26 April Friday

രവി മേനോന്റെ പാട്ടെഴുത്ത്: ഗൃഹാതുരതയുടെ നിത്യഹരിതലോകം

രവി മേനോൻ/ കെ ബി വേണുUpdated: Saturday Jan 22, 2022

രവി മേനോൻ - ഫോട്ടോ: ജി പ്രമോദ്‌

ഒരു പാട്ടിലൂടെ ഒരു കാലഘട്ടത്തെത്തന്നെ ലളിതമായി അവതരിപ്പിക്കാൻ രവിക്കു കഴിയുന്നു. ഭൂതകാലത്തിന്റെ അടരുകളിൽ നിന്ന് തെളിഞ്ഞുവരുന്ന ഒരു പുതിയ ലോകം. അതിന്റെ കറുപ്പും വെളുപ്പും പകരുന്ന ചാരുതയുള്ള തെളിമ.

ഗൃഹാതുരതയുടെ നിത്യഹരിതലോകമാണ് രവി മേനോന്റേത്. ഒരു വരി പാട്ടിനെക്കുറിച്ച് രവി മൂന്നര പേജൊക്കെ എഴുതിക്കളയും. കേവലം പാട്ടുകളെക്കുറിച്ചെഴുതുക എന്നതിന്റെ സാങ്കേതികതയെ മറികടന്നുകൊണ്ട് രവിയുടെ ലേഖനങ്ങൾ ജനപ്രിയമാകുന്നതിന് ഒരു കാരണം പാട്ടിന്റെ സ്രഷ്ടാക്കളുമായുള്ള വളരെ അടുത്ത വ്യക്തിബന്ധങ്ങളാണ്. ഒരു പാട്ടിലൂടെ ഒരു കാലഘട്ടത്തെത്തന്നെ ലളിതമായി അവതരിപ്പിക്കാൻ രവിക്കു കഴിയുന്നു. ഭൂതകാലത്തിന്റെ അടരുകളിൽ നിന്ന് തെളിഞ്ഞുവരുന്ന ഒരു പുതിയ ലോകം. അതിന്റെ കറുപ്പും വെളുപ്പും പകരുന്ന ചാരുതയുള്ള തെളിമ. പാളങ്ങൾ എന്ന സിനിമയിലെ ‘ഏതോ ജന്മകല്പനയിൽ’ എന്ന പാട്ടിനെക്കുറിച്ചു പറയുമ്പോൾ, പാട്ടെഴുതിയ പൂവച്ചൽ ഖാദറും ഈണമിട്ട ജോൺസൺ മാസ്റ്ററും മാത്രമല്ല, ഭരതനും ഉണ്ണി മേനോനുമൊക്കെ കടന്നുവരുന്നു. ആ പാട്ടിലെ ഹമ്മിങ് ഉണ്ണി മേനോന്റേതാണ്.

ഉണ്ണിമേനോൻ

ഉണ്ണിമേനോൻ

ഒരു പാട്ടിനെക്കുറിച്ചു പറയുമ്പോൾ അതുൾപ്പെട്ട സിനിമയെക്കുറിച്ചു പറയുന്നത് സ്വാഭാവികമാണ്. പക്ഷേ, രവി എഴുതുമ്പോൾ പലരുടെയും ശബ്ദങ്ങൾ നമ്മൾ കേൾക്കുക കൂടി ചെയ്യുന്നു. അവരെ കാണാൻ കഴിയുന്നു. അങ്ങനെ എഴുതുന്നതിന്‌ പിന്നിലുള്ള അധ്വാനം വായനക്കാരൻ അനുഭവിക്കുന്നുമില്ല. ഒരു പാട്ടുപോലെ അത് വായനക്കാരനിലേക്ക് ഒഴുകിച്ചേരുകയാണ്.

വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ എക്സ്പ്രസ്സിൽ രവിയുടെ സഹപ്രവർത്തകനായിരുന്നു ഞാൻ. ഡൽഹിയിൽ നിന്ന് അവിടെ ചെല്ലുമ്പോൾ സ്പോർട്സ് ഡസ്കിൽ രവിയുണ്ട്. ക്രിക്കറ്റിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല. ഫുട്ബോൾ മാത്രം. അടുത്ത കസേരയിൽ ചെസ്സിൽ ഏകാഗ്രത പ്രാപിച്ച് വത്സൻ. പിന്നെ രാജേട്ടൻ, ചെക്കുട്ടി, പ്രശാന്ത്, സലിം, നാരായണൻ സാർ, ശശികുമാർ, രാജീവ്, നഹ, കളത്തിൽ രാമകൃഷ്ണൻ, ദിവാകരൻ മാഷ്… (ആരുടെയെങ്കിലും പേരു വിട്ടുപോയെങ്കിൽ ക്ഷമിക്കുക). അക്കാലം പാട്ടിന്റേതായിരുന്നു. വൈകുന്നേരങ്ങളിൽ മാത്രം ജോലിയുള്ള ഡസ്ക് ജീവികളായിരുന്നു ഞങ്ങൾ പലരും. പല കാരണങ്ങൾ പറഞ്ഞ് പകലുകളിൽ ഒത്തു കൂടും. കോഴിക്കോടിന്റെ അക്കാലത്തെ മാസ്മരികമായ ആംബിയൻസ്. പാട്ടുകളിലൂടെ നീന്തിയ ഉച്ചനേരങ്ങൾ.

രവി മേനോനും കെ ബി വേണുവും -ഫോട്ടോ: ജി പ്രമോദ്‌

രവി മേനോനും കെ ബി വേണുവും -ഫോട്ടോ: ജി പ്രമോദ്‌

രവിക്ക് സംഗീതലോകവുമായുള്ള അടുത്ത ബാന്ധവം തിരിച്ചറിഞ്ഞത് ഡസ്കിൽ ഒരു ഫോൺ വന്നപ്പോഴാണ്. ‘രവി മേനോൻ ഉണ്ടോ?’  ഘനഗംഭീര ശബ്ദത്തിൽ ഒരാൾ ചോദിക്കുന്നു. ഞാൻ രവിക്ക് ഫോൺ കൈമാറുന്നു. രവി നിന്നും ഇരുന്നും കുഴഞ്ഞും കുറേനേരം ഫോണിൽ സംസാരിക്കുന്നു. സംഭാഷണം കഴിഞ്ഞ് എനിക്കരികിലേക്കു വരുന്നു.

‘ആരാ വിളിച്ചതെന്നു നെനക്കു മനസ്സിലായോ?’
‘ഇല്ല...’
‘അത് ദാസേട്ടനായിരുന്നു...’

ഞാൻ ഞെട്ടി. ആ ഞെട്ടൽ തുടർന്നത് മറ്റൊരു ദിവസം കാലിക്കറ്റ് ടവർ എന്ന ഹോട്ടലിലേക്ക് രവി എന്നെ രാവിലെതന്നെ കൂട്ടിക്കൊണ്ടു പോയപ്പോഴാണ്. വാതിൽ തുറക്കുമ്പോൾ ഒരാൾ ദോശയും ഇഡ്ഡലിയും ഒരുമിച്ചു കഴിച്ചു കൊണ്ടിരിക്കുന്നു. സാക്ഷാൽ ജയചന്ദ്രൻ. മൂലയിൽ പതുങ്ങിനിൽക്കുന്ന ഒരു പയ്യനെ ചീത്ത വിളിക്കുന്നുമുണ്ട്. കുളിക്കാൻ ചൂടുവെള്ളം കിട്ടിയില്ലെന്നതാണ് കാരണം. ക്ഷിപ്രകോപി രവിയെ കണ്ടപ്പോൾ ഒന്നടങ്ങി. ഞാൻ വണങ്ങി. പയ്യൻ പോയി.

ജയേട്ടൻ ലളിതസഹസ്രനാമത്തിലേക്കോ മറ്റോ കടന്നു. പിന്നെ മുല്ലശ്ശേരി രാജുവിന്റെ സാമ്രാജ്യത്തിലേക്ക് ഓട്ടോറിക്ഷയിൽ ഒരു യാത്ര. നല്ല മഴ. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ഓട്ടോ ഒരു കുഴിയിൽ ചാടുമ്പോൾ പാസ് ചെയ്യുന്ന ഒരു ബസ്. അതിൽ നിന്ന് ജയേട്ടനെ ആരാധനാപൂർവം നോക്കുന്ന യാത്രികർ. ‘കണ്ടോടാ, കണ്ടോടാ…’ എന്ന്‌ ജയേട്ടൻ. ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന പാട്ട് ഹിറ്റായിരുന്ന കാലം. ഓട്ടോക്കാരൻ പയ്യൻ ജയേട്ടനെ തിരിച്ചറിയുന്നു. ജയേട്ടൻ സ്വതസ്സിദ്ധമായ ദേഷ്യം കാണിക്കുന്നു. പിന്നെ ആ ഹിറ്റ് ഗാനം തന്നെ പാടുന്നു. എന്തെല്ലാം അനുഭവങ്ങൾ...

ജയചന്ദ്രനൊപ്പം

ജയചന്ദ്രനൊപ്പം

എഴുത്തിലും ജീവിതത്തിലും രവിക്ക് അനുപമമായ ഒരു വ്യക്തിത്വമുണ്ട്; ലാളിത്യമാണത്. രവിക്കു മുമ്പേ സംഗീതനിരൂപണം നടത്തിയിട്ടുള്ള വളരെ പ്രശസ്തരായ ആളുകളുണ്ട്. അവരുടെ കാഴ്ചപ്പാടിൽ സങ്കുചിതത്വം ഉണ്ടായിരുന്നു. ‘പാട്ടുകളോട് ഓരോ മനുഷ്യനുമുള്ള തീവ്രമായ ഹൃദയബന്ധത്തെ ഒരു കള്ളിയിലും പെടുത്താൻ പറ്റില്ലെന്ന് ഇത്രയും കാലത്തെ പാട്ടെഴുത്തു ജീവിതം പഠിപ്പിച്ചുതന്നിട്ടുണ്ട്‌ ’ എന്ന് രവി ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

അല്പം മാനസികാസ്വാസ്ഥ്യങ്ങളുള്ള, ഒരു അറുപത്തിയഞ്ചു വയസ്സുകാരിയുടെ ഇഷ്ടഗാനങ്ങളെക്കുറിച്ചാണ് ആ ലേഖനത്തിൽ പറയുന്നത്. അവരുടെ ഇഷ്ടഗാനങ്ങളിൽ ഭൂരിഭാഗവും എസ് പി വെങ്കിടേഷ് സംഗീതം ചെയ്ത് എം ജി ശ്രീകുമാർ പാടിയവയാണെന്ന് രവി ചൂണ്ടിക്കാണിക്കുന്നു. ‘കിലുകിൽ പമ്പരം’  പോലെയുള്ള പാട്ടുകൾ. അവയിലെ വരികളുടെ സവിശേഷതകൾ സ്വന്തം ജീവിതവുമായി ചേർത്തുവച്ചുകൊണ്ട് ആ സ്ത്രീ സംസാരിക്കുന്നു. ഇത്തരം നിരീക്ഷണങ്ങൾ രവിക്കു മുമ്പുള്ള ഗാനനിരൂപകർക്കുണ്ടായിരുന്നില്ല. വളരെ നിലവാരം കുറഞ്ഞ പാട്ടുകളെ വിമർശിക്കുമ്പോൾ അവർ കാളിദാസന്റെ ഉപമയൊക്കെ കൊണ്ടുവന്നുകളയും. അതുകൊണ്ടെന്തു കാര്യം? സിനിമാപ്പാട്ട് എഴുതുന്നത് ആത്യന്തികമായി സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ ഗാനരചയിതാവിന്റെ ആത്മനിർവൃതിക്കു വേണ്ടിയല്ല. അങ്ങനെ സിനിമയ്‌ക്കു വേണ്ടി മാത്രം എഴുതപ്പെട്ടിട്ടും ഇത്രകാലം കഴിഞ്ഞും നിലനിൽക്കുന്ന പാട്ടുകളെയാണ് നമ്മൾ ഇഷ്ടപ്പെടുന്നത്.

എത്ര നന്നായെഴുതി മനോഹരമായി ചിട്ടപ്പെടുത്തിയ പാട്ടാണെങ്കിലും സിനിമയുടെ കഥാസന്ദർഭവുമായി യോജിച്ചുപോയില്ലെങ്കിൽ അത് ഉപയോഗിക്കാൻ പറ്റില്ല. രവി എപ്പോഴും സിനിമയുടെ സന്ദർഭവുമായി ചേർത്തുവച്ചുകൊണ്ടുകൂടിയാണ് പാട്ടുകളെ അപഗ്രഥിക്കുന്നത്. ഒരു പാട്ടിനെക്കുറിച്ച് മൂന്നു പേജ് എഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാട്ടിന്റെ വരികൾ എടുത്തുവച്ച് അപഗ്രഥിക്കൽ മാത്രമല്ല പാട്ടെഴുത്ത്. ഓരോ പാട്ടിന്റെ പിറവിക്കുപിന്നിലും ഒരുപാട് അധ്വാനമുണ്ട്…

യേശുദാസ്‌,ജയചന്ദ്രൻ

യേശുദാസ്‌,ജയചന്ദ്രൻ

ഇത്രയും എഴുതിയത് രവിയും ഞാനും തമ്മിലുള്ള ഒരു ദീർഘസംഭാഷണത്തിന്റെ ആമുഖമായാണ്. ഇതിന് അവസരമൊരുക്കിയത് ബാംഗ്ലൂരിലെ എന്റെ സുഹൃത്ത് ആശിഷ് മേനോൻ ആണ്. രവി ഇങ്ങനെ പറഞ്ഞു തുടങ്ങി...

രവി മേനോൻ: വേണു പറഞ്ഞില്ലേ, എഴുത്തിൽ എടുക്കുന്ന എഫർട്ടിനെപ്പറ്റി. എനിക്കങ്ങനെ ഒരു എഫർട്ട് തോന്നിയിട്ടേയില്ല. കാരണം എന്താണെന്നുവച്ചാൽ വായിക്കുന്ന സമയത്ത് അതിന്റെ ഡീറ്റെയിൽസിലേക്കും സൂക്ഷ്മാംശങ്ങളിലേക്കും പോയിട്ടുണ്ടെന്നു തോന്നാമല്ലോ. ഇത് ശേഖരിക്കാനുള്ള എന്റെ ശ്രമത്തിൽ ഒരു അധ്വാനമുണ്ടെന്ന് എനിക്കു തോന്നിയിട്ടേയില്ല. ഉദാഹരണത്തിന്, ജയേട്ടന്റെ കാര്യം തന്നെ എടുക്കാം. ചെന്നൈയിൽ ജയേട്ടനെ പരിചയപ്പെട്ട കാലത്ത് അദ്ദേഹത്തിന്റെ സെൻ കാറിൽ, അന്ന് അത്ര തിരക്കില്ലാത്ത കാലമാണ്, രാവിലെ മുതൽ വൈകുന്നേരം വരെ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്. യാത്രയ്‌ക്കിടയിൽ അദ്ദേഹം ഓരോ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. ഞാൻ എന്റെ കൗതുകങ്ങൾ ചോദിക്കും. ‘സുപ്രഭാതം സുപ്രഭാതം’ എന്ന പാട്ടിൽ ആരായിരുന്നു ഫ്ളൂട്ട് വായിച്ചിരുന്നത്... ജയേട്ടൻ പറയും: ‘നഞ്ചപ്പ’ (ഫ്ളൂട്ട് വാദനമാണ് ആ പാട്ടിന്റെ ഭംഗി).

‘ശരദിന്ദുവിലോ?’
‘ഗുണസിങ്.’
ഇങ്ങനെയാണ് ഡീറ്റെയിൽസ് കിട്ടുന്നത്. അന്നൊന്നും ഇതെഴുതണമെന്നാലോചിക്കുന്നതേയില്ല. ഇത് ലേറ്റ് ണയന്റീൻസിലെ കഥയാണ്. ഞാൻ ചെന്നൈയിൽ പോകുന്നത് വേൾഡ് കപ്പ്‌ ഫുട്ബോളിന്റെ ഡസ്കിലേക്കാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ കോമൺ ഡസ്ക്. പാരീസ് വേൾഡ് കപ്പ്‌ ആണെന്നു തോന്നുന്നു, 98 ൽ. ഡസ്ക് വർക്ക്‌ രാത്രിയാണല്ലോ. പകൽ മുഴുവൻ ഫ്രീയാണ്. ജയേട്ടൻ ഞാൻ താമസിക്കുന്ന ഹോട്ടലിൽ വരും. ഞങ്ങൾ രണ്ടു പേരും കൂടി വുഡ്ലാൻഡ്സ് ഡ്രൈവ് ഇൻ റസ്റ്റോറന്റിൽ പോകും. ഓരോരുത്തരെ പരിചയപ്പെടുത്തിത്തന്നിട്ടുള്ളത് ജയേട്ടനാണ്. പാട്ടിനെക്കുറിച്ച് എഴുതാനുള്ള ഏറ്റവും വലിയ ഇൻസ്പിരേഷൻ ജയേട്ടനാണ്.

അദ്ദേഹമാണ് എന്നെ പി ബി ശ്രീനിവാസിന്റെയടുത്ത് കൊണ്ടുപോയിട്ടുള്ളത്,

പി ബി  ശ്രീനിവാസ്‌, എം എസ്‌  വിശ്വനാഥൻ

പി ബി ശ്രീനിവാസ്‌, എം എസ്‌ വിശ്വനാഥൻ

പി സുശീലയുടെയടുത്ത് കൊണ്ടുപോയത്. എം എസ് വി, പുകഴേന്തി... ഞാനൊരിക്കലും കാണുമെന്നു പ്രതീക്ഷിച്ചിട്ടില്ലാത്തയാളുകൾ. ‘ഇന്ന് നമുക്ക് എം എസ് വി  യെ കാണാൻ പോകാം’ എന്ന് ജയേട്ടൻ പറയുന്നു. കാറെടുക്കുന്നു, പോകുന്നു. അവർ തമ്മിലുള്ള സംസാരത്തിൽ നിന്നു തന്നെ നമുക്ക് എത്രമാത്രം ഡീറ്റെയ്ൽസ് കിട്ടും. എന്റെ ഭാഗ്യം, ദൈവാനുഗ്രഹം എന്താണെന്നു വച്ചാൽ ഈ കാര്യങ്ങളൊക്കെ ഓർമയിൽ നിൽക്കും എപ്പോഴും. ചില കാര്യങ്ങൾ മറന്നുപോയേക്കാം. പക്ഷേ, പാട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളൊക്കെ ഓർമയിൽ തങ്ങിനിൽക്കും. എഴുതുമ്പോൾ ആ എഫർട്ട് തീരെ അനുഭവപ്പെടാറില്ല. സ്വാഭാവികമായി അതു വന്നുകൊള്ളും.

‘ഏതോ ജന്മകൽപ്പനയിൽ’ എന്ന പാട്ടിനെക്കുറിച്ചെഴുതുമ്പോൾ… ആ പാട്ടിനോട് എനിക്കും ഒരിഷ്ടമുണ്ട്.

പി സുശീല

പി സുശീല

ഏതു കാലത്തും എന്നെ മോഹിപ്പിച്ചിട്ടുള്ളതാണ് അതിലെ ഹമ്മിങ്; വാണി ജയറാം ഗംഭീരമായി പാടിയിട്ടുണ്ടെങ്കിലും... ഞാൻ ജോൺസൺ മാഷോടു തന്നെ ചോദിച്ചിട്ടുണ്ട്, മാഷ് തന്നെയാണോ അതു പാടിയതെന്ന്. അദ്ദേഹമാണ് പറഞ്ഞത് ഉണ്ണിയാണ് പാടിയതെന്ന്. പലരും ഇക്കാര്യം അറിയുന്നത് ഞാനെഴുതിയതു വായിച്ചപ്പോഴാണ്. ഉണ്ണിയോടു ഞാൻ ചോദിച്ചപ്പോൾ മൂപ്പരും പറഞ്ഞു, ഇതിന്റെ ഹമ്മിങ് ഇത്ര പ്രധാനമാണെന്ന് ഞാനും അറിയുന്നത് ഇപ്പോഴാണെന്ന്. വാണി ജയറാം പാടുന്നതിനിടയിൽ ആ ഹമ്മിങ് കേൾക്കുമ്പോഴെ ഒരു പൂർണതയുള്ളൂ. നെടുമുടി വേണുവും സറീനാ വഹാബും തമ്മിലുള്ള പ്രണയത്തിലേക്ക് ലിങ്ക് ചെയ്യുന്നത് ഈ ഹമ്മിങ് ആണ്. ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്. ഗവേഷണത്തിന്റെ എഫർട്ട് തോന്നുന്നില്ല, ഒരിക്കലും.  

? ഒരു വൈറ്റൽ ഇൻഫമേഷൻ ഉണ്ട്, രവിയുടെ പുസ്തകത്തിൽ. സതീഷ് സത്യനെ നായകനാക്കി കെ ജി ജോർജ്‌ സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമ. അതിന്റെ മ്യൂസിക് ഡയറക്ടർ കെ രാഘവനായിരുന്നു. ഗായകൻ പരത്തുള്ളി രവീന്ദ്രനും.

= അത് പുറത്തിറങ്ങിയില്ല.

? ജോർജ്‌ സാറുമായി ഇത്രയും ബന്ധമുള്ള എനിക്കുപോലും അദ്ദേഹം ഇങ്ങനെയൊരു സിനിമ ആലോചിച്ചിട്ടുണ്ടായിരുന്നോ എന്നു പോലും അറിയില്ല.

= ആലോചിച്ചിട്ടു മറന്നുപോയതായിരിക്കും.

? പരത്തുള്ളി രവീന്ദ്രനെ മറക്കാൻ പറ്റില്ല. ദേവീക്ഷേത്രനടയിൽ എന്ന പാട്ടു മാത്രം മതി. അവരുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചേനെ അങ്ങനെയൊരു സിനിമ.

കെ ജി ജോർജ്‌

കെ ജി ജോർജ്‌

= സിനിമയിൽ അപ്രധാന വ്യക്തിത്വങ്ങളായി പോയ്‌മറഞ്ഞ വ്യക്തികളുണ്ട്. ചേരി വിശ്വനാഥ്. ചുരുക്കം പാട്ടുകളേ എഴുതിയിട്ടുള്ളൂ. അപ്പൻ തച്ചേത്ത്. ‘ദേവീ നിൻ ചിരിയിൽ...’ എന്ന പാട്ടെഴുതിയ കവി. അവരൊന്നും മുഖ്യധാരയിലില്ല. നിലമ്പൂർ കാർത്തികേയൻ, ശ്രീകാന്ത്, അയിരൂർ സദാശിവൻ, സതീഷ് ബാബു... അവരുടെ പാട്ടുകളൊക്കെ നമ്മുടെ മനസ്സിലുണ്ട്. ഹിറ്റായിരുന്നു. പക്ഷേ, സിനിമയിൽ ഒരു ദീർഘമായ ഇന്നിങ്സ് അവർക്കുണ്ടായില്ല. അങ്ങനെയുള്ളവരെക്കുറിച്ച് എഴുതാൻ എനിക്കു വലിയ താൽപ്പര്യമാണ്. അവരും പറയാറുണ്ട്. ചിലരൊക്കെ എന്നോടു സംസാരിച്ചു കരഞ്ഞിട്ടുണ്ട്. ഞാൻ കരുതിക്കൂട്ടി എഴുതുന്നതൊന്നുമല്ല. അവരുടെ പാട്ട് നമ്മളെ സ്വാധീനിക്കുന്നതാണ് കാരണം. ടച്ച് ചെയ്തിട്ടുണ്ടാകാം. ‘പൊന്നിൻ വളകിലുക്കി’ എന്ന പാട്ടു പാടിയ സന്തോഷ് കേശവ് ഒക്കെ…  മുഖ്യധാരയിലുള്ളവരെക്കുറിച്ചെഴുതാൻ ധാരാളം ആളുകളുണ്ട്.

യേശുദാസിനെക്കുറിച്ചൊക്കെ എല്ലാവരും എഴുതുമല്ലോ. മാസംതോറും ലേഖനങ്ങൾ വരും. ഞാനെഴുതിയത് ജാനകീദേവി, സുശീലാദേവി, മച്ചാട്ട് വാസന്തി, പ്രേമ തുടങ്ങിയവരെക്കുറിച്ചൊക്കെയാണ്. ജയേട്ടന്റെ കൂടെ ആദ്യം പാടിയ ഗായികയാണ് പ്രേമ. കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ. ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ട്. അത് റെക്കോഡ് ചെയ്ത ശേഷം അവർ തമ്മിൽ കണ്ടിട്ടില്ല. ആയിരത്തിത്തൊള്ളായിരത്തി അറുപത്തേഴിലെ സിനിമയാണത്. അവരെ കണ്ടുപിടിക്കാനൊക്കെ കുറച്ചു ബുദ്ധിമുട്ടായി. കോഴിക്കോട്ടാണ്. ചെന്നപ്പോൾ വലിയ സന്തോഷമായി. ‘ജയനെ പിന്നെ കണ്ടിട്ടില്ല. എപ്പോഴെങ്കിലും ഒന്നു സംസാരിക്കണമെന്നുണ്ട്,’  എന്നു പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ ഫോൺ വിളിച്ചു കൊടുത്തു. ഫോണിന്റെ മറുതലയ്ക്കൽ ഒരു നിമിഷം നിശ്ശബ്ദനായി. ജയേട്ടൻ ആ ഗാനം അവരെ പാടിക്കേൾപ്പിച്ചു. അവർ രണ്ടു പേരും എക്സൈറ്റഡ് ആയി.

പരത്തുള്ളി  രവീന്ദ്രൻ

പരത്തുള്ളി രവീന്ദ്രൻ

ദാസേട്ടന്റെ കൂടെ ആദ്യകാലത്ത്, മിഡ് സിക്സ്റ്റീസിൽ  ഗാനമേളകളിൽ പാടിയ ഒരു പാട്ടുകാരിയുണ്ട്, രാധ കുപ്പുസ്വാമി. അവരൊക്കെ ഇപ്പോ എവിടെയാണെന്നു പോലും അറിയില്ല, അന്ന് ഫീമെയിൽ സിങ്ങേഴ്സിനെ കിട്ടാൻ ബുദ്ധിമുട്ടാണ്. സ്ത്രീകളെ ഗാനമേളകളിൽ വിട്ടുകൊടുക്കാത്ത കാലമാണ്. പിന്നെ ദാസേട്ടന്റെ കൂടെ ഗാനമേളകളിൽ പാടിയ ഒരു ഗായികയുണ്ട്, ഹേമ. അവർ ഏതോ സിനിമയിലൊക്കെ പാടി. പിന്നെ വാനിഷ് ചെയ്തു. കുറേ ഗാനമേളകളിൽ ഹേമയാണ് പാടിയിട്ടുള്ളത്. അതു കഴിഞ്ഞ് നൂറു കണക്കിനാളുകൾ പാടിയിട്ടുണ്ടാകും. പക്ഷേ, ഈ ഹേമയെ ഞാൻ കണ്ടെത്തി, യാദൃച്ഛികമായിട്ട്. ഹേമയുടെ ജീവിതം നാടകീയത നിറഞ്ഞതാണ്. അവര് നോർത്ത് ഇന്ത്യയിൽ പോയി. ഹിന്ദുസ്ഥാനി മ്യൂസിക് പഠിച്ചു. ഉത്തരേന്ത്യക്കാരനായ ഒരാളെ കല്യാണം കഴിച്ചു. അവരുടെ മകൻ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഒരു വാർത്ത വന്നു. അന്നും ആർക്കും അറിയില്ല, ഇത് ഈ ഹേമ ആണെന്ന്. പക്ഷേ, തിരിച്ചറിഞ്ഞപ്പോൾ ഞാൻ അവരെ വിളിച്ചു.

അപ്പോഴാണ് ഈ കഥകളൊക്കെ അവർ പറയുന്നത്. പലതും അവർ മറന്നുപോയിരുന്നു. ഓർമിപ്പിച്ചപ്പോൾ അവർക്കു സന്തോഷമായി. അവരുടെ ജീവിതം തന്നെ മാറിപ്പോയി. ഇക്കാര്യം ഞാൻ ദാസേട്ടനോടു പറഞ്ഞു. അവരുടെ ഫോൺ നമ്പർ ഒന്നു തരണമെന്ന് ദാസേട്ടൻ ആവശ്യപ്പെട്ടു. ഞാൻ കൊടുത്തു. പിന്നീട് അവരെന്നെ വിളിച്ചു, എന്നെ ഒരു ദിവസം യേശുദാസ് വിളിച്ചു എന്നൊക്കെപ്പറഞ്ഞ്. അങ്ങനെയുള്ള കുറേ സന്തോഷങ്ങൾക്ക്‌ നിമിത്തമായി എന്നതാണ് എന്റെ വേറൊരു സന്തോഷം.

? യേശുദാസിനെക്കുറിച്ചുള്ള അപവാദങ്ങളുണ്ടല്ലോ... പലരുടെയും അവസരങ്ങൾ കെടുത്തി എന്നൊക്കെ…   

= എല്ലാ ജനുസ്സിലും ശൈലിയിലും ഭാവത്തിലും പെട്ട ഗാനങ്ങൾ ഒന്നടങ്കം യേശുദാസിലേക്ക് ഒഴുകിച്ചെന്നതോടെ നമ്മുടെ ഗാനാലാപന ലോകത്തെ വൈവിധ്യം മിക്കവാറും അപ്രത്യക്ഷമായി എന്നത് സത്യം തന്നെയാണ്. ഹിന്ദിയിൽ മുഹമ്മദ് റഫിയും കിഷോർ കുമാറും തിളങ്ങിനിൽക്കുമ്പോൾത്തന്നെ തലത്തിനും മുകേഷിനും ഹേമന്തിനും മഹേന്ദ്ര കപൂറിനുമൊക്കെ അവരവരുടേതായ ഇടങ്ങൾ ആസ്വാദകർ കൽപ്പിച്ചുനൽകിയിരുന്നു. നമുക്ക് യേശുദാസ് കഴിഞ്ഞാൽ ഒരു ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്ന നിലയിലേക്ക് വൈവിധ്യം ചുരുങ്ങി. എന്നാൽ അതിന് ഉത്തരവാദി യേശുദാസ് ആണെന്ന് തോന്നിയിട്ടില്ല. മാത്രമല്ല, യേശുദാസ് മറ്റു ഗായകരുടെ വഴി മുടക്കി എന്ന അഭിപ്രായവും എനിക്കില്ല.

? യേശുദാസിന് എപ്പോഴും കേൾവിക്കാരുണ്ടായിരുന്നു. ആരുടെയും അവസരങ്ങൾ അദ്ദേഹം കളഞ്ഞിട്ടില്ല. എന്നും രാവിലെ സാധകം ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹം നിലനിൽക്കുന്നത്.

യേശുദാസിനൊപ്പം

യേശുദാസിനൊപ്പം

= ഞാൻ ദേവരാജൻ മാഷും ദക്ഷിണാമൂർത്തിസ്വാമിയും കെ രാഘവൻ മാഷും ഉൾപ്പെടെയുള്ള സംഗീത സംവിധായകരോടു ചോദിച്ചിട്ടുണ്ട്, ഇക്കാര്യം. യേശുദാസ് എന്ന വ്യക്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാം. പക്ഷേ, ഏകസ്വരത്തിൽ എല്ലാവരും ഒരു കാര്യം പറഞ്ഞു. ഒരു കോൾഷീറ്റ്, രാവിലെ മുതൽ ഉച്ച വരെ... അയ്യായിരം രൂപ എന്നു കൂട്ടിക്കോളൂ... യേശുദാസ് വരുന്നു, അര മണിക്കൂർ കൊണ്ട് ഒരു പാട്ടു പഠിക്കുന്നു, ഒരു മണിക്കൂർ കൊണ്ട് റെക്കോഡ് ചെയ്യുന്നു. ഒരു കോൾ ഷീറ്റിൽ അദ്ദേഹം മൂന്നോ നാലോ പാട്ട് പാടി റെക്കോഡ് ചെയ്യും. അധികം ടേക്കുകൾ വേണ്ട. മറ്റേതൊരു സിങ്ങർ ആണെങ്കിലും ഈ സമയം കൊണ്ട് പാട്ട് പഠിച്ചെടുക്കുക പോലുമില്ല. കംപോസർക്കും നിർമാതാവിനും യേശുദാസിനെക്കൊണ്ടു പാടിക്കുന്നതാണ് ലാഭം. മാത്രമല്ല, റെക്കോഡ് വിറ്റുപോകുന്നു. ബിസിനസ് ആംഗിളിലും ക്രിയേറ്റീവ് ആംഗിളിലും യേശുദാസ് സുസമ്മതനായ ഗായകനാണ്. അദ്ദേഹത്തിന് മറ്റൊരു ഗായകന്റെ അവസരം നശിപ്പിക്കേണ്ട ആവശ്യമേയില്ല. യേശുദാസ് പാടിയ പാട്ട് മറ്റൊരാൾ പാടുമ്പോളാണ് അതിന്റെ വ്യത്യാസം മനസ്സിലാകുക. അദ്ദേഹം കൊടുക്കുന്ന സൂക്ഷ്മമായ ചില എക്സ്പ്രഷൻസ്... അതൊന്നും ആർക്കും അനുകരിക്കാനാകില്ല. ശബ്ദം അനുകരിക്കാൻ പറ്റിയേക്കും. ഈ പ്രായത്തിലുള്ള ശബ്ദം പോലും ചിലർ അനുകരിക്കുന്നുണ്ട്. പക്ഷേ, അതിനുള്ളിലുള്ള എന്തോ ഒന്നുണ്ട്. അത്‌ അനുകരിക്കാൻ പറ്റില്ല.

? ഗാനമേളകളിലൊക്കെ ഗായകർ അനുകരിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ആ ക്രിയേറ്റീവിറ്റി സംഗീത സംവിധായകനിൽ നിന്ന് നേരിട്ട് അനുഭവിക്കുന്നത് യേശുദാസ് ആണല്ലോ. ‘നീലജലാശയത്തിൽ’ എന്ന പാട്ട് അർധരാത്രിയിലാണ് റെക്കോഡ് ചെയ്തതെന്നു കേട്ടിട്ടുണ്ട്... പതിമൂന്നാമത്തെയോ മറ്റോ പാട്ടായി..

യേശുദാസിനും ഭാര്യ പ്രഭയ്‌ക്കുമൊപ്പം രവി മേനോൻ

യേശുദാസിനും ഭാര്യ പ്രഭയ്‌ക്കുമൊപ്പം രവി മേനോൻ

= അതേ... വളരെ കമ്മിറ്റഡ് ആണ്. കൈതപ്രം പറഞ്ഞിട്ടുണ്ട്. ‘ഞാൻ ഗന്ധർവനി’ലെ ‘ദേവീ...’ എന്ന പാട്ട് പാടി റേക്കോഡ് ചെയ്തതിനു ശേഷം അദ്ദേഹം രാത്രി വളരെ വൈകി സ്റ്റുഡിയോയിൽ വന്നു. ആരും അറിഞ്ഞില്ല. എന്തോ കറക്ട്‌ ചെയ്യണമെന്നു തോന്നി.
ജോൺസൺ

ജോൺസൺ

യേശുദാസ് റെക്കോഡിസ്റ്റിനെ വിളിച്ചുണർത്തി കറക്ട്‌ ചെയ്തു, പോയി. ഹരിഹരൻ പറഞ്ഞിട്ടുണ്ട്,

‘സർഗ’ത്തിലെ ഒരു പാട്ട്, ദാസേട്ടൻ പുലർച്ചെ മൂന്നു മണിക്കു വന്നിട്ട് രണ്ടാമത്‌ തിരുത്തി പോയി. ഹരിഹരൻ രാവിലെ വിളിച്ചു ചേദിച്ചു. ‘ദാസേട്ടാ, എന്തിനാ വെളുപ്പിനേ തന്നെ വന്നത്. രാവിലെ ചെയ്യാമായിരുന്നല്ലോ’. ‘എന്തോ ഒരു കുഴപ്പം പറ്റിയിട്ടുണ്ടെന്നു തോന്നി. അതു പിന്നെ എല്ലാവരും അനുകരിച്ചു പാടും. ആ തെറ്റ് അനശ്വരമായിപ്പോകും. അതിലും നല്ലത് ഇപ്പോഴേ തിരുത്തുന്നതല്ലേ? എനിക്കു കിടന്നിട്ട് ഉറക്കം വന്നില്ല’. അങ്ങനെയാണ് പറഞ്ഞത്. ഇത് കമ്മിറ്റഡ് ആയ ഒരു സിങ്ങറുടെ ക്വാളിറ്റിയാണ്. വ്യക്തി എന്ന നിലയിൽ ഞാനും വേണുവും ഒന്നും പെർഫെക്ട്‌ അല്ല. യേശുദാസിനെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, അദ്ദേഹം പാടാൻ ജനിച്ച ഒരു മനുഷ്യൻ. നൂറുശതമാനം പെർഫെക്ഷനോടു കൂടി അതു ചെയ്യുന്നു.

? പുകഴേന്തിയെ കണ്ടതിനെക്കുറിച്ച് ഒരു ലേഖനമുണ്ടല്ലോ. ‘ലോകം മുഴുവൻ സുഖം പകരാനായ്...’ എന്ന ഗാനം. ടാഗോറിന്റെ വരികളാണ്. ലൈറ്റ് ദ ലാംപ് ഓഫ് ദൈ ഐ…

= പുകഴേന്തിയെ കാണാൻ കാരണം ജയേട്ടനാണ്. ജയേട്ടനോടാണ് നന്ദി. ‘മധുരപ്രതീക്ഷ തൻ പൂങ്കാവനത്തിലൊരു’, ‘നിന്റെ മിഴികൾ നീലമിഴികൾ’  പോലെയൊക്കെ റൊമാന്റിക് മെലഡീസ് ചെയ്ത ആളാണ്. കണ്ടപ്പോൾ ഞെട്ടി. കട്ടിമീശ, ചെവിയിൽ രോമം ഒക്കെ ഉള്ള ടഫ് ആയ ഒരു മനുഷ്യൻ. പക്ഷേ, വളരെ വിനയാന്വിതനാണ്. ജയേട്ടൻ എനിക്കുവേണ്ടി ഒരുക്കിയ കൂടിക്കാഴ്ചയായിരുന്നു അത്. ഞാൻ അവർ തമ്മിലുള്ള സംസാരം ശ്രദ്ധിക്കുകയായിരുന്നു. ജയേട്ടൻ പോലും അറിയാത്ത കാര്യങ്ങൾ... ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ’  എന്ന പാട്ടിൽ മരണത്തിന്റെ ഒരു താളം വേണമെന്നാണ് ഭാസ്കരൻ മാഷ് പറഞ്ഞിരുന്നത്. എത്ര ആലോചിച്ചിട്ടും പുകഴേന്തിക്ക് പിടികിട്ടിയില്ല. അപ്പോഴാണ് സ്റ്റുഡിയോയിൽ ആരോ കൊണ്ടുവന്നുവച്ച ടിഫിൻ കാരിയർ കണ്ടത്. അത് ലോക്ക് ചെയ്യുന്ന സ്പൂൺ എടുത്ത് പാത്രത്തിൽ ഒന്നു കൊട്ടി നോക്കി. ആ താളം ബോധിച്ചു. ടിഫിൻ ക്യാരിയറിൽ സ്പൂൺ കൊണ്ടടിച്ച താളമാണ് ആ പാട്ടിലുള്ളത്.

പുകഴേന്തി

പുകഴേന്തി

ജയേട്ടനു പോലും അതു പുതിയൊരു അറിവായിരുന്നു. പുകഴേന്തിയെക്കുറിച്ചോർക്കുമ്പോൾ അതാണ് ആദ്യം ഓർമവരിക. അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. ഞാൻ എന്റെ പാട്ടുകളല്ല  ദിവസവും കേൾക്കാറുള്ളത്. വയലാറും ദേവരാജനും ചേർന്നു ചെയ്ത ഭക്തിഗാനങ്ങളാണ്‌. ദേവരാജൻ മാസ്റ്റർ കംപോസ് ചെയ്ത ഹരിവരാസനം, വിശേഷിച്ചും.

?ഹരിവരാസനത്തിന്റെ സൃഷ്ടിയെക്കുറിച്ചും രവി റിസർച്ച് ചെയ്തിട്ടുണ്ടല്ലോ... ഈ രൂപത്തിലായിരുന്നില്ല അത്.

= അതൊരു ഭജനയായിരുന്നു.   സുബ്രഹ്‌മണ്യം മുതലാളിയുടെ മകൻ കാർത്തികേയൻ അതു കേട്ടിട്ടുണ്ട്. നടയടയ്ക്കുമ്പോൾ പാടിയിരുന്ന ഭജന. ‘ഹരിവരാസനം, സ്വാമി, വിശ്വമോഹനം...’ ഇടയ്ക്കിടയ്ക്ക് ‘സ്വാമി സ്വാമി’ എന്നു വരും. കുട്ടിയായിരിക്കുമ്പോൾത്തന്നെ കാർത്തികേയന്റെ മനസ്സിൽ അത്‌ തങ്ങിയിരുന്നു. മലയ്ക്കു പോകുന്ന സമയത്ത് കേട്ടതാണ്. എഴുപത്തിയഞ്ചിൽ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ എടുക്കുന്ന സമയത്ത് അച്ഛനോട് ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് കാർത്തികേയൻ പറയുന്നു. സാധാരണഗതിയിൽ ദേവരാജൻ മാഷോട് അതൊന്നും പറയാൻ ആർക്കും പറ്റില്ല. സുബ്രഹ്മണ്യത്തിനു പറയാം. കുഞ്ചാക്കോയ്‌ക്കും സുബ്രഹ്മണ്യത്തിനും അങ്ങനെയൊരു സ്വാതന്ത്ര്യം മാഷ് അനുവദിച്ചുകൊടുത്തിട്ടുണ്ട്. ലിറിക്സ് കൊണ്ടത്തരൂ എന്നു ദേവരാജൻ പറഞ്ഞു.

ജി ദേവരാജനൊപ്പം

ജി ദേവരാജനൊപ്പം

അദ്ദേഹം അത് ചിട്ടപ്പെടുത്തി. പക്ഷേ, ആ രീതിയിലല്ല, പണ്ടു കേട്ടതെന്ന് കാർത്തികേയന് ഓർമവന്നു. ദേവരാജനോട് പറയാൻ ധൈര്യം വരുന്നില്ല.

സുബ്രഹ്മണ്യം മുതലാളി ധൈര്യം സംഭരിച്ചു പറഞ്ഞു. എങ്ങനെയാണ് ട്യൂൺ എന്ന് ഒരു ഭജനപ്പാട്ടുകാരനെക്കൊണ്ട് പാടിച്ചു കേൾപ്പിച്ചു. ദേവരാജൻ മാഷ് അതിനു ശേഷമാണ് മധ്യമാവതി രാഗത്തിൽ ഇതു ചെയ്യണം എന്നു തീരുമാനിക്കുന്നത്. ഒരു താരാട്ടിന്റെ ഫീൽ വേണം. നേരത്തെ അതിന് ഒരു താരാട്ടിന്റെ ഫീൽ ഉണ്ടായിരുന്നില്ല. അത് ഊർജ്വസ്വലമായ താളത്തിലായിരുന്നു. മാഷ് അതിന്റെ അറ്റത്തുള്ള ‘സ്വാമി സ്വാമി’ എല്ലാം എടുത്തു കളഞ്ഞു.
‘ഈ സ്വാമി സ്വാമി എന്നു വിളിച്ച് അദ്ദേഹത്തിന്റെ ഉറക്കം കളയുന്നതെന്തിനാ... ഒരുറക്കു പാട്ടല്ലേ…?’ എന്നായിരുന്നു മാഷുടെ വാദം. അങ്ങനെ മാഷ് വരികൾ സെലക്ട്‌ ചെയ്ത് കംപോസ് ചെയ്തതാണ് ഇപ്പോൾ കേൾക്കുന്ന ഹരിവരാസനം. അങ്ങനെയാണ് ആ ഗാനം അനശ്വരതയാർജിച്ചത്. അല്ലെങ്കിൽ മറ്റേതൊരു പാട്ടിനെയും പോലെ അത് ഒഴുകിപ്പോകുമായിരുന്നു. മറവിയിൽ മറഞ്ഞുപോകുമായിരുന്നു. ഇന്ന് അത് എല്ലാവരും ഏറ്റുപാടുന്ന ഒരു ഭക്തിഗാനമായി മാറി.

? ദേവസ്വത്തിന്റെ തീരുമാനവും വന്നല്ലോ...

= അതേ… ആ സിനിമയുടെ ജൂബിലി ആഘോഷത്തിലോ മറ്റോ ആണ് ആ തീരുമാനം ഉണ്ടായത്. ശബരിമലയിൽ കേൾപ്പിക്കാൻ വേണ്ടി രണ്ടാമതൊന്നു കൂടി ദാസേട്ടൻ പാടി റെക്കോഡ് ചെയ്യുകയാണുണ്ടായത്.

? ജെറി അമൽദേവാണ് സ്പോർട്സ് എഴുത്തല്ല, പാട്ടെഴുത്താണ് വേണ്ടതെന്ന് രവിയോട് പറഞ്ഞത്. ആ ഇനിഷ്യേഷൻ വിശദീകരിക്കാമോ.

ജെറി അമൽദേവ്‌

ജെറി അമൽദേവ്‌

= സ്പോർട്സ് ആയിരുന്നു എന്റെ ഇഷ്ടവിഷയം. കളി കണ്ടിട്ടൊന്നുമല്ല ഞാൻ ഫുട്ബോളിന്റെ ആരാധകനായത്. കളിയെക്കുറിച്ചെഴുതിയത് വായിച്ചിട്ടാണ്. അന്ന് മാതൃഭൂമിയിൽ വിംസി ആയിരുന്നു മുഖ്യ സ്പോർട്സ് ലേഖകൻ. അദ്ദേഹത്തിന്റെ ശൈലി മാസ്മരികമായി സ്വാധീനിക്കുന്നതാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിക്കുമ്പോൾ കളി വിഷ്വലൈസ് ചെയ്തു കാണാൻ പറ്റും.

പിൽക്കാലത്ത് ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയതു. അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. കളിയെക്കുറിച്ചെഴുതുമ്പോൾ അതിൽ പല ഡീറ്റെയിൽസും ഉണ്ടാകും. പക്ഷേ, അതിലൊക്കെ അപ്പുറമുള്ള ഒരു കാര്യമുണ്ട്. ഒരു ചിമുക്ക് വേണം. ഈ ചിമുക്ക് എന്നു പറഞ്ഞാൽ പഞ്ച് ആണ്. ഈ ചിമുക്ക് ആണ് ഭാഷയുടെ ഒരു ഭംഗി. എന്നെ എഴുത്തിൽ സ്വാധീനിച്ചത് വിംസി മാത്രമാണ്. വി കെ എൻ പോലും അദ്ദേഹത്തെക്കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചിട്ടുണ്ട്. ‘ചെത്തിയിട്ടു’ എന്ന പ്രയോഗമൊക്കെ വിംസിയുടേതാണ്. ഫുട്ബോളിനെക്കുറിച്ച് ഇങ്ങനെ എഴുതിവരുമ്പോഴും പാട്ടിനോട് ഒരു ഇഷ്ടമുണ്ടായിരുന്നു. വയനാട്ടിലെ ഞങ്ങളുടെ താമസസ്ഥലം ഒരു എസ്റ്റേറ്റ് ക്വാർട്ടേഴ്സ് ആയിരുന്നു.

? ഏകാന്തതയെ സ്നേഹത്തോടെ മുറുകെ ചേർത്തുപിടിച്ച ഒരു വയനാടൻ കുട്ടി എന്ന് രവി സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്.

= ഒറ്റയ്ക്കായിരുന്നു. ഞാനും എന്റെ അനിയനും അനുജത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഏജ് ഗ്രൂപ്പിലുളള ആരും ഉണ്ടായിരുന്നില്ല. അനിയത്തിയും നന്നായിട്ടു പാടും. പഠിക്കുന്ന കാലത്ത് ഏഴു മണി മുതൽ എട്ട് എട്ടര വരെ പഠിക്കണം. അച്ഛനത് കേൾക്കണം, ഞങ്ങൾ ഉറക്കെ വായിക്കുന്നത്. അച്ഛൻ ഓഫീസ് മുറിയിൽ ഇരുന്നത് കേൾക്കും. ഇതിനിടയ്ക്ക് അച്ഛൻ റേഡിയോ വച്ചിട്ടുണ്ടാകും. ഇന്നും ഓർമയുണ്ട്. കിളികളുടെ ശബ്ദത്തിൽ തുടങ്ങുന്ന ഒരു പാട്ട്. പിന്നെ ഒരു നേർത്ത ഹമ്മിങ്. അത് ജയേട്ടന്റെ ശബ്ദമാണ്. ‘പൂവും പ്രസാദവും ഇളനീർക്കുടവുമായ്...’ എന്ന പാട്ട്. പിന്നെ ഞാൻ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്, മുരുകേശൻ എന്നൊരു ആർട്ടിസ്റ്റാണ് ആ കിളികളുടെ ശബ്ദം ഉണ്ടാക്കിയതെന്ന്; പട്ടം സദനെയൊക്കെപ്പോലെ. ഏതായാലും അച്ഛൻ കേൾക്കാൻ വേണ്ടി പാഠം വായിക്കും. ശ്രദ്ധ മുഴുവൻ പാട്ടിലായിരിക്കും. ഹിന്ദി പാട്ടുകൾ വരും. രാത്രിയിൽ ആകാശവാണിയുടെ ഉർദു സർവീസ് ഉണ്ട്. അതിലാണ് റഫി സാഹിബിന്റെ

മുഹമ്മദ്‌ റഫി

മുഹമ്മദ്‌ റഫി

പാട്ടൊക്കെ വരുക. അമ്മയ്ക്ക് വല്യ ഇഷ്ടായിരുന്നു പാട്ട്. വേറെ എന്റർടെയ്ൻമെന്റ് ഒന്നുമില്ല, പാട്ട് കേൾക്കുക. സ്വന്തം ആളുകളെപ്പോലെയാണ് പാട്ടുകാരെ വിളിക്കുക. യേശൂട്ടി എന്നാണ് ദാസേട്ടനെ വിളിക്കുക.

‘യേശൂട്ടീന്റെ പാട്ട്ണ്ട് ’ എന്നു പറയും. വൈകിട്ട് മൂന്നരക്കാണ് വിവിധഭാരതിയിൽ സരോജിനി ശിവലിംഗം വരിക. റേഡിയോയും കൊണ്ട് അമ്മ അടുക്കളയിൽ പോകും. അടുപ്പിന്റെ അടുത്തു തന്നെ റേഡിയോ വയ്ക്കും. എന്നിട്ടാണ് ദോശയൊക്കെ ഉണ്ടാക്കുക. ഒരു ദിവസം റേഡിയോ കത്തിപ്പോയി. അപ്പോഴും അമ്മ പറയും,  ‘ഛെ, മാണിക്യവീണ കേൾക്കാൻ പറ്റീല്ലല്ലോ…’ അങ്ങനെ ഒരു ക്രേസ് ആണ് അമ്മയ്ക്ക്. ആ ഭ്രമം ഞങ്ങൾക്കൊക്കെ ഉണ്ടായിട്ടുണ്ട്. ആദ്യമായി ടേപ് റെക്കോർഡർ കൊണ്ടുവന്നത് ഓർമ്മയുണ്ട്. കിടത്തിവയ്ക്കുന്ന ഉപകരണം. അച്ഛൻ എല്ലാവരെയും വിളിച്ചുവരുത്തി. എല്ലാവരുടെയും പാട്ടൊക്കെ റെക്കോഡ് ചെയ്തു.

ആർക്കും പാടാൻ അറിഞ്ഞിട്ടൊന്നുമല്ല, എന്നാലും പാടാമല്ലോ. അമ്മ അന്ന് പാടിയത് ‘പൂർണേന്ദു മുഖിയോടമ്പലത്തിൽ വച്ച്’ എന്ന പാട്ടാണ്. പിന്നീട് ഞാൻ ഒരു പുസ്തകത്തിന് അതേ പേരു കൊടുത്തു‐ ‘പൂർണേന്ദു മുഖി’ എന്ന്. അമ്മ കഴിഞ്ഞ വർഷമാണ് മരിച്ചത്. അമ്മയ്ക്ക് ഓർമ്മയില്ലാണ്ട് കിടക്കുമ്പോൾ ചെവിയിൽ ഞാൻ ഈ പാട്ട് പാടിക്കൊടുത്തു. അപ്പോൾ അമ്മ അടുത്ത വരി ചോദിച്ചു. അതാണ് അമ്മയുടെ അവസാനത്തെ സംസാരം. പിന്നെ ബോധം ഉണ്ടായിട്ടില്ല. മരിക്കുകയായിരുന്നു. അത്രയും പാട്ടിന്റെ അന്തരീക്ഷമുണ്ടായിരുന്നു. അന്നൊന്നും പാട്ടിനെക്കുറിച്ച് എഴുതണമെന്ന് ആലോചിച്ചിട്ടില്ല, ആഗ്രഹവും ഉണ്ടായിട്ടില്ല. സീരിയസായി എഴുതുന്നത് കേരള കൗമുദിയിൽ വന്നതിനു ശേഷം പി ലീലയെ ഇന്റർവ്യൂ ചെയ്തപ്പോഴാണ്. ഇന്റർവ്യൂ ചെയ്യാൻ പോയതൊന്നുമല്ല. എനിക്ക്‌ അവരെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ കേൾക്കുന്ന ഒരു ശബ്ദം.

മുല്ലശ്ശേരി രാജുവേട്ടന്റെ അടുത്ത ആളാണ്. ഒരു ദിവസം രാജുവേട്ടൻ വിളിച്ചു പറഞ്ഞു, എന്റെ മരുമകൻ വരുന്നുണ്ട്, ലീലച്ചേച്ചിയെ കാണണം, സംസാരിക്കണം. അങ്ങനെ വെറുതെ പോയതാണ്. ഞാൻ ലീലച്ചേച്ചിയോട് പഴയ കഥകളൊക്കെ പറഞ്ഞു. അളകാപുരിയിൽ വച്ചായിരുന്നു. രണ്ടു മണിക്കൂർ സംസാരിച്ചു. എനിക്കു വലിയ സന്തോഷമായി. തിരിച്ചു പോരുമ്പോൾ ലീലച്ചേച്ചി ചോദിച്ചു, ‘ഇതിപ്പോ ഏതിലാ പ്രിന്റ് ചെയ്തു വര്വാ?’  അപ്പോഴാണ് ഞാൻ ആലോചിക്കുന്നത്. എഴുതാൻ വേണ്ടി പോയതല്ലല്ലോ ഞാൻ. കേൾക്കാൻ വേണ്ടി പോയതല്ലേ.. ‘പറയാം ചേച്ചി’ എന്നു മാത്രം പറഞ്ഞു. പിന്നെ കുറ്റബോധമായി. എഴുതിയില്ലെങ്കിലെന്താവും. അവരെന്തു വിചാരിക്കും. വേദനിപ്പിക്കാനെനിക്കു വയ്യ. അങ്ങനെ ഗത്യന്തരമില്ലാതെ ഞാൻ ആ ഇന്റർവ്യൂ എഴുതി. കേരള കൗമുദിയുടെ ഞായറാഴ്ചപ്പതിപ്പിൽ. ഭാസുരേന്ദ്രൻ അസാമാന്യ ഭംഗിയോടെ കൊടുത്തു ‐ ‘ഉജ്ജയിനിയിലെ ഗായിക’ എന്ന ശീർഷകത്തോടെ.

അതാണ് ആദ്യമായി എഴുതിയ പാട്ടിനെക്കുറിച്ചുള്ള ലേഖനം. പിന്നെ പലരും ആവശ്യപ്പെടുമ്പോൾ എഴുതാൻ തുടങ്ങി. കമൽറാം സജീവ് മാതൃഭൂമി വീക്ക്ലിയുടെ ചാർജ്‌ എടുത്തപ്പോൾ എന്നെ വിളിച്ചു. നിങ്ങൾ ഒരു കോളം ചെയ്യണം എന്നു പറഞ്ഞു. ഞാൻ അന്ന് സ്പോർട്സിനെക്കുറിച്ചാണ് എഴുതുന്നത്. കൗമുദിയിൽ. സ്പോർട്സിനെക്കുറിച്ചൊക്കെ എഴുതിയാൽ ആരാ വായിക്കുക എന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ നിങ്ങൾ പാട്ടിനെക്കുറിച്ചെഴുതൂ എന്നായി അദ്ദേഹം. പാട്ടിനെക്കുറിച്ച് ആഴ്ചയ്ക്കാഴ്ചയ്ക്ക് എങ്ങനെയെഴുതും എന്നായി എന്റെ ആശങ്ക. എന്നാൽ നിങ്ങൾ ഒരു ലേഖനം എഴുതൂ എന്ന് സജീവ് പറഞ്ഞു. ഞാൻ എഴുതിക്കൊടുത്തു. കുറച്ചു ലെങ്തി ആയിരുന്നു. സംഗീതലോകത്തെ അപശ്രുതികളെക്കുറിച്ചൊക്കെയുള്ള ഒരു ലേഖനമായിരുന്നു അത്. ഭയങ്കര റെസ്പോൺസ് ആയിരുന്നു അതിന്. കമൽറാം വിളിച്ചു, രണ്ടാഴ്ച വച്ച് ഒരു കോളമെഴുതൂ എന്നായി. അങ്ങനെ അതു തുടങ്ങി. ‘പാട്ടെഴുത്ത് ’  എന്ന് പേരിട്ടതും കമൽറാം ആണ്.

കമൽറാം സജീവ്‌

കമൽറാം സജീവ്‌

ഒരു വർഷത്തേയ്ക്കാണ് തുടങ്ങിയത്. മൂന്നു നാലു വർഷം കഴിഞ്ഞപ്പോൾ ഞാനും കമൽറാമും വിചാരിച്ചു നിർത്തിയേക്കാമെന്ന്. അപ്പോൾ വീണ്ടും ഡിമാൻഡ്. അങ്ങനെ വീണ്ടും തുടങ്ങി. പതിനഞ്ചു കൊല്ലത്തോളം തുടർന്നു. അത്ഭുതമാണ് എങ്ങനെ ഇതൊക്കെ എഴുതിക്കൂട്ടിയതെന്ന്.

? രവി എത്രകാലം എഴുതും എന്ന് എനിക്കും ഒരു ആശങ്കയുണ്ടായിരുന്നു, ഒരു സുഹൃത്ത് എന്ന നിലയിൽ. വരേണ്യർ എന്നു വിശേഷിപ്പിക്കുന്നവരെ മാത്രമല്ല, രവി എഴുത്തിലൂടെ അവതരിപ്പിച്ചത്. എല്ലാ പാട്ടുകളുടെയും നൻമ കണ്ടെത്താൻ ശ്രമിച്ചു. എഴുത്തിന്റെ ചക്രവാളം വിശാലമാക്കി. പാട്ടിനെ സിനിമയുമായി ബന്ധിപ്പിച്ചു. എന്നെപ്പോലുള്ളവരുടെ മുൻധാരണകൾ അപ്രസക്തമാക്കി. ഇനിയും രവിക്ക് എഴുതാൻ ഏറെയുണ്ട്.

= ഞാൻ എപ്പോഴും ആലോചിക്കും, രാവിലെ എഴുന്നേറ്റു വരുമ്പോൾ ഒരു പാട്ടായിരിക്കും മനസ്സിൽ. ഞാൻ ചെറുപ്പത്തിൽ ആലോചിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. സിനിമയിൽ പാട്ടു പാടി അഭിനയിക്കുന്ന ഒരാൾ. ആ പാട്ടു പാടാൻ വേണ്ടി മാത്രം ജനിച്ച ആളായിരിക്കും അയാൾ. തോണി തുഴയുന്ന ഒരാൾ. വെറുതെ ഹാർമോണിയം വായിച്ചിരുന്നു പാടുന്ന ഒരാൾ. സന്യാസിമാർ, ഭിക്ഷക്കാർ... ഇവരൊക്കെ ആരായിരിക്കും? ഏറ്റവും വലിയ തമാശ എന്താന്നു വച്ചാൽ ഈ സിനിമകളൊക്കെ മറന്നു പോയാലും പാട്ടുകൾ നിലനിൽക്കും, അതൊക്കെ ടി വി യിൽ വരും. ഇവർ അനശ്വരൻമാരാകും.

? കാലത്തിൽ നിത്യരാകും...

= അതേ. ‘യവനിക’യിൽ പാട്ടു പാടുന്ന കക്ഷി. ഞാൻ ആലോചിക്കുകയായിരുന്നു അതാരാണെന്ന്. ജോർജേട്ടനോടു ചോദിച്ചപ്പോഴാണ് അതൊരു ക്യാപ്റ്റൻ മാത്യു ആണെന്ന് അറിയുന്നത്. അദ്ദേഹം കുറേ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം പക്ഷേ ‘കദളീ വനങ്ങളിൽ’ എന്ന പാട്ടിലൂടെ അനശ്വരനായിക്കഴിഞ്ഞു. ഞാൻ വിളിച്ചു സംസാരിച്ചപ്പോൾ വലിയ സന്തോഷമായി അദ്ദേഹത്തിന്. ആ പാട്ടിന്റെ പേരിൽ ഓർക്കുന്നുണ്ടല്ലോ എന്ന്. വിധുബാല ഒരിക്കൽ പറഞ്ഞു, അവർ ഒരു കല്യാണത്തിനു പോയപ്പോൾ ഒരു വീഡിയോഗ്രാഫർ, കല്യാണത്തിന്റെ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ്.

അയാൾ പെട്ടെന്ന് വിധുബാലയുടെ മുന്നിൽ വന്ന്  ‘മാഡം എന്നെ അറിയുമോ?’ എന്നു ചോദിച്ചു. എവിടെയോ കണ്ട പരിചയം മാത്രമുണ്ട്, വിധുബാലയ്ക്ക്. ‘ഞാനാണ് തോമാശ്ലീഹ എന്ന സിനിമയിൽ വൃശ്‌ചികപ്പെണ്ണേ എന്ന പാട്ടിൽ അഭിനയിച്ചത്‌ ’ എന്ന് അയാൾ പറയുന്നു. വിധുബാല ചിരിച്ചു വീണു പോയി. ആ ഗാനരംഗം കണ്ടവർക്കറിയാം. മൂപ്പര് ആനപ്പുറത്തൊക്കെ കയറിയാണ് പാട്ടിൽ വരുന്നത്. എങ്കിലും ആ പാട്ട് അദ്ദേഹത്തെ അനശ്വരനാക്കി. അങ്ങനെ കുറേ ആളുകളുണ്ട്. ബെന്നി അങ്കിൾ എന്നൊരാളുണ്ട്. വിൻസെന്റ് മാഷുടെ ഒരു ബന്ധു ആണ്. ഒരു സിനിമ ഡയറക്റ്റ് ചെയ്തിട്ടുണ്ട്, ‘മുഹൂർത്തങ്ങൾ’  എന്നു പറഞ്ഞിട്ട്.

? സരോവരം പൂ ചൂടി എന്ന പാട്ടുള്ള സിനിമ

= അതേ... ഈ ബെന്നി അങ്കിൾ മുറപ്പെണ്ണ്, നഗരമേ നന്ദി തുടങ്ങിയ സിനിമകളുടെ കാലം മുതൽ വിൻസന്റ് മാഷുടെ കൂടെയുണ്ട്. അദ്ദേഹത്തെ ചില ഗാനരംഗങ്ങളിൽ മാഷ് അഭിനയിപ്പിച്ചു. ‘കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു,’  എന്ന പാട്ടിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ‘കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു’ യേശുദാസിന് പാടി അഭിനയിക്കാൻ താത്പര്യമുള്ള പാട്ടായിരുന്നു. യേശുദാസ് വരാൻ കാത്തു നിന്നു. വന്നില്ല. അങ്ങനെയാണ് ബെന്നി അഭിനയിക്കുന്നത്. അങ്ങനെ ബെന്നിയങ്കിൾ അനശ്വരനായി. അദ്ദേഹം സംവിധാനം ചെയ്ത ‘മൂഹൂർത്തങ്ങൾ’ ആരും ഓർക്കുന്നുണ്ടാവില്ല, ഈ പാട്ടല്ലാതെ.

? അസുരവിത്ത് എന്ന സിനിമയിലെ ‘ഞാനിതാ തിരിച്ചെത്തി’ എന്ന പാട്ടു പാടുന്ന നടൻ.

= അതെ... ഇത്തരം ആലോചനകൾ വലിയ സംഭവമൊന്നുമല്ല, പക്ഷേ ഞാനിതെഴുതുമ്പോഴാണ് എന്നെപ്പോലെ ഇതൊക്കെ ശ്രദ്ധിച്ചിട്ടുള്ള നൂറുകണക്കിനാളുകൾ വേറെയും ഉണ്ടെന്ന് മനസ്സിലാകുന്നത്. ഞാൻ എന്താണോ മറ്റുള്ളവരുടെ എഴുത്തിൽ നിന്നു വായിച്ചറിയാനാഗ്രഹിക്കുന്നത് അത് ഞാൻ വായനക്കാർക്കു കൊടുക്കുന്നു എന്നേയുള്ളൂ. ഞാൻ വിചാരിക്കുന്നതായിരിക്കും അവരും ആഗ്രഹിക്കുന്നത് എന്നൊരു സങ്കൽപം  .
(തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top