01 December Friday

ഹൃദയഭാഷയിലെ ഗായകൻ; എസ്‌ പി ബിയുടെ വേർപാടിന്‌ രണ്ട്‌ വർഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ചെന്നൈ > > നാദത്തിന്റെ മാന്ത്രിക താക്കോൽ കൊണ്ട്‌ ഹൃദയത്തിന്റെ ആരും തുറക്കാത്ത അറകൾ നിരന്തരം തുറന്നിട്ട ഗായകൻ. പോയ്‌ മറഞ്ഞാലും നിങ്ങൾ പാടി തീരുന്നില്ലല്ലോ പ്രിയ എസ്‌പിബി; പാടി തോരുന്നുമില്ല. ആസ്വാദക മനസ്സുകളിൽ എണ്ണിയാലൊടുങ്ങാത്ത പാട്ടുകൾ ബാക്കിയാക്കി എസ്‌ പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട്‌ ഇന്ന്‌ രണ്ട്‌ വർഷം.

സംഗീതത്തിൽ ശാസ്‌ത്രത്തെക്കാൾ പ്രധാനം ഭാഷയാണ്. എസ് പി ബാലസുബ്രഹ്മണ്യം അര നൂറ്റാണ്ടിലധികം പാടിയത്‌  ആ ഹൃദയഭാഷയിൽ. രാജ്യമാകെ അവ ഹിറ്റാകാൻ കാരണവും മറ്റൊന്നല്ല. എൻജിനീയറാകാൻ ആഗ്രഹിച്ച എസ് പി ബി സംഗീതത്തിലെത്തിയത് യാദൃച്ഛികം. പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടി. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരാൾ ലോകത്തുണ്ടായിട്ടില്ല. പതിനേഴിൽപ്പരം ഭാഷയിലായി അരലക്ഷത്തോളം ഗാനം. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് പിന്നണിഗാനം പാടിയതിന് ഗിന്നസ് റെക്കോഡ്. ആറ് ദേശീയപുരസ്‌കാരം, പത്മശ്രീ, -പത്മഭൂഷൻ ബഹുമതികൾ. നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് കലാകാരൻ എന്നീ നിലകളിലും ജനപ്രീതിയാർജിച്ചു.

 

വീട്ടിലും സ്‌കൂളിലും മാത്രം പാടിയിരുന്ന അവൻ വളർന്നതാകട്ടെ, സംഗീതാന്തരീക്ഷത്തിൽ. പക്ഷേ, ഒരിക്കലും ശാസ്ത്രീയ സംഗീതജ്ഞാനം അവകാശപ്പെട്ടില്ല.  ഒരു പാട്ടു മത്സരത്തിൽ ശ്രദ്ധയിൽപ്പെട്ട എസ്‌  ജാനകി. ഏറെ അഭിനന്ദിച്ച്‌  സിനിമയിൽ ഭാവിയുണ്ടെന്ന് പ്രോത്സാഹിപ്പിച്ചു. 1966 ഡിസംബർ 15 നാണ്‌ പിന്നണി ഗായകനെന്ന നിലയിൽ  ആദ്യ റെക്കോഡിങ്. എസ് പി കോദണ്ഡപാണിയുടെ‘ശ്രീ ശ്രീ മര്യാദ രാമണ്ണ ' (തെലുങ്ക്‌)ക്കു വേണ്ടി പാടിയ ഹരിഹരനാരായണോയും ഏമിയേ വിന്ത മോഹവും.  തമിഴ്‌  അവസരങ്ങൾ  വൈകി. ഉച്ചാരണം നന്നായാൽ പരിഗണിക്കാമെന്നായിരുന്നു സംഗീത പ്രതിഭ എം എസ് വിശ്വനാഥൻ പറഞ്ഞത്.

അദ്ദേഹത്തിന്റെ   സംഗീതത്തിൽ  ‘ഹോട്ടൽ രംഭ’ക്കുവേണ്ടി എൽ ആർ ഈശ്വരിക്കൊപ്പം  ‘അത്താനോടു ഇപ്പടി  ഇരുന്ത്' റെക്കോഡ് ചെയ്‌തെങ്കിലും റിലീസായില്ല.  1969ൽ ശാന്തിനിലയം സിനിമയിൽ ‘ഇയർക്കയേനും ഇദയക്കനി’  പാടാൻ എം എസ് വി വീണ്ടും വിളിച്ചു. എം ജി ആറിന്റെ പ്രശസ്ത ചിത്രം  അടിമൈപ്പെണ്ണിലും ആ വർഷം അവസരം. സംഗീതം കെ വി മഹാദേവൻ.‘ആയിരം നിലവേ വാ' ഗാനത്തോടെ  തമിഴിൽ സ്ഥാനമുറപ്പിച്ചു. ടി എം സൗന്ദരരാജൻ  ഉച്ചകോടിയിൽ നിൽക്കവെയാണ്‌ ആ പ്രവേശം. തെലുങ്കിൽ ഘണ്ടശാലയും കന്നഡയിൽ പി ബി ശ്രീനിവാസുമാണ് അന്നത്തെ  ഗായകർ. എസ് പി ബി  ക്രമേണ  മൂന്ന് ഭാഷയിലും ജനപ്രിയനായി.  1969ൽ തന്നെ മലയാളത്തിലും ആദ്യ ഗാനം. ‘കടൽപ്പാല’ത്തിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ‘ഈ കടലും മറുകടലും'.

എം ജി ആറിന്റെ  അഭിനയ‐ സംസാര ശൈലികൾ  പിന്തുടർന്ന എസ് പി ബി സന്ദർഭം ഉൾക്കൊണ്ടാണ് പാടിയത്. അത് മനസ്സിലാക്കിയ എം ജി ആർ  തന്റെ ചിത്രങ്ങളിൽ അദ്ദേഹം  നർബന്ധമെന്ന് നിർദേശിച്ചു. പാട്ടിൽ  ഭാവാഭിനയം കൂടിയോ എന്ന്  ചോദിച്ചതോടെ എസ് പി ബി സ്വയം നിയന്ത്രണം വരുത്തി. അങ്ങനെ അഭിനേതാക്കളുടെ  സവിശേഷത മനസ്സിലാക്കി പാടുകയെന്നത്  ശീലമായി. എം ജി ആർ , രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ പ്രത്യേകതകൾ പാട്ടിലും സന്നിവേശിപ്പിച്ചു. കഠിന ശ്രമം നടത്തി സംഗീത സംവിധായകരുടെ സ്വപ്നം യാഥാർഥ്യമാക്കാനും കഴിഞ്ഞു.

നൊട്ടേഷനുകൾ  എസ്‌പിബിക്ക്‌ പ്രയോജനപ്പെടാറില്ല. കാണാപ്പാഠത്തിലൂടെയാണ്‌ ഹൃദിസ്ഥമാക്കുക. പഠിക്കാതെവിട്ട ശാസ്ത്രീയസംഗീതം അദ്ദേഹത്തിൽ  അന്തർലീനമായിരുന്നു. അതാണ് സംഗീതജ്ഞർ പ്രയോജനപ്പെടുത്തിയത്. എസ്‌പിബി ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകനായിരിക്കെയാണ്‌  ശാസ്ത്രീയ സംഗീതം  പ്രധാനമാക്കി   ‘ശങ്കരാഭരണം’ ഒരുക്കാൻ കെ വിശ്വനാഥ് തയ്യാറായത്‌;  സംഗീതത്തിൽ  ഏറ്റവും മികവുള്ളവർ വേണമെന്ന നിഷ്‌കർഷയോടെ. സംഗീതം കെ വി മഹാദേവനെയാണ് ഏൽപ്പിച്ചത്. പ്രധാന പാട്ടുകൾക്ക്‌ എസ് പി ബിയെയും  ഉറപ്പിച്ചു. കെ വിശ്വനാഥ് എസ് പിബിയുടെ അച്ഛനെ കണ്ട് കഥ വിശദീകരിച്ച്‌ പാടാൻ മകനെ ആവശ്യപ്പെട്ടു. ശാസ്ത്രീയ സംഗീത പ്രാധാന്യമുള്ള പാട്ടുകൾ വഴങ്ങില്ലെന്നും മറ്റാരെയെങ്കിലും സമീപിച്ചുകൂടെയെന്നും അദ്ദേഹം പറഞ്ഞു. പാട്ട് നന്നായി പഠിപ്പിക്കാമെന്നും എസ് പി ബി തന്നെ വേണമെന്നും വിശ്വനാഥ് നിർബന്ധിച്ചു. അച്ഛന്റെകൂടി സമ്മർദത്തിലാണ് സമ്മതിച്ചതും.പുകഴേന്തിയാണ് പാട്ടുകൾ പഠിപ്പിച്ചത്. കാസറ്റ്‌  കേട്ടും ആവർത്തിച്ച്‌ പാടിയുമായിരുന്നു  റെക്കോഡിങ്‌. ‘ഓംകാര നാദാനു' ഗാനമാണ് കൂടുതൽ സമയമെടുത്തത്‌. എസ് ജാനകി, വാണി ജയറാം എന്നിവരായിരുന്നു സഹഗായകർ. ശങ്കരാഭരണത്തിലെ പാട്ടുകൾ എസ് പി ബിയെ മറ്റൊരു തലത്തിലേക്കുയർത്തി. സിനിമയും പാട്ടുകളും കേരളത്തിലും വൻഹിറ്റായി. ശാസ്ത്രീയ സംഗീതത്തിന് കൂടുതൽ സ്വീകാര്യത  കൈവരാൻ അവ  സഹായിച്ചു.

ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി എസ് പി ബിക്ക് ലഭിച്ചത് ശങ്കരാഭരണത്തിലൂടെ. കെ വി മഹാദേവൻ  സംഗീത സംവിധായകന്റെയും   വാണി ജയറാം  ഗായികയയുടെയും പുരസ്‌കാരം നേടി. 1981ൽ 'ഏക് ദൂജേ കേ ലിയേ ' യിലെ ‘തേരേ മേരേ ബീച്ച് മേം ' പാടി ഹിന്ദിയിലെത്തിയ എസ്‌പിബി  പിന്നീട് ബോളിവുഡിലും ഏറെ തിളങ്ങി.  ബാലചന്ദറിന്റെ  തെലുങ്കു ഹിറ്റായ ‘മരോ ചരിത്ര’ യുടെ ഹിന്ദി പതിപ്പായിരുന്നു ഏക് ദൂജേ. സംഗീതം   ലക്ഷ്മികാന്ത് പ്യാരേലാൽ. ബാലചന്ദറിന് ഒറ്റ വ്യവസ്ഥയേ ഉണ്ടായിരുന്നുള്ളൂ; ഗായകൻ എസ് പി ബി ആവണം. ആ തീരുമാനം ശരിയായിരുന്നു.

പിന്നീട് സൽമാൻ ഖാന്റെ  ‘മേ  നേ പ്യാർ കിയാ ', ‘ഹം ആപ് കേ ഹേ കോൻ' തുടങ്ങിയവയിലൂടെയും ഹിന്ദിയിലെ മുൻനിര ഗായകരിലൊരാളായി. 1983ൽ സാഗരസംഗമം (തെലുങ്കു)1988ൽ രുദ്രവീണ(തെലുങ്ക്‌)   1995 ൽ സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവയ്(കന്നഡ) 1996 ൽ മിൻസാര കനവുകൾ (തമിഴ് )സിനിമകളിലെ ഗാനങ്ങൾക്കും  ദേശീയ പുരസ്‌കാരം തേടിയെത്തി.

ഏതാണ്‌ എസ്‌പിബിയുടെ ഏറ്റവും നല്ല പാട്ട്‌?... ഒരെണ്ണം പറയുമ്പോഴേക്കും അടുത്ത ഒന്നിൽക്കൂടി ആ ശബ്‌ദം ചെവിയിൽ മൂളിയെത്തും. "മലരേ മൗനമാ' എന്ന ഗാനം സ്‌റ്റേജിൽ എസ്‌ ജാനകിക്കൊപ്പം പാടിക്കൊണ്ട്‌ അദ്ദേഹം വിദ്യാസാഗറിനോട്‌ പറഞ്ഞു "ഞങ്ങൾക്ക്‌ ഒന്നിച്ചുപാടാൻ ഒരുപാട്‌ പാട്ടുകളൊന്നും നിങ്ങൾ തരേണ്ട, ഇങ്ങനത്തെ ഒരെണ്ണം മതി വർഷത്തിൽ'. അത്രയേറെ ഹൃദയത്തോട്‌ ചേർത്ത ഒന്നായിരുന്നു അദ്ദേഹത്തിന്‌ ആ ഗാനം. ഒരു ജന്മം മുഴുവൻ ആസ്വാദിക്കാനുള്ള സംഗീതം നൽകിയാണ്‌ അദ്ദേഹം മടങ്ങിയതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top