23 April Tuesday

'തോക്കു തോല്‍ക്കും കാലം വരും വരെ നാക്ക് തോല്‍ക്കില്ലെടോ..'; പ്രതിരോധത്തിന്റെ പടുപാട്ടുമായി രശ്‌മി

ഷംസുദ്ധീൻ കുട്ടോത്ത്‌Updated: Wednesday Apr 17, 2019

ഭയം മനുഷ്യന്റെ മുകളില്‍ തീക്കാറ്റാകുന്ന നമ്മുടെ  കാലത്ത് പ്രതിരോധത്തിന്റെ പടുപാട്ടു പാടുകയാണ് രശ്മി സതീഷ്. നാവ് ചങ്ങലക്കിടാനാവില്ലെന്നും നിശബ്ദരായിരിക്കാന്‍ ഇക്കാലത്ത് നമുക്ക് അവകാശമില്ലെന്നും ഈ 'ഉണര്‍ത്തുപാട്ട' ് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എഴുത്തുകാരുടേയും കലാപ്രവര്‍ത്തകരുടേയും സ്വാതന്ത്ര്യത്തിന് അതിരു നിശ്ചയിക്കുന്നവര്‍ക്കുള്ള ജ്വലിക്കുന്ന മറുപടിയാണ്  ഈ പാട്ട്. പണ്ട്, സാധാരണക്കാരന്റെ നാടന്‍ ഭാഷയെ കളിയാക്കാനായിട്ടാണ് 'പടുപാട്ട് പാടുക' എന്ന പ്രയോഗം നടത്തിയിരുന്നത്. ജാതി വേര്‍തിരിവിന്റെ പ്രയോഗം കൂടിയായിരുന്നു അത്.

തോക്കു തോല്‍ക്കും കാലം വരും വരെ

നാക്ക് തോല്‍ക്കില്ലെടോ..

എന്റെ വാക്ക് തോല്‍ക്കില്ലെടോ

നോക്ക് തോല്‍ക്കും കാലം വരും വരെ

പാട്ട് തോല്‍ക്കില്ലെടോ

എന്റെ പാട്ട് തോല്‍ക്കില്ലെടോ..

കാലം മാറിയതോടെ പടുപാട്ടും പ്രതിരോധത്തിന്റെ പാട്ടായി. പാട്ടില്‍ രാഷ്ട്രീയം നിറഞ്ഞു. ഓരോ കലാപ്രവര്‍ത്തകനും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം സംസാരിക്കേണ്ടത് കടമയായി. പാട്ട് ആയുധമായി. കല സമരമായി.

രസ ബാന്‍ഡിലൂടെ രശ്മി സതീഷ് പാടുകയും അഭിനയിക്കുകയും ചെയ്തതോടെ യുവ തലമുറ ഉള്‍പ്പെടെ പടുപാട്ട് ഏറ്റെടുത്തു. സഫ്രു ഷാഫിയാണ് രശ്മിക്കൊപ്പം അഭിനയിച്ചത്. ചടുല താളവും രശ്മിയലുടെ നെഞ്ചില്‍ തറയ്ക്കുന്ന ശബ്ദവും മനോഹരമായ ദൃശ്യ ഭംഗിയും കൊള്ളേണ്ടിടത്തൊക്കെ ഈ പാട്ടിനെ കൊള്ളിച്ചു. സംഗീതം പ്രതിരോധത്തിന്റെ ശബ്ദമാണെന്ന് രശ്മി വീണ്ടും കാണിച്ചു തന്നു. ഇനി വരുന്നൊരു തലമുറയ്ക്ക്...,പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ...,തേര്‍തല്‍ വരത്.. തേര്‍തല്‍ വരദ്, ഒരുത്തരും വരല്ലേ...തുടങ്ങി രശ്മി പാടിയ പാട്ടുകള്‍ക്കെല്ലാം ഇതിനകം ആസ്വാദകര്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. സിനിമാ ഗാനങ്ങള്‍ക്കപ്പുറം സ്വതന്ത്രമായ പാട്ടിന്റെ വഴി തിരയുന്ന കലാകാരികൂടിയാണ് രശ്മി. രോഷത്തേയും സങ്കടത്തേയും പ്രതിരോധത്തേയും പ്രണയത്തേയും എല്ലാം പാട്ടിലൂടെ അതിശക്തമായി തന്നെ ആവിഷ്കരിക്കാന്‍ കഴിയുമെന്ന് ഓരോ സൃഷ്ടിയിലൂടെയും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. രസ ബാന്‍ഡ് ഇത്തരത്തിലുള്ള സംഗീതത്തിലെ പരീക്ഷണങ്ങള്‍ക്ക് നിരന്തരം ഇടമാകുന്നു.

കണ്ണന്‍ സിദ്ധാര്‍ത്ഥന്‍ ആണ് തോക്കു തോല്‍ക്കും...എന്ന പാട്ടെഴുതിയത്. മ്യൂസിക് രസ ബാന്‍ഡ്. അമല്‍ നാസര്‍, വിമല്‍ നാസര്‍, ആസ്സാന്‍ നിധീഷ്, ക്രിസ്റ്റി ജോബി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് രസ ബാന്‍ഡ്. സംവിധാനം മുരളി ധരിന്‍. എഡിറ്റര്‍ മഹേഷ് നാരായണന്‍. ക്യാമറ മുഹമ്മദ് അബ്ദുള്ള.  റെക്സ് വിജയനാണ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്.

ഭൂമിയിലെ എല്ലാ അശാന്തികള്‍ക്കും നിലവിളികള്‍ക്കും മേല്‍ പ്രതീക്ഷയുടെ വെളിച്ചം ചൊരിഞ്ഞുകൊണ്ട്  രശ്മി സതീഷ് എന്ന കലാകാരി തന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലേക്ക് തുറന്നു വിടുകയാണ്. പാട്ടന്വേഷണം തന്റെ രാഷ്ട്രീയ അന്വേഷണം കൂടിയാണെന്ന തിരിച്ചറിവോടെ...  ഭാഷകള്‍ക്കും അതിരുകള്‍ക്കും കാലങ്ങള്‍ക്കുമെല്ലാം  അപ്പുറത്തേക്ക്  ആ അന്വേഷണം പടരുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top