എന്തുകൊണ്ട് കല ഉണ്ടായി? എന്തുകൊണ്ട് കാവ്യങ്ങളുണ്ടായി, എന്തിനാണ് സങ്കല്പങ്ങൾ, എന്തിനാണ് സ്വപ്നങ്ങൾ… ?കല ഒരു ജാലകം പോലെയാണ്. നിങ്ങളുടെ സാധാരണ ജീവിതാവസ്ഥയ്ക്ക് (condition) നിങ്ങളെ അനുഭവിപ്പിക്കാൻ കഴിയാത്ത എന്തോ ഒന്നിലേക്ക് നിങ്ങളെ കല തുറന്നുവെക്കുന്നുണ്ട് ‐ ടി എം കൃഷ്‌ണ തൃശുരിൽ നടത്തിയ പ്രൊഫ. എം മുരളീധരൻ സ്‌മാരക പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ
കർണാടക സംഗീതം
സമകാലിക ലോകത്ത്, വിശേഷിച്ചും സാമൂഹിക മാധ്യമങ്ങളുടെ ഒരു ലോകത്ത് സ്കെയിൽ അഥവാ തോത് എന്നത് വളരെ വലിയ ഒരു കാര്യമാണ്. ഓരോന്നും എത്ര വലുതാണ് എന്നത്, നിങ്ങളുടെ പോസ്റ്റിൽ എത്ര പേർ ലൈക് ബട്ടൺ അമർത്തി എന്നത്, എത്രപേർക്ക് നിങ്ങളെ അറിയാം എന്നത്... യൂട്യൂബിൽ ആളുകൾ “വേമിസെ, “thanks, 100,000 subscribers today” എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇടുന്നത് നിങ്ങൾ കണ്ടിട്ടിണ്ടാകും. നമ്മളുൾപ്പെടുന്ന ഈ വ്യവസ്ഥ മുഴുവൻ വലുപ്പം എന്നതിനെ കേന്ദ്രീകരിച്ചിരിക്കുന്നു.
എന്നാൽ പൊതുവായി കാണുന്ന ഈ പ്രവണതക്ക് വിപരീതമായി പ്രൊഫസർ എം മുരളീധരനെ സംബന്ധിച്ച് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യം അദ്ദേഹം തന്റെ ജീവിതത്തിൽ ‘ചെറിയവനാ’യി നിന്നുകൊണ്ട് ധാർമികമായി എങ്ങനെ വലിയ കാര്യങ്ങൾ ചെയ്തു എന്നതാണ്.
തോത് എന്നത് നമ്മൾ നിർമിക്കുന്ന ഒന്നല്ല. അത് ക്രമേണ ഉണ്ടായിത്തീരുന്നതാണ്. നിങ്ങൾ പലപ്പോഴും അതിനെ കടന്നുപോയിട്ടുണ്ടാകും, അത് സംഭവിക്കുമ്പോൾ നിങ്ങളവിടെ ഉണ്ടായിരിക്കണം എന്നില്ല. പക്ഷേ അത് വ്യാപിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു, അതിനു സ്വന്തമായ ഒരു ഭാഷയും സംഭാഷണരൂപവും ഉണ്ടാവുന്നു. നമ്മളിൽ എല്ലാവരിലും അത് കൂടുതൽ ഉച്ചത്തിൽ മാറ്റൊലികൊള്ളും. ഞാൻ ഒരു കലാകാരനാണ്, എനിക്ക് ആൾക്കൂട്ടങ്ങൾഇഷ്ടമാണ്. നമുക്ക് പ്രശംസ ഇഷ്ടമാണ്, നമുക്ക് അക്കങ്ങൾ ഇഷ്ടമാണ്. പക്ഷേ യഥാർഥത്തിൽ അതിലൊന്നുമല്ല കാര്യം, നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. എത്ര സ്നേഹം നിങ്ങൾ പങ്കുവെയ്‌ക്കുന്നു എന്നതിലാണ്. എത്ര ശ്രദ്ധയോടെ, എത്ര ചിന്തിച്ചാണ് നിങ്ങൾ നിങ്ങളുടെ ഓരോ പ്രവൃത്തിയും ചെയ്യുന്നത് എന്നതിലാണ്.
കല എന്ന ജാലകം
കല, പ്രതിരോധം എന്ന രണ്ട് ആശയങ്ങളും വളരെ എളുപ്പത്തിൽ സമീകരിക്കാൻ കഴിയും എന്നത് അതിനെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ ഏകമാനമാക്കുന്നു. അതിനു കാരണം വിശേഷിച്ചും നമ്മളിന്നു ജീവിക്കുന്ന അന്തരീക്ഷമാണ്. പ്രതിരോധം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്, അതെങ്ങനെയാണ് സ്വയം സാക്ഷാത്ക്കരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്.
കല എന്ന വാക്ക് തന്നെ വശ്യമാണ്. കല എന്ന് ഞാൻ പറയുമ്പോൾ തന്നെ നിങ്ങളുടെ ഓരോരുത്തരുടെ മനസ്സിലും ഓരോ ദൃശ്യങ്ങൾ മിന്നിമറയുന്നുണ്ടാകും. ചിലർ എന്തെങ്കിലും ചിത്രങ്ങൾ ഓർക്കുന്നു, ചിലർ കവിതകൾ ഓർക്കുന്നു, ചിലർ ഈണങ്ങൾ ഓർക്കുന്നു, ചിലർ അവരുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനെ ഓർക്കുന്നുണ്ടാകും...എന്താണ് കല എന്ന് നിങ്ങൾ ചോദിക്കുന്നത് ഒരു കലാകാരനെ സംബന്ധിച്ച് എല്ലായ്‌പ്പോഴും സംഘർഷമുണ്ടാക്കുന്ന കാര്യമാണ്. അപ്പോൾ നമ്മളെല്ലാവരും ആ വാക്കുമായി ഒരു ചെറിയ സംഘർഷത്തിൽ ഏർപ്പെടേണ്ടതായി വരും. ആകർഷകമായ, വശ്യമായ എന്തും കലയാണോ? ഏതെങ്കിലും തരത്തിൽ ആകർഷകമായത് എന്തും കലയാവാം.
മണലിലൂടെ നടക്കുമ്പോൾ ഉറുമ്പുകൾ അവശേഷിപ്പിക്കുന്ന രേഖ ഒരു കലാസൃഷ്ടിയാണ് എന്ന് ഒരിക്കൽ എന്നോട് ഒരാൾ തർക്കിച്ചു. അത് കലയാണോ? അപ്പോൾ കല എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നമ്മൾ എന്താണ് അർഥമാക്കുന്നത്? പ്രതിരോധത്തെക്കുറിച്ച് സംസാരിക്കുന്നതിനു മുന്പ് കല എന്ന വാക്കിനെ ക്കുറിച്ച് പറയാതെ പോയാൽ ഒരുപക്ഷേ നമ്മൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാകാതെ പോകും. അല്ലെങ്കിൽ ഞാൻ എന്താണ് സംസാരിക്കുന്നത് എന്ന് ഒരുപക്ഷേ എനിക്ക് തന്നെ മനസ്സിലാകാതെ പോകും.
കല എന്നത് വളരെ ബോധപൂർവമായ ഒരു മനുഷ്യാധ്വാനമാണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു. അത് യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല. കല മനോഹരമാണോ അല്ലയോ എന്നതിന് പ്രസക്തിയില്ല. അതാണ് കലയെ സംബന്ധിച്ച് ഏറ്റവും രസകരമായ കാര്യം.
കാരണം അപ്പോൾ നമ്മൾ എന്താണ് സുന്ദരമായി കണക്കാക്കുന്നത്, നിങ്ങളെന്താണ് സുന്ദരമായി കണക്കാക്കുന്നത്, നിങ്ങളുടെ സാമൂഹിക സാഹചര്യം, എന്റെ സാമൂഹിക സാഹചര്യം എന്നിവയെക്കുറിച്ച് പ്രതിപാദിക്കേണ്ടതായി വരും. എന്നാൽ അങ്ങനെയല്ല. കല എന്നത് ഇഷ്ടപ്പെടുക, ഇഷ്ടപ്പെടാതിരിക്കുക എന്ന തരത്തിലുള്ള ആത്മനിഷ്ഠമായ അവബോധങ്ങൾക്ക് അതീതമാണ്. അതൊരു മനുഷ്യാധ്വാനമാണ്. കലകൾ മനുഷ്യർ നിർമിച്ചതാണ്. എന്തുകൊണ്ട്?
എന്റെ മഹാനായ അധ്യാപകൻ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ ഇങ്ങനെ പറയാറുണ്ടായിരുന്നു‐ നിങ്ങൾ എപ്പോഴും ഓർക്കുക; കല ഒരു അനിവാര്യതയല്ല. ഭക്ഷണം ഒരു അനിവാര്യതയാണ്, വസ്ത്രം ഒരു അനിവാര്യതയാണ്, പാർപ്പിടം അനിവാര്യതയാണ്. എന്നാൽകല ഒരു അനിവാര്യതയല്ല. ഉറപ്പായും ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു.
അദ്ദേഹം ഇത് പറഞ്ഞ സമയത്ത് അതിനെക്കുറിച്ച് ഞാൻ അധികം ആലോചിച്ചിരുന്നില്ല. പക്ഷേ പിന്നീട് അതെത്രമാത്രം പ്രശ്നകരമായ ഒരു പ്രസ്താവനയാണ് എന്ന് ഞാൻ മനസ്സിലാക്കി. ശെമ്മങ്കുടി ശ്രീനിവാസ അയ്യരുടെ പ്രസ്താവനയോട് യോജിച്ചുകൊണ്ട് കല ഒരു അനിവാര്യതയല്ല എന്ന് ഞാൻ സമ്മതിക്കുകയാണെങ്കിൽ, പിന്നെ എന്തുകൊണ്ട് കല ഉണ്ടായി? എന്തുകൊണ്ട് കാവ്യങ്ങളുണ്ടായി, എന്തിനാണ് സങ്കല്പങ്ങൾ, എന്തിനാണ് സ്വപ്നങ്ങൾ…? അതിന്റെ കാരണമായി ഞാൻകരുതുന്നത് നമ്മൾ ഏർപ്പെട്ടിരിക്കുന്ന മറ്റ് പ്രവൃത്തികളിൽ നിന്നും വിഭിന്നമായി കലയ്ക്ക് എന്തോ ചെയ്യാനാകുമെന്ന് മനുഷ്യർ മനസ്സിലാക്കിയിരുന്നു എന്നാണ്. എങ്കിൽ എന്താണ് കല ചെയ്യുന്നത്?
കല ഒരു ജാലകം പോലെയാണ്. നിങ്ങളുടെ സാധാരണ ജീവിതാവസ്ഥയ്ക്ക് (condition) നിങ്ങളെ അനുഭവിപ്പിക്കാൻ കഴിയാത്ത എന്തോ ഒന്നിലേക്ക് നിങ്ങളെ കല തുറന്നുവെക്കുന്നുണ്ട്. എന്താണ് സാധാരണ അവസ്ഥ (normal condition ) ? നിങ്ങളുടെ സാധാരണ അവസ്ഥ നിങ്ങളെ മാത്രം സംബന്ധിക്കുന്നതാണ്. ഇവിടെ ഇരിക്കുന്ന ഓരോ മനുഷ്യന്റെയും സാധാരണ അവസ്ഥ എന്ന് പറയുന്നത് അയാളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ എല്ലാ നിരീക്ഷണങ്ങളും, എല്ലാ ചിന്തകളും, എല്ലാ പ്രവൃത്തികളും ‐ അതിന്റെയെല്ലാം കേന്ദ്രമായി പ്രവർത്തിക്കുന്നത് നിങ്ങൾ തന്നെയാണ്; അല്ലെങ്കിൽ അവയോടെല്ലാം നേരിട്ടു തന്നെ നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.

ശെമ്മങ്കുടി ശ്രീനിവാസ അയ്യർ
അവിടെയാണ് നൈമിഷികമായെങ്കിലും കല നിങ്ങളെ അതിൽ നിന്നും രക്ഷപ്പെടാൻ അനുവദിക്കുന്നത്. അപ്പോഴാണ് ആളുകൾ പറയുന്നത്, ഞാൻ ഒരു സംഗീതക്കച്ചേരിക്ക് പോയപ്പോൾ അല്ലെങ്കിൽ ഒരു കവിത വായിക്കുമ്പോൾ, ഒരു രചന വായിക്കുമ്പോൾ, ഞാൻ മറ്റെവിടെയോ എത്തിയപോലെ തോന്നി എന്ന്. ഒരു നിമിഷത്തേക്ക് അവർക്ക് ആ വാക്കുകൾ തങ്ങളാണ് എന്ന് തോന്നി. അല്ലെങ്കിൽ പാട്ട് കേൾക്കുമ്പോൾ ആളുകൾ ഉപയോഗിക്കുന്ന രസകരമായ ഒരു പദമാണ് ‘സ്വർഗീയം’( divine ) എന്നത്. അങ്ങനെ ആളുകൾ പറയുന്നതിന് കാരണം ഒരു നിമിഷത്തേക്ക് അവർക്ക് തങ്ങളെ ഒരു ബന്ധത്തിന്റെ കേന്ദ്രമാക്കാതെ തന്നെ അവയോടു ബന്ധം സ്ഥാപിക്കാൻ/താദാത്മ്യം പ്രാപിക്കാൻകഴിയുന്നു എന്നതുകൊണ്ടാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് ഒരു ജീവിതാനുഭവത്തെ അതിന്റെ സ്ഥലകാലങ്ങളിൽ നിന്നും പുറത്ത്‌കൊണ്ടുവന്ന് അമൂർത്തമാക്കി മാറ്റുന്നു.
കല നിങ്ങൾക്ക് ഉടനടി, അനിവാര്യമായും എന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു ഇടപാട് മാത്രമല്ല. കലയ്‌ക്ക് രണ്ട് ഭാഗങ്ങളുണ്ട്, അക്ഷരാർഥത്തിലുള്ള ഒരു ഭാഗം, യഥാർഥ എഴുത്ത്, യഥാർഥ അഭിനയം എന്നിവയെ ഒക്കെ ഇത് അർഥമാക്കുന്നു. അത് ചെയ്യുന്ന മനുഷ്യരുണ്ട്. അപ്പോൾ അത് ശാരീരികമാണ്, അവിടെ ഒരു ശരീരം ഉണ്ട്. അവിടെ നർത്തകി ഒരു ശരീരമാണ്, സംഗീതജ്ഞൻ ഒരു ശരീരമാണ്. അതിനാൽ അത് ശാരീരികമാണ്, മിഥ്യയല്ല. അതേ സമയം തന്നെ ഈ മൂർത്തതക്കപ്പുറം കലയിൽ അമൂർത്തതയുണ്ട്. ഈ രണ്ടു കാര്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പാരസ്‌പര്യമാണ് കലയെ അതാക്കി മാറ്റുന്നത്.
നമ്മൾ ഇതിനെ കലയുടെ ഒരുതരം മെക്കാനിസമായി മനസ്സിലാക്കണം. കലയ്ക്ക് നിരവധി വിഭാഗങ്ങളുണ്ട്. പെയിന്റിങ് ഉണ്ട്. സംഗീതമുണ്ട്. സംഗീതത്തിൽ തന്നെ നിരവധി തരത്തിലുള്ള സംഗീതമുണ്ട്.
എഴുത്ത് തന്നെ പല തരത്തിലുണ്ട്, ഗദ്യം കവിതയല്ല, ഹൈക്കു തിരുക്കുറലല്ല, തിരുക്കുറൽ ആധുനിക കവിതയല്ല. അവയെല്ലാം ഒരുപോലെയാണോ? ഞാൻ അവ ഓരോന്നും ഒരുപോലെയാണെന്ന് പറയുകയാണോ? അല്ല! എന്നാൽ എനിക്ക് ഉറപ്പോടെ പറയാൻ കഴിയുന്ന ഒരു കാര്യം ഈ രൂപങ്ങൾ ഓരോന്നും ഒരേസമയം മൂർത്തവും അമൂർത്തവുമാണ് എന്നതാണ്.
അവ രണ്ടിനും ഇടയിലുള്ള ബന്ധത്തിൽ, കല സ്വയം വെളിപ്പെടുന്നു ‐ ശബ്ദത്തിലൂടെ നിറത്തിലൂടെ വാക്കുകളിലൂടെ നടനങ്ങളിലൂടെ ചലനത്തിലൂടെ ... അതുകൊണ്ടാണ് കല ജീവിക്കാൻ അത്യന്താപേക്ഷിതമാകുന്നത്. അതുകൊണ്ടാണ് ഞാൻ ശെമ്മങ്കുടി ശ്രീനിവാസ അയ്യരോട് വിയോജിക്കുന്നത്. കല സമൂഹത്തിന്റെ അനിവാര്യതയാണ്. ശക്തമായ കലയുള്ള ഒരു സമൂഹം സജീവമായ ഒരു സമൂഹമാണെന്ന് നമ്മൾ പറയുന്നത് അതുകൊണ്ടാണ്. അത് ധാർമികമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന സമൂഹമായിരിക്കും.
നിങ്ങൾ ചോദ്യത്തിന്റെ കേന്ദ്രം അല്ലാതാകുമ്പോൾ മാത്രമേ നിങ്ങൾക്ക് ധാർമികമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. നിങ്ങൾ ചോദ്യത്തിന്റെ കേന്ദ്രമാണെങ്കിൽ, (ഏതൊരു സാഹചര്യത്തിൽ നിന്നാണോ ചോദ്യം ഉയർന്നുവരേണ്ടത് ആ സാഹചര്യത്തിനകത്താണ് നിങ്ങൾ എങ്കിൽ) സാധാരണയായി നിങ്ങൾ ധാർമികതയുടെ കാര്യത്തിൽ അടിപതറുന്നു. കാരണം നിങ്ങൾ നിങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ നമ്മുടെ സ്വന്തം വ്യവസ്ഥാപിതത്വങ്ങളിൽ (conditioning) നിന്ന് രക്ഷപ്പെടാൻ കല നിങ്ങളെ അനുവദിക്കുന്നു.
കലയും സംസ്‌കാരവും
കലയുമായി ചേർത്തുവെച്ച് നാം സംസ്കാരം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആ വാക്ക് എന്നെ അമ്പരപ്പിക്കുന്നു. സത്യത്തിൽ നമ്മൾ ഇന്ത്യൻ സംസ്കാരം എന്ന് പറയുമ്പോൾ എനിക്ക് മനസ്സിലാകുന്നില്ല ഏത് സംസ്കാരത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത് എന്ന്.
ഇന്ത്യൻ സംസ്കാരം എന്നത് ഒരു കള്ളം മാത്രമാണ്. അങ്ങനെ ഒന്നില്ല. ഒരുപക്ഷേ ഇന്ത്യൻ സംസ്കാരങ്ങൾ ഉണ്ടായിരിക്കാം. ഇതുമായി ബന്ധപ്പെട്ട് നമ്മൾ സംസാരിക്കുന്നതിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്ക് അറിയൂ എന്ന് പറയുന്നതാകും ശരി.
ഇന്ത്യൻ സംസ്കാരം എന്നത് ഒരു കള്ളം മാത്രമാണ്. അങ്ങനെ ഒന്നില്ല. ഒരുപക്ഷേ ഇന്ത്യൻ സംസ്കാരങ്ങൾ ഉണ്ടായിരിക്കാം. ഇതുമായി ബന്ധപ്പെട്ട് നമ്മൾ സംസാരിക്കുന്നതിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്ക് അറിയൂ എന്ന് പറയുന്നതാകും ശരി.നിങ്ങൾക്ക് അറിയാവുന്ന സംസ്കാരം നിങ്ങളുടെ സാഹചര്യം, നിങ്ങളുടെ വീട്, നിങ്ങളുടെ അന്തരീക്ഷം, നിങ്ങളുടെ കോളേജ്, നിങ്ങളുടെ നഗരം, നിങ്ങളുടെ എക്സ്പോഷർ എന്നിവയാണ്. അത് നിങ്ങളുടെ സംസ്കാരമാണ്. നിങ്ങളുടെ വായനയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോവിഡ് കാലത്ത് ഞാൻ നാഗാലാൻഡിൽ പോയതോർക്കുന്നു. അവിടെ വളരെ ദൂരെയുള്ള ഒരു കാട്ടിൽ ഒരാഴ്‌ച ചെലവഴിച്ചു. എന്നാൽ അവിടെ വെച്ച് സംസാരിച്ച വ്യക്തിയുമായി സാംസ്കാരികമായി എന്നെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് പിന്നീട് ഞാൻ സ്വയം ചിന്തിക്കുകയുണ്ടായി.
ഒന്നുമില്ല എന്നതാണ് ഉത്തരം. അതെ, ഞങ്ങൾ മനുഷ്യർ എന്ന നിലയിൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സാംസ്കാരികമായ ശീലങ്ങളുടെ അടിസ്ഥാനത്തിലോ, ഭാവനയുടെ അടിസ്ഥാനത്തിലോ, പ്രകൃതിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലോ, ശരീരത്തിന്റെ കാര്യത്തിലോ, എന്നെ ആ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല. അങ്ങനെയെങ്കിൽ ഇന്ത്യൻ സംസ്കാരം എന്ന് പറയുമ്പോൾ നമ്മൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നമ്മൾ ഒരു വര വരച്ച് അതിനെ ഇന്ത്യൻ സംസ്കാരം എന്ന് വിളിച്ച് ഒരു വലിയ നുണ പറയുകയാണ്.
കലയും കലാകാരന്മാരും കലാരൂപങ്ങളും സംസ്കാരത്തിന്റെ എംബ്ലങ്ങൾ ആണെന്ന് നാം പറയുന്നു. നിങ്ങളുടെ സംസ്കാരം എന്താണെന്ന് ചോദിച്ചാൽ ആളുകൾ മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാണിക്കും ‐ വസ്ത്രം, ഭക്ഷണം, കല. നിങ്ങൾ എന്താണ് കഴിക്കുന്നത്, എന്ത് ധരിക്കുന്നു, നിങ്ങൾ കേൾക്കുന്ന പാട്ടുകൾ അല്ലെങ്കിൽ നിങ്ങൾ കാണുന്ന നൃത്തങ്ങൾ എന്തൊക്കെയാണ് എന്നത് നിങ്ങളുടെ സംസ്കാരത്തെ പ്രതിനിധീകരിക്കാൻ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ കലാകാരന്മാർസ്വതവേ സംസ്കാരത്തിന്റെ പതാകവാഹകരും ദീപശിഖ വാഹകരുമായി മാറുന്നു.
നിർഭാഗ്യവശാൽ ഞാനും ‘ഒരു സംസ്കാരത്തിന്റെ' ദീപശിഖാ വാഹകനായിരിക്കുന്നു. യഥാർത്ഥത്തിൽ കലയും സംസ്‌കാരവും തമ്മിലുള്ള ബന്ധം കുഴഞ്ഞുമറിഞ്ഞ ഒന്നാണ്. എന്തുകൊണ്ട്? കാരണം, കല മനുഷ്യാനുഭവങ്ങളെ അമൂർത്തമാക്കുന്നുവെന്ന് സൂചിപ്പിച്ചു. അതോടൊപ്പം തന്നെ അത് ഒരു സന്ദർഭത്തിൽ, അക്ഷരങ്ങളിൽ, ശരീരത്തിൽ മൂർത്തമായി സ്ഥിതിചെയ്യുന്നു. കല ഒരു സാംസ്‌കാരിക സാഹചര്യത്തിൽ പൂർണമായും കുടുങ്ങിപ്പോകുകയും വ്യവസ്ഥാപിതമാകുകയും ചെയ്യുമ്പോൾ അതിന് അമൂർത്തമാകാൻ കഴിയുമോ?
സംസ്‌കാരവും ഭൂതകാലവും
200 വർഷം അല്ലെങ്കിൽ 500 വർഷം പഴക്കമുള്ള ഒരു കാര്യത്തെക്കുറിച്ച് നമ്മൾ പറയുമെങ്കിലും, അത് നമ്മൾക്ക് ഒട്ടും അറിയാത്ത രീതിയിലുള്ള ഒന്നായിരിക്കും. ഉദാഹരണത്തിന്, എന്റെ സ്വന്തം സംഗീതത്തിൽ നിന്ന് ചില രാഗങ്ങളെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ, “അതെ, ഈ രാഗം ഇങ്ങനെ ചിട്ടപ്പെടുത്തിയതാണ്, ഇത് ഈ രീതിയിൽ ആലപിച്ചിരിക്കുന്നു” എന്ന് എനിക്ക് പറയാൻ കഴിയും. പക്ഷേ രാഗം ഒറ്റ ഒന്നല്ല. അത് ഞാൻ ചൂണ്ടിക്കാണിക്കുന്ന ഒരു ഒറ്റ ഘടകമല്ല. 200 വർഷങ്ങൾക്ക് മുമ്പ് ചില തെരുവുകളിൽ രാഗം നിലനിന്നിട്ടുണ്ടെന്ന് ഞാൻപറയുമ്പോൾ, അടുത്ത ചോദ്യം, നിങ്ങൾ ഇപ്പോൾ പാടുന്ന രാഗം ആ പുസ്തകത്തിൽ എഴുതിയ അതേ രാഗമാണോ എന്നായിരിക്കും.
അല്ല എന്നാണ് ഉത്തരം. അപ്പോൾ രണ്ട് രാഗങ്ങളുണ്ടോ? ആ ഭൂതകാലവുമായി ഞാൻ ഏത് തരത്തിലാണ് ബന്ധപ്പെട്ട് നിൽക്കുന്നത്. അവിടെ നിന്നും എന്താണ് എന്നിലേക്ക് ഒഴുകിയത്? എന്റെ വർത്തമാനകാലത്തെ സാധൂകരിക്കുന്ന എന്തെങ്കിലും ഭൂതകാലത്തിൽ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട് ഞാൻ ഇതെല്ലാം സങ്കൽപ്പിക്കുകയാണോ? ഞാൻ കണ്ട മിക്ക മൂലകൃതികളിലും, പ്രത്യേകിച്ച് സംസ്കാരവുമായി ബന്ധപ്പെട്ട മൂലകൃതികളിൽ, ഭൂതകാലത്തെക്കുറിച്ച് എഴുതിയ മിക്ക പണ്ഡിതന്മാരെയും കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, അവർ സ്വയം മുൻകാലങ്ങളിലെ ഏതെങ്കിലും മഹാനായ എഴുത്തുകാരനുമായി സ്വയം ബന്ധിപ്പിക്കും എന്നതാണ്.
ഉദാഹരണത്തിന് ഭരതൻ. നാട്യശാസ്ത്രം രചിച്ച ഭരതനെക്കുറിച്ച് സംസാരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. നിങ്ങൾക്കിപ്പോ ഏതും കാലഗണനപ്പെടുത്താം. 200 വർഷം മുന്പോ 200 വർഷത്തിനു ശേഷമോ ഉള്ള 400 വർഷ കാലയളവിൽ എപ്പോഴോ ആയിരിക്കണം നാട്യശാസ്ത്രം രചിക്കപ്പെട്ടത്. ശരി, അത് അംഗീകരിക്കാം. എങ്ങനെയാണ് ഞാൻ അഭിനവഗുപ്തന്റെ വ്യാഖ്യാനത്തിൽനിന്നും ഭരതനെ മനസ്സിലാക്കുക? അഭിനവ ഗുപ്തൻ ഈ വ്യാഖ്യാനം എഴുതുന്നത് 600‐800 വർഷങ്ങൾക്ക് ശേഷം എട്ടാം നൂറ്റാണ്ടിലാണ്.
അങ്ങനെ എങ്കിൽ നിങ്ങൾക്ക് ചോദിക്കാവുന്ന ഒരു ദാർശനിക ചോദ്യം അഭിനവ ഗുപ്‌തൻ അപ്പോൾ എന്തിനെക്കുറിച്ചാണ് എഴുതിയത് എന്നതാണ്. ഭരതനെ വായിക്കുമ്പോൾ അദ്ദേഹം ഭരതനെ ആണോ അതോ തന്നെത്തന്നെയാണോ വായിക്കുന്നത്? ഭരത വായനയിൽ നിന്നാണോ ആ കാലത്തെ കലയെക്കുറിച്ചുള്ള തന്റെ ധാരണ അദ്ദേഹം രൂപപ്പെടുത്തുന്നത്? അദ്ദേഹം തന്റെ സന്ദർഭത്തിലേക്ക് ഭരതനെ പുനഃക്രമീകരിക്കുകയായിരുന്നോ. അപ്പോൾ 2000 വർഷങ്ങൾക്ക് ശേഷം ഞാൻ പോയി അഭിനവയെ വായിക്കുമ്പോൾ ഞാൻ യഥാർത്ഥത്തിൽ എന്താണ് വായിക്കുന്നത്?!
എങ്കിലും എല്ലാം നാട്യശാസ്ത്രത്തിൽ നിന്നാണ് വന്നതെന്ന് സ്ഥാപിച്ച് ഞാൻ കൈ ഉയർത്തും. ശുദ്ധ അസംബന്ധമാണത്. അവയെല്ലാം മനോഹരമായ രേഖകളാണ്, അവ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതൊന്നും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ക്ഷയിക്കുകയും പിൻവാങ്ങപ്പെടുകയും ചെയ്യുന്ന സാംസ്കാരിക പ്രവാഹങ്ങളിലേക്ക് നോക്കുമ്പോൾ അതിനകത്തെ സങ്കീർണത ഉൾക്കൊള്ളാൻ നാം സന്നദ്ധമാവണം.
കലയുടെ പ്രതിരോധ മാർഗങ്ങൾ
ഈ പശ്‌ചാത്തലത്തിലാണ് നമ്മൾ പ്രതിരോധം എന്ന വാക്ക് അവതരിപ്പിക്കുന്നത്. കലയിലെ പ്രതിരോധം എന്നത് ഒരു പ്രത്യഷ രാഷ്‌ട്രീയ ആവിഷ്‌കാരം എന്ന തരത്തിൽ മാത്രമാണ് നാം പലപ്പോഴും മനസിലാക്കാൻ ശ്രമിക്കുക. കല അരാഷ്ട്രീയമാണ് എന്നല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. അത് വളരെ രാഷ്ട്രീയമായ ഒരു പ്രയോഗം തന്നെയാണ്. നമ്മുടെ ഇന്നത്തെ ചുറ്റുപാട്, ജനാധിപത്യവുമായുള്ള നമ്മുടെ ഇഴയടുപ്പം, അവകാശങ്ങൾ, സമത്വം, സ്വാതന്ത്ര്യം എന്നിവക്കായുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങൾ ‘പ്രതിരോധം' എന്ന ഒറ്റവാക്കിൽ ഉൾച്ചേർന്നിരിക്കുന്നു. അധികാരഘടനയിലെ അസന്തുലിതാവസ്ഥയിലേക്കുള്ള ഒരു വിരൽചൂണ്ടൽ പ്രതിരോധം എന്ന വാക്കിൽ അന്തർലീനമാണ്.
സമൂഹത്തിൽ ഒരു അധികാര അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് നിങ്ങൾ ആ വാക്ക് ഉപയോഗിക്കുന്നത്.
സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള ഏകതാനത അടിച്ചേൽപ്പിക്കപ്പെടുന്നു, അല്ലെങ്കിൽ ചിലർ പാർശ്വവൽക്കരിക്കപ്പെടുന്നു.ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിങ്ങൾക്ക് ഒരു മെജോറിറ്റേറിയൻ ഗവൺമെന്റ്, യൂണിയൻ ഗവൺമെന്റ് , ഉണ്ട്. ഒരു മെജോറിറ്റേറിയൻ സാംസ്കാരിക ശീലം, ഉന്നത ബ്രാഹ്മണ സാംസ്കാരിക ശീലംനിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ഉന്നത ബ്രാഹ്മണ സംസ്‌കാരത്തിന്റെ വക്താക്കൾ ഇന്ന് പറയുന്നത് തങ്ങൾക്ക് ഇവിടെ ഇടമില്ല, സ്വാതന്ത്ര്യമില്ല, എന്നാണ്. ഈ പ്രയോഗത്തേക്കാൾ അശ്ലീലമായ മറ്റൊന്നില്ല
സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള ഏകതാനത അടിച്ചേൽപ്പിക്കപ്പെടുന്നു, അല്ലെങ്കിൽ ചിലർ പാർശ്വവൽക്കരിക്കപ്പെടുന്നു.ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിങ്ങൾക്ക് ഒരു മെജോറിറ്റേറിയൻ ഗവൺമെന്റ്, യൂണിയൻ ഗവൺമെന്റ് , ഉണ്ട്. ഒരു മെജോറിറ്റേറിയൻ സാംസ്കാരിക ശീലം, ഉന്നത ബ്രാഹ്മണ സാംസ്കാരിക ശീലംനിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ഉന്നത ബ്രാഹ്മണ സംസ്‌കാരത്തിന്റെ വക്താക്കൾ ഇന്ന് പറയുന്നത് തങ്ങൾക്ക് ഇവിടെ ഇടമില്ല, സ്വാതന്ത്ര്യമില്ല, എന്നാണ്. ഈ പ്രയോഗത്തേക്കാൾ അശ്ലീലമായ മറ്റൊന്നില്ല. ഇത് പ്രതിരോധമല്ല, ഇത് അധീശത്വത്തിന്റെ ഒരു തന്ത്രം മാത്രമാണ്. നിശ്ശബ്ദമാക്കപ്പെടുകയോ, മായ്ക്കപ്പെടുകയോ, ഇടം കണ്ടെത്താത്ത ഒരു സ്ഥാനത്ത് നിന്ന് വരികയോ ചെയ്യുമ്പോൾ മാത്രമാണ് ഒരു ശബ്ദം പ്രതിരോധത്തിന്റെ ശബ്‌ദമാകുന്നത്. അത് അടിച്ചമർത്തുന്നവർക്ക് നേരെ താഴെ നിന്നും മുകളിലേക്ക് ഉയർന്നുവരുന്ന മനുഷ്യരുടെ കൂട്ടായ മുന്നേറ്റമാണ്. പ്രതിരോധങ്ങൾക്കെല്ലാം മൂന്ന് ഘടകങ്ങളുണ്ട്‐ഒന്ന്, എന്തിനെതിരെയാണ് പ്രതിരോധം. രണ്ട് ആരാണ് പ്രതിരോധിക്കുന്നത്. മൂന്ന്, എന്തിനാണ് പ്രതിരോധം. ഞാൻ ആരാണ് പ്രതിരോധിക്കുന്നത് എന്ന രണ്ടാമത്തെ പോയിന്റിൽ നിന്ന് തുടങ്ങാം.
‘ആരാണ് എതിർക്കുന്നത്?’ എന്ന ചോദ്യം നമ്മെ സമൂഹത്തിലേക്കും മനുഷ്യരിലേക്കും ചിന്തകളിലേക്കും ആശയങ്ങളിലേക്കും തിരികെ കൊണ്ടുപോകുന്നു. പ്രതിരോധം ചിലപ്പോൾ ഒരു സമൂഹത്തിനകത്ത് തുടങ്ങി അതിനപ്പുറത്തേക്ക് ഒഴുകും. അത് പലവിധ സാമൂഹിക രാജികളിലൂടെ കടന്നുപോകുകയും ചിലപ്പോൾ പൂർണമായും വശങ്ങളിലേക്ക് തള്ളി മാറ്റപ്പെടുകയും ചെയ്യും. കലയും സംസ്കാരവും വഴി പ്രതിഷേധിക്കുന്നവരോ പ്രതിരോധിക്കുന്നവരോ ആയ പലതരത്തിലുള്ള ആളുകൾ ഉണ്ട്. അവർ എന്താണ് എതിർക്കുന്നത്? ജാതി, വർഗം, നിറം, ലിംഗഭേദം, ലൈംഗിക മുൻഗണന തുടങ്ങിയവയാൽ ലോകത്തിലെ ഒട്ടുമിക്ക സമൂഹങ്ങളിലും അടിച്ചമർത്തലുകൾ നിലനിൽക്കുന്നുണ്ട്.
അടിച്ചമർത്തപ്പെടുന്നവർ നിരന്തരമായ സാംസ്‌കാരിക പ്രതിരോധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം സമൂഹത്തിലെ മറ്റുള്ളവരുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിക്കാൻ അവർക്ക് മറ്റ് മാർഗമില്ല. അതുകൊണ്ട് അവർ എപ്പോഴും മുന്നോട്ട് വന്ന് നിങ്ങളോട് പറയുന്നു, “ഞങ്ങളുടെ ശബ്ദം കേൾക്കൂ, ഞങ്ങൾ പറയുന്നത് കേൾക്കൂ, നിങ്ങൾ പറയുന്നത് ഞങ്ങൾഅംഗീകരിക്കില്ല” എന്ന്. ഇത്തരം പ്രതിരോധങ്ങൾ മികച്ച കലയെ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
അപ്പോൾ പ്രതിരോധം കലയുടെ അന്തർലീനമായ ഗുണമാണോ? 'കല എപ്പോഴും എന്തിനെയെങ്കിലും പ്രതിരോധിക്കുന്നുണ്ടോ?’ എന്നത് ഒരു പ്രധാന ചോദ്യമാണ്. പ്രതിരോധം കലയിൽ അനിവാര്യമാണ് എന്ന് ഞാൻ കരുതുന്നില്ല. കല ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ അത് സ്വയം ഒരു പ്രതിരോധ രൂപത്തിലേക്ക് മാറുന്നുണ്ടോ? നിർബന്ധമില്ല, പക്ഷേ… ഇത് വളരെ പ്രധാനപ്പെട്ട ഒരു ‘പക്ഷേ' ആണ്.
ഒരു കലാകാരനെന്ന നിലയിൽ എന്റെ മനസ്സിൽ, എന്റെ ചെറിയ ഇടത്തിൽ പോലും, ജീവിതത്തെ മുൻനിർത്തിയുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളൊന്നും ഇല്ല. ഞാൻ പാടാൻ പോകുന്നു അല്ലെങ്കിൽ ചിത്രം വരക്കാൻ പോകുന്നു. ഞാൻ നിർമിക്കുന്ന കല, അതിനാൽ ഒന്നിനെയും നേരിട്ട് എതിർക്കുകയോ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുന്നില്ല. എന്നാൽ എല്ലാ കലാരൂപങ്ങളും ഞാൻ തുടക്കത്തിൽ പറഞ്ഞ ഒരു ജാലകം തുറന്നിടുന്നുണ്ട്. അതിനാൽ, കല നിർമിക്കുന്ന പ്രക്രിയയിൽ എനിക്ക് പ്രതിരോധത്തിന് നേരിട്ടുള്ള ഉദ്ദേശ്യമില്ലെങ്കിലും ആ ജാലകം എങ്ങനെയെങ്കിലും അതിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നു.
ഒരുപക്ഷേ തൽക്ഷണം എന്തെങ്കിലും സംഭവിച്ചേക്കാം, പക്ഷേ ഞാൻ സമൂഹത്തിന്റെ സുരക്ഷിതത്വത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തുന്നു. കല ഒരു സമ്മാനമാണ്. കല എല്ലായ്‌പ്പോഴും നിങ്ങളോട് പറയുന്നു, ‘നിങ്ങൾക്ക് വേണമെങ്കിൽ ആ ജാലകത്തിലൂടെ പുറത്തേക്ക് നോക്കാൻ കഴിയും, നിങ്ങളുടേത് വ്യവസ്ഥാപിതവും കഠിനവുമായ മനസ്സ് ആണ് എങ്കിൽപോലും’. 'കലാകാരൻ ഒരിക്കലും അവരുടെ വികാരങ്ങൾ സ്റ്റേജിൽ കാണിക്കരുത്’ എന്ന് ഒരു സംഗീതജ്ഞൻ പറയാറുള്ളതായി ഞാൻ ഓർക്കുന്നു, ഇത് ഗായകർക്കുള്ള താക്കീതാണ്. എന്നാൽ അത് 'എന്തുകൊണ്ട്’ എന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. അദ്ദേഹം പറഞ്ഞു, 'വേദിയിൽ നീ ഉള്ളിൽ ഇളകിമറിഞ്ഞാലും നിന്റെ സ്വരം പതറരുത്’. 'നിങ്ങൾ തമാശ പറയരുത്’. കല എന്ന സമ്മാനം മനുഷ്യൻ നിരസിക്കുന്നത് അവിടെയാണെന്ന് ഞാൻ കരുതുന്നു. കലാകാരൻ തന്നെ കലയുടെ സമ്മാനം നിരസിക്കുന്നു.
ചില കലാകാരന്മാർക്ക്/കലാകാരികൾക്ക് പ്രതിരോധത്തിന്റെ വ്യക്തമായ അജണ്ട ഉണ്ടായിരിക്കില്ല. എന്നാൽ ഇക്കാര്യം നമ്മൾകൂടുതൽ സൂക്ഷ്മതയോടെ കാണേണ്ടതുണ്ട്. പ്രതിരോധം എന്നതിനർഥം എല്ലായ്‌പ്പോഴും അപ്പുറത്ത് ഒരു ടാർഗെറ്റ് ഗ്രൂപ്പോ, മറ്റൈന്തങ്കിലുമോ ഉണ്ട് എന്ന് അർഥമില്ല. അത് പ്രതിരോധത്തിന്റെ ഒരു ഘടകമായിരിക്കാം.
ഇവിടെ നാരായണ ഗുരുവിനെയാണ് ഉദാഹരണമായി ഉപയോഗിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. ഗുരുവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സാമൂഹിക പരിഷ്കർത്താവാണ്; തീർച്ചയായും അദ്ദേഹം ജാതിരഹിതമായ ഒരു സമൂഹമാണ് വിഭാവനം ചെയ്തത്. അദ്ദേഹം നേരിട്ട് ഒരു ജാതി യുദ്ധം നയിച്ചു. എന്നാൽ അദ്ദേഹം അത് മാത്രമാണോ ചെയ്തത്? ഇവിടെയാണ് നമ്മൾ കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കേണ്ടത്.
കൗതുകകരമായ കാര്യം എന്തെന്നാൽ, വിശ്വാസത്തിനായുള്ള എന്റെ അവകാശത്തിനായി ഞാൻ പോരാടും എന്ന് അദ്ദേഹം പറയുകയായിരുന്നു. വളരെ ആകർഷകമാണത്. “എന്റെ ശരീരമാണ്, എനിക്ക് വിശ്വാസത്തിന് അവകാശമുണ്ട്, ഞാൻ ഇങ്ങനെ പ്രാർഥിക്കും എന്ന് പറയാൻ എനിക്ക് അവകാശമുണ്ട്. ഇങ്ങനെയാണ് ഞാൻ അത് വ്യാഖ്യാനിക്കുക, ഇങ്ങനെയാണ് ഞാൻ അനുഭവിക്കുക’’. അതിനാൽ അത് അപരനെക്കുറിച്ച് മാത്രമല്ല, ആന്തരികമായും കൂടിയുള്ള പോരാട്ടമാണ്.
അദ്ദേഹം സ്വന്തം ചിന്തകളോടു പോരാടുകയായിരുന്നു. പ്രതിരോധത്തിന്റെ ഈ രൂപത്തിൽ എവിടെയോ ആന്തരികമെന്നും ബാഹ്യമെന്നുമുള്ള വേർതിരിവ് ഇല്ലാതെയാകുന്നു. അതിനാൽ ഇത് മറ്റൊരാളോട് ഉള്ള സംവാദമാണെങ്കിലും അത് അവനവനുമായുള്ള സംഭാഷണം കൂടിയാണ്. എങ്ങനെ വിശ്വസിക്കണം, ഞാൻ എങ്ങനെ പ്രാർഥിക്കും, ഞാൻ വിശ്വസിക്കുന്ന എല്ലാത്തിനും ഞാൻ എങ്ങനെ എന്നെ സമർപ്പിക്കും എന്നതിനെ ഞാൻ പുനരാലോചിക്കും എന്നുള്ള ഭാഷണം കൂടിയാണിത്.
പ്രതിരോധത്തിനെ നോക്കാനുള്ള ഒരു കൗതുകകരമായ മാർഗമാണിതെന്ന് ഞാൻ കരുതുന്നു. നിങ്ങൾ പ്രതിരോധത്തെ ഒരു ബാഹ്യ സംവിധാനമായി മാത്രം കണക്കാക്കുകയാണെങ്കിൽ, ആ പ്രതിരോധത്തിന്റെ സമയത്ത് നമുക്ക് സംഭവിക്കുന്നത് എന്തെന്ന് നമ്മൾ അന്വേഷിക്കില്ല, എന്നാൽ ഗുരു വളരെ രസകരമായി ഈ ആന്തരിക ബാഹ്യ ലീലയിൽ ഏർപ്പെടുകയാണെന്ന് ഞാൻ കരുതുന്നു. അവ രണ്ടും പരസ്പരം വളരെ തീവ്രമായി സംസാരിച്ചു, അതുകൊണ്ടാണ് എല്ലാ ദൈവങ്ങളെയും കുറിച്ച് പാടുന്നതിൽ അദ്ദേഹത്തിന് രണ്ടഭിപ്രായം ഇല്ലാതിരുന്നത്.
അതോടൊപ്പം അദ്ദേഹം സാമൂഹിക വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അവിടെ ഒരു വകതിരിവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ദേവിയെക്കുറിച്ച് പാടാൻ കഴിയുമായിരുന്നു; ശിവനെക്കുറിച്ച് പാടാൻ കഴിയുമായിരുന്നു; ക്രിസ്തുവിനെക്കുറിച്ച് പാടാൻ കഴിയുമായിരുന്നു. ഗുരുവിനെ സംബന്ധിച്ച് പ്രതിരോധത്തിന്റെ ഘട്ടത്തിൽ ഒരാൾ അയാളോട് തന്നെ എന്ത് ചെയ്യുന്നു എന്നതുകൂടി പരിഗണനാവിഷയം ആയിരുന്നു. നമ്മുടെ വ്യവസ്ഥകളെ പിന്നോട്ട് തള്ളുന്നതിൽ നിന്ന് നമ്മെ തടയുന്ന നമ്മുടെ ഉള്ളിലുള്ള കാര്യങ്ങളിൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്നത് കൗതുകകരമാണ്.

ടി എം കൃഷ്‌ണ പ്രൊഫ. എം മുരളീധരൻ സ്മാരക പ്രഭാഷണം നടത്തുന്നു
കർണാടക സംഗീതം പാടുന്ന നിരവധി സംഗീതജ്ഞരുണ്ട്. അവിടെ പ്രതിരോധം എന്നത് നിശ്ശബ്ദമല്ലേ എന്ന് നിങ്ങൾക്ക് ചോദിക്കാം? ഇവിടെ ഈ പ്രഭാഷണത്തിന് നിങ്ങളെന്നെ വിളിച്ചത് എന്നെ ഒരു യാഥാസ്ഥിതിക കർണാട്ടിക് സംഗീതജ്ഞൻ ആയി കണക്കാക്കാത്തതുകൊണ്ടാണ്. കലാപരവും സാംസ്കാരികവുമായ പ്രതിരോധത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ഒരു പരമ്പരാഗത ഭാഗവതരെ നിങ്ങൾ വിളിക്കില്ല.
200 വർഷമായി പാടിയ അതേ കീർത്തനങ്ങൾ അദ്ദേഹം പാടുന്നു, അദ്ദേഹത്തിന് ഇവിടെയെന്ത് കാര്യം എന്ന് നിങ്ങൾ ചോദിക്കും. അദ്ദേഹം വളരെ നന്നായി പാടുന്നു എന്നത് വാസ്തവമായിരിക്കാം. എന്നാൽ, അങ്ങനെയുള്ള ഒരാളെ ആധുനിക വ്യവഹാരങ്ങൾ അല്ലെങ്കിൽ ജനാധിപത്യ വ്യവഹാരം എന്താണെന്ന് മനസ്സിലാകാത്ത ഒരു വ്യക്തിയായി നമ്മൾ മുദ്രകുത്തും.
നമ്മൾ പരമ്പരാഗതമെന്ന് പറയുന്ന, അല്ലെങ്കിൽ പ്രത്യേക പദവിയുള്ള പരമ്പരാഗത കലാരൂപങ്ങളിൽ അങ്ങനെയൊന്നു നിലനില്ക്കുന്നുണ്ടോ? ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ആദ്യത്തെ കാര്യം
ഒരു കലാകാരനും ഒരിക്കലും അവർ പഠിച്ചതൊന്നും അതേപോലെ അവതരിപ്പിക്കുകയോ എഴുതുകയോ പാടുകയോ ചെയ്യുന്നില്ല എന്നതാണ്. തനിക്ക് ലഭിച്ചതിലേക്ക് ആ വ്യക്തി പുതിയതായി എന്തെങ്കിലും ചെയ്യുന്നു. അതാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത്. പഠിച്ച മൊഴി ആവർത്തിക്കുന്ന തത്തകളല്ല കലാകാരന്മാർ.
ഒരു കലാകാരനും ഒരിക്കലും അവർ പഠിച്ചതൊന്നും അതേപോലെ അവതരിപ്പിക്കുകയോ എഴുതുകയോ പാടുകയോ ചെയ്യുന്നില്ല എന്നതാണ്. തനിക്ക് ലഭിച്ചതിലേക്ക് ആ വ്യക്തി പുതിയതായി എന്തെങ്കിലും ചെയ്യുന്നു. അതാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത്. പഠിച്ച മൊഴി ആവർത്തിക്കുന്ന തത്തകളല്ല കലാകാരന്മാർ.
കലകൾക്കുള്ളിലെ പ്രതിരോധങ്ങൾ
കലയുടെ സൗന്ദര്യാത്മക രൂപത്തിനുള്ളിലുള്ള പ്രതിരോധം ‐ അതും പ്രതിരോധമല്ലേ? നമ്മൾ എപ്പോഴും സംസാരിക്കുന്നത് സാമൂഹ്യ രാഷ്ട്രീയത്തെക്കുറിച്ചാണ്, വ്യക്തമായ സോഷ്യൽ പ്രോട്ടോക്കോളിനെപ്പറ്റി. അപ്പോൾ സൗന്ദര്യാത്മക പ്രതിരോധമോ? എനിക്ക് 12 വയസ്സുള്ളപ്പോൾ ഞാൻ സംഗീതം പഠിക്കാൻ തുടങ്ങി, പ്രശസ്ത കർണാടക സംഗീതജ്ഞരാകാൻ ആഗ്രഹിക്കുന്ന മിക്ക ആളുകളും ചെയ്യുന്നതെല്ലാം ചെയ്തു. ഞാൻ ആദ്യം ആഴത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് കലയുടെ ‘രൂപ’ത്തിലായിരുന്നു. എനിക്ക് പാടാനും എന്റെ ജീവിതകാലം മുഴുവൻ നിങ്ങളുടെ കൈയടി വാങ്ങാനും കഴിയും. അപ്പോൾ ഞാൻ സ്വയം ചോദിച്ചു, ശരി, ഇത് സന്തോഷകരമാണ്, പക്ഷേ ഇത് വളരെ എളുപ്പമാണെങ്കിൽ, ഞാൻ പിന്നെ എന്താണ് ചെയ്യുന്നത്? തുടർന്ന് ഞാൻസംഗീതത്തെക്കുറിച്ച് അതിന്റെ ചരിത്രത്തെക്കുറിച്ച് അതിന്റെ രൂപത്തെക്കുറിച്ച് അതിന്റെ വ്യാകരണത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.
ഞാൻ സംഗീതം ആലപിക്കുന്ന രീതിയിലും സംഗീതത്തെ വ്യാഖ്യാനിക്കുന്ന രീതിയിലും ഒരു കച്ചേരി അവതരിപ്പിക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നു. പ്രത്യക്ഷത്തിൽ അതിൽ സാമൂഹിക ‐ രാഷ്ട്രീയമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാൻ രാഗത്തെ ചോദ്യം ചെയ്തു, താളത്തെ വെല്ലുവിളിച്ചു, കച്ചേരികളുടെ ഫോർമാറ്റുകളെ വെല്ലുവിളിച്ചു. സൗന്ദര്യാത്മക പ്രതിരോധം ദൃഢമായ കലാരൂപങ്ങളിൽപോലും സാധ്യമാണ് എന്നർത്ഥം. അതിനാൽ ഏറ്റവും 'യാഥാസ്ഥിതിക കലാകാരന്മാർ’ പോലും ചിലപ്പോൾ പ്രതിരോധത്തിന്റെ ഭാഗമാകുന്നു. അവർ ചിലപ്പോൾ അത് തിരിച്ചറിയണമെന്നുപോലുമില്ല.
ത്യാഗരാജന്റെ ഉദാഹരണം എടുക്കാം. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം തെക്കോട്ട് കുടിയേറിയ മുലുകനാഡ്ഡു ബ്രാഹ്മണ സമുദായത്തിൽ നിന്നാണ് ത്യാഗരാജര് വരുന്നത്, അവർ തഞ്ചാവൂർ ജില്ലയിൽ താമസമാക്കി. തെലുങ്ക് തീർച്ചയായും അദ്ദേഹത്തിന്റെ മാതൃഭാഷയാണ്, പക്ഷേ അദ്ദേഹം തമിഴ് സംസാരിക്കുന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. അദ്ദേഹം തന്റെ രചനയിൽ ഹറാമി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.
അത് ഒരു തെലുങ്ക് പദമല്ല. എന്നാൽ അത് ത്യാഗരാജ കീർത്തനത്തിൽ ഇടം കണ്ടെത്തുന്നു. മറ്റൊരു കീർത്തനയിൽ അദ്ദേഹം lantern എന്ന വാക്ക് ഉപയോഗിക്കുന്നു. ത്യാഗരാജൻ ഭാഷാപരമായ പരിശുദ്ധിക്കെതിരായ നീക്കം ബോധപൂർവം നടത്തി എന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ അത് അദ്ദേഹത്തിന് കാവ്യപ്രവാഹത്തിനുള്ള ഒരു മാർഗം മാത്രമായിരിക്കാം. എന്നാൽ ഏറ്റവും യാഥാസ്ഥിതികനായ ആൾ പോലും ഒരു വലിയ ലോകവുമായി ഇടപെടുന്നുണ്ടെന്നാണ് ഈ വസ്തുത അർഥമാക്കുന്നത്. അവർ മനഃപൂർവം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ ഇടപെടൽ അവരുടെ കലാസൃഷ്ടിയിലേക്ക് കടന്നുവരുന്നു.
ത്യാഗരാജര് അവിടംകൊണ്ട് നിർത്തുന്നില്ല.
തെലുങ്ക് സംസാരിക്കുന്ന ഒരു ബ്രാഹ്മണനായതിനാലും കുടിയേറിപ്പോന്ന വിഭാഗമായതിനാലും അദ്ദേഹം ശ്രേണിയുടെ താഴ്ന്ന നിലയിലായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ, അദ്ദേഹം ആചാരങ്ങളെ നേരിട്ട് വെല്ലുവിളിക്കുന്ന സമന്ദർഭങ്ങളുണ്ട്. “ഇവരൊക്കെ എന്തിനാണ് ഈ ആചാരങ്ങളെല്ലാം ചെയ്യുന്നത്, അത് സമയം പാഴാക്കലാണ്, അവർക്ക് മനസ്സിന് നിയന്ത്രണമില്ല, ഇത് വെറും പാഴാണ്” എന്നദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം തുടർന്നു പറയുന്നു; പാലുള്ള പാത്രങ്ങൾ പോലെയാണ് ചിലർ, പാൽപാത്രത്തിനു ഒരിക്കലും പാൽ രുചിക്കാൻ കഴിയില്ല. അദ്ദേഹം തന്റെ സമുദായത്തിനുള്ളിലെ ബ്രാഹ്മണ ശീലങ്ങളെ നേരിട്ട് വെല്ലുവിളിക്കുന്നു. എന്നാൽ അതിനർഥം ത്യാഗരാജൻ ലോകത്തെയും സാമൂഹിക ശ്രേണികളെയും പൂർണമായും മനസ്സിലാക്കി എന്നല്ല. എനിക്ക് അങ്ങേയറ്റം വിയോജിപ്പുള്ള ഒരുപാട് കാര്യങ്ങൾ ജാതിയെ കുറിച്ചും സ്ത്രീകളെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
എന്നാൽ നമുക്ക് ആ രണ്ട് വശവും ആവാൻ അദ്ദേഹത്തെ അനുവദിച്ചുകൂടെ? ത്യാഗരാജനോട് ഒരു പ്രത്യേക അടിസ്ഥാനത്തിൽ വിയോജിക്കാനും അതേ സമയം അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളിൽ പ്രതിരോധമുണ്ടെന്ന് പറയാനും നമുക്ക് സാധിക്കില്ലേ? എന്ത് പ്രതിരോധിക്കണമെന്ന് നമ്മൾതീരുമാനിക്കുന്നു. മറ്റുചിലപ്പോൾനമ്മൾ കണ്ണുകൾ അടച്ച് അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ പെരുമാറുന്നു, ഇതാണ് മനുഷ്യ സ്വഭാവം. അതുകൊണ്ട് കലയെയും പ്രതിരോധത്തെയും കുറിച്ച് സംസാരിക്കുമ്പോൾഅത്തരം ഒത്തുതീർപ്പുകൾഅവിടെയും അനുവദിക്കണമെന്ന് ഞാൻ കരുതുന്നു.
ഒരു പ്രത്യേക സന്ദർഭത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ഗാനമോ കലാസൃഷ്ടിയോ, ചിലപ്പോൾ ഒരു സാംസ്കാരിക പ്രസ്ഥാനം പോലും, തികച്ചും വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിലേക്ക് എത്തിച്ചേരുന്നത് കാണാം. ഇതിന്, ഒരു ക്ലാസിക് ഉദാഹരണമാണ് 'ഹം ദേഖേംഗേ’ എന്ന ഗാനം.
പാകിസ്ഥാനിൽ സിയാ ഉൽ ഹക്കിന്റെ സൈനിക ഭരണ അട്ടിമറിയുടെ സമയത്ത് ഫയ്‌സ് അഹമ്മദ് ഫയ്‌സ് എഴുതിയ ഒരു സമരഗാനമാണ് ഇത്.
ഈ രാജ്യത്തുടനീളമുള്ള CAA പ്രതിഷേധത്തിന്റെ ശബ്ദമായി പിന്നീട് ഇത് മാറി. ഒരുകാലത്ത് ഇടത് സർക്കിളിൽ ഒരു പരിധിവരെ ഈ ഗാനം കേട്ടിരുന്നു, അതിനപ്പുറം ഇത് സജീവമായിരുന്നില്ല. പിന്നീട് ഈ പാട്ടിന് ആധിപത്യമുണ്ട്. ഞാൻ ഫയ്‌സിന്റെതിനെ ഒറിജിനൽ എന്ന് വിളിക്കില്ല. ഒറിജിനൽ എന്ന വാക്ക് യഥാർഥത്തിൽ വളരെ പ്രശ്നഭരിതമാണ്.
ഫയ്‌സ് ഇത് ഒരു പ്രത്യേക സന്ദർഭത്തിൽ എഴുതുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ആ സന്ദർഭവും അതിനോടുള്ള
അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണവും ഉൾക്കൊള്ളുന്നു, ആ മുഴുവൻ ഗാനവും അവിടെ നിന്ന് വന്നു CAA പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു. പാട്ടിന്റെ സന്ദർഭം മാറിയപ്പോൾ അതിന്റെ അർഥം ചലിക്കുന്നു, അർഥം പുനർവായിക്കപ്പെടുന്നു, പുതിയതായി മനസ്സിലാക്കപ്പെടുന്നു. ഇത് പറയുമ്പോൾ നോക്കൂ, എനിക്ക് രോമാഞ്ചം വരുന്നു.
എത്ര അനായാസമായാണ് ഇത് തങ്ങളുടെ പാട്ടാണെന്ന് പാടിയവർ കരുതിയത്. ആ ഘട്ടത്തിൽ അത് എഴുതിയത് ആരായാലും പ്രശ്നമല്ല എന്ന് വന്നു. അത് കൂടുതൽ എന്തൊക്കെയോ പറയുന്നതിന്റെ ശബ്ദമായി. അങ്ങനെ ഒരു പാട്ട് സന്ദർഭത്തിനനുസരിച്ച് കാലക്രമേണ മാറുന്നു, അതാണ് കലയുടെ സൗന്ദര്യം.
എല്ലാ മഹത്തായ കലകൾക്കും ഈ അന്തർലീനമായ സാധ്യതയുണ്ടെന്ന് ഞാൻ നിങ്ങളോട് പറയട്ടെ, അതിന് യഥാർഥത്തിൽ സഞ്ചരിക്കാനും വാക്കുകൾക്കും ആളുകൾക്കും ആശയങ്ങൾക്കും സംസ്കാരത്തിനും ഇടയിൽ സഞ്ചരിക്കാനും പുതിയ അനുരണനങ്ങളും പുതിയ സംഭാഷണങ്ങളും കണ്ടെത്താനും കഴിയും. അപ്പോൾ അത് ഒറ്റ വസ്തുവല്ലാതെയാകുന്നു. വ്യത്യസ്ത സ്ഥലങ്ങളെയും വ്യത്യസ്ത ആളുകളെയും കണ്ടെത്തുന്നതിലൂടെ അത് അതിന്റെ ധാർമിക സൗന്ദര്യം വീണ്ടെടുക്കുന്നു.
ഒരു വിഭാഗം അവർക്കുള്ളിൽ മാത്രം ചേർത്തുപിടിച്ച ഒരു കലാരൂപം മറ്റൊരു സമൂഹത്തിൽ നിന്നോ മറ്റൊരു വിഭാഗത്തിൽ നിന്നോ ഉള്ള ആരെങ്കിലും പരിശീലിക്കാൻ തുടങ്ങുന്നതും പ്രതിരോധത്തിന്റെ ഒരു തലമാണ്.. ഇതിന് ഒരു ക്ലാസിക് ഉദാഹരണമായി യേശുദാസിനെ എടുക്കാം.

യേശുദാസ് കച്ചേരി അവതരിപ്പിക്കുന്നു ‐ആദ്യകാല ചിത്രം
യേശുദാസ് ഇത് ബോധപൂർവം ചെയ്തതാണ് എന്നല്ല പറയുന്നത്. അദ്ദേഹം കർണാടക സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്നു, അദ്ദേഹം കർണാടക സംഗീതം പഠിക്കുകയും പാടുകയും ചെയ്തു. എന്നാൽ ഒരു കർണാടക സംഗീതജ്ഞനാകുന്ന പ്രവൃത്തിയിലൂടെ യേശുദാസ് മറ്റൊന്ന് കൂടി ചെയ്‌തു.
നിലവിലുള്ള സാമൂഹിക പദവിയെ പരോക്ഷമായി വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം. അദ്ദേഹത്തിന്റെ സാന്നിധ്യം അതുകൊണ്ട് പ്രതിരോധായിത്തീരുന്നു.
സ്ത്രീകളുടെ ശബ്ദവും പുരുഷന്റെ ശബ്ദവും എങ്ങനെയായിരിക്കണം എന്നതിന്റെ ക്ലീഷെ സങ്കല്പങ്ങൾ നമുക്കുണ്ട്. അത് മാറ്റിനിർത്തി , സംഗീതം വിവിധ ട്രാൻസ് വോയ്സുകളിൽകേട്ടാൽ എന്ത് സംഭവിക്കും, അതേ രാഗം എങ്ങനെയിരിക്കും, രാഗത്തിന്റെ സ്വഭാവം മാറുമോ? ഇതുവരെ ലഭിക്കാത്ത സ്വരപ്രമാണം അതിനു ലഭിക്കുമോ? അപ്പോൾ കലാരൂപവുമായി ഇടപെടേണ്ടത് ആരെന്ന കാര്യത്തിലുള്ള നമ്മുടെ ഉറച്ച ധാരണകൾ, ശബ്ദആവാസവ്യവസ്ഥ വെല്ലുവിളിക്കപ്പെടുന്നു. പല സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ളവർ ശ്രോതാക്കളിൽ ഒന്നിച്ചു വരുമ്പോൾ വേദിയുടെ ഇരു ദിശയിലും ഈ ചലനം സാധ്യമാകുന്നു.
അപ്പോൾ നിങ്ങൾ എവിടെയാണ് പ്രകടനം നടത്തുന്നത് എന്ന ചോദ്യമുയരുന്നു. കലയും സംസ്കാരവും അവതരിപ്പിക്കപ്പെടുന്ന സ്ഥലം വിഷയമാകുന്നു. പല സ്കൂളുകളിലും ഞങ്ങൾക്ക് സംഗീത ക്ലാസ് ഉണ്ടെന്നു അവർ പറയും. സംഗീത ക്ലാസ് ഒരു ക്ലാസ് മുറിയിലായിരിക്കുമെന്നും നാടോടി കലകൾ പുറത്തായിരിക്കുമെന്നും നിങ്ങൾക്ക് എപ്പോഴും കാണാം. സംഗീത ക്ലാസ്സ് അകത്തു നടക്കുമ്പോൾ നാടൻ കലകൾ എന്തിന് പുറത്തായിരിക്കണം എന്ന ചോദ്യത്തിന് ആരും ഉത്തരം നൽകില്ല. തങ്ങൾക്ക് കൂടുതൽ സ്ഥലം വേണമെന്ന് അവർപറയുമായിരിക്കാം. അത് തീർച്ചയായും ഒരു നുണയാണ്. അതൊരു പ്രശ്നകരമായ ഘടനയാണെന്നു ചിന്തിക്കാൻ ആരും മെനക്കെടുന്നില്ല.
കല അവതരിപ്പിക്കുന്ന സ്ഥലത്തിന്റെ സ്ഥാനം വിപരീതമാക്കുകയാണെങ്കിൽ പലതും അതിനൊപ്പം മാറുന്നു. തെരുവിൽ കേട്ടിട്ടില്ലാത്ത ഒരു കലാരൂപം തെരുവിൽ കേൾക്കുന്നു. തിരക്കേറിയ ആൾക്കൂട്ടത്തിനിടയിൽ, ബഹളത്തിനിടയിൽ, തെരുവിന് നടുവിൽ ‘രാഗാലാപനം' കേൾക്കുകയാണെങ്കിലോ?
കല അവതരിപ്പിക്കുന്ന സ്ഥലത്തിന്റെ സ്ഥാനം വിപരീതമാക്കുകയാണെങ്കിൽ പലതും അതിനൊപ്പം മാറുന്നു. തെരുവിൽ കേട്ടിട്ടില്ലാത്ത ഒരു കലാരൂപം തെരുവിൽ കേൾക്കുന്നു. തിരക്കേറിയ ആൾക്കൂട്ടത്തിനിടയിൽ, ബഹളത്തിനിടയിൽ, തെരുവിന് നടുവിൽ ‘രാഗാലാപനം' കേൾക്കുകയാണെങ്കിലോ? എന്റെ അനുഭവത്തെക്കുറിച്ചും ചിന്താഗതികൾ എങ്ങനെ മാറുന്നുവെന്നും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.
തെരുവുകളിലും ബീച്ചുകളിലും ബസ്സുകളിലും പല സ്ഥലങ്ങളിലും പാടാൻ എനിക്ക് അവസരം ലഭിച്ചു. മുൻകാലത്ത് ഒരു ഓഡിറ്റോറിയത്തിൽ പാടാൻ നിശ്ശബ്ദത ആവശ്യമായിരുന്ന ആളായിരുന്നു ഞാൻ. ക്യാമറാമാന്റെ ഫ്ലാഷ് ക്ലിക്ക് കേട്ടാൽ പോലും എനിക്ക് ദേഷ്യം വരുമായിരുന്നു, അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു, അതിനാൽ തന്നെ പരുക്കനുമായിരുന്നു.
എന്നാൽ പിന്നീട് പല സ്ഥലങ്ങളിൽ പാടാൻ തുടങ്ങിയപ്പോൾ പലതും മാറി. നിങ്ങൾ ഒരു ബസ്സിലാണ് പാടുന്നത്, നിങ്ങളുടെ പാട്ട് ആരും ശ്രദ്ധിക്കുന്നില്ല, അവർ ഒരുപക്ഷേ നിങ്ങൾ ഒരു തടസ്സമാണെന്ന് കരുതും, എന്താണ് ഈ മണ്ടൻ ബസ്സിൽ താൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സമയത്ത് വന്നു പാടുന്നത് എന്ന് ചിന്തിച്ചേക്കാം. ഞാൻ അവിടെ പാടുന്നത് തീർത്തും ദുർബലനായാണ്, ജീവിതത്തിൽ ആദ്യമായി ഒരു ശാസ്ത്രീയ സംഗീതജ്ഞൻ ദുർബലനാവുകയാണ്.
സാധാരണയായി, ശാസ്ത്രീയ സംഗീതജ്ഞർ ദുർബലരല്ല. കാരണം ഞങ്ങൾ എവിടെയാണ് പ്രകടനം നടത്തുന്നതെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ എപ്പോൾ സബാഷ് പറയുമെന്ന്, എവിടെ ബലേഭേഷ് മുഴക്കുമെന്നു ഞങ്ങൾക്ക് അറിയാം. ഞാൻ ബീച്ചിലോ തെരുവിലോ ബസ്സിലോ പാടുമ്പോൾ, എനിക്ക് ഭയം വരുന്നു.

ടി എം കൃഷ്‌ണ ചെന്നൈ ബീച്ചിൽ കച്ചേരി അവതരിപ്പിക്കുന്നു
പക്ഷേ ട്യൂണുകളും വാക്കുകളും എഞ്ചിനും റോഡും എല്ലാം തമ്മിൽ അവിടെ രസകരമായ ഒരു സംഭാഷണം നടന്നു. ഈ പിൻഡ്രോപ്പ് നിശ്ശബ്ദത എനിക്ക് അവിടെ ആവശ്യമില്ല, അതിനാൽ ലൊക്കേഷൻ മാറുമ്പോൾ, കലാകാരനിലും ചിലത് മാറുന്നു, വൈകാരിക സ്വഭാവം, ആശയവിനിമയത്തിന്റെ ഭാഷ എല്ലാം മാറുന്നു, നിങ്ങളുടെ പങ്കിടൽ മാറുന്നു.
അതിനാൽ സ്ഥലം മാറ്റുകയാണെങ്കിൽ നിങ്ങൾ കലയോട് എന്തോ ചെയ്യുകയാണ്, നിങ്ങൾ കലയെ ചോദ്യം ചെയ്യുന്നു. അതിനാൽ പരമ്പരാഗത വേദികൾക്ക് പുറത്ത് കല അരങ്ങേറുന്നത് ചിലപ്പോൾ ഒരു പ്രതിരോധ പ്രവർത്തനമായിത്തീരുന്നു.
സന്ദർഭം മാറുമ്പോൾ ചില സമയങ്ങളിൽ സംഗീതം പ്രതിരോധത്തിന്റെ രൂപമായി മാറും. മഹാനായ വയലിൻ കലാകാരനായ പ്രൊഫ. ടി എൻ കൃഷ്ണൻ എല്ലാ വർഷവും ഡിസംബർ 25ന് സംഗീത അക്കാദമിയിൽ വയലിൻ വായിക്കുമായിരുന്നു. അതായിരുന്നു അദ്ദേഹത്തിനു നിശ്ചയിച്ച തീയതി.
വർഷങ്ങളോളം അദ്ദേഹം ഇത് ചെയ്തു. അദ്ദേഹം ജിംഗിൾ ബെൽസ് കച്ചേരിയിൽ അവതരിപ്പിക്കുന്നത് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഞങ്ങൾ എല്ലാവരും അത് ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. സ്റ്റേജിൽഅദ്ദേഹം വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന വ്യക്തിയായിരുന്നു.
ആരും ജിംഗിൾ ബെല്ലിനെക്കുറിച്ച് ചർച്ച ചെയ്തില്ല. ആരും ഒന്നും, മറുത്തു ചിന്തിച്ചില്ല. പിന്നീട് ഓരോ പ്രവൃത്തിയും കാണുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഉണ്ടാകുന്നു.
കർണാടക സംഗീതത്തിൽ ഹൈന്ദവ ദൈവങ്ങളെ കുറിച്ചുള്ള വരികൾ മാത്രമേ പാടാവൂ എന്ന് പറഞ്ഞ് എല്ലാം തകർക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് എനിക്കറിയില്ല, അത് അപ്രസക്തമാണ്, അദ്ദേഹം യാഥാസ്ഥിതികനായിരുന്നിരിക്കണം. പക്ഷേ അദ്ദേഹം എപ്പോഴും ജിംഗിൾ ബെല്ലുകൾ വായിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ജിംഗിൾ ബെൽ വായനക്ക് രണ്ട് തരം വിലയിരുത്തലുകൾ ഉയർന്നുവന്നു. അത് ഒരു ക്രിസ്ത്യൻ ഗാനമാണെന്ന് ഒരു വശം; മറുവശം പറയുന്നത് ഇത് ഇന്ത്യൻ സംസ്കാരമാണ്, നമ്മൾ എത്ര വഴക്കമുള്ളവരാണെന്നാണ്. രണ്ടും പ്രശ്നമുണ്ടാക്കുന്ന നിലപാടുകളാണ്. കാരണം രണ്ടും നുണകളാണ്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഞാൻ പാടിയിട്ടുണ്ട്, ക്ഷേത്രത്തിൽ എന്ത് പാടണമെന്നു നിങ്ങൾക്ക് അറിയാം. ആരും നിങ്ങൾക്ക് അത് പറഞ്ഞുതരുന്നില്ല. അത് നിങ്ങൾക്കറിയാം. ഒരു ക്ഷേത്രത്തിൽ പോയി വളരെ ശൃംഗാരപരമായ ഒരു പദം പാടിയാൽ ആ ശൃംഗാര പദം ഒരു കലാസൃഷ്ടിയാണ്, ഞാൻ അത് പാടുകയാണ്, ഞാൻ അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ അത് പാടുന്നു എന്നത് ഒരു പ്രതിരോധപ്രവർത്തനമായി മാറുന്നു, കാരണം മുമ്പ് ഇല്ലാത്ത ഒരു സ്ഥാനം നിങ്ങൾ അതിന് നൽകുകയാണ്.
പ്രതിരോധവും ജനാധിപത്യവും
ഇവയെല്ലാം മാറ്റിനിർത്തിയാൽ, പ്രതിരോധത്തിൽ നേരിട്ട് ഇടപെടുന്ന കലാസൃഷ്ടികൾ രൂപപ്പെടുന്നത് എങ്ങനെയാണ്? ഇന്നത്തെ സാമൂഹിക അന്തരീക്ഷം ഇങ്ങനെയാണ്, ഇതിനെ നാം വെല്ലുവിളിക്കണം എന്ന് ബോധപൂർവം പറയുന്ന
കലകൾ; നമ്മളെയും സമൂഹത്തെയും കുറിച്ചുള്ള നിരീക്ഷണത്തിൽ നിന്നും, അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ നിന്നും പിറവിയെടുത്ത സംഗീത ശകലങ്ങൾ ‐ അവ സൃഷ്ടിക്കുന്ന നിരവധി ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. വളരെ ശ്രമകരമായ ദൗത്യമാണ് അവരുടേത്. എന്നാൽ നിങ്ങൾ ഒരു കല സൃഷ്ടിക്കുമ്പോൾ സാഹചര്യം എന്നത് ഒരു ‘ട്രിഗർ’ മാത്രമാണ്. അത് ഒരു തീപ്പെട്ടിക്കൊള്ളിയാണ്, അത് നിങ്ങൾക്ക് ആ ചിന്തയുടെ ദിശ നൽകുന്നു. മണിപ്പൂരിലെ കാഴ്ചകൾ കാണുമ്പോൾ അതിനോട് പ്രതികരിക്കാൻ നമുക്ക് വ്യഗ്രത ഉണ്ടാകുന്നു, (ഞങ്ങൾ ഇതിനകം സൃഷ്ടിച്ച ഒരു പാട്ട് ഉണ്ട്, അത് പെരുമാൾ മുരുകനാണ് എഴുതിയത്).
എന്നാൽ കലയ്‌ക്ക് അതിനെ രൂപപ്പെടുത്തിയ സാഹചര്യത്തിനപ്പുറം പോകേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചില്ല എങ്കിൽ, ആ കലാവിഷ്‌കാരം നമ്മുടെ ജീവിതാനുഭവത്തിന്റെ ആന്തരികതയെ ഉൾക്കൊള്ളുന്നില്ല എന്ന് പറയേണ്ടി വരും; കലാസൃഷ്ടിയും പരസ്യവും തമ്മിൽ വ്യത്യാസമില്ല എന്ന് വരും. രാഷ്ട്രീയ കല പലപ്പോഴും ഒരു പ്രസ്ഥാനത്തെക്കുറിച്ച് മാത്രം സംസാരിക്കുക, സംഭവത്തിന്റെ ബാഹ്യതലത്തിൽ മാത്രം ഒതുങ്ങിപ്പോവുക എന്ന കെണിയിൽ വീഴുന്നുവെന്ന് ഞാൻ കരുതുന്നു. ഒരു സംഭവത്തിൽ മാത്രം കേന്ദ്രീകരിക്കുകയും അതിൽ ഒതുങ്ങിപ്പോവുകയും ചെയ്‌താൽ, വിഭിന്ന സന്ദർഭങ്ങളിൽ വിഭിന്നമായ അർത്ഥധ്വനികളോടെ ആവിഷ്‌കൃതമാവുക എന്ന കലയുടെ ശേഷിക്ക് ശോഷണം സംഭവിക്കും. അത് കേവലം പ്രൊപ്പഗാണ്ട മാത്രമായി മാറും.
സ്പാനിഷ് സംഘർഷത്തിനുശേഷം പിക്കാസോ ഗൊർണിക്ക എന്ന ചിത്രത്തിന് രൂപം നൽകി
. ഒരു സംഭവത്തോടുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു അത്. പെക്ഷെ ഗോർണിക്ക ആ സംഭവത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. സംഭവത്തിൽ നിന്ന് ഉയർന്നുവരുകയും അതേസമയം അതിൽ നിന്നു വേറിട്ടു നിൽക്കുകയും ചെയ്യുന്ന ഒരു ആശയമാണ് ആ പെയിന്റിംഗ് ആവിഷ്‌കരിക്കുന്നത്. അത് കലയാണ്. ഗൊർണിക്ക ആസ്വദിക്കാൻനിങ്ങൾക്ക് അതിനെക്കുറിച്ച് അറിയണമെന്നില്ല.
സാമൂഹിക ‐ രാഷ്‌ട്രീയ സംഭവങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന കലാരൂപങ്ങളാണ് ഉന്നതമായത് എന്ന ലിബറൽപ്രോഗ്രസീവ് നിലപാട് ഒരു തരത്തിൽകലാലോകത്ത് ഉന്നത ‐ അധമ വേർതിരിവ് കൊണ്ടുവരുന്നുണ്ട്. ഇത് മതാത്മക കലാ സങ്കൽപത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ്. കലയെ ഒരു ഉപകരണമായി ഉപയോഗിക്കാം, പക്ഷേ അപ്പോൾ അത് മൊത്തത്തിൽ മറ്റൊന്നായി മാറുന്നു.
സംസ്കാരവും കലയും പ്രതിരോധവും പ്രവർത്തിക്കുന്ന വിവിധ വഴികൾ നോക്കുമ്പോൾ നമുക്ക് മുന്നിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. വൈവിധ്യമാർന്ന കലാരൂപങ്ങളും സംസ്കാരങ്ങളും നിറഞ്ഞതാണ് ഇന്ത്യൻ സമൂഹം. അവയാകട്ടെ പലപ്പോഴും ജനാധിപത്യവിരുദ്ധമായ ആചാരങ്ങളിലും സമ്പ്രദായങ്ങളിലും ഉൾച്ചേർന്നു കിടക്കുന്നതായും നാം കാണുന്നു.
രാജ്യത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയ സാമൂഹിക സാഹചര്യത്തിൽ, നമ്മുടെ ജനാധിപത്യ വിശ്വാസങ്ങളെ‐അവകാശങ്ങൾ, സമത്വം, സ്വാതന്ത്ര്യം എന്നിവയിലുള്ള ആഴത്തിലുള്ള വിശ്വാസങ്ങളെ‐ ഈ കലാസാംസ്‌കാരികാവിഷ്‌കാരങ്ങളുമായി എങ്ങനെ കൂട്ടിച്ചേർക്കും എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. പ്രതിരോധത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളിലേക്ക് പരന്പരാഗതമായ ആവിഷ്‌കാര രൂപങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനാണ് പലപ്പോഴും നാം ശ്രമിക്കുക.
രാജ്യത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയ സാമൂഹിക സാഹചര്യത്തിൽ, നമ്മുടെ ജനാധിപത്യ വിശ്വാസങ്ങളെ‐അവകാശങ്ങൾ, സമത്വം, സ്വാതന്ത്ര്യം എന്നിവയിലുള്ള ആഴത്തിലുള്ള വിശ്വാസങ്ങളെ‐ ഈ കലാസാംസ്‌കാരികാവിഷ്‌കാരങ്ങളുമായി എങ്ങനെ കൂട്ടിച്ചേർക്കും എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. പ്രതിരോധത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളിലേക്ക് പരന്പരാഗതമായ ആവിഷ്‌കാര രൂപങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനാണ് പലപ്പോഴും നാം ശ്രമിക്കുക. പ്രതിരോധത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങൾക്കകത്തേക്ക് പരന്പരാഗത കലാകാരന്മാർ നേരിട്ട് കടന്നുവരണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു.
നമുക്കിടയിൽ നിലനിന്നുവരുന്ന പരമ്പരാഗത കലാ ‐ സംസ്കാര രൂപങ്ങളുമായും ആ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുമായും ജനാധിപത്യപരമായ ഒരു സംവാദം വികസിപ്പിച്ചെടുക്കാൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. മുത്തുചന്ദ്രൻ ഒരു തോല്പാവൈകൂത്ത് കലാകാരനാണ്. അദ്ദേഹം നാഗർകോവിലിനടുത്ത് താമസിക്കുന്നു. അദ്ദേഹം ഒരു മികച്ച കലാകാരനാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി അദ്ദേഹം കല അവതരിപ്പിക്കാറുണ്ട്.
പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക എന്ന ഒരു അജണ്ട എനിക്കുണ്ടാവുമ്പോൾ ഞാൻ മുത്തുചന്ദ്രനെ വിളിക്കുന്നു. മുത്തുചന്ദ്രൻ ഇതിനകം തന്നെ അവസരങ്ങൾക്കായി കാത്തിരിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട കലാകാരനാണ്. ഇന്ന കാരണത്തിനായ ഒരു നാടകം നിർമിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറയുന്നു. ആ കലകാരനും ഞാനും തമ്മിൽ ഇവിടെ നിലനിൽക്കുന്ന ബന്ധം തുല്യതയിൽ ഊന്നിയുള്ളതാണോ? അല്ല.എന്നാലും ഞാൻ ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മുത്തുചന്ദ്രനോട് എന്താണ് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ ചോദിച്ചാൽ, രാമായണത്തിന്റെ ഈ ഭാഗം ഞാൻ ചെയ്യുമെന്ന് അദ്ദേഹം പറയും.
പക്ഷേ എനിക്ക് രാമായണം വേണ്ട. എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഇവിടെ എനിക്ക് മുത്തുചന്ദ്രന്റെ രാമായണത്തിനു ഇടം കണ്ടെത്താൻ കഴിയാത്തത്? കാരണം നമുക്ക് എങ്ങനെ ആ ഇടം നൽകാമെന്ന് ഇനിയും മനസ്സിലായിട്ടില്ല. അദ്ദേഹം ചെയ്യുന്നത് ആളുകൾ ഇഷ്ടപ്പെടുന്നു. ഒരുപക്ഷേ നാളെ അദ്ദേഹം മറ്റൊരു കഥ ചെയ്തേക്കാം.
സാംസ്കാരിക പ്രതിരോധം വളരെ സങ്കീർണമായ ഒരു പ്രവർത്തന മണ്ഡലമാണ്. ചില പ്രതിരോധങ്ങളെ നാം അവഗണിക്കുന്നു, ചില പ്രതിരോധങ്ങളോട് നമ്മൾ സഹകരിക്കുന്നു, ചില പ്രതിരോധങ്ങൾ നമ്മൾ ആഘോഷിക്കുന്നു. പ്രതിരോധം x രൂപമാണെങ്കിൽ മാത്രമേ നമ്മൾ ചിലപ്പോൾ ശ്രദ്ധിക്കൂ, പക്ഷേ പ്രതിരോധത്തിന്റെ രൂപങ്ങൾ നിരന്തരം മാറുകയും പുതിയ ശബ്ദങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. വിവിധ സംസ്കാരങ്ങൾ ഉള്ളതുപോലെ, ബഹുരൂപത്തിലുള്ള പ്രതിരോധങ്ങളും ഉണ്ട്. അവ പരസ്പരം സംവദിക്കണം.
വ്യത്യസ്ത വ്യവഹാരങ്ങൾക്കെല്ലാം പരസ്പരം സംവദിക്കാൻ എങ്ങനെ ഒരു ഇടം നമുക്ക് തുറന്നിടാനാകും എന്നതാണ് ഇന്നത്തെ സുപ്രധാനമായ ആലോചനാവിഷയം. പഴയതും പുതിയതും മധ്യകാലികവും ഭവിഷ്യവാദിയുമായ വ്യത്യസ്ത വ്യവഹാരങ്ങൾക്ക് പരസ്പരം സംവാദം നടത്താൻ കഴിയുന്ന ഒരു അന്തരീക്ഷം നാം സൃഷ്ടിക്കേണ്ടതുണ്ട്.
(തൃശൂരിൽ നടന്ന പ്രൊഫ. എം മുരളീധരൻ അനുസ്മരണച്ചടങ്ങിൽ നടത്തിയ സ്മാരക പ്രഭാഷണം . വിവർത്തനം: ആര്യ എ ടി )
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..