29 March Friday

'പ്രാണസഖി'യും 'ഒരു പുഷ്പ'വും: ആ പ്രിയഗാനങ്ങള്‍ അമ്പതാണ്ട് പിന്നിടുമ്പോള്‍ ...ജി വേണുഗോപാല്‍ എഴുതുന്നു

ജി വേണുഗോപാല്‍Updated: Saturday Oct 21, 2017

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളായ 'പ്രാണസഖി'യും 'ഒരു പുഷ്പ'വും പുറത്തുവന്നിട്ട് അമ്പത് വര്‍ഷം പിന്നിടുന്നു . ഇനിയും ഒരു പക്ഷെ അമ്പത് വര്‍ഷം മലയാളിയുടെ ഇഷ്ടഗാന പട്ടികയില്‍ തുടരാനിടയുള്ള ആ ഗാനങ്ങളെപ്പറ്റി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ എഴുതുന്നു

ദിനംപ്രതി എണ്ണമറ്റ പാട്ടുകള്‍ വന്നു നിറയുന്നതിനിടയിലും മലയാളിയുടെ ചുണ്ടുകള്‍ അറിഞ്ഞും അറിയാതെയും മൂളുന്ന രണ്ടുഗാനങ്ങള്‍...ഒരേ സിനിമയില്‍ നിന്ന് സൂപ്പര്‍ ഹിറ്റായ പാട്ടുകള്‍. യേശുദാസിന്റെ അനുഗൃഹീത ശബ്ദത്തില്‍ പിറന്ന  ആ പാട്ടുകള്‍ ആദ്യമായി നമ്മുടെ കാതിലെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു.

'പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍', 'ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ' എന്നീ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ ഇഷ്ടഗാനങ്ങളായി തുടരുന്നു. ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ രൂപപ്പെട്ട പാട്ടുകളില്‍ എനിക്കേറെ പ്രിയപ്പെട്ട ഗാനങ്ങളിലും ഇവ രണ്ടും ഉണ്ട്.

രണ്ടും 1967 ഒക്ടോബർ 19 നു പുറത്തുവന്ന പരീക്ഷ എന്ന ചിത്രത്തിലെ ഗാനങ്ങള്‍... രണ്ടും ഹിന്ദുസ്ഥാനി രാഗത്തില്‍ ചെയ്ത പാട്ടുകള്‍. സിന്ധുഭൈരവിയില്‍ പ്രാണസഖിയും ദേശ് രാഗത്തില്‍ ഒരു പുഷ്പവും... പോയകാല ചലച്ചിത്ര ഗാനങ്ങളുടെ എല്ലാ മികവും അവകാശപ്പെടാവുന്ന ഗാനങ്ങള്‍. .. 'പ്രാണസഖി'യ്ക്ക്  പി ഭാസ്ക്കരന്റെ തീവ്രമായ ഭാഷയില്‍ പിറന്ന വരികള്‍ ബാബുക്ക സിന്ധു ഭൈരവിയില്‍ കടഞ്ഞെടുത്തിരിയ്ക്കുന്നു. 'ഒരു പുഷ്പത്തില്‍' പ്രണയത്തിന്റെ അങ്ങേയറ്റം തൊടുന്ന വാക്കുകളില്‍ ദേശ് രാഗത്തിന്റെ ഇന്ദ്രജാലം.

ഈ ചിത്രത്തില്‍ തന്നെ അവിടുന്നെൻ ഗാനം കേൾക്കാൻ എന്ന, എസ് ജാനകി പാടിയ,  പഹാഡിരാഗത്തിലുള്ള  സുന്ദരഗാനവും മറക്കാനാകില്ല.ആകെ ആറു ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിന്ദുസ്ഥാനി രാഗത്തിലായിരുന്നു. മറ്റ് ഗാനങ്ങളും ഹിറ്റുകള്‍ തന്നെ.യമുനാ കല്യാണി രാഗത്തിലുള്ള അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല, എൻ പ്രാണനായകനെ എന്തു വിളിക്കും എന്നിവയായിരുന്നു പരീക്ഷയിലെ മറ്റ് ഗാനങ്ങള്‍. എ.ആർ. റഹ്മാന്റെ പിതാവ് ആർ.കെ. ശേഖറായിരുന്നു ബാബുരാജിനെ ഈ ഗാനങ്ങള്‍ക്ക് അസിസ്റ്റ് ചെയ്തിരുന്നത്.'പരീക്ഷ'യുടെ പശ്ചാത്തല സംഗീതം ഒരുക്കിയത്  വിഖ്യാത സംഗീത സംവിധായകന്‍ എം.ബി ശ്രീനിവാസനായിരുന്നു.

പ്രാണസഖി സിന്ധുഭൈരവി എന്ന രാഗത്തിന്റെ  പ്രയോഗ സാധ്യതയില്‍ ഒരു ഉരകല്ലായിത്തന്നെ കരുതപ്പെട്ടിരുന്നു. പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍ പറയാറുള്ള ഒരു സംഭവം ഓര്‍ക്കുന്നു.

അറുപതുകളുടെ അവസാനം. ജയചന്ദ്രന്‍ ശ്രദ്ധേയനായി വരുന്നേയുള്ളൂ. സംഗീത സംവിധായകന്‍  വി വി ദക്ഷിണാമൂര്‍ത്തിയെ അന്നൊരിയ്ക്കല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് ഊണ് കഴിയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നു. സ്വാമിയെ ആദരിക്കുകയായിരുന്നു ലക്‌ഷ്യം. ജയചന്ദ്രന്റെ അച്ഛന്‍ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്‍ വീട്ടിലുണ്ട്. എല്ലാക്കാര്യത്തിലും കടുത്ത നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം.

സംഗീതജ്ഞന്‍ കൂടിയായ അച്ഛന് സ്വാമിയെ ജയചന്ദ്രന്‍ പരിചയപ്പെടുത്തി .

ചര്‍ച്ച ചലച്ചിത സംഗീതത്തെപ്പറ്റി ആയപ്പോള്‍ തമ്പുരാന്റെ ചോദ്യം, സ്വാമി സിന്ധു ഭൈരവിയില്‍ ചെയ്ത പാട്ടുകളെപ്പറ്റിയായി.

ആ സമയത്ത് പുറത്തുവന്ന 'സിന്ധുഭൈരവി രാഗരസം' സ്വാമി മൂളിക്കേല്‍ള്‍പ്പിച്ചു

പെട്ടെന്ന് തമ്പുരാന്റെ ഭാവം മാറി.

'മലബാറിലൊരു മാപ്ലയുണ്ടല്ലോ ..സ്വാമി അറിയുമോ ?'

'ഉവ്വ് ബാബുരാജ്'-സ്വതവേ വിനയം വിടാത്ത സ്വാമി ഭവ്യതയോടെ പറഞ്ഞു.

'അങ്ങേരു സിന്ധുഭൈരവിയില്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട് കേട്ടിട്ടുണ്ടോ'

ഉത്തരമായി സ്വാമി പ്രാണസഖി പാടിത്തുടങ്ങി. മുഴുമിക്കും മുമ്പ് തമ്പുരാന്‍ പാട്ട് ഏറ്റെടുത്തു. ആദ്യ നാലുവരി ഒട്ടും ഈണം മുറിയാതെ പാടി
നിര്‍ത്തിയിട്ട് സ്വാമിയെ നോക്കി ഒരു ഉപദേശം: 'സ്വാമി പോയി അങ്ങേര്‍ക്കു ശിഷ്യപ്പെടൂ. അങ്ങനെയെങ്കിലും സംഗീതം ഉണ്ടാകട്ടെ'.

ച്ഛന്റെ അപ്രതീക്ഷിത ഉപദേശം കേട്ട് നടുങ്ങിപ്പോയ ജയചന്ദ്രന്‍ 'അച്ഛന് ലേശം ചിത്തഭ്രമം ഉണ്ട് നമുക്ക് പിന്നെ കാണാം' എന്നൊക്കെ ആശ്വസിപ്പിച്ച് സ്വാമിയെ ഒരുവിധം പുറത്തെത്തിച്ചു.

ഇത്ര കടുത്ത ആരാധനയായിരുന്നു ബാബുരാജിനോടും അദ്ദേഹത്തിന്റെ 'പ്രാണസഖി' അടക്കമുള്ള ഗാനങ്ങളോടും അക്കാലത്തെ സംഗീത പ്രേമികള്‍ക്ക്. ഇന്നും ഒരു പക്ഷെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളുടെ പട്ടിക തീര്‍ത്താല്‍ ആദ്യ പത്ത്  ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ പെടുമെന്നുറപ്പ്.സാഹിത്യവും സംഗീതവും  അത്രയേറെ ഇഴപാകിയ ഗാനങ്ങളാണവ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top