02 May Thursday

കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ

ഡോ. ബിജു ബാലകൃഷ്ണൻ bijubalakrishnanbk@gmail.comUpdated: Sunday Jun 26, 2022

‘ഈ ഇളംകാറ്റിന്റെ ഈറനണിയുമ്പോൾ എന്തേ മനംതുടിക്കാൻ

കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ

ഞാനെന്തു പറയാൻ

എന്തുപറഞ്ഞടുക്കാൻ..’

ഓരോരുത്തരുടെ ജീവിതത്തിലും മറക്കാനാകാത്ത ചില നിമിഷങ്ങളുണ്ടാകും. കാണാതെ വന്നെന്റെ ചാരത്തണഞ്ഞ ഓർമയാണ് പൂവച്ചൽ ഖാദർ. ജീവിതത്തിലാദ്യമായി അദ്ദേഹത്തെ കണ്ടതിന്റെ നിറവാർന്ന ഓർമ.

വർഷങ്ങൾക്കു മുമ്പാണത്. തിരുവനന്തപുരം നഗരത്തിലെ കവിയരങ്ങിൽ കവിത ചൊല്ലി പുറത്തേക്കിറങ്ങിയ എന്നെ സദസ്സിന്റെ പിൻനിരയിലിരുന്ന ഒരാൾ പെട്ടെന്നു പിടിച്ചുനിർത്തി. ലാളിത്യത്തിന്റെ ഹൃദയസ്പർശം. അതിനുമുമ്പ് അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ലെങ്കിലും മുന്നിൽ നിൽക്കുന്നത്‌ കുട്ടിക്കാലത്ത്‌ മൂളിനടന്ന എത്രയോ പാട്ടുകളുടെ ശിൽപ്പിയാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതത്തോടെ ആ പാദങ്ങളിൽ തൊട്ടു. ജീവിതത്തിൽ ഒരു നാട്യവുമില്ലാത്ത ആ പാട്ടെഴുത്തുകാരനോടൊപ്പം പിന്നെ പലതവണ വേദികളിൽ കവിത ചൊല്ലാനും സാംസ്കാരിക പരിപാടികളിൽ കൂട്ടിക്കൊണ്ടുപോകാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ആൾക്കൂട്ടത്തിലും ആരവത്തിലും നിന്നൊഴിഞ്ഞുമാറി ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ പ്രണയവിരഹങ്ങളുടെ രാഗമേഘമായി ഈ പച്ചമനുഷ്യൻ പെയ്തിറങ്ങുന്നതിന്റെ സുഖം  പലവട്ടം അനുഭവിച്ചിട്ടുണ്ട്.

പ്രകൃതിബിംബങ്ങളെ കൊരുത്തുകെട്ടി ഗൃഹാതുരതയുടെ വശ്യതയിൽ ഗാനമാല്യങ്ങളൊരുക്കാൻ പൂവച്ചൽ ഖാദറിന് അനിതരസാധാരണമായ കഴിവുണ്ട്. ഒരു തനി നാട്ടിൻപുറത്തുകാരന്റെ ജീവിതപ്രകൃതിക്കൊപ്പം നാടിന്റെ പച്ചപ്പും നാട്ടുതാളങ്ങളും ബിംബങ്ങളും മൊഴിവഴക്കങ്ങളുമെല്ലാം പാട്ടിൽ ചേരുമ്പോൾ ചിത്തിരത്തോണിയിലേറി അനുഭൂതികളുടെ അക്കരെകളിലേക്കാണ് ചിരിയിൽ ചിലങ്ക കെട്ടി ഓരോരുത്തരും തുഴഞ്ഞുനീങ്ങുന്നത്. പ്രകൃതി കവിതകൾ എന്ന പ്രത്യേകവിഭാഗം സാഹിത്യത്തിൽ എക്കാലവുമുണ്ട്‌. വെറും പ്രകൃതിവർണനകൾക്കപ്പുറം ചുറ്റുമുള്ള സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രകൃതിയിലുള്ള ബിംബങ്ങളുമായി കൂട്ടിയോജിപ്പിക്കുമ്പോഴാണ്‌ അത്‌ ജീവിതഗന്ധിയാകുന്നത്‌. അത്തരം കവികൾ, അവരുടെ കാഴ്‌ചകളെ തനി പരാവർത്തം ചെയ്യുകയല്ല, മറിച്ച്‌ ആ കാഴ്‌ചകൾ തങ്ങളിൽ ചെലുത്തുന്ന അനുഭൂതി വായനക്കാരുമായി പങ്കുവയ്‌ക്കുകയാണ്‌. അത്തരം കവിയായിരുന്നു പൂവച്ചൽ ഖാദർ.

‘പിന്നെയും വല്മീകങ്ങളുയർന്നു നൂറ്റാണ്ടിന്റെ

കിന്നര പ്രകാണ്ഡത്തിൽ മാ നിഷാദകൾ പൂത്തു

"മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ' പടവാളിൻ

മാറ്റൊലി മുഴങ്ങുന്നു മാനസ്സക്ഷേത്രങ്ങളിൽ!’

എന്നിങ്ങനെ ചലച്ചിത്രത്തിനായി ചില നുറുങ്ങു കവിതകൾ ആദ്യകാലത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും കാറ്റുവിതച്ചവൻ എന്ന സിനിമയിലെ

‘മഴവില്ലിന്നജ്ഞാത വാസം കഴിഞ്ഞു

മണിമുകിൽത്തേരിലിറങ്ങി

മരതകക്കിങ്ങിണിക്കാടുകൾ പുളകത്തിൽ

മലരാടചുറ്റിയൊരുങ്ങി

പുഴയുടെ കല്യാണമായി’

എന്ന സുന്ദരഭാവന കേട്ടപ്പോൾ മലയാളി വിസ്മയിച്ചു.

അഗസ്ത്യാർകൂടവും പൂഞ്ചോലകളും നിറഞ്ഞ തെക്കൻ നാട്ടിലെ കാട്ടാക്കടയ്ക്കടുത്തുള്ള പൂവച്ചൽ ഗ്രാമത്തിന്റെ ചന്തത്തിനൊപ്പം നെയ്യാർ പ്രകൃതിയെയും അക്ഷരപ്പൂക്കളാക്കുമ്പോൾ സംശുദ്ധമായ വാക്കിന്റെ കുളിരാണ് നാം അറിഞ്ഞത്.

‘ശരറാന്തൽ തിരിതാണുമുകിലിൻ കുടിലിൽ

മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു’ 

എന്ന പാട്ടുകേൾക്കുമ്പോൾ തുടിക്കാത്ത മാനവഹൃദയങ്ങളുണ്ടോ?

പ്രണയവും രതിയും മനുഷ്യസഹജമായ വികാരത്തള്ളിച്ചയാണെന്നും അതിന്‌ ദാർശനിക തലങ്ങളുണ്ടെന്നുമാണ്‌ പണ്ഡിത മതം. പക്ഷേ, സാധാരണക്കാരന്റെ പ്രണയത്തിനും രതിസങ്കൽപ്പങ്ങൾക്കും സ്വതസിദ്ധമായ കാൽപ്പനികതയുണ്ട്‌. ആ കാൽപ്പനികത ‘ശരറാന്ത’ലിൽ മാത്രമല്ല, ‘ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്‌ക്കുമ്പോൾ...’ എന്നുതുടങ്ങുന്നത്‌ ഉൾപ്പെടെയുള്ള ഗാനങ്ങളിൽ പൂവച്ചൽ പ്രേമസംഗീതമായി  കൂട്ടിവയ്‌ക്കുന്നു. 

‘നീലവാനച്ചോലയിൽ

നീന്തിവന്ന ചന്ദ്രികേ

ഞാൻ രചിച്ച കവിതകൾ

നിൻമിഴിയിൽ കണ്ടു ഞാൻ’

എന്നതിലെല്ലാം പാട്ടിന്റെ മൊഴിയഴകിൽ കവിതയുടെ മിഴിതുറന്നുവയ്‌ക്കുകയാണ്‌ കവി ചെയ്തത്. മൊഴിയഴകാണ്‌ കവിതയുടെ മേനിച്ചന്തം. സൗന്ദര്യാത്മകത അതിന്റെ വച്ചുകെട്ടലുകളിൽ ഒന്നുമാത്രമാണ്‌. ഭാവനയ്‌ക്ക്‌ ചിറകുനൽകുന്നത്‌ വാക്കുകളുടെ ജൈവികതയാണ്‌. അതുകൊണ്ടുതന്നെയാണ് പൂമാനമേ.... ഒരു രാഗമേഘം താ... എന്ന് മലയാളികൾ വീണ്ടുംവീണ്ടും അദ്ദേഹത്തോട് ചോദിക്കുന്നത്. സന്ദർഭത്തിന്‌ ഇണങ്ങുന്നതരത്തിൽ പാട്ടുകൾ കെട്ടാനുള്ള രാഗതാള പദസമൃദ്ധിയുടെ കവിയാണ്‌ പൂവച്ചൽ. 

‘അനുരാഗിണീ.... ഇതായെൻ

കരളിൽ വിരിഞ്ഞ പൂക്കൾ

ഒരു രാഗമാലയായ്

ഇതു നിന്റെ ജീവനിൽ

അണിയൂ അണിയൂ

അഭിലാഷ പൂർണിമേ...!’

കരളിൽ വിരിയുന്ന പൂക്കൾ തന്നെയാണ് പൂവച്ചലിന് കവിതയും പാട്ടും. സ്വയംവരത്തിന് നീലാകാശം പന്തലൊരുക്കുമ്പോഴും വരവേൽപ്പിനായി താമരപ്പൊയ്കകൾ താലങ്ങളേന്തുമ്പോഴും ആസ്വാദകമനം കുളിർക്കുന്നത്‌ വെറുതെയല്ല.  സിന്ദൂരസന്ധ്യയുടെ മൗനവും കരയുടെ നെഞ്ചിൽപ്പടരും തിരയുടെ ഗാനവുമെല്ലാം കേൾക്കാൻ മലയാളികൾ ഇന്നും കാതോർക്കുന്നത്‌ ആ അക്ഷരപ്പൂക്കളുടെ സുഗന്ധംകൊണ്ടാണ്‌.

ഏകാന്തതയും സ്വപ്നവും പ്രണയവും വിരഹവും ഭക്തിയും തത്വചിന്തയുമെല്ലാം വിവിധ പാട്ടുകളിൽ കൂട്ടിവയ്ക്കാൻ ഈ കവി ശ്രദ്ധിച്ചു. ലളിതഗാനങ്ങളും നാടകഗാനങ്ങളും ഒപ്പനപ്പാട്ടുകളും തമാശപ്പാട്ടുകളും ഭക്തിഗാനങ്ങളുമെല്ലാം സന്ദർഭത്തിന്‌ ഇണങ്ങുന്നതരത്തിൽ മനോഹരമാക്കി പൂവച്ചൽ ഖാദർ മലയാളത്തിനു തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും ‘നാഥാ.... നീ വരും കാലൊച്ച കേൾക്കുവാൻ’ മലയാളി കാതോർത്തിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top