25 April Thursday

മലയാളത്തിന്റെ മധുചന്ദ്രിക; സ്വർണലത വിടപറഞ്ഞിട്ട്‌ പത്ത്‌ വർഷം

എം സുരേഷ്‌ ബാബു sureshbabu9293@gmail.comUpdated: Sunday Sep 13, 2020

വിവിധ ഭാഷകളിൽ നിരവധി ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ച അതുല്യ ഗായികയാണ് സ്വര്‍ണലത.  വേറിട്ട ശബ്ദമാധുര്യത്താൽ ഏറെ ആസ്വാദകരെ നേടിയ സ്വർണലതയുടെ പത്താം ചരമ വാർഷികദിനമായിരുന്നു ഇന്നലെ

എ ആർ റഹ്‌മാന്റെ റെക്കോഡിങ് സ്റ്റുഡിയോയിൽ ‘കറുത്തമ്മ’യിലെ പാട്ടുകളുടെ റെക്കോഡിങ്‌. ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ സംവിധായകൻ ഭാരതിരാജയും ഗാനരചയിതാവ് വൈരമുത്തുവും ഒപ്പമുണ്ട്.  പ്രധാന പാട്ട്‌ ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ ആര് പാടുമെന്നായി ചർച്ച. പടത്തിന്റെ ജീവനായ ഈ ശോകഗാനത്തിൽ സംഗീതത്തേക്കാൾ ഏറെ പ്രാധാന്യം  ഭാവത്തിനാണ്. അന്നേവരെ അടിപൊളി ഗാനങ്ങൾക്കു മാത്രം ഉപയോഗിച്ച ഒരു ശബ്ദമാണ് ഭാവസാന്ദ്രമാകേണ്ട ഈ ഗാനം പാടാൻ റഹ്‌മാൻ തെരഞ്ഞെടുത്തത്. റെക്കോഡിങ് പൂർത്തിയായപ്പോൾ  വിതുമ്പിയ  ഗായികയെ കണ്ട വൈരമുത്തു പറഞ്ഞു, ‘നോക്കിക്കോ... ഈ പാട്ട് ഡൽഹിവരെ പോകും.’  പറഞ്ഞതു സംഭവിച്ചു. ആ വർഷത്തെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ ബഹുമതി ‘പോരാളെ പൊന്നുത്തായി' എന്ന  ഗാനത്തിനു ലഭിച്ചു. അങ്ങനെ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ ദേശീയ ബഹുമതി നേടിയെടുത്ത ആദ്യ ഗായികയായി സ്വർണലത.

സ്വർണലതയുടെ ശബ്ദത്തിന്റെ  സാധ്യതകൾ മനസ്സിലാക്കിയ സംഗീതസംവിധായകനാണ് റഹ്‌മാൻ. ജെന്റിൽമാനിലെ ഉസിലാംപട്ടി പെൺകുട്ടി, കാതലനിലെ മുക്കാലാ മുക്കാബലാ, ഇന്ത്യനിലെ മായാമച്ചിന്ദ്ര, ആക്കടനടാങ്ക ഉടപോട്ടാ, മുതൽവനിലെ ഉളുന്തു വിതക്കയിലെ,  അലൈപായുതേയിലെ എവനോ ഒരുവൻ, ബോംബെയിലെ കുച്ചി കുച്ചി രാക്കമ്മ തുടങ്ങിയ ഗാനങ്ങൾ അവരുടെ ഹിറ്റുകളിൽ ചിലത്‌.

1987ൽ എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് സ്വർണലത എന്ന പതിനാലുകാരി  ആദ്യം പാടിയത്‌. ‘നീതിക്കു ദണ്ഡനൈ’ എന്ന ചിത്രത്തിലെ ഭാരതീയാരുടെ വരികളായ ‘ചിന്നഞ്ചിര് കിളിയേ  കണ്ണമ്മാ’ എന്ന താരാട്ട്‌ പാടിയത്‌ യേശുദാസിനൊപ്പം.  ഏതു പാട്ടും അനായാസം വഴങ്ങുമായിരുന്നു ഈ ഗായികയ്‌ക്ക്‌. ‘എന്റെ ശബ്ദത്തിൽ എന്താണോ ഉള്ളത് അത് സ്വർണലതയുടെ ശബ്ദത്തിലും ഉണ്ട്‌’ എന്നു പറഞ്ഞത്  പി സുശീലയാണ്.

സ്വർണലതയുടെ ശബ്ദത്തിലൂടെ നിരവധി ഹിറ്റുകളാണ്  സംഗീത സംവിധായകർ സൃഷ്ടിച്ചെടുത്തത്. അവരിൽ ഏറെ മുന്നിൽ  ഇളയരാജ തന്നെ. ജാനകി, ചിത്ര എന്നിവർക്കുശേഷം തന്റെ എല്ലാതരത്തിലുമുള്ള ഗാനങ്ങൾക്കും ഇളയരാജ  ഈ ശബ്ദം ഉപയോഗിച്ചു. ഗുരുശിഷ്യനിലെ ഉത്തമപുത്തിരി നാന് എന്ന ഗാനമാണ് ഇളയരാജയുടെ സംഗീതത്തിൽ സ്വർണലത ആദ്യം പാടിയത്. തുടർന്ന് ക്ഷത്രിയനിലെ മാലയിൽ യാരോ, ചിന്നത്തമ്പിയിലെ പോവോമാ  ഊർകോലം, നീയെങ്കേ  എൻ അൻപേ, ക്യാപ്‌റ്റൻ പ്രഭാകരനിലെ ആട്ടമാ തോരോട്ടമാ, എൻ രാസാവിൻ മനസിലേയിലെ കുയിൽ പാട്ട്, ധർമദുരൈയിലെ മാസീമാസം, ദളപതിയിലെ രാക്കമ്മാ കയ്യെത്തട്ട്, ഉന്നൈ നിനൈത്തേൻ പാട്ട് പടിച്ചേനിലെ എന്നൈ തൊട്ട് അള്ളിക്കൊണ്ട, വള്ളിയിലെ എന്നുള്ളേ എന്നുള്ളേ തുടങ്ങിയവ  ഇളയരാജ-–-സ്വർണലത കൂട്ടുകെട്ടിൽ പിറന്നു. തനിക്കിഷ്ടപ്പെട്ട അഞ്ച് വ്യത്യസ്ത ശബ്ദത്തിൽ ഇളയരാജ തെരഞ്ഞെടുത്ത ഒരു ശബ്ദം സ്വർണലതയുടേതുമാണ്.

തമിഴ്, തെലുഗു, കന്നട, മലയാളം, ഹിന്ദി, ബഡഗ, ഉറുദു, ഒറിയ, ബംഗാളി, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ പാടിയ സർണലത മലയാളി ആയിരുന്നിട്ടും മാതൃഭാഷയിൽ പാടിയത്‌ കുറച്ചുമാത്രം. ജാതകത്തിലെ ‘നീരജദലനയനേ’ എന്ന ഗാനത്തിന് ട്രാക്ക് പാടാൻ വന്ന പതിനാറുകാരിയെ ഇന്നും ഓർക്കുന്നു സംഗീത സംവിധായകൻ  സോമശേഖരൻ.  

കൈതപ്രത്തിനും  ആ ശബ്ദം  ഇഷ്ടമായിരുന്നു. ‘‘ജോൺസന്റെ ഒട്ടേറെ പാട്ടുകൾക്ക് ട്രാക്ക് പാടിയത് സ്വർണലതയാണ്. വരവേൽപ്പിലെ ‘ദൂരെ ദൂരെ സാഗരം തേടി...,’ പാവം പാവം രാജകുമാരനിലെ ‘കണ്ണാടികൈയിൽ കല്യാണം കണ്ടോ...’ എന്നീ ഗാനങ്ങളുടെ ട്രാക്ക് സ്വർണലതയാണ് പാടിയത്. മനോഹരമായി പാടിയ ആ ട്രാക്ക് തന്നെ നേരിട്ട് ഉപയോഗിക്കാമെന്ന് ഞാൻ അഭിപ്രായപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് സാദരത്തിലെ ‘മധുചന്ദ്രികേ നീ മറയുന്നുവോ ’ എന്ന ഗാനം സ്വർണലതയെക്കൊണ്ടാണ് പാടിച്ചത്.  ഞാൻ സംഗീതസംവിധാനം നിർവഹിച്ച വിനയപൂർവം വിദ്യാധരൻ എന്ന ചിത്രത്തിലെ ‘കാട്ടുവള്ളി ഊഞ്ഞാലാടാം...’ എന്ന ഗാനം യേശുദാസിനൊപ്പം പാടിയതും സ്വർണലതയാണ്''–-  കൈതപ്രം അനുസ്‌മരിച്ചു.

ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവയുടെ  പശ്ചാത്തലത്തിലും സ്വർണലതയുടെ ശബ്ദം  ഉപയോഗിച്ചിട്ടുണ്ട്.  മോഹൻ സിതാരയുടെ സംഗീത സംവിധാനത്തിൽ സ്‌നേഹദൂതിലെ ‘എന്തേ പുതുവസന്തമേ,' സുന്ദരപുരുഷനിലെ' കൊഞ്ചടി കൊഞ്ച് കുയിലേ,' കുബേരനിലെ ‘മണിമുകിലേ നീ മായരുതേ' തുടങ്ങിയ ഗാനങ്ങളും സ്വർണലത ആലപിച്ചു.

മലയാളത്തിൽ സ്വർണലതയ്‌ക്ക്‌ സൂപ്പർഹിറ്റ് ഗാനങ്ങൾ പാടാനുളള അവസരം നൽകിയ സംഗീത സംവിധായകനാണ് സുരേഷ് പീറ്റേഴ്സ്. ഇൻഡിപെൻഡൻസിലെ ‘നന്ദലാലാ', പഞ്ചാബി ഹൗസിലെ ‘ബല്ലാ ബല്ലാ ബല്ലാ ഹേ,' രാവണപ്രഭുവിലെ' പൊട്ടുകുത്തടീ പുടവ ചുറ്റടീ,' തെങ്കാശിപട്ടണത്തിലെ ‘കടമിഴിയിൽ കമലദളം' എന്നിവയും ജനപ്രിയം.

ഏഴായിരത്തിലധികം പാട്ട്‌ ആസ്വാദകർക്ക്‌ സമ്മാനിച്ചാണ്‌ അകാലത്തിൽ ആ പ്രതിഭ വിടവാങ്ങിയത്‌.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top