്നും മാഷിന് ലഭിച്ചിട്ടില്ല. അതേപ്പറ്റിയയൊന്നും വേവലാതിപ്പെടുന്നയാളല്ല മാസ്റ്റര്‍. കിട്ടിയാലും ചെറിയ ചിരിയില്‍ മാസ്റ്റര്‍ ആ സന്തോഷവും ഒതുക്കുമെന്ന് ഉറപ്പ്.

എല്ലാവര്‍ഷവും ഞാന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ ചികിത്സയ്ക്ക് പോകാറുണ്ട്. പലപ്പോഴും മാസ്റ്ററും ആ സമയത്ത് അവിടെ ചികിത്സയ്ക്കുണ്ടാകും. പുറത്തേക്ക് പോകാനാകാത്തിനാല്‍ വൈകുന്നേരങ്ങളില്‍ ചികിത്സാലയത്തിന്റെ വരാന്തയില്‍പുറത്തേക്ക് നോക്കി മാസ്റ്റര്‍ ഒരു കസേരയില്‍ ഇരിക്കുന്നുണ്ടാകും. ചികിത്സാലയ വളപ്പിലെ ധന്വന്തരി ക്ഷേത്രത്തില്‍ വൈകിട്ട് പോയി  പ്രസാദവുമായി എന്നും മാസ്റ്റര്‍ക്കടുത്തെത്തി ഞാന്‍പ്രസാദം നെറ്റിയില്‍ തൊട്ടുകൊടുക്കും. പഴയ കഥകള്‍ കേട്ടിരിക്കും. അപ്പോഴും മോനേ വിളിയും കവിളില്‍ തലോടലുമായി മാസ്റ്റര്‍ സ്നേഹം തുളുമ്പും. മാസ്റ്റര്‍ക്ക് അന്ന് തീരെ നടക്കാന്‍ വയ്യ. അതിനിടയില്‍ ഞാന്‍അഞ്ചുദിവസത്തെ ധാര ചികിത്സയിലായി. നാലഞ്ച് ദിവസം കാണാനാകില്ല എന്ന് മാസ്റ്ററോട് ഞാന്‍ പറഞ്ഞു. നാലാം ദിവസം എന്റെ ചികിത്സാമുറിയ്ക്ക് പുറത്ത് വാതിലില്‍ തട്ടല്‍. നോക്കുമ്പോള്‍ ഒരു സഹായിയുടെ കൈപിടിച്ച് നടന്ന് എന്നെ തേടിയെത്തിയതാണ് മാസ്റ്റര്‍. 'എന്താ മോനേ കാണാനില്ലല്ലോ'എന്ന ചോദ്യവുമായി. ഞാന്‍ പറഞ്ഞത് മാസ്റ്റര്‍ മറന്നിരുന്നു. കലര്‍പ്പില്ലാത്ത ഈ സ്നേഹമാണ് എന്നും മാസ്റ്റര്‍. മലയാളി ഹൃദയത്തില്‍ അലിയിച്ച അസംഖ്യം ഗാനങ്ങള്‍ക്കൊപ്പം സ്നേഹം മാത്രം പകരുന്ന ഈ മനസ്സും അര്‍ജുനന്‍ മാസ്റ്ററെ നമ്മുടെ സംഗീത പ്രതിഭകള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തുന്നു.

 

ഒന്ന്: പാട്ടിന്റെ വഴിയിലെ ക്രിസ്‌മസ്

രണ്ട്: പാടുന്ന വാക്കുകളും ഉണരുമീ ഓര്‍മ്മകളും

മൂന്ന്‍:റോയല്‍റ്റി ഇങ്ങനെ മതിയോ‍?

റോയല്‍റ്റി ഇങ്ങനെ മതിയോ?
Read more: http://www.deshabhimani.com/index.php/music/news-music-22-02-2016/540867


 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top