26 April Friday

സൗഹൃദ ദിനത്തില്‍ ആര്‍ആര്‍ആറിലെ "പ്രിയം' ഗാനം; കീരവാണിയുടെ നേതൃത്വത്തില്‍ അഞ്ച് ഭാഷകളിലെ ഗായകര്‍; മലയാളത്തില്‍ നിന്ന് വിജയ് യേശുദാസ്

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

ഹൈദരാബാദ് > രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ സൗഹൃദഗാനം പുറത്തുവിട്ടു. രാജമൗലി സിനിമ പോലെ തന്നെ ബ്രഹ്മാണ്ടമായിട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം ഒരുക്കിയിട്ടുണ്ട്.

സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ഗായകരും ചിത്രത്തിലെ നായകരായ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഗാനരംഗത്ത് എത്തുന്നുണ്ട്. മലയാളത്തില്‍ വിജയ് യേശുദാസ്  ആണ് ഗാനംആലപിച്ചിരിക്കുന്നത്. 'പ്രിയം' എന്നാണ് ഗാനത്തിന്റെ പേര്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്ന ഗാനം തമിഴില്‍ അനിരുദ്ധാണ് ആലപിച്ചിരിക്കുന്നത്.

ഗായകനെയും സംഗീത സംവിധായകനെയുമൊക്കെ ഉള്‍പ്പെടുത്തി പ്രത്യേകമായി ചിത്രീകരണം നടത്തിയാണ് മ്യൂസിക് വീഡിയോ പുറത്തെത്തുന്നതെന്നും സിനിമാമേഖലയില്‍ ഇത് പുതുമയാണെന്നും നേരത്തെ വിജയ് യേശുദാസ് പറഞ്ഞിരുന്നു.

സൗഹൃദ ദിനമായ ആഗസ്റ്റ് 1 നാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.  റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.
 
ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.'

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top